ബാറ്ററി സ്വാപ്പിംഗ്: ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിയിലെ തീപിടുത്ത സാധ്യത കുറയ്ക്കും
കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറുകയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തോടെ ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും ഇപ്പോള്‍ സജീവമാണ്.

സംഭവം എന്താണെന്നല്ലേ! അടുത്ത കാലത്തായി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന വാര്‍ത്തകള്‍ നിരവധിയാണ്. പെട്രോള്‍-ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തീപിടിക്കാനുള്ള സാധ്യത വളരെ കുറവാണ്.

എന്നാല്‍ ഒരു ഇലക്ട്രിക് വാഹനത്തിന് തീപിടിച്ചാല്‍ അത് വളരെ വേഗത്തില്‍ പടരുന്നുവെന്ന് വേണം പറയാന്‍. കാരണം, അവയിലെ ബാറ്ററികളില്‍ പലതരം തീപിടിക്കുന്ന രാസവസ്തുക്കള്‍ ഉപയോഗിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളിലെ തീപിടിത്തം നേരത്തേ കണ്ടുപിടിക്കാന്‍ കഴിയില്ലെങ്കിലും ബാറ്ററി സ്വാപ്പിംഗ് പോലുള്ള ചില പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാല്‍ തീപിടിത്തം ഒരു പരിധി വരെ കുറയ്ക്കാനാകുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കഴിഞ്ഞ ദിവസം ഓല ഇലക്ട്രിക് സ്‌കൂട്ടറില്‍ തീ പിടിക്കുകയും, പിന്നീട് നിമിഷ നേരം കൊണ്ട് അത് ആളി പിടിക്കുകയും ചെയ്തതോടെയാണ് ഇക്കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്. ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

എന്താണ് ബാറ്ററി സ്വാപ്പിംഗ് ടെക്‌നോളജി?
ഏതൊരു ഇലക്ട്രിക് വാഹനവും ചാര്‍ജ് ചെയ്യാനുള്ള ഏറ്റവും വേഗതയേറിയ മാര്‍ഗമാണ് ബാറ്ററി സ്വാപ്പിംഗ്. യഥാര്‍ത്ഥത്തില്‍, ഒരേസമയം ചാര്‍ജ് ചെയ്യാന്‍ നിരവധി ബാറ്ററികള്‍ സ്ഥാപിച്ചിട്ടുള്ള ഒരു ഗ്രിഡാണിത്.

ഒരു ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനില്‍, നിങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെയോ ബൈക്കിന്റെയോ ത്രീ-വീലറിന്റെയോ ഡിസ്ചാര്‍ജ് ചെയ്ത ബാറ്ററിക്ക് പകരം പൂര്‍ണ്ണമായി ചാര്‍ജ്ജ് ചെയ്ത ബാറ്ററി ഉപയോഗിച്ച് നിങ്ങള്‍ക്ക് മാറ്റാവുന്നതാണ്. നിലവില്‍, ഇന്ത്യയിലെ ചില കമ്പനികള്‍ മാത്രമാണ് തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ബാറ്ററി സ്വാപ്പിംഗ് സൗകര്യം നല്‍കുന്നത്.

ബാറ്ററി സ്വാപ്പിംഗ് തീപിടുത്തത്തിന്റെ സാധ്യത കുറയ്ക്കും
യഥാര്‍ത്ഥത്തില്‍, ഒരു ഇലക്ട്രിക് വാഹനത്തിന്റെ ബാറ്ററി ചാര്‍ജ് ചെയ്യുമ്പോള്‍, അതിന്റെ താപനില ഉയരുന്നു. ബാറ്ററി ചാര്‍ജ് ചെയ്ത ശേഷം വാഹനം ഓടിക്കുന്നത് ബാറ്ററി തണുക്കാന്‍ സമയം നല്‍കുന്നില്ല.

ഇത് ബാറ്ററി അമിതമായി ചൂടാകുന്നതിനും തീപിടുത്തത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. മറുവശത്ത്, സ്വാപ്പ് ഗ്രിഡ് നിങ്ങള്‍ക്ക് പൂര്‍ണ്ണമായി ചാര്‍ജ്ജ് ചെയ്ത ബാറ്ററി നല്‍കുന്നു, അത് പൂര്‍ണ്ണമായി ചാര്‍ജ് ചെയ്തതിന് ശേഷം ഗ്രിഡിലിരുന്ന് കുറച്ച് നേരം തണുക്കുന്നു.

വൈദ്യുത വാഹനത്തിന്റെ ഡിസ്ചാര്‍ജ് ചെയ്ത ബാറ്ററിയും ഇടയ്ക്കിടെയുള്ള ഉപയോഗം കാരണം ചൂടാകുന്നു. റീചാര്‍ജ് ചെയ്യുന്നതിനായി ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനിലേക്ക് തിരികെ വയ്ക്കുമ്പോള്‍, കുറച്ച് സമയത്തിന് ശേഷം അതിന്റെ താപനില കുറയുന്നു. ഇത് ബാറ്ററിയില്‍ തീപിടിക്കാനുള്ള സാധ്യതയും കുറയ്ക്കുന്നു.

ഈ കമ്പനികള്‍ ബാറ്ററി സ്വാപ്പിംഗ് സൗകര്യം ഒരുക്കുന്നുണ്ട്
ഇന്ത്യയിലെ നിരവധി കമ്പനികള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കുന്നുണ്ട്. നിലവില്‍, ഇലക്ട്രിക് വാഹനങ്ങളുടെ ഉപഭോക്താക്കള്‍ കൂടുതലുള്ള മെട്രോകളില്‍ മാത്രമേ നിങ്ങള്‍ക്ക് ഈ സ്റ്റേഷനുകള്‍ കണ്ടെത്താന്‍ കഴിയൂ.

ബൗണ്‍സ് മൊബിലിറ്റി, ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷന്‍ സൗകര്യം ഒരുക്കുന്ന മുന്‍നിര കമ്പനികളില്‍ ഒന്നാണ്. അടുത്തിടെ ബൗണ്‍സ് ബെംഗ്ലൂരില്‍ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷന്‍ തുറന്നിരുന്നു.

ബൗണ്‍സിന് പുറമെ, ഇലക്ട്രിക് വാഹനങ്ങളുടെ മുന്‍നിര നിര്‍മാതാക്കളായ ബാറ്ററി (BattRE) അതിന്റെ വാഹനങ്ങള്‍ക്ക് ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകളും നല്‍കുന്നുണ്ട്. അടുത്തിടെ ബാറ്ററി, ബൗണ്‍സുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

ഈ സഹകരണത്തിന് കീഴില്‍, ബാറ്ററി ഉപഭോക്താക്കള്‍ക്ക് ബൗണ്‍സിന്റെ വിശാലമായ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍ ആക്‌സസ് ചെയ്യാന്‍ കഴിയും. പ്രവര്‍ത്തനങ്ങളുടെ ആദ്യ ഘട്ടത്തില്‍, ബൗണ്‍സ് ഓരോ മുന്‍നിര നഗരത്തിലും കുറഞ്ഞത് 300 ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍ വിന്യസിക്കും. 12 നഗരങ്ങളില്‍ ഇത്തരമൊരു ശൃംഖല സ്ഥാപിക്കാനും പദ്ധതിയുണ്ട്.


Click it and Unblock the Notifications








