ബജാജിൻ്റെ BS3 മോട്ടോർസൈക്കിളുകൾ ഉപയോഗിക്കുന്നുണ്ടോ; എഥനോൾ പെട്രോൾ നിറയ്ക്കുമ്പോൾ ഈ കാര്യം മറക്കല്ലേ
രാജ്യത്ത് ഇപ്പോൾ എഥനോൾ പെട്രോൾ വിഷയം കത്തി നിൽക്കുകയാണ്. എഥനോൾ കലർന്ന പെട്രോൾ നിറയ്ക്കുന്നത് വഴി വാഹനങ്ങൾക്ക് തകരാർ വരുമെന്നാണ് വാഹനയുടമകളുടെ വാദം. എന്നാൽ അത്തരത്തിലൊരു വിഷയം ഉദിക്കുന്നില്ല എന്നാണ് സർക്കാരിൻ്റെ ഉറച്ച വാക്കുകൾ. പക്ഷേ പഴയ വാഹനങ്ങളിൽ എഥനോൾ കലർന്ന പെട്രോൾ നിറയ്ക്കുന്നത് വഴി ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്ന വാദവും നില നിൽക്കുന്നുണ്ട്. എന്നാൽ ബജാജ് തങ്ങളുടെ BS3 മോട്ടോർസൈക്കിളുകൾ ഉപയോഗിക്കുന്നവർക്ക് വേണ്ടി ഒരു ചെറിയ ടിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. ഫുൾടാങ്ക് നിറയ്ക്കുമ്പോൾ ഈ കാര്യങ്ങൾ ചെയ്താൽ നിങ്ങളുടെ വാഹനത്തിനെ സംരക്ഷിക്കാം എന്നാണ് ബജാജ് പങ്കുവയ്ക്കുന്നത്.
BS3 ബജാജ് മോട്ടോർസൈക്കിൾ കൈവശമുളളവരുടെ ആശങ്ക എഥനോൾ കലർന്ന പെട്രോൾ നിറച്ചാൽ വാഹനത്തിന് തകരാർ സംഭവിക്കുമോ എന്നുളളതാണ്. എന്നാൽ ഇനി മുതൽ നിങ്ങൾ ബൈക്കിൽ ഫുൾടാങ്ക് നിറയ്ക്കുമ്പോൾ 40ml ഫ്യുവൽ ടാങ്ക് ക്ലീനർ കൂടി ഒഴിച്ചാൽ വാഹനത്തിന് ഒരു തകരാറും സംഭവിക്കില്ല എന്നാണ് ബജാജ് പങ്കുവയ്ക്കുന്നത്. ഇത് എല്ലാ പെട്രോൾ പമ്പുകളിലും ലഭ്യമാണ്.

എഥനോൾ വായുവിൽ നിന്ന് ഈർപ്പം ആഗിരണം ചെയ്യുന്നത് മൂലം ഇന്ധന സംവിധാനത്തിനുള്ളിൽ നാശമുണ്ടാക്കാൻ കാരണമാകുന്നു എന്നാണ് ബജാജിൻ്റെ എഞ്ചിനിയറുമാരുടെ കണ്ടെത്തൽ. ഒരു പശ പോലെ പ്രവർത്തിക്കുന്നത് മൂലം വാഹനത്തിൻ്റെ റബ്ബർ സീലുകൾ, ഗാസ്കറ്റുകൾ, ബട്ടർഫ്ലൈ വാൽവുകൾ എന്നിവയ്ക്ക് കേടുപാടുകൾ വരുത്താനുള്ള സാധ്യത കൂടുതലാണ്.
E20 പെട്രോൾ കാർബൺ മോണോക്സൈഡ്, ഹൈഡ്രോകാർബൺ ഉദ്‌വമനം 20 മുതൽ 50 ശതമാനം വരെ കുറയ്ക്കുന്നത് വഴി വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.മറ്റൊരു ഗുണം എന്താണെന്ന് വച്ചാൽ ഇന്ത്യ 85 ശതമാനത്തിലധികം അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുകയാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. എഥനോൾ മിശ്രിതം ഉപയോഗിക്കുന്നത് വഴി എണ്ണ ഇറക്കുമതി കുറയ്ക്കും. ഇതിനുപുറമെ, കരിമ്പ്, ചോളം, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയിൽ നിന്നാണ് എഥനോൾ നിർമ്മിക്കുന്നത്.

ഇതുവഴി കർഷകർക്ക് അവരുടെ വിളകൾക്കും അവശിഷ്ടങ്ങൾക്കും നല്ല വില ലഭിക്കുന്നത് കൊണ്ട് തന്നെ അവരുടെ വരുമാനം വർധിപ്പിക്കാനും സഹായകരമാകും.ഇത്രയുമൊക്കെയാണ് എഥനോൾ പെട്രോളിൻ്റെ ഗുണങ്ങളെങ്കിൽ ദോഷവശങ്ങൾ കൂടി മനസിലാക്കിയിരിക്കേണ്ടതിൻ്റെ അവശ്യമുണ്ട്. പഴയ വാഹനങ്ങളിൽ 20% വരെ എത്തനോൾ മിശ്രിതം അമിതമായി ഉപയോഗിക്കുന്നത് എഞ്ചിൻ, ഗാസ്കറ്റുകൾ, ഇന്ധന സംവിധാനം എന്നിവയ്ക്ക് കേടുവരുത്തുമെന്ന് ചില വാഹന ഉടമകളും വാഹന നിർമ്മാതാക്കളും ആശങ്കപ്പെടുന്നുണ്ട്.
E20 ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിൽ ട്യൂൺ ചെയ്യാത്ത വാഹനങ്ങൾക്ക്, പെട്രോളിൻ്റെ സാന്ദ്രതയേക്കാൾ എഥനോളിന് കൂടുതലായത് കൊണ്ട് വാഹനത്തിൻ്റെ മൈലേജ് കുറയാനുള്ള സാധ്യതയുണ്ട്. പല വാഹന നിർമാതാക്കളും ഉടമ എഥനോൾ കലർത്തിയ പെട്രോൾ ഉപയോഗിച്ച് എന്തെങ്കിലും കേടുപാടുകൾ വന്നാൽ അതിൻ്റെ നഷ്ടം ഉടമ തന്നെ സഹിക്കേണ്ടി വരും എന്നതാണ് പ്രശ്നം.
എന്നാൽ പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് മന്ത്രാലയത്തിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ (MoPNG) അനുസരിച്ച് E20 പെട്രോൾ പഴയ വാഹനങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ വരുത്തുന്നില്ലെന്നും ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെയും മറ്റ് സ്ഥാപനങ്ങളുടെയും പരിശോധനകളിൽ, E20 കാരണം വാഹനങ്ങളുടെ പെർഫോമൻസിലോ, ഇന്ധന ഉപഭോഗത്തിലോ കാര്യമായ വ്യത്യാസം സൃഷ്ടിക്കുന്നില്ല എന്നതാണ് വ്യക്തമാക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








