ഡ്യൂപ്പില്ലാതെ ഫോര്‍ഡ് മസ്താംഗില്‍ ഡ്രിഫ്റ്റിംഗ്; ലൊക്കേഷനിലുള്ളവരുടെ കിളിപറത്തി മമ്മൂട്ടി
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ 'റോഷാക്ക്' കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയിരിക്കുന്നത്. ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുമ്പോള്‍ മറ്റൊരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 71കാരനായ മമ്മൂട്ടി ഡ്യൂപ്പിന്റെ സഹായമില്ലാതെ ഫോര്‍ഡ് മസ്താംഗ് കാര്‍ ഡ്രിഫ്റ്റ് ചെയ്യുന്ന വീഡിയോ ആണത്.

വ്യത്യസ്ഥമായ പോസ്റ്ററുകള്‍ കൊണ്ടും ടീസറിലെയും ട്രെയിലറിലെയും ദുരൂഹതകള്‍ കൊണ്ടും മമ്മൂട്ടിയുടെ റോഷാക്ക് എന്ന ചിത്രം റിലീസിന് മുമ്പ് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂക്കയുടെ സ്‌റ്റൈലിഷ് ലുക്കും ഹൈപ്പ് ഉയര്‍ത്തി. കാര്‍ ഒരിടത്ത് ഇടിച്ച് നില്‍ക്കുന്നതും അവിടെയിരുന്ന് കാപ്പി കുടിക്കുന്ന മമ്മൂട്ടിയുടെ പോസ്റ്റര്‍ പുറത്തു വന്നിരുന്നു.

ഒരു തികഞ്ഞ വാഹനപ്രേമിയാണ് മമ്മൂട്ടിയെന്ന കാര്യം ഏവര്‍ക്കും അറിയുന്ന കാര്യമാണ്. മമ്മൂട്ടിയുടെ ഡ്രൈവര്‍ക്ക് അദ്ദേഹം വാഹനത്തില്‍ നിന്നിറങ്ങിയാല്‍ വാഹനം പാര്‍ക്ക് ചെയ്യേണ്ട കടമ മാത്രമേ ഉള്ളൂ എന്ന് പറയാറുണ്ട്. അത്രക്ക് വാഹനങ്ങളോടും ഡ്രൈവിങ്ങിനോടും പാഷന്‍ കാത്ത് സൂക്ഷിക്കുന്നയാളാണ് മമ്മൂട്ടി.

അങ്ങനെ ഒരാള്‍ക്ക് തന്റെ തൊഴിലിനിടയില്‍ കാര്‍ കൊണ്ട് ഒരു അഭ്യാസം നടത്താന്‍ അവസരം കിട്ടിയാല്‍ പൊളിച്ചടക്കില്ലേ. അത് തന്നെയാണ് റോഷാക്കിന്റെ സെറ്റിലും സംഭവിച്ചത്. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രമായ ലൂക് ആന്റണി ഫോര്‍ഡ് മസ്താംഗ് കാര്‍ ഡ്രിഫ്റ്റ് ചെയ്യുന്നതാണ് രംഗം. പിറകില്‍ വലിയ കൊക്കയുള്ള സ്ഥലത്താണ് ചിത്രീകരണം. അത്യന്തം അപകടം പിടിച്ച ഈ രംഗം ഡ്യൂപ്പില്ലാതെ ചെയ്തുവെന്ന് മാത്രമല്ല ഒറ്റ ടേക്കില്‍ ഓക്കെയുമാക്കി മമ്മൂട്ടി.

ടയര്‍ പഞ്ചറായി വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെടുമ്പോള്‍ കാര്‍ ഡ്രിഫ്റ്റ് ചെയ്യാനായിരുന്നു ഡയരക്ടര്‍ ആവശ്യപ്പെട്ടത്. മമ്മൂട്ടി അത് മനോഹരമായി ചെയ്തു. ആവര്‍ത്തനങ്ങളില്ലാതെ ഒറ്റടേക്കില്‍ രംഗം പൂര്‍ത്തിയാക്കിയ മമ്മൂട്ടിയെ അണിയറപ്രവര്‍ത്തകര്‍ കൈയ്യടിച്ച് അഭിനന്ദിക്കുന്നത് ബിഹൈന്‍ഡ് ദ സീന്‍ വീഡിയോയില്‍ കാണാനാകും.
മമ്മൂക്ക രംഗം പൂര്‍ത്തിയാക്കിയത് കണ്ട് ഡയരക്ടര്‍ അടക്കം ഞെട്ടിയെന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്. ഓഫ് സ്‌ക്രീനില്‍ ഡ്രൈവിംഗില്‍ പുലിയായ മമ്മൂക്കക്ക് ഇതൊക്കെ എന്ത് എന്നാണ് ആരാധകര്‍ കമന്റിട്ട് ചോദിക്കുന്നത്.

19കാരനായ മാത്യുവിന്റെ മസ്താംഗ് ജിടി ഫാസ്റ്റ്ബാക്ക് 5.0L v8 ആണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. മമ്മൂട്ടി ചിത്രമായതിനാലാണ് കാര്‍ സിനിമക്കായി വിട്ടുകൊടുത്തതെന്ന് ഉടമയായ മാത്യു പറയുന്നു. റെഡ് കളറിലുള്ള കാര്‍ സിനിമയില്‍ മാറ്റ് ഗ്രേ നിറത്തിലേക്ക് മാറ്റിയിരുന്നു.

കാറിന്റെ ഈ ഫൈവ് ലിറ്റര്‍ എഞ്ചിന്‍ 396 bhp പവറും 515 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഓട്ടോമറ്റിക് ട്രാന്‍സ്മിഷനില്‍ മാത്രമാണ് വാഹനം ലഭിക്കുക. അബ്‌സൊല്യൂട്ട് ബ്ലാക്ക്, ഇംഗോട്ട് സില്‍വര്‍, ഒക്‌സ്ഫഡ് വൈറ്റ്, റേസ് റെഡ്, ട്രിപ്പ്ള്‍ യെല്ലോ ട്രൈ-്േകാട്ട്, മാഗ്‌നെറ്റിക്ക് എന്നീ നിറങ്ങളില്‍ വാഹനം ലഭ്യമാണ്. 74.61 ലക്ഷം മുതലാണ് കാറിന്റെ വില ആരംഭിക്കുന്നത്.

എഞ്ചിന്‍, ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയാണ് കാറിന്റെ പ്ലസ് ആയിട്ട് പറയുന്നത്. പിന്‍സീറ്റില്‍ അധിക ലഗേജുകള്‍ മാത്രമേ ഉള്‍ക്കൊള്ളിക്കാന്‍ കഴിയൂ. ഇന്റീരിയറില്‍ വലിയ പ്രത്യേകതകള്‍ പറയാനില്ല. കാറിന്റെ വലിപ്പം കാരണം ഇടുങ്ങിയ റോഡിലൂടെയുള്ള യാത്ര ഇച്ചിരി കടുപ്പമായിരിക്കും. എങ്കിലും ഈ വിലയില്‍ കിട്ടുന്ന മികച്ച മസില്‍ കാറാണിത്. നിസാന്‍ ജിടിആര്‍, ബിഎംഡബ്ല്യു Z4, ബിഎംഡബ്ല്യു X4, മെര്‍സിഡീസ് ബെന്‍സ് C-ക്ലാസ് കാബ്രിയോലെറ്റ്, മെര്‍സിഡീസ് ബെന്‍സ് ജിഎല്‍സി കൂപ്പെ, ജാഗ്വാര്‍ F-പേസ്, ജാഗ്വാര്‍ XF എന്നിവയാണ് എതിരാളികള്‍.

റോഷാക്ക്
സൂപ്പര്‍ ഹിറ്റായ 'കെട്ട്യോളാണ്' എന്റെ മാലഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം റിലീസ് ദിനം ആഗോളതലത്തില്‍ അഞ്ച് കോടിയോളം കളക്ഷന്‍ നേടിയിരുന്നു. കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് മാത്രം മൂന്ന് മുതല്‍ നാല് കോടി രൂപ വരെ വാരി. ശനിയാഴ്ച കേരളത്തില്‍ 250 സ്‌ക്രീനുകളിലായാണ് ചിത്രം റിലീസ് ചെയ്തത്.സമീര്‍ അബ്ദുള്‍ ആണ് തിരക്കഥ ഒരുക്കിയ ചിത്രം മമ്മൂട്ടി കമ്പനിയാണ് നിര്‍മിച്ചിരിക്കുന്നത്. ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരാണ് മറ്റ് പ്രാധാന താരങ്ങള്‍.


Click it and Unblock the Notifications








