ദക്ഷിണേന്ത്യയുടെ മുഖച്ഛായ മാറ്റാന്‍ പുതിയ അതിവേഗ പാത; ചെന്നൈ-ബാംഗ്ലൂര്‍ യാത്ര വെറും 2.5 മണിക്കൂറിൽ!
ഇന്ത്യയില്‍ അടിസ്ഥാന സൗകര്യ വികസനം ദ്രുതഗതിയിലാണ് പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള നിരവധി റോഡുകളാണ് അടുത്ത കാലത്തായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇപ്പോള്‍ ദക്ഷിണേന്ത്യയുടെ മുഖച്ഛായ തന്നെ മാറ്റാന്‍ പോകുന്ന ഒരു എക്‌സ്പ്രസ് ഹൈവേയുടെ കൂടി പ്രവൃത്തി പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ ഐടി ഹബായ ബെംഗളൂരുവിനെയും തമിഴ്‌നാട് തലസ്ഥാനമായ ചെന്നൈയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന എക്‌സ്പ്രസ് ഹൈവേയെ കുറിച്ചാണ് പറഞ്ഞ് വരുന്നത്.
262 കിലോമീറ്റര്‍ ദൂരമുള്ള നാലുവരി പാതയുടെ നിര്‍മാണം അടുത്ത വര്‍ഷം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിങ്ങനെ മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന അതിവേഗ പാത ബെംഗളൂരു-ചെന്നൈ യാത്രാ സമയം 2.5 മണിക്കൂറായി കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരു സംസ്ഥാന തലസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന എക്‌സ്പ്രസ് ഹൈവേ പദ്ധതി ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) നിര്‍മ്മിക്കുന്ന 26 പുതിയ ഗ്രീന്‍ എക്‌സ്പ്രസ് വേകളില്‍ ഒന്നാണ് ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് ഹൈവേ. 262 കിലോമീറ്റര്‍ ദൂരം വരുന്ന ഈ പാതയുടെ 106 കിലോമീറ്റര്‍ കര്‍ണാടകയിലൂടെയും 85 കിലോമീറ്റര്‍ തമിഴ്‌നാട്ടിലൂടെയും 71 കിലോമീറ്റര്‍ ആന്ധ്രയിലൂടെയുമാണ് കടന്ന് പോകുന്നത്.
കര്‍ണാടകയിലെ ഹോസ്‌കോട്ടെ, മാലൂര്‍, ബംഗാര്‍പേട്ട്, കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ് (KGF), ആന്ധ്രാപ്രദേശിലെ പലമനേര്‍, ചിറ്റൂര്‍, തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂര്‍, റാണിപേട്ട് എന്നിവയാണ് ഈ നാലുവരിപ്പാതയില്‍ കടന്ന് വരുന്ന പ്രധാന നഗരങ്ങള്‍. രാജ്യത്തെ രണ്ട് വമ്പന്‍ മെട്രോ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാത രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്കും വലിയ ഉത്തേജനം നല്‍കും. ഒപ്പം തന്നെ മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിലെ നിരവധി പട്ടണങ്ങളുടെ വികസനത്തിനും ഇത് നാന്നി കുറിക്കും.

ഹൈവേയുടെ പ്രവര്‍ത്തി NHAI മൂന്ന് ഘട്ടങ്ങളിലായാണ് തിരിച്ചിരിക്കുന്നത്. നിലവില്‍ പാതയുടെ പണി മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. എന്നിരുന്നാലും അടുത്ത വര്‍ഷം അവസാനത്തോടെ ഹൈവേ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022 മെയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ട പദ്ധതിക്ക് ഏകദേശം 16,700 കോടി രൂപയാണ് ചെലവ് വരുന്നത്. അതിവേഗ പാത രണ്ട് മെട്രോ നഗരങ്ങളെ മാത്രമല്ല അതിനിടെ വരുന്ന ചെറുനഗരങ്ങളെയും പട്ടണങ്ങളെയും സാമ്പത്തികമായി ശക്തിപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്.
കര്‍ണാടകയിലെയും ആന്ധ്രയിലെയും വ്യവസായ കേന്ദ്രങ്ങളെ ചെന്നൈ തുറമുഖവുമായി ഈ ഇടനാഴി ബന്ധിപ്പിക്കുകയും ചെയ്യും. നിലവിലെ സാഹചര്യത്തില്‍ ബെംഗളൂരുവില്‍ നിന്ന് റോഡ്മാര്‍ഗം ചെന്നൈയില്‍ എത്താന്‍ ശരാശരി അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെയാണ് സമയമെടുക്കുന്നത്. പുതിയ അതിവേഗ പാത വരുന്നതോടെ ബെംഗളൂരുവിനും ചെന്നൈയ്ക്കും ഇടയിലുള്ള ദൂരം 300 കിലോമീറ്ററില്‍ നിന്ന് 262 കിലോമീറ്ററായി കുറയും. ഇതോടെ യാത്രാ സമയം ഏകദേശം 2.5 മണിക്കൂറായി കുറയുമെന്നാണ് സൂചന.

ചെന്നൈ നഗരത്തില്‍ നിന്ന് എക്‌സ്പ്രസ് വേയിലേക്കുള്ള കണക്ടിവിറ്റി ഉറപ്പാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ പല്ലാവരം മേല്‍പ്പാലത്തെ ചെന്നൈ ബൈപാസുമായി തമ്പാരത്ത് ബന്ധിപ്പിക്കുന്ന ഒരു ഇടനാഴി ആസൂത്രണം ചെയ്യുന്നുണ്ട്. കൂടാതെ ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയില്‍ നിന്നും ഈസ്റ്റ് കോസ്റ്റ് റോഡില്‍ നിന്നും ജിഎസ്ടി റോഡിലേക്കുള്ള റോഡ് ബന്ധവും വര്‍ധിപ്പിക്കും.
മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിയുന്ന തരത്തിലാണ് എക്‌സ്പ്രസ് വേ പൂര്‍ത്തിയാക്കുക. അതിനാല്‍ തന്നെ ഇരുചക്ര വാഹനങ്ങളും മുച്ചക്ര വാഹനങ്ങളും എക്‌സ്പ്രസ്‌വേയില്‍ അനുവദിക്കാന്‍ സാധ്യതയില്ല. ഇക്കഴിഞ്ഞ മാര്‍ച്ച് 12-നാണ് ദക്ഷിണേന്ത്യയിലെ മറ്റ് രണ്ട് പ്രധാന നഗരങ്ങളായ മൈസൂരുവിനെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന എക്‌സ്പ്രസ് ഹൈവേ ഉദ്ഘാടനം ചെയ്തത്. 118 കിലോമീറ്റര്‍ നീളമുള്ള പാത 8,480 കോടി രൂപ മുടക്കിയാണ് ഹൈവേ അതോറിറ്റി പൂര്‍ത്തീകരിച്ചത്.
ബെംഗളൂരുവിനും മൈസൂരുവിനുമിടയിലുള്ള യാത്രാസമയം വെറും 75 മിനിറ്റായി കുറയ്ക്കാനാകുമെന്നതാണ് ഈ പുതിയ പാതയുടെ ഏറ്റവും വലിയ നേട്ടം. മുമ്പ് ബെംഗളൂരുവില്‍ നിന്ന് ചരിത്ര നഗരമായ മൈസൂരില്‍ എത്താന്‍ മൂന്ന് മണിക്കൂര്‍ സമയമെടുത്തിരുന്നു. ബെംഗളൂരുവില്‍ നിന്ന് മലബാറിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ ഉപകാരമായിരിക്കും ഈ റോഡ്.
Note: Images are representative purpose only


Click it and Unblock the Notifications








