അംബാനിയുടെ പൂജാരിയെ തന്നെ പൊക്കി ബംഗ്ലൂരു വ്യവസായി; പ്രൈവറ്റ് ജെറ്റിൻ്റെ പൂജയുടെ വീഡിയോ വൈറൽ
ഇന്ത്യൻ സംസ്കാരം അനുസരിച്ച് ഏതൊരു പുതിയ സ്ഥാപനമോ, അല്ലെങ്കിൽ പുതിയതായി എന്ത് തുടങ്ങിയാലോ വാങ്ങിയാലോ ഒരു പ്രാർത്ഥനയോടെ അല്ലെങ്കിൽ പൂജയോടെ ആരംഭിക്കണമെന്നാണല്ലോ. അതിപ്പോൾ ഒരു പുതിയ വീടായാലും വാഹനമായാലും അങ്ങനെ തന്നെയാണല്ലോ. പലരും വാഹനം വാങ്ങിയാൽ പൂജയ്ക്കായിട്ട് അമ്പലത്തിൽ കൊണ്ടുപോകുന്നത് കാണാറുണ്ട്. എന്നാൽ കോടികൾ വിലയുള്ള ഒരു പ്രൈവറ്റ് ജെറ്റ് പൂജാരിയെ കൊണ്ട് വന്ന് പൂജിച്ചാൽ എങ്ങനെയിരിക്കും. അതും ശതകോടീശ്വരനായ ആനന്ദ് അംബാനിയുടെ കല്ല്യാണം നടത്തിയ പണ്ഡിറ്റായ ചന്ദ്രശേഖർ ശർമ്മയെ തന്നെ കൊണ്ടുവന്നാലോ. പണ്ഡിറ്റ് തന്നെയാണ് തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വീഡിയോയുടെ തുടക്കം പണ്ഡിറ്റ് റൺവേയിൽ പാർക്ക് ചെയ്തിരിക്കുന്ന വിമാനത്തിൻ്റെ അടുത്തേക്ക് നടന്നു പോകുന്നതാണ്. പൂജയുടെ വീഡിയോയിൽ ഗൾഫ്സ്ട്രീം G280 ജെറ്റിൻ്റെ ഇൻ്റീരിയറും വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്. ജെറ്റ് വിമാനത്തിൻ്റെ ഉടമയായ വ്യവസായി ആരാണെന്നുളള കാര്യത്തിൽ വ്യക്തമല്ല. ഗൾഫ്സ്ട്രീം G280 പ്രൈവറ്റ് ജെറ്റിൽ ആകെ 10 സീറ്റുകൾ ആണുളളത്. ഇതിന്റെ ഹണിവെൽ HDF7250G ടർബോഫാൻ എഞ്ചിനുകൾക്ക് പരമാവധി 33 കിലോന്യൂട്ടൺ വരെ ത്രസ്റ്റ് നൽകാൻ കഴിയും.

മണിക്കൂറിൽ പരമാവധി 900 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുന്ന ഈ സ്വകാര്യ വിമാനത്തിന് ഫുൾ ടാങ്ക് ഇന്ധനം ഉപയോഗിച്ച് പരമാവധി 6,667 കിലോമീറ്റർ ദൂരം സഞ്ചരിക്കാനാകുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബംഗ്ലൂരുവിൽ മാത്രമല്ല കേട്ടോ കേരളത്തിലും സ്വന്തമായി പ്രൈവറ്റ് ജെറ്റ് സ്വന്തമായിട്ടുള്ള പ്രമുഖ വ്യവസായികളുണ്ട്. ലുലു ഗ്രൂപ്പിൻ്റെ ഉടമ യൂസഫലിയും അത് പോലെ രവി പിള്ളയും.
അത്യാഡംബര സൗകര്യങ്ങളുള്ള ഗൾഫ് സ്ട്രീം G 600 എന്ന മോഡലാണ് എം.എ യൂസഫലിയുടെ പുതിയ വിമാനം. അമേരിക്കയിലെ വെർജീനിയ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ജനറൽ ഡൈനാമിക്സിന്റെ ഉടമസ്ഥതയിലുള്ള ഗള്‍ഫ് സ്ട്രീം എയ്റോസ്പെയ്സാണ് ഈ വിമാനത്തിന്റെ നിർമാതാക്കൾ. യൂസഫലിയുടെ പഴയ വിമാനവും ഗള്‍ഫ് സ്ട്രീം എയ്റോസ്പെയ്സിന്റേത് തന്നെയായിരുന്നു.
2023 ഡിസംബറിലാണ് T7-YMA എന്ന റജിസ്ട്രേഷനിലുള്ള ഈ പുതിയ വിമാനം ഗൾഫ്‌സ്ട്രീം കമ്പനി നിർമിച്ച് പുറത്തിറക്കിയത്. പരമാവധി 19 യാത്രക്കാരെ വരെ ഉൾക്കൊള്ളാനാവുന്ന ഈ പ്രൈവറ്റ് ജെറ്റിനും 6600 നോട്ടിക്കൽ മൈൽ വരെ സുഖസുന്ദരമായി പറക്കാനാവും. മുൻ മോഡലിൽ ഉണ്ടായിരുന്ന റോൾസ് റോയ്സ് എഞ്ചിനു പകരം പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ എൻജിനാണ് ഇതിൽ ഉപയോഗിക്കുന്നത്.
മണിക്കൂറിൽ 925 കിലോമീറ്റർ വരെയാണ് ജെറ്റിന്റെ മാക്സിമം സ്പീഡ്. ലോകത്തിലെ ഏറ്റവും വേഗമുള്ള ലോംഗ് റേഞ്ച് പ്രൈവറ്റ് ജെറ്റാണ് ഇത് എന്നാണ് ഗള്‍ഫ് സ്ട്രീം കമ്പനി അവകാശപ്പെടുന്നത്. ഇന്നേക്ക് 10 വർഷം മുമ്പ്, 2014 ലാണ് വിമാനം ആദ്യമായി നിർമ്മാതാക്കൾ പ്രദർശിപ്പിച്ചത്.
ആദ്യ ഉടമക്ക് 2019 -ലാണ് ഫ്ലൈറ്റ് ലഭിച്ചത്. ഇതുവരെ ഈ വിമാനത്തിന്റെ 100 -ൽ അധികം യൂണിറ്റുകൾ ഗള്‍ഫ് സ്ട്രീം വിറ്റിട്ടുണ്ട്. അത് കൂടാതെ ജോർജിയയിലെ സാവന്നയിൽ നിന്ന് ജനീവയിലേക്ക് വെറും 7.21 മണിക്കൂർ കൊണ്ട് പറന്നെത്തി റെക്കോർഡിട്ടിട്ടുണ്ട് ഈ മഹാൻ എന്നതും ശ്രദ്ധേയമാണ്.
ന്യൂയോർക്കിൽ നിന്ന് ദുബായിലേക്കും ലണ്ടനിൽ നിന്ന് ബീജിംഗ് വരെയും ലോസാഞ്ചലസിൽ നിന്ന് ഷാങ്ഹായ് വരെയും നിർത്താതെ പറക്കാനാകും ഈ അത്യാംഡബര വിമാനത്തിന് കഴിയും. കനേഡിയൻ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ 815 GA എന്ന എൻജിനാണ് ഈ ജെറ്റിന്റെ ഹൃദയം. രണ്ട് എഞ്ചിനുകളും 15680 പൗണ്ട് ത്രസ്റ്റ് വീതം നൽകും.
പറന്നുയരാൻ 5700 അടി റൺവേയും ലാൻഡ് ചെയ്യാൻ 3100 അടി റൺവേയും ജെറ്റിന് ആവശ്യമാണ്. കൂടാതെ 51000 അടി വരെ ഉയരത്തിൽ ഇതിന് പറക്കാനാകും. 94600 പൗണ്ട് അതായത് 42,909 കിലോഗ്രാം ഭാരം വരെ വച്ചുകൊണ്ട് പറന്നുയരാനും 76800 പൗണ്ട് (lbs)/ 34835 കിലോഗ്രാം ഭാരം വരെ വഹിച്ചു കൊണ്ട് ലാൻഡ് ചെയ്യാനും വിമാനത്തിന് കഴിയും.
നിലവിൽ വിപണിയിലുള്ള ബിസിനസ്, പ്രൈവറ്റ് ജെറ്റ് ഫ്ലൈറ്റുകളിൽ ഏറ്റവും നിശബ്ദമായ ക്യാബിനാണ് ഈ വിമാനത്തിന് എന്നാണ് കമ്പനിയുടെ അവകാശവാദം. ആഡംബരത്തിന്റെ കാര്യത്തിൽ മാത്രമല്ല, സുരക്ഷയിലും ഈ വിമാനം മുൻപന്തിയിലാണ്. ഏറെ പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഗള്‍ഫ് സ്ട്രീം സിമിറ്ററി ഫ്ലൈറ്റ് ഡക്കാണ് വിമാനത്തിന് ലഭിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ലോ വിസിബിലിറ്റിയിലും ലാൻഡ് ചെയ്യാൻ പറ്റുന്ന വളരെ നൂതനവും എൻഹാൻസിഡുമായ ഫ്ലൈറ്റ് വിഷൻ സിസ്റ്റവും വിമാനം ഉപയോഗിക്കുന്നു, അതുകൊണ്ട് തന്നെ എളുപ്പം ലാൻഡ് ചെയ്യാൻ സാധിക്കും. 19 പേർക്ക് വരെ ഇരുന്ന് യാത്ര ചെയ്യാനും 10 പേർക്ക് വരെ ഇതിൽ കിടക്കാനും പറ്റും. വിമാനത്തിൽ ഗൾഫ് സ്ട്രീം സിഗ്നേച്ചർ ഓവൽ ഷെയ്പ് വിന്റോകൾ 14 എണ്ണമുണ്ട്. ഏകദേശം 500 കോടി രൂപയോളമാണ് ഈ പുത്തൻ പ്രൈവറ്റ് ജെറ്റിന്റെ വില.
ദിവസ ചിട്ടിയിൽ നിന്നും തുടങ്ങിയ ബിസിനസ് ഐഡിയ വളർന്ന് ഇന്ന് രവി പിളളയുടെ വ്യവസായ സാമ്രാജ്യത്തിന് 250 കോടി ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് കണക്കുകൾ. കൺസ്ട്രക്ഷൻ, ഹോസ്പിറ്റാലിറ്റി, സ്റ്റീൽ, സിമന്റ് തുടങ്ങിയ വ്യവസായിക മേഖലകളിലാണ് ഇന്ന് ആർപി ഗ്രൂപ്പിന് സാന്നിധ്യമുള്ളത്. ആഡംബര ഹെലികോപ്റ്ററുകളുടെ രാജാവ് എന്ന് അറിയപ്പെടുന്ന എയര്‍ബസ് H 145 വരെ സ്വന്തമാക്കിയ ആദ്യ മലയാളിയും രവി പിള്ളയാണ്.
വിമാനങ്ങളുടെ കാര്യം പറയുമ്പോൾ ലോകത്തിലെ ഏറ്റവും ദൈർഘ്യം കൂടിയ വിമാന സർവീസ് ഏതെന്ന് അറിയാമോ. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസ് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍േറതാണ്. ഈ വിമാനം യുഎസിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ നിന്ന് 9,527 മൈല്‍ (15,300 കിലോമീറ്റര്‍) ദൂരം സഞ്ചരിച്ച് സിംഗപ്പൂരിലെ ചാനി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നു.
ലോകത്തിലെ ഏറ്റവും വേഗമേറിയ നോണ്‍-സ്റ്റോപ്പ് ഫ്ലൈറ്റിന്റെ ദൈര്‍ഘ്യം 18 മണിക്കൂറും 50 മിനിറ്റുമാണ്. നിങ്ങള്‍ക്ക് നാലോ അഞ്ചോ സിനിമകള്‍ ഉള്‍ക്കൊള്ളുന്ന ഏതെങ്കിലും ഫ്രാഞ്ചൈസിയുടെ മുഴുവന്‍ പടങ്ങളും ഈ സമയം കൊണ്ട് കണ്ടുതീര്‍ക്കാന്‍ സാധിക്കും. അതിന് ശേഷവും വിശ്രമിക്കാനും ഒന്ന് മയങ്ങാനും ധാരാളം സമയം ഉണ്ടാകും
യുഎസില്‍ നിന്ന് സിംഗപ്പൂരിലേക്ക് പറക്കുമ്പോള്‍ കിഴക്കോട്ട് നേര്‍രേഖയില്‍ സഞ്ചരിക്കുന്നതിനുപകരം അലാസ്‌കയ്ക്കും സൈബീരിയയ്ക്കും മുകളിലൂടെയാണ് വിമാനം സഞ്ചരിക്കുന്നത്. ഇക്കാരണം കൊണ്ടാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ഫ്ലൈറ്റ് റൂട്ട് വൈറലായത്. യുഎസില്‍ നിന്ന് ഏഷ്യയിലേക്ക് യാത്ര ചെയ്യുന്ന മിക്ക വിമാനങ്ങളും 'വളഞ്ഞ' വഴിയാണ് തെരഞ്ഞെടുക്കുന്നത്. ആ റൂട്ട് സുരക്ഷിതവും വേഗമേറിയതുമാണെന്നതാണ് കാരണം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications