കല്ലേറ് വാങ്ങാൻ വന്ദേ ഭാരതിൻ്റെ ബോഗികൾ പിന്നെയും ബാക്കി; അന്വേഷണം ആരംഭിച്ചു
വന്ദേ ഭാരത് ട്രെയിനിന് നേരെ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും കല്ലേറ് രൂക്ഷമായി കൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച ഉച്ചയോടെ ഡൽഹി-ഭോപ്പാൽ വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെയും കല്ലേറുണ്ടായിരിക്കുകയാണ്, അഞ്ച് മാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതിന് ശേഷമുള്ള ആറാമത്തെ സംഭവമാണിത്. ഡൽഹിയിൽ നിന്ന് ഭോപ്പാലിലേക്ക് പോവുകയായിരുന്ന ട്രെയിൻ മഥുര ജില്ലയിലെ ഓഖ്‌ല റെയിൽവേ സ്‌റ്റേഷനു സമീപം സി-5, ഇ-1 എന്നീ രണ്ട് കോച്ചുകളുടെ ജനൽപാളികൾക്ക് വിളളലുണ്ടാക്കി.
പരിഭ്രാന്തരായ യാത്രക്കാർ സംഭവം റെയിൽവേ സംരക്ഷണ സേനയെ (ആർപിഎഫ്) അറിയിക്കുകയും പെട്ടെന്ന് എത്തി നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. ആർക്കും പരിക്കേറ്റിട്ടില്ലെന്നും വിഷയം അന്വേഷിച്ചുവരികയാണ് എന്നുമാണ് ആഗ്ര റെയിൽവേ ഡിവിഷൻ പിആർഒ പ്രശസ്തി ശ്രീവാസ്തവ അറിയിച്ചത്. ട്രെയിൻ ആഗ്ര കാന്റ് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ കേടായ ഗ്ലാസുകൾ താൽക്കാലികമായി ശരിയാക്കി. കഴിഞ്ഞ അഞ്ച് മാസത്തിനിടെ പ്രീമിയം ട്രെയിനിലെ 40 ജനൽ പാളികളും ഡോർ ഗ്ലാസുകളും മാറ്റിസ്ഥാപിച്ചതായി അധികൃതർ അറിയിക്കുന്നത്.

കേരളത്തിലെ അവസ്ഥയും ഭയങ്കരം തന്നെയാണ്. ഉദ്ഘാടന സർവീസിന് നേരെ വരെ കല്ലേറ് ഉണ്ടായിരുന്നു. കേന്ദ്ര സർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി 18 മാസത്തിനുള്ളിൽ രൂപകൽപ്പനയും നിർമാണവും ചെയ്തു പുറത്തിറക്കിയ ആധുനിക സൗകര്യങ്ങളുള്ള തീവണ്ടി ആണ് ട്രെയിൻ 18 എന്നുകൂടി അറിയപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസുകൾ. വടക്കേ ഇന്ത്യയിലും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വെന്നിക്കൊടി പാറിച്ച ശേഷമാണ് കേരളത്തിലെ ട്രാക്കുകളിലേക്കും ഇപ്പോൾ അപ്രതീക്ഷിതമായി എത്തിയിരിക്കുന്നത്.
നാല് വർഷങ്ങൾക്ക് മുമ്പ് 2019 ഫെബ്രുവരിയിലാണ് വന്ദേ ഭാരത് പുറത്തിറക്കുന്നത്. എന്തായാലും മാറ്റത്തിന്റെ പാതയിലേക്ക് കേരളത്തിലെ ട്രെയിൻ ഗതാഗതവും എത്തുന്നുവെന്നത് ഏറെ സ്വാഗതാർഹമായ കാര്യമാണ്. കെ-റെയിലിന് പകരമാവില്ലെങ്കിലും മറ്റ് ഗതാഗത സൗകര്യങ്ങളേക്കാൾ വേഗത്തിൽ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിക്കാൻ ഈ സെമി ഹൈ-സ്പീഡ് തീവണ്ടി യാത്രക്കാരെ അനുവദിക്കും. വന്ദേഭാരത് എക്സ്പ്രസിന്‍റെ കേരളത്തിലെ പരീക്ഷണയോട്ടത്ത് ഇന്ന് തുടക്കമായതും ഇതിലേക്കുള്ള സൂചനയാണ്.
16 കോച്ചുകളുള്ള ട്രെയിനാണ് വന്ദേഭാരത്. രാജ്യത്തെ ഏറ്റവും വേഗതയേറിയ തീവണ്ടിയും ഇതു തന്നെ. കേരളത്തിലെ ട്രാക്കുകളിലെ വേഗത പരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും പരമാവധി 160-180 കിലോമീറ്റർ വേഗതയിൽ വരെ ഇവയ്ക്ക് സഞ്ചരിക്കാനാവുമെന്നാണ് പറയുന്നത്. 'ട്രെയിൻ 18' എന്നറിയപ്പെട്ടിരുന്ന വന്ദേ ഭാരത് ട്രെയിനുകൾക്ക് 54.6 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും 145 സെക്കൻഡിനുള്ളിൽ പരമാവധി വേഗത കൈവരിക്കാനും കഴിയും.
പക്ഷേ ഇവയെല്ലാം ട്രാക്കുകളുടെ നിലവാരവും മറ്റ് ഘടകങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. മണിക്കൂറിൽ 160-180 കിലോമീറ്ററാണ് ട്രെയിനിന്റെ പ്രവർത്തന വേഗത. ബോഗികളിൽ ട്രാക്ഷൻ മോട്ടോറുകളും അത്യാധുനിക സസ്പെൻഷൻ സംവിധാനവും ചേർത്തിട്ടുണ്ട് എന്നതിനാൽ ഇത് ഓട്ടം സുഗമവും സുരക്ഷിതവുമാക്കുന്നു. 30 ശതമാനം വൈദ്യുതി ലാഭിക്കാൻ സഹായിക്കുന്ന നൂതന റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം ഇതിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഇന്റലിജന്റ് ബ്രേക്കിംഗ് സിസ്റ്റം ട്രെയിനിന്റെ മികച്ച ആക്‌സിലറേഷനും വേഗത കുറയ്ക്കുന്നതിനും വേണ്ടിയാണ് പ്രവർത്തിക്കുന്നത്.
ട്രെയിനിന്റെ ഓരോ അറ്റത്തും ഒരു ഡ്രൈവർ ക്യാബിൻ ഉണ്ടെന്നത് ഇതിനോടകം പലരും ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ്. ഇത് ട്രെയിൻ അവസാനിപ്പിക്കുന്ന സ്റ്റേഷനുകളിൽ തിരിക്കേണ്ടി വരുന്ന സമയം വരെ ലാഭിക്കാൻ സഹായിക്കും. ഇനി അകത്തേക്ക് കയറിയാൽ സാധാരണ ട്രെയിനുകളിൽ നിന്നും ഏറെ വ്യത്യസ്‌തവും ആധുനികവുമാണ് ഇവ. ഭൂരിഭാഗം പാർട്‌സുകളും ഇന്ത്യയിൽ നിർമിച്ചിരിക്കുന്ന വന്ദേ ഭാരതിന് ലോകോത്തര സൗകര്യങ്ങളാണുള്ളത്. യാത്രക്കാർക്ക് വിമാനത്തിലേതു പോലെയുള്ള യാത്രാനുഭവം പ്രദാനം ചെയ്യുന്നുവെന്നും വേണമെങ്കിൽ പറയാം.
ശരാശരി ഇന്ത്യൻ ട്രെയിനുകളിലെ കടും നീല നിറത്തിലുള്ള സീറ്റുകളിൽ നിന്ന് വ്യത്യസ്തമായി വന്ദേ ഭാരതിൽ എല്ലാ ക്ലാസുകളിലും ചാരിയിരിക്കുന്ന ഇരിപ്പിടങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇത് ദീർഘദൂര യാത്രകളെ ലക്ഷ്യംവെച്ചാണ് പണി കഴിപ്പിച്ചിരിക്കുന്നതും. എക്സിക്യൂട്ടീവ് കോച്ചുകൾക്ക് 180-ഡിഗ്രി തിരിക്കാവുന്ന സീറ്റുകളുടെ അധിക സവിശേഷതയുമുണ്ട്. സാധാരണ ശതാബ്ദി ട്രെയിനുകളെ അപേക്ഷിച്ച് സീറ്റിംഗ് കപ്പാസിറ്റി പോലും വളരെ കൂടുതലാണ് വന്ദേ ഭാരതിന്. ആകെ 1,128 യാത്രക്കാർക്ക് ഇരിക്കാനുള്ള ശേഷിയാണ് ഈ സെമി ഹൈ-സ്പീഡ് തീവണ്ടിക്കുള്ളത്.


Click it and Unblock the Notifications








