പണം എനിക്ക് ഒരു പ്രശ്നമേയല്ല..ആക്സിസ് ബാങ്കുമായി ബിവൈഡിയുടെ ധാരണാപത്രം
ഇന്ത്യയിലെ പാസഞ്ചർ ഇലക്‌ട്രിക് വാഹന വിപണിയിലെ പുതിയ താരമാണ് ബിവൈഡി എന്നറിയപ്പെടുന്ന ബിൽഡ് യുവർ ഡ്രീംസ്. ടെസ്‌ലയ്ക്ക് മികച്ച എതിരാളിയെന്നാണ് പൊതുവേ ഈ ചൈനീസ് ബ്രാൻഡിനെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയിലെ സ്വകാര്യമേഖല ബാങ്കുകളിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ആക്സിസ് ബാങ്കുമായി ബിവൈഡി പുതിയ ധാരണാപത്രം ഒപ്പുവച്ചിരിക്കുകയാണ്.
ബിവൈഡിയുടെ ഡീലർമാർക്കും റീട്ടെയിൽ ഉപഭോക്താക്കൾക്കും ഉളള സാമ്പത്തിക സഹായത്തിനായിട്ടാണ് കമ്പനി ആക്സിസ് ബാങ്കുമായി ധാരണാപത്രം വച്ചിരിക്കുന്നത്. ഈ ഒരു കൂടിച്ചേരൽ കൊണ്ട് രാജ്യത്ത് ഗ്രീൻ മൊബിലിറ്റി എന്ന ലക്ഷ്യം കൈവരിക്കാൻ കമ്പനിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. അതിൽ ആക്സിസ് ബാങ്ക് ഒരു ഭാഗമായി തീരുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നാണ് ബാങ്ക് അധികൃതർ അറിയിച്ചത്.

അത് മാത്രമല്ല ഇന്ത്യൻ വിപണിയിൽ കൂടുതൽ ചുവട് ഉറപ്പിക്കാൻ ഇത് ഒരുപാട് സഹായിക്കുകയും ചെയ്യും. ബിവൈഡിയുടെ രാജ്യത്തെ കാർ വിൽപ്പനയിൽ ഡീലർമാരാണ് മുൻപന്തിയിൽ അത് കൊണ്ട് കൂടിയാണ് കമ്പനി ഇത്തരത്തിലുളള കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചത്. e6 എംപിവി, അറ്റോ ഇ-എസ്‌യുവി തുടങ്ങിയ പ്രീമിയം മോഡലുകൾ അവതരിപ്പിച്ച് ശ്രദ്ധനേടിയ കമ്പനി തങ്ങളുടെ മൂന്നാമത്തെ മോഡലിനെ രാജ്യത്ത് പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ.
2023 ഓട്ടോ എക്‌സ്‌പോയിൽ പരിചയപ്പെടുത്തിയ സീൽ ഇലക്ട്രിക് പ്രീമിയം സെഡാനാണ് ഇന്ത്യൻ വിപണി കീഴടക്കാനായി എത്തുന്നത്. ടെസ്‌ലയുടെ മോഡല്‍ 3-യോട് പോലും കിടപിടിക്കാൻ പ്രാപ്‌തമായ വാഹനം ആദ്യകാഴ്ച്ചയിൽ തന്നെ ആരെയും കൈയിലെടുക്കും. ലോകത്തിലെ ഏറ്റവും വലിയ ഇവി നിർമാതാക്കളിൽ ഒരാളായി അറിയപ്പെടുന്ന BYD കാറിന്റെ വിൽപ്പന ആരംഭിക്കാൻ ഒരുങ്ങി കഴിഞ്ഞു. ഇതിന്റെ ഭാഗമായി സീൽ ഇവിയെ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലും ഉൾപ്പെടുത്തിയിരിക്കുകയാണിപ്പോൾ.

ഈ വർഷത്തെ ഓട്ടോ എക്‌സ്‌പോയിൽ അരങ്ങേറ്റം കുറിച്ച മോഡൽ ഈ വർഷം നാലാം പാദത്തിൽ, അതായത് സെപ്റ്റംബർ-ഒക്ടോബർ മാസത്തോടെ വിൽപ്പനയ്‌ക്കെത്തുമെന്നാണ് അറിയാൻ കഴിയുന്നത്. പ്രീമിയം ശ്രേണിയിലായിരിക്കില്ല, പകരം ആഡംബര വിഭാഗത്തിലായിരിക്കും സീൽ ഇടംപിടിക്കുകയെന്ന് വില കേട്ടാൽ മനസിലാവും. ഏകദേശം 70 ലക്ഷം രൂപയാണ് ഇവിക്കായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്‌സ്ഷോറൂം വില.
ബ്രാൻഡിന്റെ ഇ-പ്ലാറ്റ്ഫോം 3.0 അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന സീൽ ഇലക്ട്രിക് സെഡാന് രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളും ഉണ്ടായിരിക്കും. ഉപഭോക്താക്കളുടെ ആവശ്യാനുസരണം 61.4kWh, 82.5kWh ശേഷിയിൽ ഇത് തെരഞ്ഞെടുക്കാം. ചെറിയ ശേഷിയുള്ള ബാറ്ററി വേരിയന്റ് പരമാവധി 550 കിലോമീറ്റർ റേഞ്ച് വരെ വാഗ്ദാനം ചെയ്യുമെന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്. അതേസമയം കാറിന്റെ വലിയ ബാറ്ററി പതിപ്പ് 700 കിലോമീറ്റർ വരെ റേഞ്ച് നൽകുന്നുവെന്നും BYD അവകാശപ്പെടുന്നു.

61.4kWh, 82.5kWh ബാറ്ററികൾ യഥാക്രമം 110kW, 150kW വരെ വേഗതയിൽ ചാർജ് ചെയ്യാനും സാധിക്കുമെന്നതാണ് മറ്റൊരു വലിയ ഹൈലൈറ്റ്. വാഹന സുരക്ഷ, സ്റ്റെബിലിറ്റി, ഹാൻഡിലിംഗ്, പെർഫോമൻസ് എന്നിവ മെച്ചപ്പെടുത്തുന്ന BYD സെൽ ടു ബോഡി (CTB) സാങ്കേതികവിദ്യയാണ് ഇലക്ട്രിക് സെഡാനിൽ ഉള്ളതെന്നാണ് ചൈനീസ് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്. അതോടൊപ്പം കിടിലൻ പെർഫോമൻസ് പുറത്തെടുക്കാനായി സീൽ ഇവി ഡ്യുവൽ-മോട്ടോറും ഓൾ-വീൽ ഡ്രൈവ് (AWD) സജ്ജീകരണവും വരെ ഒരുക്കിയിട്ടുണ്ട്.
അറ്റോ 3, e6 തുടങ്ങിയ വാഹനങ്ങളില്‍ നിന്നെടുത്ത ഫീച്ചറുകളാണ് ഈ വാഹനത്തിലും നല്‍കിയിട്ടുള്ളതെന്നു വേണം പറയാൻ. റൊട്ടേറ്റിംഗ് ടച്ച് സ്‌ക്രീനാണ് അതിലെ ഏറ്റവും വലിയ ഹൈലൈറ്റ്. 15.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും പ്രീമിയം ഫീലാണ് നൽകുന്നത്. രണ്ട് വയർലെസ് ചാർജിംഗ് പാഡുകൾ, ഒരു HUD (ഹെഡ്-അപ്പ് ഡിസ്പ്ലേ), വിവിധ ഡ്രൈവ് മോഡ് തെരഞ്ഞെടുക്കുന്നതിനുള്ള ഒരു സ്ക്രോൾ വീൽ, പ്രീമിയം ഓഡിയോ സിസ്റ്റം, ഹീറ്റഡ് വിൻഡ്സ്ക്രീൻ എന്നിവയും അതിലേറെയും ഫീച്ചറുകളും ചൈനീസ് ബ്രാൻഡ് കുത്തിനിറച്ചിട്ടുണ്ട്.


Click it and Unblock the Notifications








