WPL 2026 ജേതാക്കളായ ആർസിബിക്ക് ബജാജിന്റെ സ്പെഷ്യൽ സമ്മാനം; എല്ലാ താരങ്ങൾക്കും പുത്തൻ ചേതക് C25 സ്കൂട്ടർ
കായിക രംഗത്ത് വലിയ നേട്ടങ്ങള്‍ കൊയ്യുന്ന താരങ്ങള്‍ക്കും ടീമിനും കമ്പനികള്‍ അവരുടെ സ്വന്തം വാഹനം സമ്മാനമായി നല്‍കുന്നത് പതിവാണ്. ഇപ്പോള്‍ ടാറ്റ വനിതാ പ്രീമിയര്‍ ലീഗ് ജേതാക്കളായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (RCB) ടീമിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ബജാജ് ഓട്ടോ ലിമിറ്റഡ്. ഡബ്ല്യുപിഎല്‍ 2026 ജേതാക്കളായ ആര്‍സിബി വനിതാ ടീമിലെ ഓരോ അംഗത്തിനും കമ്പനിയുടെ ഏറ്റവും പുതിയ ഇലക്ട്രിക് സ്‌കൂട്ടറായ ചേതക് C25 സമ്മാനമായി നല്‍കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ആര്‍സിബി താരങ്ങളുടെ മികച്ച പ്രകടനത്തിനും പോരാട്ടവീര്യത്തിനുമുള്ള അംഗീകാരമായാണ് ഈ സമ്മാനം.
കഴിഞ്ഞ ദിവസം നടന്ന കലാശക്കളിയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് സ്റ്റാര്‍ ബാറ്റര്‍ സ്മൃതി മന്ദാനയിടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളത്തിലിറങ്ങിയ ആര്‍സിബി രണ്ടാം ഡബ്ല്യുപിഎല്ലില്‍ മുത്തമിട്ടത്. സീസണിലുടനീളം ആര്‍സിബി വനിതാ ടീമിന്റെ ഔദ്യോഗിക റൈഡ് പാര്‍ട്ണറായിരുന്നു ബജാജ് ചേതക്. ആത്മവിശ്വാസവും പ്രതിരോധശേഷിയും ലക്ഷ്യബോധവും അടിസ്ഥാനമാക്കിയുള്ള ക്യാമ്പയിനിലൂടെയാണ് സ്‌കൂട്ടര്‍ ബ്രാന്‍ഡ് ടീമിന് പിന്തുണ നല്‍കിയത്.

ഈ സമയത്താണ് ചേതക് പോര്‍ട്ട്ഫോളിയോയിലെ പുതിയ മോഡലായ ചേതക് C25 പുറത്തിറങ്ങിയത്. ചരിത്ര വിജയത്തിന് ആര്‍സിബി ടീമിനെ അഭിനന്ദിക്കുന്നതായി ബജാജ് ഓട്ടോ മാര്‍ക്കറ്റിംഗ് പ്രസിഡന്റ് സുമീത് നാരംഗ് പറഞ്ഞു. പുതിയ തലമുറയുടെ അഭിലാഷങ്ങളും ചേതക്കിന്റെ ശക്തമായ അടിത്തറയും സംയോജിപ്പിക്കുന്നതാണ് ഈ പങ്കാളിത്തമെന്ന് അദ്ദേഹം വ്യക്തമാക്കി. ബെംഗളൂരു നഗരത്തിന്റെ ഊര്‍ജ്ജസ്വലത നിലനിര്‍ത്താന്‍ ചേതക് C25-ന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സീസണിലുടനീളം ആരാധകരുമായുള്ള ബന്ധം ദൃഢമാക്കാന്‍ ചേതക്കുമായുള്ള പങ്കാളിത്തം സഹായിച്ചതായി ആര്‍സിബി സിഒഒ രാജേഷ് മേനോന്‍ പ്രതികരിച്ചു. സ്‌കൂട്ടറിന്റെ വിശ്വസനീയമായ രൂപകല്‍പ്പനയും ഉപയോഗക്ഷമതയും നഗരവാസികളായ യുവാക്കള്‍ക്ക് പ്രിയപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. കളിക്കളത്തിനകത്തും പുറത്തും മികച്ച മൂല്യം നല്‍കാന്‍ ഈ സ്‌പോണ്‍സര്‍ഷിപ്പിന് സാധിച്ചതായും അദ്ദേഹം വിലയിരുത്തി.
നിലവിലെ ചേതക് മോഡലുകളെ അപേക്ഷിച്ച് ഭാരം കുറഞ്ഞതും കൂടുതല്‍ സ്‌റ്റൈലിഷുമായ രൂപകല്‍പ്പനയാണ് C25-ന് ഉള്ളത്. ആര്‍സിബി വനിതാ ടീം സീസണില്‍ പ്രകടിപ്പിച്ച ചടുലതയും സമ്മര്‍ദ്ദ ഘട്ടങ്ങളിലെ നിയന്ത്രണവും ഈ സ്‌കൂട്ടറിന്റെ സവിശേഷതകളിലും പ്രതിഫലിക്കുന്നുണ്ട്. സിറ്റി റൈഡുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ചേതക് C25, യുവാക്കളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
പാരമ്പര്യമായി കിട്ടിയ കരുത്തും സ്ഥിരതയും വിശ്വസനീയതയും നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് പുതിയ മോഡല്‍ വികസിപ്പിച്ചിരിക്കുന്നത്. മോഡേണ്‍ റൈഡര്‍മാര്‍ക്ക് അനുയോജ്യമായ രീതിയില്‍ സ്‌കൂട്ടറിന്റെ ഡിസൈനില്‍ ചില മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്. ബ്രാന്‍ഡിന്റെ സുപരിചിതമായ മെറ്റല്‍ ബോഡി നിര്‍മാണവും മോണോ-ബോഡി ഡിസൈനും നിലനിര്‍ത്തിക്കൊണ്ട് യുവത്വവും തുളുമ്പുന്ന നിയോ ക്ലാസിക്കല്‍ സ്‌റ്റൈലിംഗ് ആണ് ചേതക് C25 സ്‌കൂട്ടറില്‍ ബജാജ് സ്വീകരിച്ചത്.

സിഗ്‌നേച്ചര്‍ ഹോഴ്സ്ഷൂ ഗ്രാഫിക് ഉള്ള വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്പ് നിലനിര്‍ത്തിയപ്പോള്‍ പിന്നില്‍ ഐസ്-ക്യൂബ് ടെയില്‍ലൈറ്റുകള്‍ ലഭിച്ചു. ചേതക് ലോഗോയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പാരാമെട്രിക് പാറ്റേണിലുള്ള ഒരു അലുമിനിയം കാസ്റ്റ് ഗ്രാബ് ഹാന്‍ഡില്‍ പില്യണിന് ലഭിക്കുന്നു. ആറ് ആകര്‍ഷകമായ നിറങ്ങളില്‍ ചേതക് C2501 ലഭ്യമാണ്. പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ ഈ മോഡലിലൂടെ ചേതക് നിരയില്‍ ആദ്യമായി ഹബ്-മൗണ്ടഡ് മോട്ടോര്‍ പരീക്ഷിച്ചിരിക്കുകയാണ്.
2.9 bhp പവറുള്ള മോട്ടോര്‍ ചേതക്ക, 55 kmph വേഗത കൈവരിക്കാന്‍ മോഡലിനെ സഹായിക്കും. പുത്തന്‍ ചേതക്കിലെ 2.5 kWh ബാറ്ററി പായ്ക്ക് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ സ്‌കൂട്ടര്‍ 113 കിലോമീറ്റര്‍ വരെ ഓടുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. 750W ഓഫ്-ബോര്‍ഡ് ചാര്‍ജര്‍ ഉപയോഗിച്ച് വെറും 2 മണിക്കൂര്‍ 25 മിനിറ്റിനുള്ളില്‍ ബാറ്ററി 0-80% വരെ ചാര്‍ജ് ചെയ്യാം.

പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ ഏകദേശം 3 മണിക്കൂര്‍ 45 മിനിറ്റ് സമയമെടുക്കും. 19 ശതമാനം വരെ ചരിവുള്ള കയറ്റങ്ങള്‍ രണ്ട് യാത്രക്കാരുമായി അനായാസം കയറാന്‍ സഹായിക്കുന്ന 'ഹില്‍ ഹോള്‍ഡ് അസിസ്റ്റ്' ഫീച്ചറും പുത്തന്‍ ചേതക്കിന്റെ ഹൈലൈറ്റുകളില്‍ ഒന്നാണ്. കളര്‍ എല്‍സിഡി ഡിസ്‌പ്ലേ, റിവേഴ്‌സ് മോഡ്, 25 ലിറ്റര്‍ അണ്ടര്‍സീറ്റ് സ്റ്റോറേജ്, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, ഗൈഡ് മീ ഹോം ലൈറ്റ് എന്നീ സൗകര്യങ്ങള്‍ സ്‌കൂട്ടറില്‍ ബജാജ് നല്‍കിയിട്ടുണ്ട്.
ബ്ലൂടൂത്ത് കണക്റ്റിവിറ്റി വഴി കോള്‍/എസ്എംഎസ് അലേര്‍ട്ടുകള്‍, മ്യൂസിക് കണ്‍ട്രോള്‍, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ എന്നിവ ലഭ്യമാകും. മുന്നില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് എന്‍ട്രി ലെവല്‍ സ്‌കൂട്ടറില്‍ സ്റ്റോപ്പിംഗ് ഡ്യൂട്ടി നിര്‍വഹിക്കുന്നത്. ഇരട്ട ടെലിസ്‌കോപ്പിക് ഫ്രണ്ട് സസ്പെന്‍ഷനും ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുകളും യാത്ര സുഗമമാക്കുന്നു.


Click it and Unblock the Notifications








