മെസ്സി ബ്രാന്‍ഡ് അംബാസിഡറായിരുന്ന ഇന്ത്യന്‍ കാര്‍ കമ്പനി ഏതെന്നറിയാമോ? പിന്നീട് നടന്നതെല്ലാം ചരിത്രം
അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസ്സി ലോകകപ്പ് ഫുട്‌ബോള്‍ കിരീടം കൂടി നേടി ഇപ്പോള്‍ ലോകത്തിന്റെ നെറുകയില്‍ എത്തിയിരിക്കുകയാണ്. ദോഹയിലെ ലുസൈല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ത്രില്ലര്‍ ഫൈനലില്‍ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് അര്‍ജന്റീന മൂന്നാം തവണ ലോകകപ്പില്‍ മുത്തമിട്ടത്. ലോകകപ്പ് വിജയത്തിന്റെ ഐതിഹാസിക രാവിന് ശേഷം സര്‍വ്വം മെസ്സിമയമാണ്.
ഫുട്‌ബോള്‍ ലോകത്തെ വിലപിടിപ്പുള്ള താരമായ ലയണല്‍ മെസ്സി ഒരുപിടി ബ്രാന്‍ഡുകളുടെ അംബാസഡര്‍ കൂടിയാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. ലയണല്‍ മെസ്സി ബ്രാന്‍ഡ് അംബാസിഡര്‍ ആയ ഒരു ഇന്ത്യന്‍ കാര്‍ കമ്പനിയെ കുറിച്ചാണ് നമ്മള്‍ ഇന്ന് പറയാന്‍ പോകുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളില്‍ ഒന്നായ ടാറ്റ മോട്ടോര്‍സാണ് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലയണല്‍ മെസ്സിയെ തങ്ങളുടെ ആഗോള ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചത്.

തങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ വലിയ വ്യക്തികളെ കൊണ്ടുവന്ന ചരിത്രമാണ് ടാറ്റയ്ക്കുള്ളത്. 2015 നവംബറിലാണ് കാര്‍ നിര്‍മ്മാതാവ് അതിന്റെ പാസഞ്ചര്‍ വാഹനങ്ങളുടെ ആഗോള ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനം അലങ്കരിക്കാന്‍ ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും വലിയ താരങ്ങളിലൊരാളെ ലയണല്‍ മെസ്സിയെ ക്ഷണിച്ചത്. അര്‍ജന്റീനയുടെയും സ്‌പെയിനിലെ സൂപ്പര്‍ ക്ലബായ ബാഴ്‌സലോണയുടെ ഇതിഹാസ താരവുമായ ലയണല്‍ മെസ്സി ടാറ്റ മോട്ടോര്‍സുമായി കരാറില്‍ ഒപ്പുവെച്ചു. അർജന്റൈൻ സൂപ്പര്‍താരം കരാര്‍ ഒപ്പുവെക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ബ്രാന്‍ഡായി ടാറ്റ മോട്ടോർസ് അന്ന് മാറി.
വര്‍ഷങ്ങള്‍ പിറേകോട്ട് പോയാല്‍ ഇന്ത്യന്‍ വിപണിയില്‍ ടാറ്റ മോട്ടോർസ് പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന ഒരുകാലമുണ്ടായിരുന്നു. അക്കാലത്താണ് അവര്‍ സിക്ക (ഇപ്പോള്‍ ടിയാഗോ) എന്ന പേരില്‍ ഒരു പുതിയ ഹാച്ച്ബാക്ക് പുറത്തിറക്കാന്‍ ഒരുങ്ങിയത്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഒരു തകര്‍പ്പന്‍ അവതരണം തന്നെ നടത്തണമായിരുന്നു ടാറ്റക്ക്. കാരണം പുതിയ കാറിന്റെ വിജയം ടാറ്റക്ക് അനിവാര്യമായിരുന്നു. നിര്‍ഭാഗ്യവശാല്‍, ഏതാണ്ട് അതേ സമയത്താണ് ലോകത്ത് സിക്ക വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത്.

ഇക്കാരണത്താല്‍ ഹാച്ച്ബാക്കിന്റെ പേര് ടിയാഗോ എന്ന് പുനര്‍നാമകരണം ചെയ്യാന്‍ ടാറ്റ മോട്ടോര്‍സ് നിര്‍ബന്ധിതരായി. ടിയാഗോയുടെ ലോഞ്ച് കാമ്പെയ്നിലൂടെ ഈ പ്രതിസന്ധി ടാറ്റ സമര്‍ത്ഥമായി കൈകാര്യം ചെയ്തു. കാറിനൊപ്പം നില്‍ക്കുന്ന ലയണല്‍ മെസ്സിയുടെ ചിത്രം അവര്‍ ബ്രാന്‍ഡ് ചെയ്തു. പിന്നീട് നടന്നത് ചരിത്രമാണ്. ഏഴ് വര്‍ഷം പിന്നിടുമ്പോള്‍ ലയണല്‍ മെസ്സി ഇന്ന് ടാറ്റയുടെ ബ്രാന്‍ഡ് അംബാസഡറല്ല. എന്നാല്‍ കാര്‍ നിര്‍മ്മാതാവും മെസ്സിയും അവരവരുടെ മേഖലകളില്‍ വിജയത്തിന്റെ പാതകള്‍ ഓരോന്നായി വെട്ടിപ്പിടിക്കുകയാണ്.
ലയണല്‍ മെസ്സി തന്റെ സ്വപ്‌നമായിരുന്ന ഫിഫ ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ ടാറ്റ മികച്ച വില്‍പ്പനയുമായി കുതിക്കുകയാണ്. ടാറ്റ ടിയാഗോയുടെ ഒരു ഇലക്ട്രിക് പതിപ്പ് ഉടന്‍ ഉപഭോക്താക്കളില്‍ എത്തും. സമീപകാലത്ത് വരെ രാജ്യത്ത് ഏറ്റവും താങ്ങാനാവുന്ന വിലയില്‍ ലഭിക്കുന്ന ഇലക്ട്രിക് കാര്‍ കൂടിയായിരുന്നു ടാറ്റ ടിയാഗോ ഇവി. ടിയാഗോ ഇവിയുടെ ഡെലിവറികള്‍ 2023 ജനുവരിയില്‍ ആരംഭിക്കുമെന്നാണ് സൂചന. ടാറ്റയുടെ ഇവി ഹാച്ച്ബാക്ക് 315 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഒപ്പം ഒന്നിലധികം ബാറ്ററി ഓപ്ഷനുകളിലാണ് ഇത് വരുന്നത്. 8.49 ലക്ഷം രൂപ മുതല്‍ 11.79 ലക്ഷം രൂപ വരെ (എക്‌സ്-ഷോറൂം) പ്രാരംഭ വിലയില്‍ ഇത് ലഭ്യമാകും. ടിഗോര്‍ ഇവി സബ്-കോംപാക്റ്റ് സെഡാനും നെക്‌സോണ്‍ ഇവി സബ്-4 മീ. എസ്‌യുവിയും ഉള്‍പ്പെടുന്ന ടാറ്റയുടെ ഇലക്ട്രിക് വാഹന ലൈനപ്പിലെ ഏറ്റവും താങ്ങാനാവുന്ന കാര്‍ ആണ് ടിയാഗോ ഇവി. പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ അതുല്യമായ ഒരു നേട്ടം ടാറ്റ മോട്ടോര്‍സ് ഇപ്പോള്‍ സ്വന്തമാക്കിയിട്ടുണ്ട്.
ഡിസംബറില്‍ ആദ്യ രണ്ടാഴ്ച കഴിയുമ്പോള്‍ തന്നെ കലണ്ടര്‍ വര്‍ഷം അര ദശലക്ഷം പാസഞ്ചര്‍ കാര്‍ വില്‍പ്പനയെന്ന നാഴികക്കല്ലാണ് ടാറ്റ പിന്നിട്ടത്. ഈ വര്‍ഷം അവസാനത്തോടെ ടാറ്റ ഏകദേശം 5.25 ലക്ഷം യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റഴിച്ചേക്കും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ 59 ശതമാനമാണ് വളര്‍ച്ച. 2021-ല്‍ ടാറ്റയുടെ 3.31 ലക്ഷം യൂണിറ്റാണ് വിറ്റത്. സ്പോര്‍ട് യൂടിലിറ്റി വെഹിക്കിളുകളാണ് ഈ നേട്ടം കൈവരിക്കാന്‍ ടാറ്റയെ സഹായിച്ചത്. ടാറ്റയുടെ വില്‍പ്പനയുടെ മൂന്നില്‍ രണ്ടും എസ്‌യുവികളാണ്. ഇതോടെ ഹ്യുണ്ടായിയെ മറികടന്ന് രാജ്യത്തെ ഏറ്റവും വലിയ എസ്‌യുവി നിര്‍മാതാക്കളായി ടാറ്റ മാറി. പാസഞ്ചര്‍ വാഹന വിപണിയില്‍ നിലവില്‍ രണ്ടാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ഹ്യുണ്ടായിയുമായുള്ള വിടവ് ടാറ്റ ഗണ്യമായി കുറക്കുകയും ചെയ്യുന്നുണ്ട് ടാറ്റയിപ്പോള്‍.


Click it and Unblock the Notifications








