ബംഗ്ലൂർ-മൈസൂർ ഹൈവേയിൽ പുതിയ ടോൾ ബൂത്ത്; ചിലവ് ഇനിയും കൂടും
ബംഗ്ലൂരുവിൽ നിന്ന് മൈസൂർക്ക് ഒരു എക്സ്പ്രസ് ഹൈവേ തുടങ്ങിയപ്പോൾ ബംഗ്ലൂർ മലയാളികൾ ഒരുപാട് സന്തോഷിച്ചിരുന്നു. എളുപ്പം നാട്ടിൽ ചെല്ലാമല്ലോ എന്നായിരുന്നു എല്ലാവരുടേയും മനസിലുണ്ടായിരുന്ന സന്തോഷം. പക്ഷേ അവിടേയും ടോൾ ബൂത്ത് ഒരു വില്ലനാണ്. പക്ഷേ ഇത്രയും നല്ല അടിപൊളി വഴി തരുമ്പോൾ ടോൾ കൊടുക്കാൻ സന്തോഷമേയുളളു. പക്ഷേ ഇപ്പോൾ പുതിയതായി ഒരു ടോൾ കൂടി തുടങ്ങിയിരിക്കുകയാണ്.
അങ്ങനെ വന്നാൽ കേരളത്തിലേക്കുളള യാത്രയുടെ ചിലവ് വീണ്ടും കൂടുമെന്ന കാര്യത്തിൽ സംശയമില്ല. ശ്രീരംഗപട്ടണയ്ക്കുസമീപം ഗണങ്കൂരില്‍ ജൂലൈ ഒന്ന് മുതൽ ടോള്‍പിരിവ് ആരംഭിക്കാനാണ് ദേശീയപാതാ അതോറിറ്റിയുടെ തീരുമാനം. ബെംഗളൂരുവില്‍നിന്നാരംഭിക്കുന്ന റോഡില്‍ ബിഡദി കണിമിണികെയില്‍ നിലവില്‍ ടോള്‍പിരിവുണ്ട്. ഇവിടത്തെ നിരക്ക് രണ്ടാഴ്ചമുമ്പ് 22 ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് രണ്ടാമതൊരിടത്തുകൂടി ടോള്‍ വരുന്നത്.

കാര്‍, ജീപ്പ്, വാന്‍ എന്നിവയ്ക്ക് ഒരുവശത്തേക്ക് 155 രൂപയാണ് ശ്രീരംഗപട്ടണയില്‍ ഇപ്പോൾ അടയ്ക്കുന്നത്. കണിമിണികെയില്‍ 165 രൂപ നല്‍കണം. ഇതോടെ ടോള്‍ ഇനത്തില്‍ മൊത്തം 320 രൂപയാണ് ചെലവാക്കേണ്ടത്. ചെറിയ ചരക്കുവാഹനങ്ങള്‍ക്കും മിനിബസുകള്‍ക്കും 235 രൂപ ശ്രീരംഗപട്ടണയിലും 270 രൂപ കണിമിണികെയിലും ചേര്‍ത്ത് 505 രൂപയാണ് നല്‍കേണ്ടത്.
ഇതോട് കൂടി കെഎസ്ആർടിസിയുടെ ബസ് നിരക്ക് കൂട്ടാനും സാധ്യതയുണ്ട്, കാരണം കർണാടക ആർടിസി ആദ്യ ടോൾ തുടങ്ങിയപ്പോൾ തന്നെ നിരക്ക് വർധിപ്പിച്ചിരുന്നു. പക്ഷേ അപ്പോഴും കെഎസ്ആർടിസി നിരക്ക് വർധിപ്പിച്ചിരുന്നില്ല. ഇപ്പോൾ ഇങ്ങനെയൊരു തീരുമാനം ദേശീയപാതാ അതോറിറ്റി എടുക്കുന്നതോടെ നിരക്കുയര്‍ത്തുന്ന കാര്യം കോര്‍പ്പറേഷന്‍ ആലോചിച്ചേക്കുമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ ഭാഗത്ത് നിന്നുളള റിപ്പോർട്ടുകൾ.

നിഡഘട്ടയിലൂടെ കടന്നുപോകുന്ന ഈ എക്സ്പ്രസ് വേയ്ക്ക് 118 കിലോമീറ്റര്‍ നീളമാണുള്ളത്. ഏകദേശം 8,480 കോടി രൂപ മുടക്കിയാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഈ പാത പൂര്‍ത്തീകരിച്ചിരിക്കുന്നത്. ബെംഗളൂരുവിനും മൈസൂരുവിനുമിടയിലുള്ള യാത്രാസമയം വെറും 75 മിനിറ്റായി കുറയ്ക്കാനാകുമെന്നതാണ് ഈ പുതിയ പാതയുടെ ഏറ്റവും വലിയ നേട്ടം. നിലവില്‍ ബെംഗളൂരുവില്‍ നിന്ന് ചരിത്ര നഗരമായ മൈസൂരില്‍ എത്താന്‍ മൂന്ന് മണിക്കൂര്‍ സമയമെടുക്കും.
10 വരികളുള്ള ബെംഗളൂരു-മൈസൂര്‍ എക്സ്പ്രസ് വേ ബെംഗളൂരുവിലെ നൈസ് റോഡ് എന്‍ട്രിയില്‍ നിന്ന് ആരംഭിച്ച് മൈസൂരിലെ റിംഗ് റോഡ് ജംഗ്ഷനില്‍ അവസാനിക്കുന്നു. മണിക്കൂറില്‍ 110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ പറ്റുന്ന തരത്തിലാണ് എക്സ്പ്രസ് വേ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വേഗപരിധി 100 കിലോമീറ്ററിനും 120 കിലോമീറ്ററിനും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ടോള്‍ ഫീസ് നടപ്പാക്കിയ ശേഷം എക്സ്പ്രസ് വേയില്‍ ടൂവീലറുകളും, ത്രീവീലറുകളും ഉപയോഗിക്കുന്നത് ഹൈവേ അതോററിറ്റി നിരോധിച്ചു. ബെംഗളൂരു-മൈസൂര്‍ എക്സ്പ്രസ് വേയില്‍ ടോള്‍ നിരക്ക് ഏകദേശം 135 രൂപയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഘട്ടം ഘട്ടമായിട്ടായിരിക്കും ഹൈവേ അതോറിറ്റി ടോള്‍ ഫീസ് നടപ്പിലാക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നിദാഘട്ടയ്ക്കും മൈസൂരുവിനുമിടയില്‍ രണ്ടാം ഘട്ടം പിന്നീട് നടപ്പാക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ടോള്‍ പ്ലാസകള്‍ക്ക് 10-ലധികം ഗേറ്റുകളുണ്ടായിരിക്കും. വാഹനങ്ങള്‍ക്ക് സുഗമമായി കടന്ന് പോകാന്‍ ഫാസ്ടാഗ് പാതകളും ഉണ്ടായിരിക്കും. അതിവേഗ പാതയില്‍ യാത്രക്കാരുടെ സൗകര്യത്തിനായി നിരവധി പിറ്റ് സ്റ്റോപ്പുകളും ഉണ്ടായിരിക്കും. ചന്നപട്ടണയില്‍ പാതയോരത്ത് ഇതിനായി 30 ഏക്കര്‍ സ്ഥലത്ത് സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഭക്ഷണം, വിശ്രമമുറികള്‍, പെട്രോള്‍ പമ്പ്, ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ എന്നീ സൗകര്യങ്ങള്‍ ഈ സ്‌റ്റോപ്പുകളില്‍ ഒരുക്കും.


Click it and Unblock the Notifications








