'ദൂരം ഇനി സമയത്തില്‍ കണക്കാക്കണ്ട'; ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കപാത ബെംഗളൂരുവില്‍ വരുന്നു
ഒരു തവണയെങ്കിലും ഇന്ത്യയുടെ ഐടി ഹബായ ബെംഗളൂരു സന്ദര്‍ശിച്ചവര്‍ മെട്രോ നഗരത്തിലെ ഗതാഗതക്കുരുക്കിന്റെ കഷ്ടത അനുഭവിച്ച് കാണും. ബെംഗളൂരു നഗരത്തില്‍ ജീവിക്കുന്നവര്‍ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പുറപ്പെടുമ്പോള്‍ ദൂരം കിലോമീറ്ററിലല്ല സമയത്തിലാണ് കണക്കുകയെന്ന് പറയാറുണ്ട്. വിശദീകരിച്ച് പറഞ്ഞാല്‍ ബെംഗളൂരുവിലെ ബ്രിഗേഡ് റോഡില്‍ നിന്ന് കോറമംഗല വരെ എത്ര കിലോമീറ്റര്‍ ആണെന്ന് ചോദിച്ചാല്‍ പലര്‍ക്കും കൃത്യമായി പറയാന്‍ സാധിച്ച്‌കൊള്ളണമെന്നില്ല.
എന്നാല്‍ ബാംഗ്ലൂരിയന്‍സിനോട് ചോദിച്ചാല്‍ ട്രാഫിക്ക് ഇല്ലാത്ത സമയത്ത് 15 മിനിറ്റ് ട്രാഫിക്ക് ഉള്ളപ്പോള്‍ 30 മിനിറ്റ് എന്നായിരിക്കും മറുപടി. ഇത്രയും പറഞ്ഞത് എന്തിനാണെന്ന് ചോദിച്ചാല്‍ വൈകാതെ ഈ അവസ്ഥകള്‍ക്ക് മാറ്റം വരാന്‍ പോകുകയാണ്. ബെംഗളൂരു നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റാന്‍ പോകുന്ന തുരങ്കപാത പദ്ധതിയെ കുറിച്ചാണ് പറയുന്നത്. കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ വമ്പന്‍ മാറ്റങ്ങള്‍ വരുത്താന്‍ പോകുന്നത്.

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കം പാതയാണ് ബെംഗളൂരുവില്‍ ഒരുങ്ങാന്‍ പോകുന്നത്. ബെംഗളൂരുവില്‍ 99 കിലോമീറ്റര്‍ നീളമുള്ള ടണല്‍ ഹൈവേ നിര്‍മ്മിക്കാനാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്ക ശൃംഖലകളിലൊന്നാകും ഇത്. നഗരത്തിലെ തിരക്കേറിയ റോഡുകള്‍ക്ക് സമാന്തരമായി തുരങ്കപാതകളുടെ നിര്‍മാണം പ്രാഥമിക ചര്‍ച്ചകളിലാണെങ്കിലും ഇത് യാഥാര്‍ത്ഥ്യമായാല്‍ ബെംഗളൂരു നഗരം വേറെ ലെവല്‍ ആയി മാറും.
നേരത്തേ നഗരത്തിനെ ചുറ്റി നിര്‍മിക്കാന്‍ ലക്ഷ്യമിട്ട എലിവേറ്റഡ് കോറിഡോര്‍ പദ്ധതിക്ക് പകരമായാണ് തുരങ്കപാത പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. എലിവേറ്റഡ് കോറിഡോര്‍ പദ്ധതിയില്‍ നഗരത്തിലെ പ്രധാനമേഖലകളെ ബന്ധിപ്പിച്ച് മൂന്നു പാതകളാണ് ഉള്‍പ്പെടുത്തിയിരുന്നത്. യെലഹങ്ക- സില്‍ക്ക് ബോര്‍ഡ് ജംഗ്ഷന്‍, കെആര്‍ പുരം-ഗൊരഗുണ്ഡെ പാളയ, വര്‍ത്തൂര്‍ കോടി-ജ്ഞാനഭാരതി എന്നീ പാതകളാണ് ലക്ഷ്യമിട്ടിരുന്നത്. ഇതേ റൂട്ടുകളിലാകും തുരങ്കപാതകളും.

എലിവേറ്റഡ് കോറിഡോര്‍ പദ്ധതിയേക്കാന്‍ വേഗത്തില്‍ തുരങ്കപാത പദ്ധതി നടപ്പിലാക്കാന്‍ കഴിയുമെന്നും വിലയിരുത്തപ്പെടുന്നു.തുരങ്ക പദ്ധതിക്ക് മൂന്ന് കണക്ടിംഗ് കോറിഡോറുകളും ഉണ്ടാകും സെന്റ് ജോണ്‍ ഹോസ്പിറ്റല്‍ ജംഗ്ഷന്‍ മുതല്‍ അഗാര റോഡ് വരെയാണ് ആദ്യത്തേത്. കിഴക്ക് മുതല്‍ പടിഞ്ഞാറ് വരെയുള്ള ഇടനാഴികള്‍ ആയിരിക്കും രണ്ടാമത്തത്. വീലേഴ്സ് റോഡ് ജംഗ്ഷന്‍ മുതല്‍ ഔട്ടര്‍ റിംഗ് റോഡിലെ കല്യാണ്‍നഗര്‍ വരെയാകും മൂന്നാമത്തേത്.
50 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതിയുടെ ആദ്യഘട്ടത്തിനായി 22,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് ഹെബ്ബാളിനെയും കെആര്‍ പുരത്തെയും കന്റോണ്‍മെന്റിനെയും സില്‍ക്ക് ബോര്‍ഡിനെയും ബന്ധിപ്പിക്കും. സെന്റ് ജോണ്‍സ് റോഡ്, ഹലാസുരു, മെഹ്ക്രി സര്‍ക്കിള്‍, ജയമഹല്‍ റോഡ്, ഓള്‍ഡ് മദ്രാസ് റോഡ്, കെആര്‍ പുരം വഴിയാണ് ഒന്നാം ഘട്ട പാത കടന്നുപോകുന്നത്. കന്റോണ്‍മെന്റ്-സില്‍ക്ക് ബോര്‍ഡ് പാത ബാലെകുന്ദ്രി, ഡബിള്‍ റോഡ്, ലാല്‍ ബാഗ്, ഹൊസൂര്‍ റോഡ് വഴി കടന്നുപോകും.
നിര്‍ദ്ദിഷ്ട പദ്ധതി പ്രകാരം താഴെയും മുകളിലുമായുള്ള ഡെക്കുകളായി ഇരുദിശയിലായിരിക്കും തുരങ്കം. കൂടാതെ ഇരുചക്രവാഹനങ്ങള്‍ക്ക് മുകളിലെ ഡെക്കില്‍ ഇരുവശങ്ങളിലേക്കും സഞ്ചരിക്കാന്‍ ബാരിക്കേഡുള്ള സംവിധാനവും ഏര്‍പ്പെടുത്തും. ബെംഗളൂരു ടണല്‍ പ്രൊജക്ടിന്റെ സാധ്യതാ പഠനം ഉടന്‍ ആരംഭിക്കും. ഒരു കിലോമീറ്റര്‍ തുരങ്കം സ്ഥാപിക്കുന്നതിന് ഏകദേശം 450 കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാന്‍ കഴിയുമെന്നും വിലയിരുത്തലുണ്ട്. സര്‍ക്കാര്‍ ഭാഗികമായി ഫണ്ട് നല്‍കുകയും ടോളിലൂടെ അത് തിരിച്ച് പിടിക്കുകയും ചെയ്യും. ബംഗളൂരു വികസനത്തിന്റെ കൂടി ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറാണ് ഈ ആശയം മുന്നോട്ടുവെച്ചത്. ഇത്തരത്തിലുള്ള പാതകള്‍ നിര്‍മിക്കുന്നതില്‍ വൈദഗ്ധ്യമുള്ള എയ്കോം എന്ന കമ്പനിയുമായി ഇതുസംബന്ധിച്ച് കര്‍ണാടക സര്‍ക്കാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
എയ്കോമായിരുന്നു നേരത്തെ എലിവേറ്റഡ് കോറിഡോര്‍ പദ്ധതിയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കിയിരുന്നത്. പരിസ്ഥിതി നാശം ചൂണ്ടിക്കാട്ടി എതിര്‍പ്പുയര്‍ന്നതിനാലാണ് എലിവേറ്റഡ് കോറിഡോര്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സാധിക്കാതിരുന്നത്. എന്നാല്‍ പല വിദേശരാജ്യങ്ങളിലും ഫലപ്രദമായി നടപ്പാക്കിയ തുരങ്കപാത പദ്ധതിക്ക് വലിയ എതിര്‍പ്പുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
Note: Images are representative purpose only.


Click it and Unblock the Notifications








