സിറാജിനും കൊടുത്തൂടെ ഒരു കാറെന്ന് ആരാധകര്‍; ആനന്ദ് മഹീന്ദ്രയുടെ മറുപടി കണ്ടോ?
ആതിഥേയരായ ശ്രീലങ്കയെ 10 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏഷ്യാ കപ്പ് ചാമ്പ്യന്‍മാരായിരുന്നു. ഒരു ട്വന്റി20 മത്സരത്തിന്റെ വേഗത്തില്‍ മത്സരം തീര്‍ക്കാന്‍ കാരണക്കാരന്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജായിരുന്നു. 21 റണ്‍സിന് 6 വിക്കറ്റെന്ന തകര്‍പ്പന്‍ സ്പെല്ലിന് ശേഷം മുഹമ്മദ് സിറാജിനെ വാഴ്ത്തുകയാണ് കായിക ലോകം.
എപ്പോഴും കായിക താരങ്ങളെ നിറഞ്ഞ് അഭിനന്ദിക്കുകയും അവര്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കുകയും ചെയ്യുന്ന മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ നെറ്റിസണ്‍സിന് അറിയേണ്ടത് മാസ്മരിക പ്രകടനത്തിലൂടെ ഇന്ത്യയെ ഏഷ്യാ കപ്പ് വിജയത്തിലേക്ക് നയിച്ച സിറാജിന് ആനന്ദ് മഹീന്ദ്ര എസ്‌യുവി സമ്മാനിക്കുമോ എന്നതായിരുന്നു. അതിന് മഹീന്ദ്ര മറുപടി നല്‍കുകയും ചെയ്തു. അത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം.

കൊളംബോയിലെ ആര്‍ പ്രേമദാസ സ്‌റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തിന് പിന്നാലെ തന്നെ മൈക്രോ ബ്ലോഗിംഗ് സൈറ്റായ എക്‌സില്‍ (ട്വിറ്റര്‍) പങ്കുവെച്ച പോസ്റ്റിലൂടെ ടീം ഇന്ത്യയെയും സിറാജിനെയും ആനന്ദ് മഹീന്ദ്ര അഭിനന്ദിച്ചിരുന്നു. സര്‍ഗാത്മകമായിട്ടായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. 'ഞങ്ങളുടെ എതിരാളികളെ ഓര്‍ത്ത് എന്റെ ഹൃദയം ഇത്രകണ്ട് മുമ്പെങ്ങും വിതുമ്പിയിട്ടുില്ല... ഞങ്ങള്‍ അവര്‍ക്ക് നേരെ ഒരു അമാനുഷിക ശക്തിയെ അഴിച്ചുവിട്ടതുപോലെയാണ് ഇത്... മുഹമ്മദ് സിറാജ് നിങ്ങള്‍ ഒരു മാര്‍വല്‍ അവഞ്ചറാണ്' ആനന്ദ് മഹീന്ദ്ര എഴുതി.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മുമ്പും അന്താരാഷ്ട്ര രംഗത്ത് മികവ് തെളിയിച്ച കായിക താരങ്ങളെ അനുമോദിച്ചിട്ടുണ്ട്. ലോകകപ്പ് ചെസ് ഫൈനലില്‍ എത്തിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറിയതിന് ശേഷം ഗ്രാന്‍മാസ്റ്റര്‍ ആര്‍ പ്രഗ്‌നാനന്ദയുടെ മാതാപിതാക്കള്‍ക്കായി XUV400 ഇലക്ട്രിക് എസ്‌യുവി നല്‍കുമെന്ന് പ്രഖ്യാപിച്ചതായിരുന്നു ഏറ്റവും ഒടുവിലത്തെ ഉദാഹരണം.
ഇതിന് മുമ്പ് 2020-ലെ ടോക്കിയോ ഒളിമ്പിക്സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ നീരജ് ചോപ്രയ്ക്ക് ഒരു കസ്റ്റമൈസ്ഡ് XUV700-യും മഹീന്ദ്ര സമ്മാനിച്ചിരുന്നു. മാത്രമല്ല ഈ വര്‍ഷം ആദ്യം നടന്ന ലോക വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ച ബോക്സര്‍ നിഖത് സറീന് ഒരു ഥാര്‍ എസ്‌യുവിയും ശതകോടീശ്വരന്‍ സമ്മനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സിറാജിന് ഒരു എസ്‌യുവി സമ്മാനിച്ച് കൂടെ എന്ന് ഒരു എക്‌സ് ഉപയോക്താവ് ചോദിച്ചത്.
ഇതിനകം അത് ചെയ്തുകഴിഞ്ഞുവെന്നായിരുന്നു വ്യാവസായ പ്രമുഖന്റെ മറുപടി. 2021-ല്‍ ഓസ്ട്രേലിയയെ അവരുടെ നാട്ടില്‍ മുട്ടുകുത്തിച്ച് ടെസ്റ്റ് പരമ്പര വിജയിച്ച ഇന്ത്യന്‍ ടീമിലെ ആറുതാരങ്ങള്‍ക്ക് ഥാര്‍ എസ്‌യുവി സമ്മാനിച്ച സംഭവമായിരുന്നു ആനന്ദ് മഹീന്ദ്ര ഉദ്ദേശിച്ചത്. അന്ന് മഹീന്ദ്രയില്‍ നിന്ന് എസ്‌യുവി ലഭിച്ച കളിക്കാരില്‍ ഒരാളാണ് സിറാജ്. സിറാജിനെ കൂടാതെ ശുഭ്മാന്‍ ഗില്‍, ശര്‍ദുല്‍ ഠാക്കൂര്‍, നവ്ദീപ് സെയ്‌നി, വാഷിങ്ടണ്‍ സുന്ദര്‍, ടി നടരാജന്‍ എന്നീ ക്രിക്കറ്റര്‍മാര്‍ക്കാണ് അന്ന് ഥാര്‍ ലഭിച്ചത്.

സമ്മാനങ്ങളെ കുറിച്ച് പറയുമ്പോള്‍ ഏഷ്യാ കപ്പ് ഫൈനലില്‍ കളിയിലെ താരത്തിനുള്ള പുരസ്‌കാരം നേടിയ സിറാജ് ആ തുക ലങ്കയിലെ ഗ്രൗണ്ട് സ്റ്റാഫിന് സമ്മാനിച്ചും കൈയ്യടി നേടിയിരുന്നു. മഴ വില്ലനായി എത്തിയ ടൂര്‍ണമെന്റ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഠിനാധ്വാനം ചെയ്ത മരതക ദ്വീപിലെ ഗ്രൗണ്ട് സ്റ്റാഫിനുള്ള അംഗീകാരമായിരുന്നു അത്. 5000 ഡോളര്‍ സമ്മാനത്തുകയാണ് സിറാജ് ഗ്രൗണ്ട് സ്റ്റാഫിന് നല്‍കിയത്.
ഞായറാഴ്ച നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ഏഴോവറില്‍ വെറും 21 റണ്‍സ് മാത്രം വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തിയ സിറാജിന്റെ മികവില്‍ ഇന്ത്യ ലങ്കയെ 15.4 ഓവറില്‍ 50 റണ്‍സിന് കൂടാരം കയറ്റി. ആദ്യ ഓവറില്‍ തന്നെ ജസ്പ്രീത് ബൂംറ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടെങ്കിലും തന്റെ രണ്ടാം ഓവറില്‍ നാല് ബാറ്റര്‍മാരെ പുറത്താക്കി സിറാജ് ലങ്കയെ ദഹിപ്പിച്ചു. ശേഷിക്കുന്ന മൂന്ന് വിക്കറ്റ് ഹര്‍ദിക് പാണ്ഡ്യ നേടി.
ഏകദിനത്തില്‍ ഒരോവറില്‍ നാലുവിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ പേസറാണ് സിറാജ്. 2.4 ഓവറില്‍ അഞ്ചുവിക്കറ്റ് വീഴ്ത്തി ഏറ്റവും വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന താരത്തിനുള്ള റെക്കോര്‍ഡിനൊപ്പമെത്താനും സിറാജിനായി. ശ്രീലങ്കന്‍ ബാറ്റര്‍മാരില്‍ രണ്ട് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ഓപണര്‍മാരായ ഇഷാന്‍ കിഷനും (23) ശുഭ്മാന്‍ ഗില്ലും (27) 6.1 ഓവറില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചു.


Click it and Unblock the Notifications








