സെൽഫ് ഡ്രൈവ് കാറുകൾക്ക് എട്ടിൻ്റെ പണി; ഇന്ത്യയിലേക്ക് എത്തുമോ എന്ന് കണ്ടറിയാം
ഇന്ത്യൻ വാഹനവിപണി ഇലക്ട്രിക്കിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. വാഹന നിർമാതാക്കൾ തങ്ങളുടെ ഓരോ വാഹനവും ഏറ്റവും മികച്ചതാക്കാൻ വേണ്ടി കടുത്ത മത്സരത്തിലുമാണ്. പുത്തൻ വാഹനങ്ങളിലെല്ലാം അഡാസ് ലഭ്യമാണോ എന്നാണ് വാങ്ങുന്നവർ നോക്കുന്നത്.
വിദേശത്ത് അഡാസിൻ്റെ കുറച്ച് കൂടിയ സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്, അത് എന്താണെന്ന് വച്ചാൽ സെൽഫ് ഡ്രൈവ് കാറുകളാണ് വിദേശത്ത് ഇപ്പോൾ പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. ഡ്രൈവറില്ലാതെ വാഹനം പ്രവർത്തിക്കുന്ന കാര്യം ഒരു കാലത്ത് ചിന്തിക്കാൻ പോലും കഴിയാത്ത ഒരു കാര്യമായിരുന്നു, പക്ഷേ ഇന്ന് അമേരിക്കയിലും അത് പോലെ തന്നെ പല രാജ്യങ്ങളിലും ഡ്രൈവറില്ലാതെ ടാക്സി കാറുകൾ നിരത്തിലോടുന്നുണ്ട്.

പക്ഷേ എന്തിനും ഗുണവും ദോഷവുമുണ്ട് എന്ന് പറയുന്നത് പോലെ തന്നെ എല്ലാ സാങ്കേതിക വിദ്യകൾക്കും അതിൻ്റേതായ ദോഷവശങ്ങളുമുണ്ട്. ഇപ്പോൾ പുതിയ വാർത്തകൾ വരുന്നതനുസരിച്ച് നോക്കുകയാണെങ്കിൽ അമേരിക്കയിൽ സെൽഫ് ഡ്രൈവ് കാറുകൾ മറ്റ് കാറുകളുമായി കൂട്ടിയിടിക്കുന്നത് ടാക്സി ഉടമകൾക്കിടയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കാരണം സെൽഫ് ഡ്രൈവ് കാറുകളിൽ ഇടിക്കുകയോ, വാഹനം മറ്റൊരു വാഹനത്തിൽ ചെന്ന് ഇടിക്കുകയോ ചെയ്താൽ ഡ്രൈവർമാർ വാഹനത്തിൽ ഡ്രൈവറില്ല എന്ന് കണ്ടുകഴിഞ്ഞാൽ രക്ഷപ്പെടുകയാണ്.
പുതിയതായി ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് 2022 ൽ 36 സെൽഫ് ഡ്രൈവ് വാഹനങ്ങളാണ് അപകടം സൃഷ്ടിച്ചത്. ഇതിൽ ഏഴ് അപകടങ്ങളും സംഭവിച്ചത് മറ്റ് വാഹനങ്ങൾ ഓട്ടോണൊമസ് കാറുകളുമായി കൂട്ടിയിച്ചതാണ്. എന്നാൽ സെൽഫ് ഡ്രൈവ് കാറുകളിൽ ഡ്രൈവറിനെ കാണാത്തത് കൊണ്ട് മറ്റ് കാർ ഡ്രൈവർമാർ എത്രയും പെട്ടെന്ന് രക്ഷപ്പെടുകയാണ്. അത് കൊണ്ട് തന്നെ ടാക്സി ഓപ്പറേറ്റഴ്സിന് വലിയ രീതിയിലുളള സാമ്പത്തിക നഷ്ടവും ഉണ്ടാകുന്നുണ്ട്.

അമേരിക്കയിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചതിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നത് വലിയ കുറ്റകരമാണ്. പക്ഷേ ഡ്രൈവറില്ലാതെ സഞ്ചരിക്കുന്ന വാഹനവും മറ്റ് വാഹനവും കൂട്ടിയിടിച്ചാൽ കോടതിയിൽ എങ്ങനെ ഇത്തരത്തിലൊരു കേസ് മുന്നോട്ട് പോകും എന്നതാണ് പ്രശ്നം. അത് കൊണ്ട് തന്നെ ഇത്തരത്തിലൊരു സാങ്കേതിക വിദ്യകളുടെ പ്രായോഗിക വശം നോക്കുകയാണെങ്കിൽ അത് തികഞ്ഞ ഒരു പരാജയമാകുമെന്നതാണ് കാര്യം.
അത് മാത്രമല്ല ഇന്ത്യൻ റോഡുകളിൽ ഇത്തരത്തിലുളള സെൽഫ് ഡ്രൈവ് കാറുകൾ എത്രമാത്രം വിജയകരമാകുമെന്ന കാര്യത്തിൽ വലിയ സംശയം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഇന്ത്യയിലെ റോഡുകളുടെ മറ്റൊരു അപാകത അല്ലെങ്കിൽ പ്രശ്നം എന്ന് പറയുന്നത് വ്യക്തമായ മാർക്കിങ്ങുകളില്ല എന്നതാണ്.കന്നുകാലികളാണ് റോഡുകളിലെ മറ്റൊരു വെല്ലു വിളി എന്ന് പറയുന്നത്. ഓട്ടോണൊമസ് കാറുകൾ ഈ കന്നുകാലികൾക്കിടിയലൂടെ പോകുന്നത് ഒന്ന് ആലോചിച്ചു നോക്കു.
അത് കൊണ്ട് തന്നെ ഇത്തരത്തിലുളള പ്രതിസന്ധികളിൽ മനുഷ്യൻ്റെ ഇടപ്പെടലുകളില്ലാതെ മുന്നോട്ട് പോകാൻ ബുദ്ധിമുട്ടായിരിക്കും. അതാണ് ആദ്യം സൂചിപ്പിച്ചത് പോലെ തന്നെ ഇന്ത്യൻ റോഡുകളിൽ ഓട്ടോണൊമസ് കാറുകൾക്ക് ഒരു പരിധിയുണ്ട്. സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയുള്ള ഫീച്ചറുകളിൽ പ്രധാനപ്പെട്ട ഒന്നാണ് ADAS. അഡ്വാൻസ് ഡ്രൈവിങ് അസിസ്റ്റൻസ് സിസ്റ്റം ഓട്ടോമോട്ടീവ് സുരക്ഷാ സാങ്കേതികവിദ്യകളിലെ ഏറ്റവും വലിയ മുന്നേറ്റമാണ്. ലൈഫ് ഡിപ്പാർച്ചർ വാണിംഗ്, ബ്ലൈൻഡ്-സ്‌പോട്ട് ആപ്ലിക്കേഷനുകൾ, ഡ്രൈവർ എയ്‌ഡുകൾ, നൈറ്റ് വിഷൻ, ഡ്രൈവർ അലേർട്ട്‌നെസ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകൾ ഇതിൽ വരുന്നു.
ADAS എന്ന സംവിധാനം മുമ്പ് ഉയർന്ന നിലവാരമുള്ള ആഡംബര കാറുകളിൽ മാത്രമേ കണ്ടിരുന്നുള്ളൂവെങ്കിലും പുതിയ കാലത്തെ ഉപഭോക്താക്കൾ കൂടുതൽ സുരക്ഷാ ഫീച്ചറുകളുള്ള കാറുകൾ തേടുന്നതിനാൽ ഇപ്പോൾ 20 ലക്ഷം രൂപയിൽ താഴെ വരെ വിലയുള്ള എസ്‌യുവികളിലേക്കെല്ലാം ഈ ടെക്‌നോളജി വ്യാപിച്ചു കഴിഞ്ഞിരിക്കുകയാണിപ്പോൾ. വ്യത്യസ്ത ക്യാമറകളും സെൻസറുകളും എല്ലായ്‌പ്പോഴും പ്രവർത്തിക്കുന്ന ഒരു കാറിന് ഒരു നിശ്ചിത തലത്തിലുള്ള സ്വയംഭരണ ശേഷി നൽകുന്ന ഒരു റഡാർ അധിഷ്‌ഠിത സാങ്കേതികവിദ്യയാണ് ADAS.


Click it and Unblock the Notifications








