ഐ ഫോണ്‍ 15 വാങ്ങിയാല്‍ കാര്‍ 'വഴിയില്‍ കിടക്കില്ല! എങ്ങനെയെന്നറിയാമോ?
ചൊവ്വാഴ്ച യുഎസിലെ കാലിഫോര്‍ണിയ കുപെര്‍ട്ടിനോയിലെ കമ്പനി ആസ്ഥാനത്ത് നടന്ന 'വണ്ടര്‍ലസ്റ്റ്' ഇവന്റില്‍ ആപ്പിള്‍ ലോകം കത്തിരുന്ന ഐഫോണ്‍ 15 സീരീസ് മൊബൈല്‍ ഫോണുകള്‍ ലോഞ്ചു ചെയ്തിരുന്നു. ഐഫോണ്‍ 14 സീരീസുകളില്‍ നിന്ന് നിരവധി അപ്‌ഡേറ്റുകളോടെയാണ് പുതിയ സീരീസ് മൊബൈല്‍ ഫോണുകള്‍ എത്തിയിരിക്കുന്നത്.
വാഹന പ്രേമികള്‍ക്ക് ആവേശമായി എമര്‍ജന്‍സി അലേര്‍ട്ട്, റോഡ്സൈഡ് അസിസ്റ്റന്റ് എന്നീ ഫീച്ചറുകളും സജ്ജീകരിച്ചാണ് ഐ ഫോണ്‍ 15-ന്റെ അരങ്ങേറ്റം. വാഹനം പഞ്ചറാകുകയോ, റോഡില്‍ പെട്രോള്‍, ഡീസല്‍ എന്നിവ തീര്‍ന്ന് കുടുങ്ങുകയോ ചെയ്താല്‍ മെബൈല്‍ ഫോണിന്റെ സഹായത്തോടെ ഈ സൗകര്യം ഉപയോഗിക്കാവുന്നതാണ്. ആപ്പിള്‍ AAA-യുമായി സഹകരിച്ച് സാറ്റലൈറ്റ് കണക്റ്റഡ് റോഡ്‌സൈഡ് അസിസ്റ്റന്റ് എന്ന പുതിയ ഓപ്ഷന്‍ അവതരിപ്പിച്ചിരിക്കുന്നത്.

ആപ്പിള്‍ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് റോഡ് യാത്രകളില്‍ അനുഭവപ്പെടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്ന നിലയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഐഫോണ്‍ 14-ന്റെ ലോഞ്ച് വേളയില്‍ അവതരിപ്പിച്ച എമര്‍ജന്‍സി SOS എന്ന ഫീച്ചറിന്റെ വിപുലീകരണമാണ് പുതിയ റോഡ്‌സൈഡ് അസിസ്റ്റന്‍സ്. ആപ്പിള്‍ ഐഫോണിന്റെ ഉടമയ്ക്ക് താന്‍ വാഹനത്തിലിരിക്കുമ്പോള്‍ തന്നെ എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ സ്ഹായത്തിനായി വേണ്ട ആളുകള്‍ക്ക് ആപ്പിള്‍ എമര്‍ജന്‍സി മെസേജ് വഴി സന്ദേശം അയക്കാന്‍ കഴിയും.
സാറ്റലൈറ്റ് വഴിയാണ് ഇതിന്റെ പ്രവര്‍ത്തനം. മൊബൈല്‍ നെറ്റ്‌വര്‍ക്കോ വൈഫൈയോ ഇല്ലാതെ കുടുങ്ങുന്ന സാഹചര്യത്തില്‍ ഏറെ പ്രയോജനകരമായിരിക്കും ഈ ഫീച്ചര്‍. ഈ ഓപ്ഷന് പുറമേ ആപ്പിള്‍ അടുത്തിടെ ഐഫോണ്‍ 15 ഫോണ്‍ ലോഞ്ച് വേളയില്‍ റോഡ്‌സൈഡ് അസിസ്റ്റന്റ് എന്ന പുതിയ ഫീച്ചര്‍ കൂടി കൊണ്ടുവന്നിരിക്കുകയാണ്. ഇതിനായി AAA എന്ന കമ്പനിയുമായാണ് ടെക് ഭീമന്‍മാര്‍ കൈകോര്‍ത്തിരിക്കുന്നത്.

ഉപേഭോക്താക്കള്‍ക്ക് ഇരുകമ്പനികളും സംയുക്തമായാണ് സേവനം ലഭ്യമാക്കുക.വാഹനം പെട്ടെന്ന് റോഡില്‍ നിന്ന് പോകുക, ഡോര്‍ ലോക്ക് ആയി കുടുങ്ങിപ്പോകുക, ഇന്ധനം തീര്‍ന്നുപോകുക, ബാറ്ററി കേടാകുക, ടയര്‍ പഞ്ചറാകുക എന്നീ സാഹചര്യങ്ങളില്‍ അടിയന്തിര സഹായങ്ങള്‍ ലഭ്യമാക്കുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിട്ടുള്ളത്. ഇത് അനുസരിച്ച് ഉപഭോക്താവിന് റോഡ് സൈഡ് അസിസ്റ്റന്‍സ് ആവശ്യമായി വന്നാല്‍ ആപ്പിള്‍ ഐഫോണിലൂടെ AAA ഏജന്റുമായി ബന്ധപ്പെടാം.
നിങ്ങള്‍ എവിടെയാണെന്ന് അറിയിച്ചാല്‍ ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി ആവശ്യമായ സഹായം അവര്‍ നല്‍കും. ഇതിനാവശ്യമായ ട്രെയിനിംഗും ഗൈഡന്‍സും നല്‍കുന്നതാണ്. ഈ സൗകര്യം ഉപയോഗിക്കുന്നതിന് കാര്‍ നേരിട്ട് ആകാശത്തിന് അഭിമുഖമായി തുറസ്സായ സ്ഥലത്തായിരിക്കണം. എങ്കില്‍ മാത്രമേ ഉപഗ്രഹം വഴി ഈ വിവരങ്ങള്‍ ശരിയായ വ്യക്തിയിലേക്ക് എത്തുകയുള്ളൂ. കാര്‍ ഏതെങ്കിലും അടച്ചിട്ട സ്ഥലത്തിനുള്ളിലോ നിബിഡ വനങ്ങളിലോ ആണെങ്കില്‍ ഇത് പ്രവര്‍ത്തിക്കില്ല.
AAA ഓഫ് റോഡ് വെഹിക്കിള്‍ റിക്കവറി സേവനം നല്‍കാത്തതിനാല്‍ വാഹനം ഏതെങ്കിലും റോഡരികിലായിരിക്കണമെന്നുമുണ്ട്. പ്രധാനമായും ഈ ഓപ്ഷന്‍ യുഎസിലെ ഉപഭോക്താക്കള്‍ക്ക് മാത്രമേ ലഭ്യമാകൂ. മറ്റ് രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് റോഡ്‌സൈഡ് അസിസ്റ്റന്‍സ് ഓപ്ഷന്‍ നിലവില്‍ ലഭ്യമല്ല. പുതിയ ആപ്പിള്‍ ഫോണ്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് രണ്ട് വര്‍ഷം വരെ ഈ AAA സബ്സ്‌ക്രിപ്ഷന്‍ സൗജന്യമായി ലഭിക്കും.
സൗജന്യ സേവനം ലഭിക്കാത്ത ഉപഭോക്താക്കള്‍ക്ക് ഈ സേവനം പേ-പെര്‍ യൂസ് അടിസ്ഥാനത്തില്‍ പ്രയോജനപ്പെടുത്താനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. അതിനാല്‍ എല്ലാ ഫോണ്‍ ഉപഭോക്താക്കള്‍ക്കും ഈ സേവനം ലഭിക്കും. ഐഫോണ്‍ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്‌സ് എന്നീ ഫോണുകളാണ് ചൊവ്വാഴ്ച നടന്ന ഇവന്റില്‍ ആപ്പിള്‍ അവതരിപ്പിച്ചത്. ഐഫോണുകള്‍ക്ക് പുറമെ ആപ്പിള്‍ സ്മാര്‍ട്ട് വാച്ച് 9 സീരീസ്, വാച്ച് ആള്‍ട്രാ 2 എന്നിവയും കമ്പനി വിപണിയിലെത്തിച്ചിട്ടുണ്ട്.
ഐഫോണ്‍ 15 സ്റ്റാന്റേര്‍ഡ് മോഡലിന് യുഎസില്‍ 799 ഡോളര്‍ മുതലാണ് വില. അത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 66000 രൂപ വരും. 15 പ്ലസിന് ആകട്ടെ 899 ഡോളര്‍ അതായത് 74,500 രൂപയായിരിക്കും വില. 2023 സെപ്റ്റംബര്‍ 22 വെള്ളിയാഴ്ച മുതല്‍ ഉപഭോക്താക്കള്‍ക്ക് പുതിയ ഐ ഫോണ്‍ മോഡല്‍ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.


Click it and Unblock the Notifications








