യുഎസ് നടന്റെ 13 കോടി മതിക്കുന്ന മൊബൈല്‍ എസ്‌റ്റേറ്റ്
ആഷ്റ്റണ്‍ കച്ചറിനെ നമ്മളില്‍ പലരുമറിയുന്നത് കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ജോബ്‌സ് എന്ന സിനിമയിലെ നായകന്‍ എന്ന നിലയിലായിരിക്കും. സ്റ്റീവ് ജോബ്‌സിന്റെ ജീവചരിത്ര സിനിമ എന്ന അവകാശവാദത്തോടെയാണ് ഈ പടം പുറത്തിറങ്ങിയിട്ടുള്ളത്. അമേരിക്കന്‍ ടെലിവിഷന്‍ സീരിയല്‍ ഇന്‍ഡസ്ട്രിയില്‍ കച്ചര്‍ വളരെ മുമ്പുതന്നെ ഒരു സംഭവമായി മാറിയ ആളാണ്. നിരവധി സീരീയലുകളിലും കുറച്ച് സിനിമകളിലും അഭിനയിച്ചിട്ടുള്ള കച്ചര്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളായി ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
നമ്മുടെ നാട്ടിലെ നടന്മാര്‍ ചില വാനുകള്‍ മോഡിഫൈ ചെയ്ത് വാനിറ്റി വാന്‍ ആക്കി മാറ്റാറുള്ളതുപോലെ അമേരിക്കന്‍ നടന്മാരും ചെയ്യാറുണ്ട്. ഈയിടെ ആഷ്റ്റണ്‍ കച്ചര്‍ ഒരു അത്യാഡംബര മൊബൈല്‍ വീട് സ്വന്തമാക്കുകയുണ്ടായി. ഈ വാഹനത്തെ നമ്മുടെ നാട്ടിലെ നടന്മാരുടെ വാനുകളുമായി താരതമ്യം ചെയ്യുന്നത് മാനഹാനിക്ക് വഴിവെക്കും. ആഷ്റ്റണ്‍ കച്ചറിന്റെ മൊബൈല്‍ വീടിനെ നമുക്കൊന്ന് അടുത്തറിയാം.

ഏതാണ്ട് 13 കോടിയോളം വിലമതിക്കും ഈ മൊബൈല്‍ എസ്‌റ്റേറ്റിന് എന്ന് പറയപ്പെടുന്നു. ഈ വാഹനത്തെ കാരവാന്‍, വാനിറ്റി വാന്‍ എന്നീ പേരുകള്‍ ചൊല്ലിവിളിക്കാന്‍ അതിന്റെ സവിശേഷതകള്‍ പരിശോധിക്കുന്നവര്‍ക്ക് ഇത്തിരി ബുദ്ധിമുട്ട് നേരിട്ടേക്കും.

1100 സ്‌ക്വയര്‍ഫീറ്റ് ആണ് ഈ മൊബൈല്‍ എസ്റ്റേറ്റിന്റെ മൊത്തം സൗകര്യം. 53 അടി നീളമുണ്ട് വാഹനത്തിന്. 30 ടണ്‍ ഭാരമാണ് മൊത്തത്തില്‍ മൊബൈല്‍ എസ്റ്റേറ്റിനുള്ളത്.

താഴത്തെ നിലയിലെ സ്ഥലസൗകര്യം 603 സ്‌ക്വയര്‍ഫീറ്റാണ്. മുകളിലെ നിലയില്‍ 340 സ്‌ക്വയര്‍ഫീറ്റ് സൗകര്യമുണ്ട്.

മുകളിലെ നില ആവശ്യാനുസരണം ചുരുക്കുവാന്‍ സാധിക്കും. ഇതിന് സൗകര്യമൊരുക്കുന്ന രീതിയിലാണ് മുകള്‍ നിലയില്‍ ഫര്‍ണിച്ചറുകളും മറ്റും നിര്‍മിച്ചിരിക്കുന്നത്. റോഡില്‍ ഓടുന്ന സമയത്ത് വാഹനത്തിന് 4.15 മീറ്ററില്‍ കൂടുതല്‍ ഉയരമുണ്ടാകാന്‍ പാടില്ല എന്ന യുഎസ് നിയമത്തെ അനുസരിക്കാന്‍ ഈ സംവിധാനം വഴിയൊരുക്കുന്നു. 30 സെക്കന്‍ഡുകള്‍ കൊണ്ട് വാഹനത്തെ ചുരുക്കാനാവും.

360 ഡിഗ്രി വീഡിയോ നിരീക്ഷണ സംവിധാനം മൊബൈല്‍ എസ്‌റ്റേറ്റിലുണ്ട്. സന്ദര്‍ശകര്‍ ഡോര്‍ബെല്‍ അമര്‍ത്തിയാല്‍ വാഹനത്തിനുള്ളിലെ സ്റ്റീരിയോ, ടെലിവിഷന്‍ എന്നിവയുടെ ശബ്ദം സ്വയം താഴും. സന്ദര്‍ശകന്റെ മുഖം അകത്ത് സ്‌ക്രീനില്‍ തെളിയുകയും ചെയ്യും. പ്രധാന ബെഡ്‌റൂമിലേക്ക് കടക്കണമെങ്കില്‍ ഉടമയുടെ വിരല്‍ പതിപ്പിക്കണം.

ആന്‍ഡേഴ്‌സന്‍ മൊബൈല്‍ എസ്റ്റേറ്റ്‌സ് എന്ന സ്ഥാപനം നടത്തുന്ന റോണ്‍ ആന്‍ഡേഴ്‌സനാണ് കച്ചറുടെ വാഹനം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ കുറെയധികം വാഹനങ്ങള്‍ നേരത്തെയും ആന്‍ഡേഴ്‌സന്‍ നിര്‍മിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പണച്ചാക്കുകളുടെ കൈവശമാണ് ഇന്ന് അവയുള്ളതെന്ന് അദ്ദേഹം പറയുന്നു.


Click it and Unblock the Notifications








