രാജ്യത്തെ നടുക്കിയ ദുരന്തത്തിൻ്റെ കാരണം ഇതാണ്; കമ്മീഷൻ റിപ്പോർട്ട് പുറത്ത്
ബാലസോർ ട്രെയിൻ അപകടത്തിൻ്റെ അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. റെയിൽവേ സുരക്ഷ കമ്മീഷണറുടെ റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. അപകടത്തിനു കാരണം സിഗ്നലിംഗ്, ഓപ്പറേഷൻസ് (ട്രാഫിക് ) വിഭാഗത്തിന് ഉണ്ടായ വീഴ്ചയാണ് എന്നാണ് കമ്മീഷൻ്റെ റിപ്പോർട്ടിലൂടെ വ്യക്തമാകുന്നത്.
ബെഹനഗ സറ്റേഷനിലെ ഈ രണ്ടു വിഭാഗത്തിലെ ജീവനക്കാരാണ് അപകടത്തിന് ഉത്തരവാദികളെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ട്രാക്ക് അറ്റകുറ്റപ്പണിക്ക് ശേഷം സുരക്ഷാ പ്രോട്ടോകോളുകൾ ഒന്നും പാലിച്ചിട്ടില്ല എന്നും ട്രെയിൻ കടന്നു പോകുന്നതിന് മുൻപുള്ള സുരക്ഷ ക്രമീകരണങ്ങൾ പരിശോധിച്ചില്ലെന്നും റെയിൽ ബോർഡിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ അതേസമയം, ട്രെയിൻ അപകടത്തിൽ മരിച്ചവരിൽ 52പേരെ ഇനിയും തിരിച്ചറിയാനുണ്ട്. സൗത്ത് ഈസ്റ്റേൺ റെയിൽവേ ജനറൽ മാനേജർ സ്ഥാനത്തുനിന്ന് അർച്ചന ജോഷിയെ മാറ്റിയിരുന്നു. അർച്ചന ജോഷിയെ കർണാടക യെലഹങ്കയിലെ റയിൽ വീൽ ഫാക്ടറി ജനറൽ മാനേജരായി ഇപ്പോൾ നിയമിച്ചിരിക്കുകയാണ്. സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ പുതിയ ജനറൽ മാനേജറായി അനിൽ കുമാർ മിശ്ര ചുമതലയേൽക്കും. ട്രെയിൻ ദുരന്തത്തില്‍ റയിൽവേ സേഫ്റ്റി കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് നടപടി.
ഒഡീഷയിലെ ബാലസോർ ജില്ലയിലെ ട്രെയിൻ ദുരന്തം രാജ്യത്തെ ഒന്നാകെ നടുക്കിയ സംഭവമായിരുന്നു. ഇരുന്നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ ഈ ദുരന്തം സമീപകാലത്ത് ഇന്ത്യ കണ്ടതിൽവെച്ച് ഏറ്റവും വലിയ ട്രെയിൻ അപകടമാണ്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 288 പേരുടെ മരണത്തിനിടയാക്കിയ ബാലസോർ ട്രെയിൻ അപകടത്തിൽ 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ഈ വലിയ കൂട്ടിയിടി സംഭവിച്ചിരിക്കുന്നത്. മൂന്നു ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. ഇതാണ് പരുക്കേറ്റവരുടെയും ജീവൻ നഷ്‌ടപ്പെട്ടവരുടേയും എണ്ണത്തിൽ ഇത്രയും വലിയ വർധനവുണ്ടാവാൻ കാരണമായത്. ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷനു സമീപം ബെംഗളൂരു-ഹൗറ (12864) സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്കു മറിഞ്ഞതാണു ദുരന്തത്തിന്റെ തുടക്കം.
പിന്നീട് പാളം തെറ്റി അപകടത്തിൽപെട്ട ബെംഗളൂരു-ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലേക്ക് കൊൽക്കത്തയിലെ ഷാലിമാറിൽ നിന്നു ചെന്നൈ സെൻട്രലിലേക്കു പോകുകയായിരുന്ന കൊറമാണ്ഡൽ എക്സ്പ്രസ് (12841) ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം. അതോടൊപ്പം സമീപത്ത് നിർത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയും അപകടത്തിന്റെ നില വഷളാക്കിയെന്ന് റെയിൽവേ അധികൃതർ പറയുന്നു. രണ്ടാമത്തെ ട്രെയിന്‍ 130 കിലോമീറ്റര്‍ വേഗതയിലായിരുന്നു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന് മുകളിലേക്ക് അപകടത്തില്‍പ്പെട്ട ബോഗികള്‍ തെറിച്ചു വീഴുകയായിരുന്നു.
വൈകിട്ട് 6.50നും 7.10നും ഇടയിൽ മിനിറ്റുകൾക്കുള്ളിലാണ് വൻ ദുരന്തം നടന്നതെന്നാണ് ഉദ്യോഗസ്ഥരും ദൃക്‌സാക്ഷികളും പറയുന്നത്. കൂട്ടിയിടിക്കുമ്പോൾ രണ്ട് ട്രെയിനുകളും അമിത വേഗതയിലായിരുന്നു. ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പ്രധാനപ്പെട്ട സൂപ്പർഫാസ്റ്റ് തീവണ്ടികളിലൊന്നാണ് അപകടത്തിൽപെട്ട കോറമാൻഡൽ എക്സ്പ്രസ്. മറ്റ് പല ട്രെയിനുകളെയും അപേക്ഷിച്ച് വേഗത്തിൽ ബംഗാളില്‍ നിന്ന് നിന്നും ചെന്നെയിലേക്കെത്താൻ സാധിക്കുമെന്നതാണ് കോറമാൻഡൽ എക്സ്പ്രസിന്റെ പ്രധാന ആകർഷണം.
വെള്ളിയാഴ്ച്ച വൈകിട്ട് 3.30-ന് ബംഗാളിലെ ഷാലിമാർ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ച്ച വൈകിട്ട് 4.50ന് ചെന്നൈ റെയിൽവേ സ്റ്റേഷനിൽ എത്തേണ്ട രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഇതിനിടയിലാണ് വൻദുരന്തം സംഭവിക്കുന്നത്. സിഗ്‌നലിംഗ് സംവിധാനം പാളിയത് ദുരന്തത്തിന്റെ വ്യാപ്തി ഉയർത്തുകയും ചെയ്‌തു. ട്രെയിനുകൾ കൂട്ടിയിടിച്ച സംഭവത്തിൽ റൂട്ടിൽ ആന്റി ട്രെയിൻ കൊളീഷൻ സംവിധാനം 'കവച്' ലഭ്യമല്ലെന്ന് ഇന്ത്യൻ റെയിൽവേ വക്താവ് അമിതാഭ് ശർമ്മ പറഞ്ഞു. നിലവിൽ റെയിൽവേ അതിന്റെ ശൃംഖലയിലുടനീളം ഇത് നടപ്പിലാക്കാനുള്ള ശ്രമത്തിലാണ്.


Click it and Unblock the Notifications








