ബാലുവിന് ആസിഫിന്റെ വക വിവാഹ സമ്മാനം 80 ലിറ്റര്‍ ഡീസല്‍!വണ്ടിയുള്ളവർക്ക് പറ്റാവുന്ന അബദ്ധം വിശദീകരിച്ച് താരം
മലയാള സിനിമാ ലോകത്ത് നിരവധി വണ്ടിപ്രാന്തന്‍മാരുണ്ട്. സീനിയര്‍ നടന്‍മാരെ മാറ്റിനിര്‍ത്തിയാല്‍ യുവ താരങ്ങളില്‍ മിക്കവരും വാഹനങ്ങളോട് അടങ്ങാത്ത സ്നേഹം കാത്തുസൂക്ഷിക്കുന്നവരാണ്. പൃഥ്വിരാജ് സുകുമാരന്‍, ദുല്‍ഖര്‍ സല്‍മാന്‍, ആസിഫലി, കുഞ്ചാക്കോ ബോബന്‍ എന്നിവരെല്ലാം അതില്‍ പ്രധാനികളാണ്. ഗരാജ് ഇടക്കിടെ അപ്ഡേറ്റ് ചെയ്യുന്നതിനൊപ്പം പഴയ പുലിക്കുട്ടികളെ വാങ്ങുന്ന ശീലവും ഈ യുവനടന്‍മാര്‍ക്കുണ്ട്. കിഷ്‌കിന്ധാകാണ്ഡം, രേഖാചിത്രം എന്നീ രണ്ട് ചിത്രങ്ങളിലൂടെ വമ്പന്‍ തിരിച്ച് വരവ് നടത്തിയ മലയാളികളുടെ പ്രിയ താരം ആസിഫലി ഇപ്പോള്‍ 'സര്‍ക്കീട്ട്' എന്ന ചിത്രത്തിലൂടെ ഹാട്രിക് വിജയം നേടാന്‍ പോകുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ആസിഫ് നല്‍കുന്ന അഭിമുഖങ്ങളും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്.
അടുത്തിടെ ഒരു അഭിമുഖത്തില്‍ ആസിഫ് തന്റെ അടുത്ത സുഹൃത്തും നടനുമായ ബാലു വര്‍ഗീസിന്റെ വിവാഹത്തിന് 80 ലിറ്റര്‍ ഡീസലാണ് സമ്മാനമായി നല്‍കിയതെന്ന് വെളിപ്പെടുത്തിയിരുന്നു. വണ്ടിപ്രാന്തനായ ആസിഫ് സുഹൃത്തിന് അതിനൊത്ത രീതിയിലുള്ള സമ്മാനമാണ് നല്‍കിയതെന്ന് ധരിച്ചാല്‍ നിങ്ങള്‍ക്ക് തെറ്റി. ഒരു വലിയ കാന്‍ ഡീസല്‍ സമ്മാനമായി കൊടുക്കേണ്ടി വന്ന സാഹചര്യവും ആസിഫ് ഇന്റര്‍വ്യൂവില്‍ വിശദീകരിക്കുന്നുണ്ട്. വണ്ടി ഉപയോഗിക്കുന്ന എല്ലാവര്‍ക്കും അതില്‍ ഒരു പാഠമുണ്ട്. അത് എന്താണെന്ന് വഴിയെ പറഞ്ഞ് തരാം.

ശ്യാമപ്രസാദിന്റെ 'ഋതു'വെന്ന ചിത്രത്തിലൂടെയായിരുന്നു തൊടുപുഴക്കാരനായ ആസിഫലിയുടെ ബിഗ്സ്‌ക്രീന്‍ അരങ്ങേറ്റം. ചുരുങ്ങിയ നാളുകള്‍ കൊണ്ട് മലയാള സിനിമയിലെ ഭാവി വാഗ്ദാനമായി ആസിഫ് വളര്‍ന്നു. സിനിമയില്‍ അഭിനയിച്ച് അത്യാവശ്യം പണമുണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ ആസിഫ് ആദ്യം ചെയ്തത് ഇഷ്ടപ്പെട്ട വാഹനങ്ങള്‍ വാങ്ങിക്കൂട്ടാനാണ്. പുതിയ കാറുകള്‍ മാത്രമല്ല തന്റെ ബക്കറ്റ് ലിസ്റ്റിലുണ്ടായിരുന്ന ചില കാറുകളുടെ സെക്കന്‍ഡ് മോഡലുകളും ആസിഫ് സ്വന്തമാക്കിയിരുന്നു.
അക്കൂട്ടത്തില്‍ ഒന്നായിരുന്നു ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെര്‍സിഡീസിന്‍െ G55 AMG. പ്രീമിയം യൂസ്ഡ് കാര്‍ വില്‍പ്പന രംഗത്തെ പ്രധാനികളായ ഗുരുഗ്രമിലെ ബിഗ്‌ബോയ് ടോയിസില്‍ നിന്നാണ് ആസിഫ് തന്റെ സ്വപ്ന വാഹനങ്ങളില്‍ ഒന്നായ മെര്‍സിഡീസ് G 55 AMG വാങ്ങിയത്. 2019-ലായിരുന്നു താരം കാര്‍ ഡെലിവറിയെടുത്തത്. 2014-ല്‍ രജിസ്റ്റര്‍ ചെയ്ത കറുപ്പ് കളറിലുള്ള മെര്‍സിഡീസ് G 55 AMG ആസിഫ് വാങ്ങിയത് അന്ന് വാര്‍ത്തയായിരുന്നു.

1999-ല്‍ G-ക്ലാസ് നിരയിലെത്തിയ G 55 AMG-യുടെ പവര്‍ 2007-ല്‍ 500 hp-ക്ക് മുകളിലായി വര്‍ധിപ്പിച്ചിരുന്നു. 2012-ല്‍ G 55 AMG മോഡല്‍ G 63 AMG-യ്ക്കായി വഴിമാറി കൊടുത്തു. അതിന് മുമ്പേ തന്നെ സെലിബ്രിറ്റികള്‍ അടക്കം ഒരുപാട് പേരെ ഈ എസ്‌യുവി ഫാന്‍ ആക്കി മാറ്റിയിരുന്നു. അക്കൂട്ടത്തില്‍ ഒരാളായിരുന്നു ആസിഫലിയും. ആസിഫലിയുടെ കുടുംബത്തില്‍ അതുവരെ ഡീസല്‍ വാഹനങ്ങളായിരുന്നു ഉപയോഗിച്ച് വന്നിരുന്നത്.
പ്രാക്ടിക്കാലിറ്റി കാരണമാണ് അതുവരെ ഡീസല്‍ വണ്ടികള്‍ ഉപയോഗിച്ച് കൊണ്ടിരുന്നതെന്നാണ് നടന്‍ പറയുന്നത്. ഒരു V8 വേണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് മെര്‍സിഡീസ് G 55 AMG-യില്‍ എത്തിയതെന്ന് നടന്‍ പറഞ്ഞു. കുറഞ്ഞ കിലോമീറ്റര്‍ മാത്രം ഓടിയ ആ ക്ലീന്‍ വണ്ടി ആസിഫ് നല്ല കുട്ടപ്പനാക്കി മാറ്റി. ബാലു വര്‍ഗീസിന്റെ നിശ്ചയം ആഘോഷമാക്കാന്‍ വേണ്ടി കാര്‍ കൊണ്ടുപോകാന്‍ തീരുമാനിച്ച ആസിഫ് ഫുള്‍ ടാങ്ക് ഇന്ധനം നിറയ്ക്കാനായി സ്വന്തം ഡ്രൈവറുടെ പക്കല്‍ വണ്ടി കൊടുത്തുവിട്ടു.
വണ്ടി വഴിയില്‍ നിന്നതോടെ ഇന്ധനം പെട്രോള്‍ ആണോ ഡീസല്‍ ആണോ എന്ന് ചോദിച്ച് ഡ്രൈവര്‍ വിളിച്ചതോടെയാണ് അമളി മനസ്സിലായത്. ശേഷം വാഹനം മെര്‍സിഡീസിന്റെ സര്‍വീസ് സെന്ററില്‍ അറ്റകുറ്റപ്പണികള്‍ക്കായി എത്തിച്ചു. ജോലികള്‍ തീര്‍ക്കാന്‍ സമയമെടുത്തതിനാല്‍ ബാലുവിന്റെ നിശ്ചയം കളറാക്കാന്‍ കാര്‍ കിട്ടിയില്ല. അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ വണ്ടി ഡെലിവറിയെടുക്കാന്‍ ആസിഫ് നേരിട്ടാണ് മെര്‍സിഡീസ് ഷോറൂമിലേക്ക് പോയത്. അവിടെ വെച്ച് 80 ലിറ്ററോളം ഡീസല്‍ ഉള്‍ക്കൊള്ളുന്ന ക്യാന്‍ സര്‍വീസ് സെന്റര്‍ അധികൃതര്‍ നടന് കൈമാറുകയായിരുന്നു.
എന്ത് ചെയ്യണമെന്നറിയാതെ കുഴഞ്ഞ ആസിഫ് ഒടുക്കം ഈ ഡീസല്‍ ബാലു വര്‍ഗീസിന്റെ വിവാഹത്തിന് സമ്മാനമായി നല്‍കിയെന്നാണ് അഭിമുഖത്തില്‍ രസകരമായി പറഞ്ഞത്. വിവാഹ ചടങ്ങിന് എന്തായാലും ജനറേറ്റര്‍ സജ്ജീകരിക്കുമെന്നതിനാല്‍ അത് ഒരു ഉപകാരമാവുമെന്ന് കരുതിയാണ് നടന്‍ അങ്ങിനെ ചെയ്തത്. ഏതായാലും ഈ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഇത് കാണുമ്പോള്‍ പലരുടെയും മനസിലുണ്ടാകുന്ന സംശയമായരിക്കും പെട്രോള്‍ കാറില്‍ ഡീസല്‍ നിറച്ചാല്‍ എന്ത് സംഭവിക്കുമെന്നത്. അത് നേരത്തെ തന്നെ ഞങ്ങള്‍ ഈ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതാണെങ്കിലും ഒരിക്കല്‍ കൂടി പറഞ്ഞുതരാം. പെട്രോള്‍ കാറില്‍ ഡീസല്‍ നിറയ്ക്കുന്നത് പൊതുവേ അപകടകരമല്ല. അമളി പറ്റിയെന്ന് മനസ്സിലായാല്‍ ഒരിക്കലും എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യരുത്. നിങ്ങളുടെ കാറില്‍ ഡീസലിന്റെ അളവ് 5 ശതമാനത്തില്‍ താഴെയാണെങ്കില്‍ വലിയ കുഴപ്പമുണ്ടാകില്ല.
5 ശതമാനത്തില്‍ കൂടുതല്‍ ഡീസല്‍ നിറച്ച് വാഹനം ഓടിച്ചാല്‍ അത് പ്രശ്നമാണ്. ഉടന്‍ തന്നെ വാഹനം അടുത്തുള്ള സര്‍വീസ് സെന്ററില്‍ എത്തിച്ച് ടാങ്കിലെ ഡീസല്‍ മുഴുവന്‍ ഒഴിവാക്കണം. ശേഷം എഞ്ചിന്‍ മുഴുവനായി പെട്രോള്‍ ഉപയോഗിച്ച് വൃത്തിയാക്കുകയും വേണം. എഞ്ചിന്റെ ഏതൊക്കെ ഭാഗത്ത് ഇന്ധനം എത്തി എന്നതിനെ ആശ്രയിച്ചായിരിക്കും ചെലവുകള്‍. മറിച്ച് ഡീസല്‍ കാറുകളില്‍ പെട്രോള്‍ നിറച്ചാല്‍ അത് കൂടുതല്‍ അപകടകരമാണ്.
പെട്രോള്‍ എഞ്ചിന്റെയും ഡീസല്‍ എഞ്ചിന്റെയും പ്രവര്‍ത്തന രീതികള്‍ വ്യത്യസ്തമാണ്. ഡീസല്‍ എഞ്ചിന്റെ എല്ലാ ഭാഗത്തും ലൂബ്രിക്കേറ്റ് ചെയ്യുന്നു. അതേസമയം പെട്രോള്‍ വാഹനങ്ങളില്‍ സ്പാര്‍ക്ക് പ്ലഗുകള്‍ ഉപയോഗിക്കുന്നു. പെട്രോള്‍ എഞ്ചിനുകളെ അപേക്ഷിച്ച് ഉയര്‍ന്ന മര്‍ദ്ദത്തില്‍ ഇന്ധനം പമ്പ് ചെയ്യുന്നവ രീതിയിലാണ് ഡീസല്‍ ഫ്യുവല്‍ പമ്പുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പെട്രോള്‍ വണ്ടികളെ അപേക്ഷിച്ച് ഡീസല്‍ വാഹനങ്ങളുടെ ഫ്യുവല്‍ പമ്പുകള്‍ മാറ്റാന്‍ അല്‍പ്പം പൈസ പൊട്ടും. ആഡംബര കാറുകള്‍ ആണെങ്കില്‍ പ്രത്യേകിച്ച് പറയേണ്ടതില്ലെല്ലോ.
കാറില്‍ തെറ്റായ ഇന്ധനം നിറച്ചാല്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ പറയാം. ആദ്യം കാര്‍ സുരക്ഷിതമായി നിര്‍ത്തി സര്‍വീസ് സെന്ററിലോ അല്ലെങ്കില്‍ വിദഗ്ധരായ മെക്കനിക്കുകളുടെയോ സഹായം തേടകു. ഇന്ധനം അടിച്ചത് മനസ്സിലായി നിങ്ങള്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്തില്ലെന്ന് കരുതുക. ഉടന്‍ തന്നെ ഫ്യുവല്‍ ടാങ്കില്‍ നിന്ന് എഞ്ചിനിലേക്ക് പോകുന്ന ഫ്യുവല്‍ ലൈന്‍ ഡിസ്‌കണക്റ്റ് ചെയ്യണം. ഇന്ധനം മാറി നിറച്ചാല്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുമുണ്ട്.

പെട്രോള്‍ കാറില്‍ ഡീസല്‍ നിറച്ചാല്‍ ടാങ്കില്‍ നിന്നും ഹോസ് ഉപയോഗിച്ച് ഡീസല്‍ ഒഴിവാക്കി വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്. ടാങ്കിന്റെ അടിഭാഗത്ത് കുറച്ച് ഡീസല്‍ ബാക്കിയാകാന്‍ സാധ്യതയുണ്ട്. പിന്നീട് പെട്രോള്‍ അടിച്ചാല്‍ പോലും ഡീസല്‍ അടിയില്‍ തന്നെ തുടരും. തെറ്റി ഒഴിച്ച ഡീസല്‍ ടാങ്കിന്റെ താഴ് ഭാഗത്ത് കിടക്കുന്നതിനാല്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ എഞ്ചിനിലേക്ക് ആദ്യമെത്തുന്നത് ഡീസല്‍ ആയിരിക്കും.
ഇത് വാഹനം തകരാറിലാക്കുമെന്ന് പറയേണ്ടതില്ലെല്ലോ. ഇതെല്ലാം നമുക്ക് അബദ്ധം പറ്റിയ ശേഷം ചെയ്യേണ്ട കാര്യങ്ങളാണ്. 'സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട' എന്ന പഴംചൊല്ല് ഇവിടെ നമുക്ക് ഓര്‍മിക്കാം. നമ്മുടെ അശ്രദ്ധ കൊണ്ടോ ഫ്യുവല്‍ സ്‌റ്റേഷന്‍ ജീവനക്കാരുടെ പിഴവ് കൊണ്ടോ ഇന്ധനം മാറി നിറച്ചേക്കാം. അതുകൊണ്ട് നിങ്ങളുടെ വാഹനത്തില്‍ ഏത് ഇന്ധനമാണോ നിറക്കേണ്ടത് അത് തന്നെയാണെന്ന് ആദ്യം ഉറപ്പ് വരുത്താന്‍ എല്ലാവരും ശ്രദ്ധിക്കുക.


Click it and Unblock the Notifications








