20 ലക്ഷത്തിന് വാങ്ങിയ ബൈക്കിന്റെ 'സേഫ്റ്റിക്ക്' 5 രൂപയുടെ നാരങ്ങ! ഈ ബിസിനസുകാരി ചില്ലറക്കാരിയല്ല...
അഭിഷേക് ബച്ചന്‍ നായകനായി അഭിനയിച്ച 'ധൂം' എന്ന സിനിമ വരുന്നതിന് മുമ്പ് ഇന്ത്യക്കാര്‍ക്ക് അത്ര പരിചയമില്ലാത്ത മോട്ടോര്‍സൈക്കിളായിരുന്നു സുസുക്കി ഹയബൂസ. ചിത്രത്തില്‍ വില്ലനായ ജോണ്‍ എബ്രഹാമിനൊപ്പം ഷോ സ്റ്റീലറായി മാറിയത് ഈ ജാപ്പനീസ് സൂപ്പര്‍ ബൈക്കും കൂടിയായിരുന്നു. 'ധൂം' എന്ന സിനിമയ്ക്ക് ശേഷം സുസുക്കി ഹയാബുസ ഇന്ത്യന്‍ വിപണിയില്‍ ഒരു ജനപ്രിയ നാമമായി മാറി. പൊതുവേ പുരുഷന്‍മാരാണ് ഈ വിലകൂടിയ സൂപ്പര്‍ ബൈക്ക് ഉപയോഗിക്കുന്നത്. ഇപ്പോള്‍ കര്‍ണാടക തലസ്ഥാനമായ ബാംഗ്ലൂരില്‍ നിന്നുള്ള ഒരു ബിസിനസുകാരി സുസുക്കി ഹയാബൂസ വാങ്ങിയിരിക്കുകയാണ്. അതിനെ കുറിച്ച് വിശദമായി വായിക്കാം.
പുത്തന്‍ സുസുക്കി ഹയാബുസ പൂജയ്ക്കായി ക്ഷേത്രത്തില്‍ കൊണ്ടുവന്ന വീഡിയോ the_petrol_girl എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബിസിനസുകാരിയായ കിന്റു സിംഗിന്റെ ഇന്‍സ്റ്റ പ്രൊഫൈല്‍ ആണിത്. പുത്തന്‍ ഹയാബുസ ഡെലിവറിയെടുക്കുന്ന മറ്റൊരു വീഡിയോയും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. പൊതുവേ ബിസിനസ് ചെയ്യുന്ന സ്ത്രീകള്‍ക്ക് കാറുകളോടായിരിക്കും പ്രിയം. എന്നാല്‍ കിന്റു നേരെ തിരിച്ചാണ്.

ബൈക്കുകള്‍ ഇഷ്ടപ്പെടുന്ന അവര്‍ക്ക് ഒരു ബിഎംഡബ്ല്യു G 310 GS ബൈക്ക് സ്വന്തമായുണ്ട്. ഇതിന്റെ വില ഏകദേശം 3.70 ലക്ഷം രൂപയാണ്. ഈ ബൈക്കില്‍ 313 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ്, ഫ്യുവല്‍-ഇഞ്ചക്റ്റഡ് എഞ്ചിന്‍ സജ്ജീകരിച്ചിരിക്കുന്നു. പരമാവധി 34 bhp പവറും 28 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.
ഇപ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ ബൈക്കുകള്‍ക്കിടയിലെ മിന്നും താരങ്ങളില്‍ ഒന്നായ സുസുക്കി ഹയാബൂസ കൂടി ചേര്‍ത്ത് തന്റെ ബൈക്ക് ശേഖരം വിപുലീകരിക്കുകയാണ് കിന്റു. ബിഎംഡബ്ല്യു ജി 310 ജിഎസ് ബൈക്കിനേക്കാള്‍ നല്ല വില കൂടുതലാണ് ഹയാബൂസക്ക്. ബൈക്ക് വാങ്ങിയ ശേഷം ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി പരമ്പരാഗത ഹിന്ദു ആചാരങ്ങള്‍ അനുസരിച്ച് പൂജ നടത്തി. വിലകൂടിയ സുസുക്കി ഹയാബുസ ബൈക്ക് കിന്റു സിംഗ് ക്ഷേത്രത്തിലെത്തിച്ച് പൂജ നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

പുത്തന്‍ വാഹനം വാങ്ങുമ്പോള്‍ പലരും ചെയ്യുന്ന പോലെ മുന്നിലെ ടയറിന് മുന്നില്‍ ചെറുനാരങ്ങ വെച്ച് അതിന് മുകളിലൂടെ കയറ്റിയിറക്കിയാണ് കിന്റു ബൈക്ക് കൊണ്ടുപേവയത്. ലക്ഷങ്ങള്‍ പൊടിച്ച് വാങ്ങിയ ബൈക്ക് ആണെങ്കിലും പൂജ ചെയ്യാന അഞ്ചോ പത്തോ രൂപ മാത്രം വിലയുള്ള ചെറുനാരങ്ങ മതി. പുത്തന്‍ വാഹനം വാങ്ങുമ്പോള്‍ ടയറിന് കീഴില്‍ ചെറുനാരങ്ങ വെക്കുന്നതിന്റെ കാരണം ഞങ്ങള്‍ മുമ്പ് ഒരു ലേഖനത്തില്‍ വിശദീകരിച്ചിരുന്നു.
സുസുക്കി ഹയാബുസ ബൈക്കിനെ കുറിച്ച് പറയുമ്പോള്‍ ഇതിന്റെ ബേസ് വേരിയന്റിന് നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ 16.90 ലക്ഷം രൂപയാണ് വില. അതേസമയം, റേഞ്ച് ടോപിംഗ് വേരിയന്റ് സ്വന്തമാക്കാന്‍ 17.70 ലക്ഷം രൂപ മുടക്കേണ്ടതായുണ്ട്. ഇവ എക്‌സ്-ഷോറൂം വിലകള്‍ മാത്രമാണ്. ഈ ബൈക്കിന് ടാക്‌സും ഇന്‍ഷൂറന്‍സും എല്ലാം ചേര്‍ത്ത് നിരത്തിലിറക്കാന്‍ ഏകദേശം 19 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെയാകും.

സുസുക്കി ഹയാബുസയില്‍ 1,340 സിസി എഞ്ചിനാണ് സജ്ജീകരിച്ചിരിക്കുന്നത്. പരമാവധി 190 PS പവറും 150 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. എഞ്ചിന്‍ 6-സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. സുസുക്കി ഇന്റലിജന്റ് റൈഡ് സിസ്റ്റം (S.I.R.S.) സജ്ജീകരിച്ചിട്ടാണ് ഹയാബൂസ വരുന്നത്.
ഇതില്‍ ഒരു ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റവും ബൈ-ഡയറക്ഷണല്‍ ക്വിക്ക്ഷിഫ്റ്ററും ഉള്‍പ്പെടുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് 2025 മോഡല്‍ ഇയര്‍ അപ്‌ഡേറ്റിന്റെ ഭാഗമായി ബൈക്കില്‍ പുതിയ നിറങ്ങള്‍ ചേര്‍ത്തിരുന്നു. 2025 മോഡല്‍ മെറ്റാലിക് മാറ്റ് സ്റ്റീല്‍ ഗ്രീന്‍/മെറ്റാലിക് മാറ്റ് ടൈറ്റാനിയം സില്‍വര്‍, മെറ്റാലിക് മിസ്റ്റിക് സില്‍വര്‍/പേള്‍ വിഗോര്‍ ബ്ലൂ, റിഫ്രഷ്ഡ് ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിലാണ് ലഭ്യമാകുന്നത്.

ഈ കൂട്ടത്തില്‍ മെറ്റാലിക് മാറ്റ് സ്റ്റീല്‍ ഗ്രീന്‍ ആണ് പുതിയതായി ചേര്‍ത്തിരിക്കുന്ന നിറം. അതോടൊപ്പം തന്നെ ലോഞ്ച് കണ്‍ട്രോള്‍ സിസ്റ്റം പരിഷ്‌കരിച്ചിട്ടുണ്ട്. ക്രൂയിസ് കണ്‍ട്രോള്‍ സിസ്റ്റത്തിലും അപ്ഡേറ്റ് നല്‍കിയിട്ടുണ്ട്. റൈഡര്‍ ബൈ-ഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്റ് സിസ്റ്റം ഉപയോഗിച്ച് ഗിയര്‍ മാറ്റിയാലും ക്രൂയിസ് കണ്‍ട്രോള്‍ ഓഫ് ആവില്ല.
ഇന്ത്യയിലെ സ്ത്രീകള്‍ സുസുക്കി ഹയാബുസ ബൈക്ക് വാങ്ങുന്നത് കുറവാണെങ്കിലും ഈ മോഡല്‍ വാങ്ങുന്ന ആദ്യത്തെയാളല്ല കിന്റു. നേരത്തെ, ജസ്‌വീന്ദര്‍ കൗര്‍ എന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ സുസുക്കി ഹയാബുസ ബൈക്ക് സ്വന്തമാക്കിയിരുന്നു. 264 കിലോഗ്രാം ഭാരമുള്ള ഹയാബുസ പോലുള്ള ഹെവി സൂപ്പര്‍ബൈക്കുകള്‍ ഓടിക്കാനായി കൂടുതല്‍ സ്ത്രീകള്‍ മുന്നോട്ട് വരുന്നത് വളരെ മികച്ച മുന്നേറ്റമാണ്.


Click it and Unblock the Notifications








