ഒന്ന് മൂളിയാല്‍ തിരക്കുള്ള നടിയാകാം, ലുക്കില്‍ സഹോദരങ്ങളെ വെല്ലും! 1 കോടിയുടെ കാര്‍ വാങ്ങി സ്റ്റാര്‍ കിഡ്
ഇന്ത്യന്‍ സിനിമാ ലോകത്തെ ഏറ്റവും വലിയ നിര്‍മാതാക്കളില്‍ ഒരാളാണ് ബോണി കപൂര്‍. സുപ്രസിദ്ധ നടി ശ്രീദേവിയെയാണ് അദ്ദേഹം വിവാഹം ചെയ്തത്. ബോണി-ശ്രീദേവി ദമ്പതികളുടെ മക്കളായ ജാന്‍വി കപൂറും ഖുഷി കപൂറും സിനിമയില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ജാന്‍വിയാണെങ്കില്‍ ജൂനിയര്‍ എന്‍ടിആറിന്റെ 'ദേവര'യിലൂടെ തെന്നിന്ത്യന്‍ സിനിമ പ്രേമികളുടെയും മനംകവര്‍ന്നു. എന്നാല്‍ ഇവര്‍ രണ്ടുപേരുമല്ലാതെ ബോണി കപൂറിന് മറ്റ് രണ്ട് മക്കള്‍ കൂടിയുണ്ട്. അര്‍ജുന്‍ കപൂര്‍, അന്‍ഷുല കപൂര്‍ എന്നിവരാണ് അവര്‍. ബോണി കപൂറിന്റെ ആദ്യ ഭാര്യയിലെ മക്കളാണ് ഇവര്‍.
ബോണി കപൂര്‍ 1983-ലാണ് മോണ ഷൂരി കപൂറിനെ വിവാഹം കഴിച്ചത്. 1996-ല്‍ ബോണിയും മോണ ഷൂരി കപൂറും 13 വര്‍ഷം നീണ്ടുനിന്ന വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നു. അതേ വര്‍ഷം തന്നെയായിരുന്നു ശ്രീദേവിയുമായുള്ള വിവാഹം. ബോണി കപൂറിന്റെ മക്കളില്‍ അര്‍ജുന്‍ കപൂര്‍, ജാന്‍വി കപൂര്‍, ഖുഷി കപൂര്‍ എന്നിവരെല്ലാം സിനിമയിലെത്തി. അതുകൊണ്ട് തന്നെ ഇവര്‍ മൂന്നുപേരും പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്.

അര്‍ജുന്‍ കപൂര്‍ ആണെങ്കില്‍ പ്രായത്തില്‍ മുതിര്‍ന്ന മലൈക അറോറയുമായുള്ള പ്രണയ ബന്ധത്തിന്റെ പേരിലും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ അന്‍ഷുല കപൂറിനെ കുറിച്ച് നിങ്ങള്‍ അത്ര കേട്ടുകാണില്ല. കാരണം അവര്‍ ഈ മൂന്നു പേരില്‍ നിന്നും തികച്ചും വ്യത്യസ്തയാണ്. സഹോദരങ്ങളെ പോലെ സിനിമാ മേഖലയില്‍ അന്‍ഷുല ഇതുവരെ അരങ്ങേറിയിട്ടില്ല.
ബോഡി പോസിറ്റിവിറ്റി ആന്‍ഡ് മെന്റല്‍ അഡ്വക്കേറ്റ്, എഴുത്തുകാരി എന്നീ നിലകളിലാണ് അവര്‍ പ്രശസ്തയായത്. ടെഡ്എക്‌സ് പ്രഭാഷണങ്ങളിലൂടെയും അന്‍ഷുല പ്രശസ്തയാണ്. സിനിമാ മേഖലയില്‍ അല്ലാത്തത് കൊണ്ട് തന്നെ മറ്റ് കപൂര്‍ സഹോദരങ്ങളെ അപേക്ഷിച്ച് പാപ്പരാസികളും മാധ്യമങ്ങളും അധികം അന്‍ഷുലയുടെ പിന്നാലെ പോകാറില്ല. എന്നാല്‍ ഇപ്പോള്‍ ഒരു വില കൂടിയ കാര്‍ വാങ്ങി അന്‍ഷുല തലക്കെട്ടുകള്‍ സൃഷ്ടിച്ചിരിക്കുകയാണ്.

ലെക്‌സസ് RX 350h എന്ന ആഡംബര കാറാണ് താരപുത്രി വാങ്ങിയിരിക്കുന്നത്. അന്‍ഷുല കപൂര്‍ വളരെ വിലകൂടിയ ലെക്‌സസ് കാര്‍ വാങ്ങിയ വാങ്ങിയതായി കാര്‍സ് ഫോര്‍ യൂ എന്ന യൂട്യൂബ് ചാനലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 2.5 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനാണ് ഈ കാറിന്റെ ഹൃദയം.
പരമാവധി 190 bhp പവറും 242 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഈ എഞ്ചിന്‍ ഒരു e-CVT ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. ഈ ഗിയര്‍ബോക്‌സ് നാല് വീലുകളിലേക്കും പവര്‍ അയക്കുന്നു. 7.9 സെക്കന്‍ഡില്‍ നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ കാറിന് സാധിക്കും. നോര്‍മല്‍, ഇക്കോ, സ്പോര്‍ട്, കസ്റ്റം എന്നീ ഡ്രൈവ് മോഡുകളും കാറിലുണ്ട്.

ആഡംബരവും സേഫ്റ്റിയും സമന്വയിക്കുന്ന ലെക്‌സസ് RX 350h മോഡല്‍ ഫീച്ചര്‍ സമ്പന്നമായ ക്യാബിനും വാഗ്ദാനം ചെയ്യുന്നു. 14 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യൂവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഹെഡ്‌സ് അപ് ഡിസ്‌പ്ലേ, ഹീറ്റഡ് ആന്‍ഡ് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വെന്റിലേറ്റഡ് റിയര്‍ സീറ്റുകള്‍, 7 എയര്‍ ബാഗുകള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം തുടങ്ങിയവയാണ് കാറില്‍ വരുന്ന പ്രധാന ഫീച്ചറുകള്‍.
യൂറോ NCAP ക്രാഷ് ടെസ്റ്റില്‍ ഈ കാര്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ 95.80 ലക്ഷം മുതല്‍ 97.60 ലക്ഷം രൂപ വരെയാണ് ലെക്‌സസ് RX 350h-ന്റെ വില. ഇവ എക്‌സ്-ഷോറൂം വിലകളാണ്. ഇത് നിരത്തിലെത്തുമ്പോള്‍ വില 1 കോടിയിലധികമാകും.
അന്‍ഷുല കപൂറിനെ പോലെ ലെക്‌സസ് മോഡല്‍ നിരയില്‍ അത്ര ജനപ്രിയമായ മോഡല്‍ അല്ല RX 350h. സിനിമാ മേഖലയില്‍ ഉള്ളവര്‍ അധികവും ലെക്‌സസ് LM 350h എന്ന മോഡലാണ് തെരഞ്ഞെടുക്കുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് നടി ശാലിനിക്ക് ഭാര്‍ത്താവും നടനുമായ അജിത്ത് ഇതേ കാര്‍ സമ്മാനമായി നല്‍കിയിരുന്നു.


Click it and Unblock the Notifications








