ആള്‍ മാറി ഫൈനിട്ട് ട്രാഫിക് പൊലീസ്, ആളറിഞ്ഞ് കളിക്കെടാന്ന് ഔഡി മുതലാളി! പ്രതിഷേധം വൈറല്‍
ഇന്ത്യയില്‍ വാഹനങ്ങളുമായി പുറത്തിറങ്ങുന്നവരെല്ലാം ട്രാഫിക് നിയമങ്ങള്‍ പാലിക്കല്‍ നിര്‍ബന്ധമാണ്. ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനായി രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളാണ് ആ ജോലി ചെയ്യുന്നത്. ഈ ക്യാമറകളില്‍ നിയമലംഘനങ്ങള്‍ പതിഞ്ഞാല്‍ ഓണ്‍ലൈനായി വാഹന ഉടമകള്‍ക്ക് ചലാന്‍ അയക്കുകയാണ് അധികൃതര്‍ ചെയ്യുന്നത്.
അതുകൊണ്ട് തന്നെ കഴിഞ്ഞ കുറച്ച് മാസങ്ങളായി നമ്മുടെ നാട്ടില്‍ ഗതാഗത നിയമലംഘനങ്ങള്‍ കുറഞ്ഞുവെന്ന് സര്‍ക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു. ട്രാഫിക് നിയമലംഘനങ്ങള്‍ നിരീക്ഷിച്ച് ചലാന്‍ പുറപ്പെടുവിക്കുന്ന സംവിധാനം ഭൂരിഭാഗം സമയങ്ങളിലും ശരിയായി പ്രവര്‍ത്തിക്കാറുണ്ട്. എന്നാല്‍ സാങ്കേതികവിദ്യ ഇത്രകണ്ട് വികസിച്ച കാലത്തും വരുന്ന പിഴവുകള്‍ വിമര്‍ശനവിധേയമാകുന്നു. ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് പിഴ ചുമത്തിയ സംഭവം മുമ്പ് ഉണ്ടായിരുന്നു.

അത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ ഉത്തര്‍ പ്രദേശില്‍ നിന്ന് പുറത്ത് വരുന്നത്. ബഹദൂര്‍ സിംഗ് പരിക്കര്‍ എന്നയാളാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. തന്റ പട്ടണത്തിലെ ട്രക്ക് ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്റായ ബഹദൂര്‍ സിംഗ് പരീക്കറിന് ഔഡിയുടെ ആഡംബര കാര്‍ സ്വന്തമായുണ്ട്. കഴിഞ്ഞ ദിവസം ട്രാഫിക്ക് പൊലീസില്‍ നിന്ന് തന്റെ മൊബൈലിലേക്ക് വന്ന സന്ദേശം കണ്ടാണ് ബഹദൂര്‍ സിംഗ് ഞെട്ടിയത്. ഹെല്‍മെറ്റ് ധരിക്കാത്തതിനായിരുന്നു ചലാന്‍.
എന്നാല്‍ ചലാനില്‍ ഒരു ബൈക്കിന്റെ ഫോട്ടോ ആയിരുന്നു അറ്റാച്ച് ചെയ്ത് വന്നത്. കാറ്റഗറിയാണെങ്കില്‍ കാര്‍ എന്ന് തന്നെ രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഝാന്‍സി ട്രാഫിക് പൊലീസാണ് ചലാന്‍ പുറപ്പെടുവിച്ചിരിക്കുന്നത്. സന്ദേശം കണ്ട് ഒരേ സമയം അത്ഭുതപ്പെടുകയും ആശയക്കുഴപ്പത്തിലാവുകയും ചെയ്ത ബഹദൂര്‍ സിംഗ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുടെ അടുത്ത് തന്നെ പോയി വിവരം ധരിപ്പിച്ചു. എന്നാല്‍ ഇപ്പോള്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വിഷയം അന്വേഷിക്കാനാകില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ കൈയൈാഴിഞ്ഞു.

ഉദ്യോഗസ്ഥരുടെ മറുപടിയില്‍ തൃപ്തനല്ലാതിരുന്ന ബഹദൂര്‍ സിംഗ് വിഷയം അങ്ങനെ വിട്ടാല്‍ ശരിയാകില്ലെന്ന് മനസ്സില്‍ ഉറപ്പിച്ചു. ട്രാഫിക് പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിക്കാന്‍ തീരുമാനിച്ച അദ്ദേഹം ആദ്യം ചെയ്തത് ഒരു ഹെല്‍മെറ്റ് വാങ്ങുകയാണ്. ഇപ്പോള്‍ ഹെല്‍മറ്റ് ധരിച്ച് ഔഡി കാര്‍ ഓടിക്കുന്ന ബഹദൂര്‍ സിംഗിന്റെ ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ വരെ വാര്‍ത്തയാക്കിയിട്ടുണ്ട്.
'ഹെല്‍മെറ്റ് ധരിക്കാതെ കാര്‍ ഓടിച്ചതിന് എനിക്ക് പിഴയിട്ടു. ഹെല്‍മറ്റ് ധരിച്ച് കാര്‍ ഓടിക്കേണ്ടി വന്നാല്‍... ഞാനെന്തു ചെയ്യും? വാഹനമോടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കേണ്ടി വരും. തിരഞ്ഞെടുപ്പിന് ശേഷം പ്രശ്നം പരിഹരിക്കുമെന്ന് ട്രാഫിക് പോലീസ് അധികൃതര്‍ എന്നോട് പറഞ്ഞിട്ടുണ്ട്' ബഹദൂര്‍ സിംഗ് എന്‍ഡിടിവിയോട് പറഞ്ഞു. ബഹദൂര്‍ സിംഗ് പരീക്കര്‍ ഹെല്‍മറ്റ് ധരിച്ച് ഔഡി കാര്‍ ഓടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കാറുടമയുടെ പുത്തന്‍ പ്രതിഷേധം അധികൃതരുടെ കണ്ണിലും ഇതിനോടകം പെട്ടിട്ടുണ്ടാകും. അതുകൊണ്ട് തന്നെ ഇത് ഒരു മികച്ച പ്രതിഷേധ മാര്‍ഗമാണെന്നാണ് നെറ്റിസണ്‍സ് പറയുന്നത്. എന്നാല്‍ നമ്മുടെ രാജ്യത്ത് ഇത്തരത്തില്‍ തെറ്റായി ചലാന്‍ ഇഷ്യൂ ചെയ്യുന്നത് ഇതാദ്യമായല്ല. ഇരുചക്ര വാഹനം ഓടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, കാര്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കാതിരിക്കുക തുടങ്ങിയ കാരണങ്ങള്‍ക്ക് നേരത്തെയും നിരവധി പേര്‍ക്ക് പിഴ ചുമത്തിയിരുന്നു.
എഐ ക്യാമറകള്‍ പോലെ നൂതനമായ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്ന സംവിധാനങ്ങള്‍ സ്വാഗതാര്‍ഹമാണ് എന്നാല്‍ ഇത്തരത്തിലുള്ള തകരാറുകള്‍ ഉടനടി പരിഹരിക്കേണ്ടതായുണ്ട്. ചില സമയങ്ങളില്‍ ക്ലറിക്കല്‍ പിഴവുകളായിരിക്കാം ഇത്തരം അബദ്ധങ്ങള്‍ക്ക് കാരണം. ചില സമയങ്ങളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നയാളുകള്‍ വ്യാജ നമ്പര്‍പ്ലേറ്റുകള്‍ ഉപയോഗിക്കുന്നത് ഇത്തരം കാര്യങ്ങളിലേക്ക് നയിക്കും.
അത്തരം സാഹചര്യങ്ങളില്‍ യഥാര്‍ത്ഥ ഉടമയെ തേടിയാണ് ചലാന്‍ എത്തുക. ഇവിടെ ബഹദൂര്‍ സിംഗിന്റെ വിഷയത്തില്‍ അത്തരമൊരു കാരണമാണോ എന്ന അന്വേഷണത്തില്‍ മാത്രമേ തെളിയൂ. ഏതായാലും അദ്ദേഹത്തിന്റെ വീഡിയോ ശ്രദ്ധിക്കപ്പെട്ട സ്ഥിതിക്ക് അധികൃതര്‍ ഈ വിഷയത്തില്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായിട്ടുണ്ടോ?. ഉത്തരം അതെ എന്നാണെങ്കില്‍ കമന്റ്‌ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.


Click it and Unblock the Notifications








