4 കോടിയുടെ സ്‌പോര്‍ട്‌സ് കാര്‍ ഉപേക്ഷിച്ച് ഉടമ! അംബാനിയേക്കാള്‍ വലിയ കോടിശ്വരനോ ഇന്ത്യയില്‍?
പണ്ട് കാലത്ത് ഇന്ത്യയില്‍ സൂപ്പര്‍ കാറുകളും സ്‌പോര്‍ട്‌സ് കാറുകളും വളരെ വിരളമായിട്ടായിരുന്നു കാണപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതി മാറി. ഇന്ത്യയിലും സൂപ്പര്‍ കാറുകള്‍ക്ക് അനുകൂലമായുള്ള സംസ്‌കാരം വളര്‍ന്ന് വരികയാണ്. പെട്ടിയില്‍ പണമുള്ളവര്‍ക്കാണ് സൂപ്പര്‍ കാറുകള്‍ വാങ്ങാനും പരിപാലിക്കാനും സാധിക്കുകയുള്ളുവെന്ന കാര്യം നമുക്കറിയം.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സൂപ്പര്‍ കാറുകളുള്ള പലരും അവ നന്നായി പരിപാലിക്കുമ്പോള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചില കാറുകളുടെ ചിത്രങ്ങള്‍ നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. ചില കാറുകള്‍ ഉടമകള്‍ തന്നെ ഉപേക്ഷിക്കുമ്പോള്‍ ചിലത് കേസുകളിലും മറ്റ് നിയമപ്രശ്‌നങ്ങളിലും ഉള്‍പ്പെട്ട് വഴിയരികില്‍ കിടക്കുന്നതും കാണാം. എന്നാല്‍ വര്‍ഷങ്ങളായി ഒരു കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഒരു വില കൂടിയ സ്‌പോര്‍ട്‌സ് കാറിനെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.

രാജ്യാന്തര തലത്തില്‍ വളരെ പോപ്പുലറായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പിഡ് സ്‌പോര്‍ട്‌സ് കാറാണ് മുംബൈയില്‍ ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ടത്. ആസ്റ്റണ്‍ മാര്‍ട്ടിന്‍ ബ്രാന്‍ഡിനെക്കുറിച്ച് വാഹന പ്രേമികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ല. ജെയിംസ് ബോണ്ട് സിനിമകളില്‍ ഉപയോഗിച്ചിരിക്കുന്ന ആസ്റ്റണ്‍ മാര്‍ട്ടിന്റെ കാറുകള്‍ക്ക് ഇന്ത്യയിലും ആരാധകര്‍ ഏറെയാണ്. ഇന്ത്യയില്‍ ഏറെ ജനപ്രിയമായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ മോഡലുകളില്‍ ഒന്നാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പിഡ് സ്പോര്‍ട്സ് കാര്‍.
അത്തരത്തിലുള്ള ഒരു കാറാണ് വര്‍ഷങ്ങളായി ഉപയോഗിക്കാതെ മുംബൈയിലെ ഒരു കെട്ടിടത്തില്‍ പൊടിപിടിച്ച് കിടക്കുന്നത്. ആയിരങ്ങളോ ലക്ഷങ്ങളോ വിലയുള്ള ഒരു കാറല്ല ഇത്തരത്തില്‍ ഉപേക്ഷിച്ച് പോയതെന്ന് ഓര്‍മ വേണം. 4 കോടി രൂപയാണ് ഈ ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പിഡ് സ്പോര്‍ട്സ് കാറിന്റെ എക്‌സ്‌ഷോറൂം വിലയെന്നത് കേള്‍ക്കുമ്പോള്‍ ആണ് നാം കണ്ണുതള്ളുക. ഈ ഉപേക്ഷിക്കപ്പെട്ട ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പിഡിന്റെ ചിത്രങ്ങള്‍ ഓട്ടോമൊബിലി ആര്‍ഡന്റ് ആണ് അവരുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്.

പലപ്പോഴും വില കൂടിയ കാറുകള്‍ ഉപേക്ഷിക്കുന്നതിനുള്ള കാരണങ്ങള്‍ നമുക്ക് അറിയാന്‍ പറ്റും എന്നാല്‍ ഈ കാര്‍ ഉടമ ഇവിടെ ഉപേക്ഷിച്ച് പോകാനുള്ള കാരണം ഇന്നും അജ്ഞാതമായി തുടരുന്നു. ഈ കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ വ്യക്തമല്ലാത്തിനാല്‍ ഉടമയെ കുറിച്ച് യാതൊരു വിവരവുമില്ല. ആകെ പൊടിപിടിച്ച് കിടക്കുന്നതിനാല്‍ ബേസ്മെന്റില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിന്റെ നിറം പോലും വ്യക്തമല്ല. എന്നാല്‍ കാറിന്റെ ഡോര്‍ അണ്‍ലോക്കായി കിടക്കുകയും വിന്‍ഡോകള്‍ താഴ്ത്തിയിട്ടിരിക്കുകയും ചെയ്തിരിക്കുന്നു.
ഏതായാലും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഈ കാറിനെ കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ അറിയാവുന്ന ആളുകളോട് അവ കമന്റ് ബോക്‌സില്‍ പങ്കുവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. നിരവധി ആളുകള്‍ അവിടെ തങ്ങളുടെ ഊഹങ്ങള്‍ പങ്കുവെക്കുന്നു. ചിലര്‍ അംബാനിയുടെ അപകടത്തില്‍ പെട്ട കാറാണെന്ന് പറയുന്നുണ്ട്. എന്നാല്‍ അംബാനി കുടുംബത്തിന്റെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ മഹാരാഷ്ട്ര രജിസ്‌ട്രേഷനില്‍ ഉള്ളതാണ്. ഈ കാര്‍ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ളതും.

ചിലര്‍ ഈ കാര്‍ കോണ്‍മാന്‍ സുകേഷ് ചന്ദ്രശേഖറിന്റെ കാറാണെന്നും പറയുന്നു. ഏതായാലും ഈ കാറിന്റെ ഉടമയെ കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. അംബാനിയല്ലെങ്കിലും 4 കോടിയുടെ കാര്‍ ഉപേക്ഷിക്കാന്‍ തക്കവണ്ണം പണക്കാരനായിട്ടുള്ള ആള്‍ ആരാണെന്നതാണ് നെറ്റിസണ്‍സിന്റെ സംശയം. ഈ കാറിന്റെ നിറം ബ്ലാക്ക് ആണെന്നാണ് തോന്നുന്നത്. ബ്രൗണ്‍, ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് ഇന്റീരിയര്‍.
വിന്‍ഡോ താഴ്ത്തിയിട്ടിരിക്കുന്നതിനാല്‍ അകത്തളത്തില്‍ മുഴുവന്‍ പൊടി കയറിയിട്ടുണ്ട്. ഇത് മാറ്റിനിര്‍ത്തിയാല്‍ മറ്റെല്ലാം നല്ല നിലയില്‍ കാണപ്പെടുന്നു. ഈ കാര്‍ അപകടത്തില്‍ പെട്ടതാണോ അതേ മോഷണക്കേസില്‍ ഉള്‍പ്പെട്ടതാണോ അതോ ഉടമ ഉപേക്ഷിച്ചതാണോ എന്ന കാര്യം ഇന്നും ചുരുളഴിയാത്ത രഹസ്യമായി തുടരുന്നു. ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പിഡിനെ കുറിച്ച് പറയുമ്പോള്‍ ഇന്ത്യയിലെ സമ്പന്നര്‍ക്കിടയില്‍ വളരെ പ്രചാരമുള്ള ഒരു കാറാണിത്.

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിന് ഈ കാര്‍ സ്വന്തമായുണ്ട്. എല്ലാ സൂപ്പര്‍കാറുകളെയും പോലെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പിഡും നിരവധി ഹൈടെക് ഫീച്ചറുകള്‍, സുഖസൗകര്യങ്ങളുമായിട്ടാണ് വരുന്നത്. 470 bhp പവറും 600 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 6.0 ലിറ്റര്‍ V12 എഞ്ചിനാണ് ഈ കാറിന് കരുത്ത് പകരുന്നത്. ഈ മോട്ടോറുമായി ജോടിയാക്കിയ ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ് പിന്‍ ചക്രങ്ങളിലേക്ക് പവര്‍ അയയ്ക്കുന്നു.
പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ ഈ കാര്‍ വെറും 4.7 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു. മണിക്കൂറില്‍ 300 കിലോമീറ്ററിലധികമാണ് ഈ സൂപ്പര്‍ കാറിന്റെ ഉയര്‍ന്ന വേഗത. മുംബൈയിലെ കെട്ടിടത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട കാറിനെ കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും അറിയാമോ?. ഉത്തരം അതെ എന്നാണെങ്കില്‍ അത് കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.


Click it and Unblock the Notifications








