അധികൃത അനാസ്ഥ കാരണം 10 ലക്ഷം നഷ്ടമെന്ന് ഔഡിക്കാരന്‍! ഇന്‍ഷൂറന്‍സ് കിട്ടാത്ത കാരണമറിഞ്ഞ് പറയൂ തെറ്റ് ആരുടേത്?
ലോകത്ത് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. രാജ്യത്തെ റോഡുകളുടെ നിലവാരം കൂടിയിട്ടുണ്ടെങ്കിലും അപകടങ്ങളുടെ എണ്ണം വലിയ രീതിയില്‍ കുറഞ്ഞിട്ടില്ല. അപകടസംഖ്യ പെരുകാന്‍ പല കാരണങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനമാണ് അശ്രദ്ധമായ ഡ്രൈവിംഗ്. ഇത് യാഥാര്‍ത്ഥ്യമാണെങ്കിലും ചില അപകടങ്ങളില്‍ ഡ്രൈവര്‍മാര്‍ മാത്രമല്ല ഉത്തരവാദികള്‍. മറിച്ച് അധികൃതരുടെ അനാസ്ഥ മൂലവും ചില അപകടങ്ങള്‍ സംഭവിക്കാറുണ്ട്. അധികൃതര്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തത് കാരണം നഷ്ടം സഹിക്കേണ്ടി വരുന്നത് സാധാരണ പൗരന്‍മാരാണ്. അത്തരത്തില്‍ ഭരണകൂടം മതിയായ സൗകര്യങ്ങള്‍ ഒരുക്കാത്തത് കാരണം ലക്ഷങ്ങള്‍ പൊട്ടിയ കാര്‍ ഉടമയുടെ കഥയാണ് പറയാന്‍ പോകുന്നത്.
രാത്രിയില്‍ ഒരു ഔഡി A4 കാര്‍ അപകടത്തില്‍പ്പെട്ടതിന്റെ വീഡിയോ പ്രതീക് സിംഗ് എന്നയാളുടെ യൂട്യൂബ് ചാനലിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റോഡ് സേഫ്റ്റിയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ സ്ഥിരമായി പങ്കുവെക്കുന്ന ഒരു ചാനലാണ് ഇത്. ഔഡി A4 കാര്‍ യുപിയിലെ ബറേലിയിലെ റോഡിലൂടെയായിരുന്നു സഞ്ചരിച്ചിരുന്നത്. ആ സമയത്ത് കാറിന്റെ ഡാഷ്ബോര്‍ഡില്‍ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങളാണ് പ്രതീക് സിംഗിന്റെ ഫോളോവേഴ്‌സില്‍ ഒരാള്‍ അയച്ച് കൊടുത്തത്.

രാത്രിയില്‍ ഇടുങ്ങിയ സിംഗിള്‍ ലെയ്ന്‍ റോഡിലൂടെ കാര്‍ ഓടിച്ചുകൊണ്ടിരുന്ന സമയത്ത് അവിടെ മുന്നറിയിപ്പ് ബോര്‍ഡുകളോ തെരുവുവിളക്കുകളോ ഉണ്ടായിരുന്നില്ല. ഇതുമൂലം ചുറ്റുവട്ടത്തെ കുറിച്ച് വ്യക്തമായ ഒരു ധാരണ ഡ്രൈവര്‍ക്ക് ലഭിച്ചില്ല. ഡ്രൈവര്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയിലാണ് കാര്‍ ഓടിച്ചിരുന്നത്. റോഡില്‍ അധികം തിരക്കില്ലാത്തതിനാല്‍ ഡ്രൈവര്‍ വേഗത ക്രമേണ വര്‍ധിപ്പിച്ചതിനാല്‍ സ്പീഡോമീറ്ററില്‍ മണിക്കൂറില്‍ ഏകദേശം 100 കിലോമീറ്റര്‍ എത്തി.
എതിരെ വരുന്ന വാഹനങ്ങളുടെ സൗകര്യത്തിനായി കാറിന്റെ ലോ ബീമുകള്‍ ഓണാക്കിയിരുന്നു. ഒരു ബൈക്കിനെ മറികടക്കുന്ന കാറിന് മുന്നില്‍ അപ്രതീക്ഷിതമായായ ഒരു മണ്‍തിട്ട കണ്ടതോടെ ഡ്രൈവര്‍ക്ക് ഇടിച്ച് കയറ്റുകയല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. റോഡില്‍ പണിനടക്കുന്നുവെന്ന് സൂചന നല്‍കുന്ന ബോര്‍ഡുകളോ അടയാളോ ഒന്നും ഉണ്ടായിരുന്നില്ല. മണ്‍തിട്ട കാണുന്ന രീതിയില്‍ തെരുവ്‌വിളക്കുകള്‍ പോലും അവിടെ ഇല്ലായിരുന്നു.

ഈ മണ്‍തിട്ടക്കരികെ റിഫ്‌ലക്ടറുകളോ മുന്നറിയിപ്പ് അടയാളങ്ങളോ ബാരിക്കേഡുകളോ സ്ഥാപിക്കാത്തതാണ് അപതീക്ഷിത അപകടത്തിലേക്ക് നയിച്ചത്. പാലത്തില്‍ പണിനടക്കുന്നതിനാല്‍ വഴിതിരിച്ച് വിട്ടുവെന്ന് കാണിക്കുന്ന യാതൊരു അടയാളങ്ങളും ഇല്ലെന്നാണ് വീഡിയോയില്‍ പറയുന്നത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗത്ത് സാരമായ കേടുപാടുകള്‍ സംഭവിച്ചു. റോഡില്‍ അനുവദിനീയമായ വേഗ പരിധി ലംഘിക്കുക കൂടി ചെയ്തതിനാല്‍ ഉടമയുടെ നഷ്ടം കൂടി.
അപകടത്തിന് ശേഷം ഉടമ കാര്‍ സര്‍വീസ് സെന്ററിലേക്ക് കൊണ്ടുപോയി. കാര്‍ നന്നാക്കുന്നതിനുള്ള എസ്റ്റിമേറ്റ് 9.5 ലക്ഷം രൂപയായിരുന്നു. ഇന്‍ഷുറന്‍സ് ഉള്ളതിനാല്‍ മെയിന്റനന്‍സ് ചെലവുകള്‍ ഇന്‍ഷുറന്‍സ് കമ്പനി വഹിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ കാര്‍ അമിതവേഗതയിലായിരുന്നു എന്ന കാരണം പറഞ്ഞ് ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം നല്‍കാന്‍ വിസമ്മതിച്ചു. കാറിന്റെ മൂല്യം കുറവായതിനാലാണ് ഇന്‍ഷൂറന്‍സ് കമ്പനി ക്ലെയിം നിരസിച്ചതെന്നാണ് ഉടമ ആരോപിക്കുന്നത്.

സര്‍വീസ് സെന്ററിലെ മറ്റ് ചില വാഹനങ്ങള്‍ക്ക് ഇതേ കമ്പനി ടോട്ടല്‍ ലോസ് ക്ലെയിം അപ്രൂവല്‍ നല്‍കിയിട്ടുണ്ടെന്നും കാര്‍ ഉടമ പറയുന്നു. ക്ലെയിം നിരസിക്കപ്പെട്ടതിന് വ്യക്തമായ കാരണള്‍ വ്യക്തമല്ല. മൂന്ന് മാസമായി സര്‍വീസ് സെന്ററില്‍ കിടക്കുന്ന കാറിന്റെ ചില ഭാഗങ്ങള്‍ കാണാതായതായും ഇക്കാര്യത്തില്‍ സവീസ് സെന്റര്‍ അധികൃതര്‍ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്നും ഔഡി ഉടമ പരാതിപ്പെടുന്നു. ഇന്‍ഷൂറന്‍സ് കമ്പനി ക്ലെയിം നിരസിച്ചതിനാല്‍ അദ്ദേഹം സ്വന്തമായി പണം മുടക്കി കാറിന്റെ അറ്റകുറ്റപ്പണി ചെയ്യേണ്ട അവസ്ഥയാണ്.
ഈ കേസില്‍ കാറിന്റെ ഡ്രൈവറും അധികൃതരും ഒരുപോലെ കുറ്റക്കാരാണ്. ഡ്രൈവര്‍ കുറച്ചുകൂടി ശ്രദ്ധാലുവായിരുന്നെങ്കില്‍ ഈ അപകടം ഒഴിവാക്കാമായിരുന്നു. പരിചയമില്ലാത്ത സ്ഥലങ്ങളിലൂടെ രാത്രിയില്‍ പോകുമ്പോള്‍ റോഡ് വിജനമാണെങ്കിലും അമിത വേഗത ഒഴിവാക്കേണ്ടതാണ്. അത് ഇവിടെ ഡ്രൈവര്‍ പാലിച്ചിട്ടില്ല. അതേസമയം, റോഡില്‍ പണി നടക്കുമ്പോള്‍ മുന്നറിയിപ്പ് ബോര്‍ഡുകളോ റിഫ്‌ലക്ടറുകളോ സ്ഥാപിക്കാത്തത് അധികാരികളുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ്. കൃത്യമായ അടയാളങ്ങളോ തെരുവ് വിളക്കുകളോ ഉണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ ഈ അപകടം സംഭവിക്കില്ലായിരുന്നു.


Click it and Unblock the Notifications








