അപാര തൊലിക്കട്ടി! ജനം പട്ടിണി കിടന്നപ്പോള്‍ സിറിയന്‍ ഭരണാധികാരി വാങ്ങിക്കൂട്ടിയത് 100 കണക്കിന് കാറുകള്‍
ബശ്ശാറുല്‍ അസദിന്റെ ഭരണം അവസാനിപ്പിച്ച് സിറിയയില്‍ വിമതര്‍ അധികാരം പിടിച്ചത് കഴിഞ്ഞ ആഴ്ചയാണ്. 54 വര്‍ഷം നീണ്ട അസദ് കുടുംബത്തിന്റെ അധികാര വാഴ്ചക്കാണ് ഇതോടെ വിരാമമായത്. 1971ലാണ് അധികാരഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ പിതാവ് സൈനിക ഏകാധിപതിയായിരുന്ന ഹാഫിസ് അല്‍ അസദ് സിറിയയില്‍ അധികാരത്തിലേറിയത്. ഹാഫിസ് അല്‍ അസദ് 2000 വരെ സിറിയ ഭരിച്ചു. ബാത് പാര്‍ട്ടിയുടെ തലവനും സൈനിക മേധാവിയുമായിരുന്നു ബശ്ശാറുല്‍ അസദ് 2000-ത്തില്‍ ഭരണത്തിലേറി. അന്ന് മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു അസദ്. 13 വര്‍ഷമായി തുടര്‍ന്ന സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ 5 ലക്ഷത്തിലേറ പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍.
നിരവധിയാളുകള്‍ രാജ്യം വിട്ട് പലയാനം ചെയ്തു. പ്രതിപക്ഷ സേനയായ തഹ്‌രീര്‍ അല്‍ ശാം ഭരണം പിടിച്ചതിന് പിന്നാലെ അസദ് അജ്ഞാത കേന്ദ്രത്തില്‍ അഭയം പ്രാപിച്ചിരുന്നു. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ പ്രവേശിച്ച വിമത സേന അവിടുത്തെ സൗകര്യങ്ങള്‍ കണ്ട് ഞെട്ടി. കൊട്ടാരത്തിലെ കാര്‍ ഗരാജ് കണ്ടാല്‍ അക്ഷരാര്‍ത്ഥത്തില്‍ ഏതൊരാളും ഞെട്ടും. കോടികള്‍ വിലമതിക്കുന്ന ആഡംബര കാറുകളായിരുന്നു അവിടെ അണിനിരന്നിരുന്നത്.

വിലകൂടിയ സ്പോര്‍ട്സ് കാറുകള്‍ അടക്കം നൂറുകണക്കിന് കാറുകളായിരുന്നു അസദിന് സ്വന്തമായുണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അസദിന്റെ ഗരാജില്‍ നൂറോളം കാറുകളുണ്ടെന്ന് വീഡിയോ കണ്ടാല്‍ നമുക്ക് മനസിലാകും. റോള്‍സ് റോയ്സ്, ആസ്റ്റണ്‍ മാര്‍ട്ടിന്‍, ബിഎംഡബ്ല്യു, ഫെറാരി തുടങ്ങിയ ലോകോത്തര കാര്‍ നിര്‍മാതാക്കളുടെ കാറുകള്‍ അസദ് വാങ്ങിക്കൂട്ടിയിട്ടുണ്ട്.
സ്പോര്‍ട്സ് കാറുകള്‍ കൂടാതെ ഓഫ്റോഡ് ശേഷിയുള്ള ചില വാഹനങ്ങളും അവിടെയുണ്ട്. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ പ്രവേശിക്കുന്നത് വരെ അസദും കുടുംബവും ആസ്വദിച്ച് പോന്നിരുന്ന ആഡംബര ജീവിതശൈലി രാജ്യത്തെ ജനങ്ങള്‍ക്ക് അജ്ഞാതമായിരുന്നു. അസദ് എവിടെയാണ് അഭയം പ്രാപിച്ചതെന്ന ചോദ്യത്തിനൊപ്പം തന്നെ അദ്ദേഹത്തിന്റെ ലക്ഷ്വറി ഗരാജും ചര്‍ച്ചയാകുകയാണ്.

അതിനുള്ള കാരണം ആഭ്യന്തര യുദ്ധം മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുന്ന സാഹചര്യത്തിലാണ് അസദും കുടുംബവും ഈ രീതിയില്‍ ജീവിച്ചത് എന്നതിനാലാണ്. രാജ്യത്തെ പൗരന്‍മാര്‍ ഒരു നേരത്തെ അന്നത്തിനായി ബുദ്ധിമുട്ടുമ്പോള്‍ ഭരണകര്‍ത്താവ് വില കൂടിയ കാറുകള്‍ വാങ്ങിക്കൂട്ടുന്ന തിരക്കിലായിരുന്നുവെന്നാണ് ജനങ്ങള്‍ ഇപ്പോള്‍ മനസ്സിലാക്കുന്നത്. അസദിനൊപ്പം ഇദ്ദേഹത്തിന്റെ അനുചരന്‍മാര്‍ക്കും കോടികള്‍ വിലമതിക്കുന്ന കാറുകളുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.
സാധാരണ പൗരന്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുമ്പോള്‍ പ്രസിഡന്റും സുഹൃത്തുക്കളും ആഡംബര ജീവിതം നയിച്ചുവെന്നാണ് അദ്ദേഹത്തിന്റെ കാര്‍ ശേഖരം തെളിയിക്കുന്നത്. കൊട്ടാരത്തില്‍ കൈയ്യടക്കിയ വിമതര്‍ വിലകൂടിയ കസേരകളില്‍ ഇരുന്ന് സെല്‍ഫിയെടുക്കുകയും ചില സാധനങ്ങള്‍ കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. കാര്‍ ഗാരാജില്‍ കയറിയ അവര്‍ സെല്‍ഫികളും വീഡിയോകളും എടുത്ത് പുറംലോകത്തെ ഇക്കാര്യം വിളിച്ചറിയിച്ചു. അതിസമ്പന്നര്‍ പോലും സ്വന്തമാക്കാത്ത സൂപ്പര്‍ കാറുകളും മറ്റും അസദിന്റെ ഗരാജില്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് നെറ്റിസണ്‍സ്.

വമ്പന്‍ ഗരാജില്‍ നിരനിരയായാണ് കാറുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കൂട്ടത്തില്‍ ചില ബൈക്കുകളും കാണാം. സിറിയന്‍ ഏകാധിപതിയുടെ കാര്‍ ഗരാജിന്റെ ഭാവി എന്താകുമെന്ന് നമുക്കറിയില്ല. ഏതായാലും രാജ്യത്തെ ജനങ്ങളെ പട്ടിണിക്കിട്ട് ഇത്രയും ആഡംബരം തുളുമ്പുന്ന ജീവിതം നയിച്ച ഭരണാധികാരിക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുകയാണ്. സിറിയയുടെ മുന്‍ ഭരണ കര്‍ത്താവിന്റെ ഈ വിലപിടിപ്പുള്ള കാറുകള്‍ നിറഞ്ഞ ഗരാജ് കണ്ടിട്ട് നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്. അഭിപ്രായങ്ങള്‍ ഞങ്ങളെ കമന്റ് ബോക്‌സിലൂടെ അറിയിക്കുമല്ലോ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








