യുഎസില്‍ വാഹന വായ്പാ പലിശ നിരക്ക് കുതിച്ചുയരുന്നു; സാമ്പത്തിക മാന്ദ്യം വരുന്നു?
യുഎസ് സമ്പദ് വ്യവസ്ഥയുടെ നിലവിലെ അവസ്ഥയെ സംബന്ധിച്ച് ചില റിപ്പോര്‍ട്ടുകള്‍ അടുത്ത കാലത്തായി പുറത്തുവരുന്നുണ്ട്. ആ എക്കണോമിക് റിപ്പോര്‍ട്ടുകളില്‍ പലതും സാമ്പത്തിക തകര്‍ച്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇതേത്തുടര്‍ന്ന് ഓട്ടോമൊബൈല്‍ ഫിനാന്‍സിങ് മാര്‍ക്കറ്റിലാണ് വലിയ സമ്മര്‍ദ്ദം അനുഭവപ്പെടാന്‍ പോകുന്നത്.
2023-ന്റെ പ്രാരംഭ കാലയളവില്‍ തന്നെ പണം വലിയ തോതില്‍ തിരിച്ചെത്തിക്കാനുള്ള വഴിതേടാനാണ് ചില സാമ്പത്തിക വിദഗ്ധര്‍ ആവശ്യപ്പെടുന്നത്. ടെസ്‌ലയുടെ ഉടമയും ശതകോടീശ്വരനുമായ എലോണ്‍ മസ്‌ക് ഈ അവസ്ഥയെ 'എക്കാലത്തെയും ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി' എന്നാണ് ട്വീറ്റ് ചെയ്തത്. പല വായ്പാ ദാതാക്കളും അവരുടെ മുന്‍ വാഹന വായ്പ ശരിയായി അടയ്ക്കാന്‍ ഇതിനകം പാടുപെടുന്ന ലോണ്‍ അപേക്ഷകരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഗൗരവമായി പരിഗണിച്ചിരുന്നില്ലെന്ന് സാമ്പത്തിക വിദഗ്ധരില്‍ ചിലര്‍ അവകാശപ്പെടുന്നു.

ഇത്തരമൊരു അവസ്ഥ ഉണ്ടാകുമ്പോള്‍, കടം കൊടുക്കുന്നവര്‍ അത് തിരിച്ചു പിടിക്കാന്‍ നിര്‍ബന്ധിതരാകും. മുകളില്‍ സൂചിപ്പിച്ചതുപോലെ, 2023 വര്‍ഷത്തിന്റെ ആദ്യ ഭാഗത്തില്‍ തന്നെ ഇത് സംഭവിക്കുമെന്ന് പല വിദഗ്ധരും വിശ്വസിക്കുന്നത്. ഇതൊരു സാധാരണ ബാങ്ക് നടപടിക്രമമായി തോന്നുമെങ്കിലും, ഇത് അല്‍പ്പം സങ്കീര്‍ണ്ണമാണ്. ഈ കാറുകളില്‍ ഭൂരിഭാഗത്തിന്റെയും നിലവിലെ മൂല്യം കുടിശ്ശികയുള്ള പണത്തേക്കാള്‍ കുറവാണ്. വിശദാംശങ്ങളിലേക്ക് കടക്കുമ്പോള്‍, കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട സമയത്ത് പൊതുഗതാഗതം ഒഴിവാക്കാന്‍ നല്ലൊരു വിഭാഗം ആളുകളും കാറുകള്‍ വാങ്ങാന്‍ തുടങ്ങി.
അതിന്റെ ഫലമായി കാറുകള്‍ക്കുള്ള ഡിമാന്‍ഡ് വളരെ കൂടി. എന്നാല്‍ ഇപ്പോള്‍ കാറുകളുടെ ഡിമാന്‍ഡ് കുറഞ്ഞു. അതിന്റെ ഫലമായി വിപണിയിലുള്ള യൂസ്ഡ് കാറുകളുടെ എണ്ണവും കൂടി. അതിന്റെ ഫലമായി ഈ കാറുകളുടെ മൂല്യവും ഇടിഞ്ഞു. വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിനൊപ്പം തുടര്‍ച്ചയായി 20 മാസമായി യുഎസില്‍ വേതന വളര്‍ച്ചയിലുണ്ടായ ഇടിവാണ് ഈ പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കുന്നത്. ചെലവ്, വരുമാനം, സമ്പാദ്യം എന്നിവയ്ക്കിടയില്‍ സന്തുലിതാവസ്ഥ കൈവരിക്കാന്‍ ഏറെ പാടുപെടുന്ന യുഎസിലെ മധ്യവര്‍ഗ കുടുംബങ്ങളില്‍ ഇത് വലിയ സമ്മര്‍ദ്ദം ചെലുത്തുന്നു.

ബാങ്കുകള്‍ നഷ്ടത്തിലാകുന്നത് തടയാന്‍, കാര്‍ ലോണ്‍ പലിശ നിരക്ക് ഉയരുകയാണ്. നിലവില്‍ യൂസ്ഡ് കാര്‍ ലോണ്‍ പലിശ നിരക്ക് 8.36 ശതമാനവും പുതിയ കാര്‍ ലോണ്‍ പലിശ നിരക്ക് 6.06 ശതമാനവുമാണ്. എന്നിരുന്നാലും, യൂസ്ഡ് കാറിനും പുതിയ കാര്‍ ലോണിനും യഥാക്രമം 5.94 ശതമാനവും 4.43 ശതമാനവും ഈടാക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ ഇപ്പോള്‍ വായ്പകള്‍ക്കായി കൂടുതല്‍ ക്രെഡിറ്റ് യൂണിയനുകളെ ആശ്രയിക്കുന്നു. ഇത് ബാങ്കുകളുടെ ബിസിനസിനെ കൂടുതല്‍ ബാധിക്കും.
ഈ നിരക്ക് ബാങ്കുകളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കാനുള്ള സാധ്യതയുണ്ട്. ഇത് ഒരു സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും. നിലവിലെ സാഹചര്യം ലഘൂകരിക്കാന്‍ യുഎസ് സര്‍ക്കാര്‍ വിപണിയില്‍ കുറച്ച് പണം ഒഴുക്കിയില്ലെങ്കില്‍ ഈ പ്രതിസന്ധി രാജ്യത്ത് സാമ്പത്തിക മാന്ദ്യത്തിന് തുടക്കമിടാന്‍ സാധ്യത കാണുന്നുണ്ട്. സാഹചര്യം നിയന്ത്രണത്തിന് കീഴില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നാണ് ജനങ്ങളും വിശ്വസിക്കുന്നത്. ഇന്ത്യയിലേക്ക് വന്നാല്‍ രാജ്യത്ത് വാഹന വായ്പയെടുത്തവരെ നേരിട്ട് ബാധിക്കുന്ന ഒരു തീരുമാനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കൈക്കൊണ്ടിരുന്നു.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കുയര്‍ത്തിയതിനാല്‍ തിരിച്ചടവ് തുക വര്‍ധിക്കാന്‍ പോകുകയാണെന്ന വാര്‍ത്തയായിരുന്നു അത്. രാജ്യത്ത് പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന് തന്നെ നില്‍ക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി റിപ്പോ നിരക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചത്. ആര്‍ബിഐ റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 6.25 ശതമാനമാക്കി. ഇതുമൂലം നിലവിലുള്ള വായ്പകളുടെ പലിശ വര്‍ധിപ്പിക്കാന്‍ അവസരങ്ങളുണ്ട്. അതുവഴി വാഹന വായ്പയും വര്‍ദ്ധിക്കും.
ഈ വര്‍ഷം മാത്രം മെയ് മാസത്തില്‍ ആര്‍ബിഐ റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 4.40 ശതമാനമാക്കി. പിന്നീട് ജൂണില്‍ വീണ്ടും 50 ബേസിസ് പോയിന്റ് വര്‍ധിച്ചതോടെ റിപ്പോ നിരക്ക് 4.90 ശതമാനമായി. പിന്നീട് 50 ബേസിസ് പോയിന്റ് വര്‍ധിച്ച് ഓഗസ്റ്റില്‍ 5.4 ശതമാനമായും സെപ്റ്റംബറില്‍ 50 ബേസിസ് പോയിന്റ് 5.9 ശതമാനമായും ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ ഒക്ടോബറിലും നവംബറിലും വര്‍ധിപ്പിച്ചില്ലെങ്കിലും റിപ്പോ പലിശ നിരക്ക് ഡിസംബറില്‍ ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. നിലവിലെ പലിശ നിരക്ക് 5.9 ശതമാനത്തില്‍ നിന്ന് 35 ബേസിസ് പോയിന്റ് വര്‍ധിച്ച് 6.25 ശതമാനമായി. ഒരു വര്‍ഷം കൊണ്ട് ഏകദേശം 2.25 ശതമാനമാണ് റിപ്പോ പലിശ നിരക്ക് വര്‍ധിച്ചത്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിന് കീഴിലാണ് ഇന്ത്യയിലെ എല്ലാ വാണിജ്യ ബാങ്കുകളും ധനകാര്യ കമ്പനികളും. വാണിജ്യ ബാങ്കുകള്‍ക്ക് ആര്‍ബിഐ ആണ് പണം വായ്പ നല്‍കുന്നത്. ആര്‍ബിഐ വാണിജ്യ ബാങ്കുകള്‍ക്ക് വായ്പ നല്‍കുന്ന നിരക്കിനെയാണ് റിപ്പോ നിരക്ക് എന്ന് പറയുന്നു. ആര്‍ബിഐ റിപ്പോ നിരക്ക് വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ഇത്തരം ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുക്കുന്നവരുടെ പലിശ നിരക്കില്‍ മാറ്റം വരും. രാജ്യത്തെ ബഹുഭൂരിപക്ഷം ബാങ്കുകളും അവരുടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് ആര്‍ബിഐയുടെ റിപ്പോ നിരക്കുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. റിപ്പോ നിരക്ക് കൂടിയാല്‍ അതിന് അനുസരിച്ച് വായ്പ പലിശയും ഉയരും.


Click it and Unblock the Notifications








