ആപ്പിള്‍, ഡ്രൈവിംഗിനിടെ മെസ്സേജ് തടയുന്നു
വാഹനമോടിക്കുമ്പോള്‍ മെസ്സേജയയ്ക്കുന്നത് തടയുന്ന 'ലോക്ക്-ഔട്ട് മെക്കാനിസംസ്' എന്നൊരു സാങ്കേതികതയ്ക്ക് ആപ്പിള്‍ പേറ്റന്റപേക്ഷ നല്‍കി. ഡ്രൈവ് ചെയ്യുന്ന ഘട്ടങ്ങളില്‍ സെല്‍ ഫോണുകളുപയോഗിച്ചുള്ള ചില പ്രവൃത്തികള്‍ തടയുവാന്‍ ഈ സംവിധാനത്തിന് സാധിക്കുമെന്ന് അപേക്ഷയില്‍ ആപ്പിള്‍ വ്യക്തമാക്കി.
ഡ്രൈവ് ചെയ്യുന്ന വ്യക്തിയെ മാത്രം ലക്ഷ്യമാക്കി ഈ സംവിധാനം പ്രവര്‍ത്തിപ്പിക്കാമെന്നതാണ് മേന്മ. ഡ്രൈവര്‍ എത്ര വേഗതയിലാണ് പോകുന്നതെന്നതടക്കമുള്ള വിവരങ്ങള്‍ ഈ സംവിധാനം ശേഖരിക്കുന്നു. അതെസമയം, വാഹനത്തിലെ മറ്റു യാത്രികര്‍ക്ക് മെസ്സേജയയ്ക്കുന്നതിന് തടസ്സമൊന്നും നേരിടില്ല.

ഡ്രൈവിംഗ് സീറ്റിനെ നിര്‍ണായക പ്രദേശമായി തിരിച്ചറിയുകയും അവിടെയിരുന്ന് മൊബൈലില്‍ നിര്‍ദ്ദിഷ്ട പ്രവൃത്തികള്‍ ചെയ്യുന്നത് തടയുകയും ചെയ്യുന്നു ആപ്പിളിന്റെ പുതിയ സന്നാഹം. വാഹനത്തിന് പ്രത്യേകിച്ചെന്തെങ്കിലും മാറ്റം വരുത്താതെ തന്നെ ഈ സംവിധാനം പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.

മോഷന്‍ അനലൈസര്‍, സീനറി അനലൈസര്‍ എന്നിവയ്‌ക്കൊപ്പം ഒരു ലോക്ക്-ഔട്ട് മെക്കാനിസവും ചേരുന്നതാണ് ആപ്പിളിന്റെ ഉപകരണം. നിര്‍ദ്ദിഷ്ട വേഗതയെക്കാള്‍ കൂടിയ നിലയിലാണോ വാഹനം നീങ്ങുന്നതെന്ന് തിരിച്ചറിയുകയാണ് മോഷന്‍ അനലൈസര്‍ ചെയ്യുന്നത്. മെസ്സേജ് ചെയ്യുന്നതിനുള്ള സുരക്ഷിതമായ വേഗതയുടെ പരിധി വിടുന്നത് തിരിച്ചറിയുന്ന മോഷന്‍ അനലൈസര്‍ പ്രസ്തുത പ്രവൃത്തി തടയാനുള്ള നിര്‍ദ്ദേശം ഉപകരണത്തിന് നല്‍കുന്നു. സീനറി അനലൈസറാണ് മെസ്സേജയയ്ക്കുന്നയാള്‍ ഡ്രൈവിംഗ് സീറ്റിലാണോ അല്ലയോ എന്നത് തിരിച്ചറിയുന്നത്.

മൊബൈലിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ചുമതലയാണ് ലോക്ക്-ഔട്ട് മെക്കാനിസത്തിനുള്ളത്. മോഷന്‍ അനലൈസറിന്റെയും സീനറി അനലൈസറിന്റെയും നിര്‍ദ്ദേശങ്ങളെ ആസ്പദിച്ചാണ് ലോക്ക്-ഔട്ട് മെക്കാനിസം തീരുമാനമെടുക്കുക.

പേറ്റന്റ് അപേക്ഷ 2008ല്‍ തന്നെ നല്‍കിയിരുന്നു ആപ്പിള്‍ എന്നാണറിയുന്നത്. ഈയിടെ മാത്രമാണ് വിവരം പുറത്തുവന്നത്.


Click it and Unblock the Notifications








