ഇവി തലസ്ഥാനമെന്ന് വിളിക്കുന്നത് ചുമ്മാതല്ല! ഒറ്റദിവസം 13000+ ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റ നഗരം
ഇന്ത്യയുടെ 'ഇവി തലസ്ഥാനം' എന്ന് ബെംഗളൂരു നഗരത്തെ വിശേഷിപ്പിക്കുന്നത് വെറുതെയല്ലെന്ന് തെളിയിക്കുന്ന ഒരു സംഭവം കഴിഞ്ഞ ദിവസം അരങ്ങേറി. 2026 മാര്‍ച്ച് 31-ന് നഗരത്തിലെ വിവിധ ആര്‍ടിഒ (RTO) ഓഫീസുകളിലായി 13,000-ത്തിലധികം പുതിയ ഇലക്ട്രിക് വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. സാധാരണ ഗതിയില്‍ പ്രതിദിനം ശരാശരി 267 വാഹനങ്ങള്‍ മാത്രം രജിസ്റ്റര്‍ ചെയ്തിരുന്ന സ്ഥാനത്താണ് ഈ അവിശ്വസനീയമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. ഒറ്റ ദിവസം കൊണ്ട് ഇത്രയധികം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് രാജ്യത്തെ തന്നെ ആദ്യത്തെ സംഭവമാണ്. മുന്‍പത്തെ വില്‍പന കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 400 ശതമാനത്തിന്റെ വമ്പിച്ച വര്‍ദ്ധനവാണിത്.
വില്‍പ്പനയിലുണ്ടായ ഈ വമ്പന്‍ കുതിച്ചുചാട്ടത്തിന് പിന്നിലെ പ്രധാന കാരണം 2026 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ മോട്ടോര്‍ വാഹന നികുതി (ഭേദഗതി) നിയമമാണ്. പുതിയ നിയമപ്രകാരം ഇലക്ട്രിക് കാറുകള്‍ക്കും എസ്‌യുവികള്‍ക്കും ഏപ്രില്‍ ഒന്ന് മുതല്‍ നികുതി നല്‍കേണ്ടി വരും. സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കിയിരുന്ന 100 ശതമാനം നികുതി ഇളവ് ഭാഗികമായി നിര്‍ത്തലാക്കിയതാണ് അവസാന ദിവസം ഇത്ര തിക്കുംതിരക്കുമുണ്ടാകാന്‍ കാരണം.

പുതിയ നികുതി ഘടന അനുസരിച്ച്, 10 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 5 ശതമാനം റോഡ് ടാക്‌സ് നല്‍കണം. 10 മുതല്‍ 25 ലക്ഷം രൂപ വരെയുള്ളവയ്ക്ക് 8 ശതമാനവും, 25 ലക്ഷത്തിന് മുകളിലുള്ള വാഹനങ്ങള്‍ക്ക് 10 ശതമാനവുമാണ് നികുതി. ഈ അധിക സാമ്പത്തിക ബാധ്യത ഒഴിവാക്കാനാണ് ഉപഭോക്താക്കള്‍ മാര്‍ച്ച് 31-ന് തന്നെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മത്സരിച്ചത്.
ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളെ ലൈഫ് ടൈം റോഡ് ടാക്‌സില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും, നികുതി നിയമങ്ങളില്‍ മാറ്റം വരുമെന്ന വാര്‍ത്ത പരന്നതോടെ ഇരുചക്ര വാഹന വിപണിയിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്തവയില്‍ ഭൂരിഭാഗവും ഇലക്ട്രിക് സ്‌കൂട്ടറുകളാണെന്നതാണ് ശ്രദ്ധേയം.
നികുതി ലാഭിക്കുക എന്നതിലുപരി, ഇന്ധന വില വര്‍ദ്ധനവും ഉപഭോക്താക്കളെ ഇവികളിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. മിഡില്‍ ഈസ്റ്റിലെ രാഷ്ട്രീയ സാഹചര്യങ്ങളെ തുടര്‍ന്ന് ആഗോള തലത്തില്‍ അസംസ്‌കൃത എണ്ണവില വര്‍ദ്ധിക്കുന്നതും സംഘര്‍ഷം പെട്രോള്‍, ഡീസല്‍ ക്ഷാമത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ട്. ഇതോടെ ദീര്‍ഘകാലത്തേക്ക് പോക്കറ്റ് ചോരാതെ കൊണ്ടുനടക്കാവുന്ന ഇലക്ട്രിക് വാഹനങ്ങളിലേക്ക് കൂടുമാറുകയാണ് ധാരളമാളുകള്‍.
ബെംഗളൂരുവിലെ ഈ മാറ്റം സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള കണക്കുകളിലും പ്രതിഫലിക്കുന്നുണ്ട്. 2026 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ സംസ്ഥാനത്താകെ 54,379 ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 35,000 യൂണിറ്റുകള്‍ മാത്രമായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ 40 ശതമാനത്തിലധികം വളര്‍ച്ചയാണ് ഇലക്ട്രിക് വാഹന വിപണിയില്‍ സംസ്ഥാനം കൈവരിച്ചിരിക്കുന്നത്.
മാര്‍ച്ച് മാസത്തില്‍ മാത്രം കര്‍ണാടകയില്‍ ആകെ 24,000 ഇവി രജിസ്‌ട്രേഷനുകള്‍ നടന്നു. ഇതില്‍ പകുതിയിലധികവും ബെംഗളൂരു നഗരത്തില്‍ നിന്നായിരുന്നു. ഉപഭോക്താക്കള്‍ ഇപ്പോള്‍ നികുതി നിയമങ്ങളെ കുറിച്ചും ദീര്‍ഘകാല ചിലവുകളെ കുറിച്ചും കൂടുതല്‍ ബോധവാന്മാരാണെന്നത് കൂടി ഈ സംഭവം തെളിയിക്കുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ ഷോറൂമുകളിലും ആര്‍ടിഒ ഓഫീസുകളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
സാധാരണക്കാര്‍ മുതല്‍ പ്രൊഫഷണലുകള്‍ വരെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നത് വിപണിക്ക് വലിയ ഉണര്‍വേകുന്നു. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനമെന്നതിലുപരി സാമ്പത്തിക ലാഭത്തിനാണ് ഇന്ന് പലരും മുന്‍ഗണന നല്‍കുന്നത്. വരും മാസങ്ങളിലും ഇവി വിപണിയില്‍ സമാനമായ മുന്നേറ്റം തുടരുമെന്നാണ് വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നത്. രാജ്യത്തെ ഇവി വിപ്ലവത്തില്‍ സിലിക്കണ്‍ വാലി ഓഫ് ഇന്ത്യയെന്ന് അറിയപ്പെടുന്ന ബെംഗളൂരു നഗരം ഇനിയും നിര്‍ണായക പങ്കുവഹിക്കും.


Click it and Unblock the Notifications








