3.3 കോടിയുടെ ബെന്റ്‌ലി വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍! ഉടമ പ്രമുഖ സിനിമ നിര്‍മാതാവോ?
ഇന്ത്യയിലെ മഹാനഗരങ്ങളിലും മറ്റും വില കൂടിയ ലക്ഷ്വറി കാറുകളും സൂപ്പര്‍ കാറുകളും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെടുന്നത് അപൂര്‍വമായ കാഴ്ചയല്ല. പൂനെയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു ബെന്റ്ലി ആര്‍നേജിന്റെ ചിത്രങ്ങള്‍ അടുത്തിടെ ഓണ്‍ലൈനില്‍ കണ്ടിരുന്നു. അതുപോലെ, ഒരു മെര്‍സിഡീസ് ബെന്‍സ് W220 S600 ലിമോസിന്‍ ഉപേക്ഷിച്ച ചിത്രങ്ങളും ഇന്റനെറ്റില്‍ വൈറലായിരുന്നു. പല കാരണങ്ങള്‍ കൊണ്ടാണ് അവ ഉടമകള്‍ വഴിയരികിലോ പാര്‍ക്കിംഗ് ലോട്ടിലോ ഉപേക്ഷിക്കുന്നത്. വാഹനപ്രേമികളെ സംബന്ധിച്ച് ഇത് ഒരു സങ്കടക്കാഴ്ചയാണ്. കാരണം കാര്‍ എന്നത് ഇന്നും സ്വപ്‌നമായി കൊണ്ടുനടക്കുന്ന കോടിക്കണക്കിനാളുകള്‍ രാജ്യത്തുണ്ട്. ഇപ്പോള്‍ കോടികള്‍ വിലമതിക്കുന്ന ബെന്റ്‌ലി ആഡംബര കാര്‍ ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ടിരിക്കുകയാണ്.
പ്രത്യേകത എന്തെന്നാല്‍ കേരള രജിസ്‌ട്രേഷനിലുള്ള കാറാണ് ഇത്. ഓട്ടോ ലക്ഷ്വറി ഇന്‍ ഇന്ത്യ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഉപേക്ഷിക്കപ്പെട്ട ബെന്റ്‌ലി കോണ്ടിനെന്റല്‍ GT കൂപ്പെയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. മുംബൈയിലാണ് ഈ കാര്‍ കാണപ്പെട്ടതെന്നാണ് സൂചന. ഈ കാര്‍ പല ഇടങ്ങളിലായി കണ്ടതായി ചിലര്‍ പറയുന്നുണ്ട്. കേരള നമ്പര്‍പ്ലേറ്റുള്ള കാര്‍ ഉപേക്ഷിച്ച നിലയിലുള്ള ചിത്രം ഇന്‍സ്റ്റയില്‍ പ്രചരിച്ചതോടെ കമന്റ് ബോക്‌സില്‍ നിറയെ മലയാളികളാണ്.

വൈക്കം രജിസ്‌ട്രേഷനിലുള്ള (KL 36) ഈ കാറിന്റെ ഉടമയാരാണെന്നും നെറ്റിസണ്‍സ് കമന്റ് ഇടുന്നു. പ്രമുഖ മലയാള സിനിമ നിര്‍മാതാവായ ജോബി ജോര്‍ജിന്റെ കാറാണ് ഇതെന്ന് ഒത്തിരി പേര്‍ വന്‍ ആത്മവിശ്വാസത്തോടെ കമന്റിടുന്നു. മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍, ഷൈലോക്ക്, സുരേഷ് ഗോപിയുടെ കാവല്‍ എന്നീ ചിത്രങ്ങളുടെ നിര്‍മാതാവാണ് ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ജോബി. വെയില്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന്‍ ഷെയ്ന്‍ നിഗത്തെ വിലക്കിയപ്പോള്‍ വളരെയധികം ഉയര്‍ന്ന് കേട്ട പേര് കൂടിയായിരുന്നു ജോബിയുടേത്.
സിനിമാ നിര്‍മാണം കൂടാതെ തീയറ്റര്‍, ബസുകള്‍ തുടങ്ങിയവ സ്വന്തമായുള്ള ജോബിക്ക് വിലകൂടിയ കാറുകളുടെ തന്നെയുണ്ടെന്നാണ് അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുക. റോള്‍സ് റോയ്സ്, ലംബോര്‍ഗിനി ഉറൂസ്, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ എസ്‌യുവി, ലെക്‌സസ് ലക്ഷ്വറി എസ്‌യുവി എന്നിവയുടെ ചിത്രങ്ങള്‍ അദ്ദേഹം ഇന്‍സ്റ്റയില്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ കമന്റുകളില്‍ പറയുന്നത് പോലെ ജോബിയുടെ ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ഉടമസ്ഥതയിലുള്ളതാണോ ഈ ഉപേക്ഷിക്കപ്പെട്ട കാര്‍?.

കാറിന്റെ ഉടമയെ ഓണ്‍ലൈനായി തപ്പിയപ്പോള്‍ ഇത് ഇപ്പോള്‍ ജോബിയുടേത് അല്ലെന്നാണ് മനസ്സിലാകുന്നത്. ഇപ്പോള്‍ സെക്കന്‍ഡ് ഓണറുടെ പേരിലാണ് കാര്‍ ഉള്ളത്. അതായത് ഈ കാര്‍ വാങ്ങിയ ജോബി വര്‍ഷങ്ങള്‍ക്ക് മുമ്പേ മറ്റൊരാള്‍ക്ക് വിറ്റതാകാം. കാറിന്റെ നിലവിലെ ഉടമയാകാം ഇത് വഴിയരികില്‍ ഉപേക്ഷിച്ച് പോയത്. മുംബൈയില്‍ ഒരു ഫൈ്‌ലഓവറിന് താഴെ പാര്‍ക്ക് ചെയ്തതായാണ് കാണപ്പെടുന്നത്.
കാറിന്റെ ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇതിന്റെ ഫ്രണ്ട് ബമ്പറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ബമ്പറിലെ ഹെഡ്‌ലൈറ്റ് വാഷറും കാണാനില്ല. ഇതല്ലാതെ ബ്ലാക്ക് ആന്‍ഡ് കോപ്പര്‍ ഫിനിഷിലുള്ള കാറിന് മറ്റ് പ്രശ്‌നങ്ങള്‍ ഉള്ളതായി ഒറ്റനോട്ടത്തില്‍ തോന്നുന്നില്ല. ഏതായാലും കോടികള്‍ വിലമതിക്കുന്ന ഈ കാര്‍ വഴിയില്‍ ഉപേക്ഷിച്ച് പോകാന്‍ ഉടമയെ പ്രേരിപ്പിച്ച കാരണം എന്തായാലും വ്യക്തമല്ല.

മുംബൈയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ടത് ഒരു 2004 മോഡല്‍ ബെന്റ്‌ലി കോണ്ടിനെന്റല്‍ GT 2-ഡോര്‍ സ്‌പോര്‍ട്‌സ് കൂപ്പെയാണ്. 552 bhp പവറും 650 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 6.0 ലിറ്റര്‍ W12 എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. എഞ്ചിനുമായി ജോടിയാക്കിയ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് കൂടാതെ നാല് വീലുകളിലേക്കും പവര്‍ അയയ്ക്കുന്നു.
2004-ല്‍ വിപണിയില്‍ എത്തിയപ്പോള്‍ ഏകദേശം 3.3 കോടി രൂപയായിരുന്നു ബെന്റ്ലിയുടെ ഈ 2-ഡോര്‍ 4-സീറ്റര്‍ സ്പോര്‍ട്സ് കൂപ്പെയുടെ എക്സ്ഷോറൂം വില. ഇത്രയും വിലയുള്ള കാര്‍ ഉപേക്ഷിച്ച് പോകാന്‍ മാത്രം മനക്കട്ടിയുള്ള ഉടമ ഏതായാലും ചില്ലറക്കാരനല്ലെന്നാണ് നെറ്റിസണ്‍സ് പറയുന്നത്. കോടികള്‍ വിലമതിക്കുന്ന കാര്‍ ഉപേക്ഷിക്കാനുള്ള കാരണം ഞങ്ങളുടെ വായനക്കാര്‍ക്ക് ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ അത് കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കുക.


Click it and Unblock the Notifications








