മോളിവുഡിന്റെ 'പൊന്‍മാന്‍' വാങ്ങിയത് കണ്‍ട്രിമാന്‍ E! ക്യാമറക്ക് മുന്നിലും പിന്നിലും ഹിറ്റ്‌മേക്കര്‍
മലയാള സിനിമയില്‍ എല്ലാ കാലത്തും അയല്‍പ്പക്കത്തെ വീട്ടിലെ പയ്യന്‍ ഇമേജുള്ള നടന്‍മാര്‍ ഉണ്ടായിരുന്നു. നിലവില്‍ അത് ബേസില്‍ ജോസഫ് (Basil Joseph ) ആണെന്ന് നമുക്ക് നിസംശയം പറയാം. സംവിധായകനായി കഴിവുതെളിയിച്ച ശേഷം ക്യാമറക്ക് മുന്നിലെത്തി അവിടെയും വെന്നിക്കൊടി പാറിക്കാന്‍ ഈ വയനാട്ടുകാരന് സാധിച്ചു. നടന്‍ എന്ന നിലയിലായാലും സംവിധായകന്‍ എന്ന നിലയിലായാലും ഇന്ന് ദേശീയ തലത്തില്‍ മലയാള സിനിമയെ പ്രതിനിധീകരിക്കുന്ന ഒരാളാണ് ബേസില്‍. കഴിഞ്ഞ വര്‍ഷം 'പെന്‍മാന്‍' എന്ന സിനിമയിലെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് പുറത്തെടുത്ത ബേസില്‍ മികച്ച നടനുള്ള പുരസ്‌കാരത്തിന് ഇതിഹാസ താരം മമ്മൂട്ടിക്ക് വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്.
കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുന്ന താരം വീണ്ടും സംവിധായക കുപ്പായമണിയുന്നത് കാണാനാണ് സിനിമാപ്രേമികള്‍ ഇഷ്ടപ്പെടുന്നത്. സ്ഥിരമായി ബേസിലിന്റെ സോഷ്യല്‍ മീഡിയ പേജ് സന്ദര്‍ശിക്കുന്ന ആരാധകര്‍ ഇന്ന് കണ്ടത് മറ്റൊരു സന്തോഷ വാര്‍ത്തയായിരുന്നു. പ്രിയ താരം തന്റെ വാഹനശേഖരത്തിലേക്ക് പുത്തന്‍ അതിഥിയെ വരവേറ്റിരിക്കുകയാണ്. 'വൈല്‍ഡ് ബെറി' നിറത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് മിനി കണ്‍ട്രിമാന്‍ ഇ (MINI Countryman E) ആണ് താരം സ്വന്തമാക്കിയത്.

ആകര്‍ഷകമായ ഈ ലക്ഷ്വറി ഇലക്ട്രിക് എസ്‌യുവി ബേസില്‍ ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങള്‍ മിനി ഡീലര്‍മാരായ മിനി ഇവിഎം ഓട്ടോക്രാഫ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ബേസിലിന്റെ പുത്തന്‍ മിനിയുടെ ഡെലിവറി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പരിസ്ഥിതി സൗഹൃദ യാത്രകള്‍ക്കായി താരം തിരഞ്ഞെടുത്ത ഈ ഇലക്ട്രിക് എസ്‌യുവിക്ക് ഏകദേശം 54.90 ലക്ഷം രൂപ മുതലാണ് എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്.
ലളിതമായ രൂപകല്‍പ്പനയും മികച്ച നിര്‍മ്മാണ നിലവാരവുമാണ് ഈ ലക്ഷ്വറി ഇലക്ട്രിക് എസ്‌യുവിയെ വേറിട്ടുനിര്‍ത്തുന്നത്.സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാല്‍, 204 hp പവറും 250 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള കരുത്തുറ്റ മോട്ടോറാണ് മിനി കണ്‍ട്രിമാന്‍ ഇയുടെ ശക്തി. വെറും 8.6 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ ഇലക്ട്രിക് എസ്‌യുവിക്ക് സാധിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

ഇവിയിലെ 66.4 kWh ശേഷിയുള്ള ബാറ്ററി പായ്ക്ക് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 462 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാമെന്നാണ് കമ്പനി പറയുന്നത്. സിറ്റി ഡ്രൈവുകള്‍ക്കും ദീര്‍ഘദൂര യാത്രകള്‍ക്കും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് ഇതിന്റെ ബാറ്ററി മാനേജ്മെന്റ് സിസ്റ്റം ക്രമീകരിച്ചിരിക്കുന്നത്. ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനം ഉപയോഗിച്ച് വളരെ വേഗത്തില്‍ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കും.
പുതിയ മിനി കണ്‍ട്രിമാന്‍ ഇയുടെ അകത്തളത്തില്‍ ധാരാളം അത്യാധുനിക ഫീച്ചറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതിലെ വൃത്താകൃതിയിലുള്ള ഒഎല്‍ഇഡി (OLED) ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ ഇന്റീരിയറിന് പ്രീമിയം ലുക്ക് നല്‍കുന്നു. കൂടാതെ, വോയ്സ് അസിസ്റ്റന്റ്, വിവിധ ഡ്രൈവിംഗ് മോഡുകള്‍, പ്രീമിയം സൗണ്ട് സിസ്റ്റം എന്നിവ യാത്രക്കാര്‍ക്ക് മികച്ച യാത്രാനുഭവം ഉറപ്പാക്കുന്നു.

കണ്‍ട്രിമാന്‍ ഇയുടെ സുരക്ഷയുടെ കാര്യത്തിലും മിനി വിട്ടുവീഴ്ച ചെയ്തിട്ടില്ല. ഒന്നിലധികം എയര്‍ബാഗുകള്‍, ലെവല്‍ 2 ADAS സാങ്കേതികവിദ്യ, പാര്‍ക്കിംഗ് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. വലിയ ക്യാബിന്‍ സ്‌പേസും ധാരാളം ലഗേജ് സ്‌പെയ്‌സും ഇതിനെ ഫാമിലി ട്രിപ്പുകള്‍ക്ക് പ്രിയപ്പെട്ടതാക്കി മാറ്റുന്നു. ബേസില്‍ തിരഞ്ഞെടുത്ത 'വൈല്‍ഡ് ബെറി' നിറം എസ്‌യുവിക്ക് കൂടുതല്‍ പ്രൗഢിയേകുന്നു.
വയനാട്ടുകാരനായ ബേസിലിന് ഇനി കൊച്ചിയില്‍ നിന്നും മറ്റും സ്വന്തം നാട്ടിലേക്ക് ഇവിയില്‍ സുഖസുന്ദരമായി പോകാം. ബേസിലിനെ കുറിച്ച് പറയുമ്പോള്‍ ഇന്‍ഫോസിസ് ജീവനക്കാരനായിരുന്ന സമയത്ത് ഒരുക്കിയ 'പ്രിയംവദ കാതരയാണ്' എന്ന ഷോര്‍ട്ട്ഫിലിമാണ് വിനീത് ശ്രീനിവാസന്റെ അടുത്തെത്തിച്ചത്. അസിസ്റ്റന്റ് ഡയരക്ടറായി സിനിമാ ജീവിതം ആരംഭിച്ച ബേസില്‍ 'കുഞ്ഞിരാമായണം' എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറി.
പിന്നീട് 'ഗോദ', 'മിന്നല്‍ മുരളി' എന്നീ വമ്പന്‍ ഹിറ്റുകളിലൂടെ മലയാളത്തിലെ ഏറ്റവും ശ്രദ്ധേയരായ യുവ സംവിധായകരില്‍ ഒരാളായി മാറിയ ബേസില്‍ രാജ്യാന്തര തലത്തില്‍ വരെ അംഗീകാരങ്ങള്‍ നേടി.'മിന്നല്‍ മുരളി'യിലൂടെ ഏഷ്യന്‍ അക്കാദമി ക്രിയേറ്റീവ് അവാര്‍ഡ്സില്‍ (2022) മികച്ച സംവിധായകനുള്ള പുരസ്‌കാരം അദ്ദേഹം സ്വന്തമാക്കി. പിന്നീട് അഭിനയ രംഗത്തേക്ക് തിരിഞ്ഞ ബേസില്‍ 'ജയ ജയ ജയ ജയ ഹേ', 'പാല്‍തു ജാന്‍വര്‍', 'ഫാലിമി' തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറി.
ലാളിത്യവും സ്വാഭാവികതയുമാണ് ബേസിലിനെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കുന്നത്. ബേസില്‍ ജോസഫിനെ പോലെ യൂത്തിനും കുടുംബങ്ങള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരം ഇലക്ട്രിക് വാഹനം തിരഞ്ഞെടുത്തത് മിനി എന്ന ബ്രാന്‍ഡിന് മാത്രമല്ല കേരളത്തിലെ ഇവി വിപണിക്ക് മൊത്തത്തില്‍ വലിയ ഉണര്‍വേകും. സിനിമയിലെ തന്റെ കരിയര്‍ പോലെ തന്നെ കൃത്യമായ പ്ലാനിംഗിലൂടെയാണ് താരം തന്റെ ഓരോ വാഹനവും തിരഞ്ഞെടുക്കുന്നത്. മലയാള സിനിമാ ലോകത്തെ ഈ ബഹുമുഖ പ്രതിഭയുടെ ഇവി യാത്രകള്‍ക്ക് ആശംസകള്‍ നേരുകയാണ് ആരാധകര്‍.


Click it and Unblock the Notifications








