സ്വന്തമായി ഒരു കാറെന്ന സ്വപ്നം ഇങ്ങനെ സാധിക്കാമല്ലേ;ഓട്ടോറിക്ഷയ്ക്ക് മാരുതിയിൽ ഉണ്ടായ മോഡലാണോ ഇത്
ഇന്ത്യാക്കാർ പൊളിയല്ലേ എന്ന് ചുമ്മാ പറയുന്നതല്ല കേട്ടോ. വാഹനങ്ങളിൽ രൂപമാറ്റം വരുത്താൻ വേറെ ആർക്കും ഇമ്മാതിരി ബുദ്ധികൾ തോന്നില്ല. വാഹനങ്ങൾ കസ്റ്റമൈസ് ചെയ്യുന്ന വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിൽ എന്നും കാണുന്നതാണല്ലോ.ചിലതൊക്കെ നമ്മളെ ഞെട്ടിക്കുന്നവയാണ്. അത്തരത്തിൽ കണ്ടാൽ കണ്ണുത്തളളി പോകുന്ന ഒരു ഓട്ടോറിക്ഷയെ കണ്ടാലോ. thecar_india എന്ന ഇൻസ്റ്റാഗ്രാം പേജ് വഴിയാണ് ഈ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഒരു മാരുതി വാഗൺആറിന്റെ പിൻഭാഗം റിക്ഷയിലേക്ക് വെൽഡ് ചെയ്തിരിക്കുന്നു. വളരെ പ്രഫഷണലായി ചെയ്തിരിക്കുന്ന ജോലിയല്ല എന്ന് വീഡിയോയിൽ കാണുമ്പോൾ മനസിലാകും.
ചിലപ്പോൾ യാത്രക്കാരിൽ ഒരു അത്ഭുതം സൃഷ്ടിക്കുന്നതിന് വേണ്ടിയും അതോടൊപ്പം തന്നെ തണുപ്പിൽ നിന്നും രക്ഷ നേടാൻ വേണ്ടിയായിരിക്കും ഓട്ടോറിക്ഷ ഉടമ ഇത്തരത്തിലൊരു കസ്റ്റമൈസേഷൻ നടത്തിയത് എന്ന് വേണം കരുതാൻ.തങ്ങളുടെ വരുമാനത്തിന് വേണ്ടി യാത്രക്കാർക്ക് ഏത് സംവിധാനവും നൽകാൻ എന്നും തയ്യാറാണ് ഓട്ടോ സഹോദരങ്ങൾ.സ്ര്കാപ്പ് സെൻ്ററിൽ നിന്ന് ആയിരിക്കും ചിലപ്പോൾ പിൻ ബോഡി ലഭിച്ചത്. എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ കൊടൂര വൈറലായിരിക്കുകയാണ്.

വാഗൺആറിന്റെ ടോൾബോയ് ഡിസൈനും വിശാലമായ ഇന്റീരിയറും ഉയർന്ന ഡ്രൈവിംഗ് പൊസിഷനുമെല്ലാം ഏത് പ്രായക്കാരേയും ആകർഷിക്കുന്ന സംഗതിയാണ്. ഇതുതന്നെയാണ് പതിനായിരക്കണക്കിന് ആളുകൾ ഓരോ മാസവും ഈ കുഞ്ഞൻ കാറിനെ സ്വന്തമാക്കാൻ കാരണമാവുന്നത്. 5.54 ലക്ഷം മുതൽ 8.50 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരുന്ന കാർ LXI, VXI, ZXI, ZXI പ്ലസ് എന്നിങ്ങനെ നാല് വേരിയന്റുകളിൽ വാങ്ങാനാവും.
അടുത്തിടെ വാൾട്ട്സ് എഡിഷൻ എന്നൊരു പ്രത്യേക വേരിയന്റും കമ്പനി വാഗൺആറിലേക്ക് അവതരിപ്പിച്ചിരുന്നു. കുറഞ്ഞ വിലയുള്ള വേരിയന്റിലേക്ക് കൂടുതൽ ആക്‌സസറികൾ ചേർത്ത് കളറാക്കുന്ന സംഗതിയാണിത്. 1.0 ലിറ്റർ, 1.2 ലിറ്റർ കെ-സീരീസ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് വാഗൺആറിന് തുടിപ്പേകാൻ എത്തുന്നത്. ആദ്യത്തെ 1.0 ലിറ്റർ ത്രീ-സിലിണ്ടർ പെട്രോളിന് 66 bhp കരുത്തിൽ 89 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും.
അതേസമയം ജനപ്രിയ ഹാച്ച്ബാക്കിലെ രണ്ടാമത്തെ 1.2 ലിറ്റർ എഞ്ചിന് 88 bhp പവറിൽ 113 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. കൂടാതെ സിഎൻജി ബൈ ഫ്യുവൽ ഓപ്ഷനും ഹാച്ച്ബാക്കിനൊപ്പം വാഗ്‌ദാനം ചെയ്യുന്നുണ്ട്. മൈലേജിലേക്ക് വന്നാൽ വാഗൺആർ പെട്രോളിന് 25.19 കി.മീ. ഇന്ധനക്ഷമതയും സിഎൻജിക്ക് 33.48 കി.മീ. മൈലേജുമാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്.
സേഫ്റ്റി കുറവാണോയെന്ന് ആശങ്കപ്പെടുന്നവർക്കുള്ള ഉത്തരവും മാരുതി സുസുക്കി നൽകുന്നുണ്ട്. ഡ്യുവൽ എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് കൺട്രോൾ എന്നിവ പോലുള്ള കിടിലൻ സുരക്ഷാ സന്നാഹങ്ങൾ സ്റ്റാൻഡേർഡായി നൽകിക്കൊണ്ടാണ് വാഗൺആർ എന്ന ഫാമിലി കാറിനെ കമ്പനി വിപണിയിലെത്തിക്കുന്നത്.

വാഗൺആർ, സ്വിഫ്റ്റ് പോലുള്ള സാധാരണക്കാരന്റെ കാറുകൾക്ക് വില്ലനായി അതേ ബജറ്റിൽ ടാറ്റ പഞ്ചും ഹ്യുണ്ടായി എക്സ്റ്ററും എല്ലാം എത്തിയപ്പോഴും പലരും പ്രവചിച്ചത് ഹാച്ച്ബാക്കുകളുടെ പതനമായിരുന്നു. പക്ഷേ എല്ലാത്തിനെയും കാറ്റിൽ പറത്തിക്കൊണ്ട് മാരുതി കുടുംബത്തിലെ ടോൾബോയിയുടെ വിൽപ്പന കുതിച്ചുയരുന്ന കാഴ്ച്ചയാണ് കാണാനായത്. എസ്‌യുവികൾ അരങ്ങുവാണ 2024-ൽ വാഗൺആറിന്റെ മൊത്തം 1,90,855 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








