കർണാടകയിൽ വന്ദേ ഭാരത് എക്സ്പ്രസ്സ് അടുത്ത വർഷം ഓടിത്തുടങ്ങും; കേരളത്തിൽ എന്ന്?
കര്‍ണാടക സംസ്ഥാനത്തിനുള്ള ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് അടുത്ത വര്‍ഷം മാര്‍ച്ചോടെ ലഭിക്കുമെന്ന് കേന്ദ്രം. ബെംഗളൂരുവില്‍ നിന്ന് ഹുബ്ബള്ളിയിലേക്കായിരിക്കും അര്‍ധ അതിവേഗ തീവണ്ടിയായ വന്ദേ ഭാരത് എക്സ്പ്രസ് സര്‍വീസ് നടത്തുക. വെള്ളിയാഴ്ച ബെംഗളൂരുവില്‍ കര്‍ണാടക എംപിമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കേന്ദ്ര റെയില്‍വേ, ടെക്സ്റ്റൈല്‍ സഹമന്ത്രി ദര്‍ശന ജര്‍ദോഷ് ആണ് ഇക്കാര്യം അറിയിച്ചത്.

ഈ സെഗ്മെന്റില്‍ ട്രാക്ക് ഇരട്ടിപ്പിക്കല്‍ നടക്കുന്നതായും അതിവേഗ ട്രെയിന്‍ 2023 മാര്‍ച്ചോടെ പ്രവര്‍ത്തനത്തിന് തയ്യാറാകുമെന്നും സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ സഞ്ജീവ് കിഷോര്‍ പറഞ്ഞു. കര്‍ണാടകയില്‍ നിന്നുള്ള ബിജെപിയുടെ രാജ്യസഭാംഗം ലഹര്‍ സിംഗ് സിറോയയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സൗത്ത് ഹുബ്ബള്ളിക്കും ഹാവേരിക്കും ഇടയില്‍ 45 കിലോമീറ്ററിലധികം പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തീകരിക്കാനുണ്ടെന്ന് എസ്ഡബ്ല്യുആര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വര്‍ഷാവസാനത്തോടെ പ്രവൃത്തി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023 മാര്‍ച്ചോടെ ലൈനിന്റെ വൈദ്യുതീകരണം SWR ലക്ഷ്യമിടുന്നു.

വന്ദേ ഭാരത് എക്‌സ്പ്രസ് കേരളത്തിനും ലഭിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. തിരുവനന്തപുരം ഡിവിഷനില്‍ നിന്നായിരിക്കും സര്‍വീസ്. തീവണ്ടി സര്‍വീസുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

1,128 യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന 16 പാസഞ്ചര്‍ കാറുകളാണ് ഒരു തീവണ്ടിയില്‍ ഉണ്ടാകുക. രണ്ടു റേക്കുകള്‍ നിര്‍ത്തിയിടാനും അറ്റകുറ്റപ്പണി നടത്താനുമുള്ള സൗകര്യം തിരുവനന്തപുരത്ത് ഒരുക്കണമെന്നാണ് ബോര്‍ഡിന്റെ നിര്‍ദേശം. കേരളത്തിലെ പാതകള്‍ അനുസരിച്ച് നിലവിലെ വേഗതയില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ഓടിക്കാന്‍ കഴിയില്ല. വേഗത്തില്‍ കുറവ് വരുത്തിയാലും കേരളത്തിലൂടെ തീവണ്ടിയോടിക്കണമെന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം.

വന്ദേ ഭാരത് ട്രെയിന്‍ നിര്‍മാണം ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് നടക്കുന്നത്. തിരുവനന്തപുരം ഡിവിഷന് രണ്ടാംഘട്ടത്തിലേ ട്രെയിന്‍ ലഭിക്കുകയുള്ളൂ. ദക്ഷിണ റെയില്‍വേക്ക് കീഴില്‍ ചെന്നൈ (6), കോയമ്പത്തൂര്‍ (3), തിരുച്ചിറപ്പള്ളി (2), തിരുവനന്തപുരം (2) എന്നിവിടങ്ങളിലാണ് വന്ദേ ഭാരത് റേക്കുകള്‍ അനുവദിക്കുക.

മുംബൈ അഹമ്മദാബാദ് പാതയില്‍ വന്ദേഭാരത് എക്‌സ്പ്രസ് ഈ മാസം 30 മുതല്‍ സര്‍വീസ് തുടങ്ങാനിരിക്കുകയാണ്. ട്രെയിനിന്റെ പരീക്ഷണയോട്ടങ്ങള്‍ അടുത്തിടെ വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. ഗുജറാത്തിലെ ഗാന്ധിനഗര്‍ സ്‌റ്റേഷനില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വീസിന് പച്ചക്കൊടി ഉയര്‍ത്താനാണ് സാധ്യത. എസി ചെയര്‍, പ്രീമിയം വിഭാഗത്തിലുളള എക്‌സിക്യൂട്ടീവ് ചെയര്‍ എന്നിങ്ങനെ രണ്ടു ക്ലാസുകളാണുള്ളത്.

പരീക്ഷണ ഘട്ടത്തില്‍ ഒരു റെക്കോഡ് സ്വന്തമാക്കി പുതിയ വന്ദേഭാരത് എക്സ്പ്രസ് വീണ്ടും ചര്‍ച്ചയായിരുന്നു. വെറും 52 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിച്ചാണ് ട്രെയിന്‍ റെക്കോര്‍ഡിട്ടത്. പഴയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളെ അപേക്ഷിച്ച് ഈ ട്രെയിനിന് ഈ സ്പീഡിലെത്താന്‍ 2.6 സെക്കന്‍ഡ് കുറഞ്ഞ സമയം മതി.

അടുത്ത വര്‍ഷം സ്വാതന്ത്ര്യദിനത്തോടെ ഇന്ത്യയില്‍ മൊത്തം 75 വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ ട്രാക്കിലിറക്കാനാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം ലക്ഷ്യമിടുന്നത്. രാജ്യത്തെ മൂന്നാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനാണ് മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ സര്‍വീസ് നടത്താന്‍ പോകുന്നത്.

പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറില്‍ 180 കിലോമീറ്ററായിരിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇത് പഴയ ട്രെയിനിനേക്കാള്‍ 20 കിലോമീറ്റര്‍ കൂടുതലാണ്. മുംബൈക്കും അഹമ്മദാബാദിനുമിടയിലാണ് പുതിയ ട്രെയിന്‍ പരീക്ഷണയോട്ടം നടത്തിയത്.

പുതിയ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ പരീക്ഷണയോട്ടം സെപ്റ്റംബര്‍ ഒമ്പത് വെള്ളിയാഴ്ച നടന്നു. ഈ ട്രെയിന്‍ 492 കിലോമീറ്റര്‍ വെറും 5 മണിക്കൂര്‍ 10 മിനിറ്റ് കൊണ്ട് പിന്നിട്ടു. അതേസമയം ശതാബ്ദി ട്രെയിനിന് ഇതേ റൂട്ടില്‍ യാത്ര പൂര്‍ത്തിയാക്കാന്‍ 6 മണിക്കൂര്‍ 20 മിനിറ്റ് എടുക്കും. രാവിലെ 7.06ന് അഹ്‌മദാബാദില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ രണ്ടു മണിക്കൂര്‍ 32 മിനിറ്റ് കൊണ്ട് സൂറത്തിലെത്തി. അതേസമയം ഈ ദൂരം ഓടിയെത്താന്‍ ശതാബ്ദി എക്സ്പ്രസ് മൂന്ന് മണിക്കൂര്‍ എടുക്കും.

പരീക്ഷണ പ്രക്രിയയില്‍, മണിക്കൂറില്‍ 180 കി.മീ വേഗവും മൊത്തം 15,000 കി.മീ ട്രാക്കും പരീക്ഷിച്ചു. ഇതില്‍ ഡൈനാമിക്, സ്റ്റാറ്റിക്, ലോഡ് ടെസ്റ്റ്, ഓസിലേഷന്‍ ട്രയലുകള്‍ എന്നിവ നടത്തി. വരും കാലങ്ങളില്‍ ഐസിഎഫ് ഇത്തരം കൂടുതല്‍ ട്രെയിനുകള്‍ നിര്‍മ്മിക്കും. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ എല്ലാ സംസ്ഥാനങ്ങളെയും ഉള്‍ക്കൊള്ളുന്ന തരത്തില്‍ 475 ട്രെയിനുകള്‍ നിര്‍മ്മിക്കും.

ഐസിഎഫിന് പുറമെ കപൂര്‍ത്തലയിലെ റെയില്‍ കോച്ച് ഫാക്ടറിയിലും റായ്ബറേലിയിലെ മോഡേണ്‍ കോച്ച് ഫാക്ടറിയിലും വന്ദേ ഭാരത് ട്രെയിന്‍ നിര്‍മ്മിക്കും. പ്രതിമാസം 7 വന്ദേ ഭാരത് ട്രെയിനുകളുടെ ശേഷി ICF നിലനിര്‍ത്തുന്നു. നേരത്തെ അവതരിപ്പിച്ച ട്രെയിനുകളില്‍ ഇല്ലാതിരുന്ന മികച്ച വെന്റിലേഷനും എയര്‍ കണ്ടീഷനിംഗ് നിയന്ത്രണവും വരും വര്‍ഷങ്ങളില്‍ ഈ ട്രെയിനില്‍ ഒരുക്കും.

ന്യൂഡല്‍ഹി- വാരാണസി, ന്യൂഡല്‍ഹി- കത്ര റൂട്ടുകളിലാണ് നിലവില്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. 2019 ഫെബ്രുവരിയിലാണ് ഇന്ത്യയുടെ ആദ്യ തദ്ദേശനിര്‍മിത സെമി ഹൈസ്പീഡ് തീവണ്ടിയായ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചത്. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ വെച്ചായിരുന്നു ഫ്‌ലാഗ് ഓഫ്. 9.45 മണിക്കൂര്‍ കൊണ്ട് സര്‍വീസ് പൂര്‍ത്തിയാക്കും. യാത്രയ്ക്കിടയില്‍ കാണ്‍പൂരിലും അലഹാബാദിലും 40 മിനിട്ട് വീതമുള്ള ഇടവേളകള്‍ സഹിതമാണ് ഈ യാത്രാസമയം.


Click it and Unblock the Notifications








