Audi ആഢംബര കാര്‍ 'മിനി ചായക്കട'യാക്കി യുവാവ്; ഇങ്ങനെയും കാരണങ്ങള്‍ ഉണ്ടായിരുന്നോ...
ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന് കീഴിലുള്ള ആഢംബര കാര്‍ നിര്‍മാതാക്കളാണ് ഔഡി. ജര്‍മന്‍ ബ്രാന്‍ഡ് നിര്‍മിക്കുന്ന കാറുകള്‍ സ്വന്തമാക്കാന്‍ കുറച്ചധികം പണം ചെലവഴിക്കണമെന്ന് എല്ലാവര്‍ക്കുമറിയാം പലപ്പോഴും പണത്തിന്റെയും പ്രൗഡിയുടെയുമെല്ലാം പ്രതീകമായാണ് പലരും ഇത്തരത്തിലുള്ള ആഢംബര കാറുകളെ കാണുന്നത്. ഏതെങ്കിലുമൊരു പരിപാടിയില്‍ ഒരാള്‍ ഔഡി കാറില്‍ വന്നിറങ്ങുന്നതും ഒരു സാധാരണ ബ്രാന്‍ഡിന്റെ കാറില്‍ എത്തുന്നതും തമ്മില്‍ വലിയ മാറ്റമുണ്ടല്ലോ.
ഇങ്ങനെ ഒരു സാഹചര്യം നിലനില്‍ക്കേ ഒരാള്‍ ഔഡി കാര്‍ 'മിനി' ചായക്കടയാക്കിയാല്‍ എങ്ങനെ ഇരിക്കും. വിശ്വസിക്കാന്‍ അല്‍പ്പം പ്രയാസമുണ്ടെങ്കിലും സംഗതി ഉള്ളതാണ്. ഔഡി കാറില്‍ ചായ വില്‍ക്കുന്ന ഒരു യുവാവിന്റെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആശിഷ് ത്രിവേദി എന്നയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

ചായക്കടയിലേത് പോലെ തന്നെ യുവാവിന്റെ മിനി ഔഡി ചായക്കടയില്‍ മേശയെല്ലാം ഉണ്ട്. ഔഡി കാറിന്റെ ബൂട്ടിന് സമീപത്തായാണ് മേശ ഇട്ടിരിക്കുന്നത്. ബൂട്ട് തുറന്നാണിരിക്കുന്നത്. ഓഡി കാറിന് സമീപം വെച്ച മേശയില്‍ സ്റ്റൗ, ഓണ്‍ലൈന്‍ പേയ്മെന്റിനുള്ള ക്യുആര്‍ കോഡ് എന്നിവയും കാണാനാകും. കാറിന്റെ ബൂട്ട്‌സ്‌പെയ്‌സിനുള്ളിലാണ് ചായക്കടക്ക് ആവശ്യമായ സാധനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. വീഡിയോ സൂക്ഷിച്ച് നോക്കിയാല്‍ ഫ്‌ലാസ്‌കുകള്‍ കാണാം. പാല്‍ സൂക്ഷിക്കാനാണെന്ന് തോന്നുന്നു ഇത് കരുതിയിരിക്കുന്നത്.
ഇനി കാറിലേക്ക് വന്നാല്‍ ഓഡി A6 കാറാണ് ഈ യുവാക്കള്‍ ചായ വില്‍ക്കാന്‍ ഉപയോഗിക്കുന്നത്. സെഡാന്‍ വിഭാഗത്തില്‍ പെടുന്ന ഔഡി A6 കാറിന് നിലവില്‍ 61.60 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഔഡി സെഡാന്റെ ടോപ് സ്‌പെക് വേരിയന്റ് സ്വന്തമാക്കാന്‍ 67.76 ലക്ഷം രൂപ മുടക്കണം. തൊട്ടുമുമ്പ് പറഞ്ഞത് ആഢംബര കാറിന്റെ എക്‌സ്‌ഷോറൂം വിലകള്‍ മാത്രമാണ്. ഈ കാറുകള്‍ നിരത്തിലിറങ്ങുമ്പോള്‍ ലക്ഷങ്ങള്‍ കുറച്ച് കൂടി മുടക്കേണ്ടതായി വരും.
പടച്ചോനെ ഇത്രയും വിലയുള്ള കാറിലാണല്ലോ ഈ പഹയന്‍മാര്‍ ചായ വില്‍ക്കുന്നതെന്നായിരിക്കും നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. ഈ വീഡിയോയും വാര്‍ത്തയും കണ്ടപ്പോള്‍ നിങ്ങള്‍ ശ്രദ്ധിച്ചില്ലേ അത്ര തന്നെയേ അവരും ഉദ്ദേശിച്ച് കാണുകയുള്ളൂ. ശരിക്കും ഈ യുവാവ് എന്തിനാണ് ഔഡി കാറില്‍ ചായ വില്‍ക്കുന്നത് എന്ന കാര്യത്തില്‍ തീര്‍ച്ചയില്ല. എന്നാല്‍ ഇത് യുവാക്കളുടെ ബിസിനസ് തന്ത്രമായിരിക്കുമെന്നും നമുക്ക് അനുമാനിക്കാം.
ആരായാലും ആ റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ വഴിയരികില്‍ ഔഡിയില്‍ ചായ വില്‍ക്കുന്നത് കണ്ടാല്‍ കൗതുകം കൊണ്ട് വണ്ടി നിര്‍ത്തും. ഇത്തരത്തില്‍ യുവാവ് നിരവധി പേരെ ആകര്‍ഷിച്ചിട്ടുണ്ടാകും. തന്റെ ബിസിനസ് ശ്രദ്ധിക്കപ്പെടാന്‍ യുവാവ് ചെയ്ത വിദ്യയാകാം ഇത്. വീഡിയോയില്‍ ചോദിക്കുന്നത് പോലെ ചായ വിറ്റാണോ ഇദ്ദേഹം ഔഡി വാങ്ങിയത് അതോ ഓടി കൊണ്ടുനടക്കാന്‍ ചായക്കട തുടങ്ങിയതാണോ എന്നീ ചോദ്യങ്ങള്‍ നിങ്ങളുടെ മനസ്സിലും ഉയര്‍ന്നിരിക്കാം.
ഏതായാലും ഇതിന്റെ സത്യാവസ്ഥ ചായക്കട മുതലാളിക്ക് മാത്രമേ അറിയൂ. ഇന്ധനച്ചെലവും ഇഎംഐയും അടക്കാന്‍ വേണ്ടിയാകാം പാവം ടീ സ്റ്റാള്‍ തുടങ്ങിയെന്ന തരത്തില്‍ വീഡിയോക്ക് കീഴെ രസകരമായ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. ഇന്ന് യൂസ്ഡ് കാര്‍ വിപണിയില്‍ താങ്ങാവുന്ന വിലയില്‍ ലക്ഷ്വറി കാറുകള്‍ ലഭിക്കുന്നതിനാല്‍ ഇനിയും ഇത്തരത്തിലുള്ള പല കാഴ്ചകളും കാണാന്‍ സാധിക്കുമെന്നാണ് ചില കമന്റുകള്‍. ഇത്തരത്തിലുള്ള സംഗതികള്‍ ഇതാദ്യമായാല്ല ഇന്ത്യയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
കഴിഞ്ഞ ദിവസം കസംറ്റ് ബില്‍ഡ് കാര്‍ട്ടില്‍ പാനി പൂരി കച്ചവടം ചെയ്യുന്ന 21-കാരിയുടെ വീഡിയോ വൈറലായിരുന്നു. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റാണ് എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞ ഉടനെ പെണ്‍കുട്ടി ഉപജീവനമാര്‍ഗമാക്കി മാറ്റിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ലക്ഷക്കണക്കിന് രൂപ വിലയുള്ള ഹാര്‍ലി ഡേവിഡ്സണ്‍ മോട്ടോര്‍സൈക്കിളില്‍ പാല്‍ വിതരണം നടത്തുന്ന യുവാവിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത്തരത്തിലുള്ള പ്രവര്‍ത്തികളെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്താണ്. അവ കമന്റ്‌ബോക്‌സില്‍ രേഖപ്പെടുത്തി ഞങ്ങളെ അറിയിക്കുമല്ലോ.


Click it and Unblock the Notifications








