ഇനി തലവേദനയില്ല; പഴയ വാഹനങ്ങള്‍ക്കും ബി.എച്ച്. സീരീസിലേക്ക് മാറാം
കേന്ദ്ര സര്‍ക്കാര്‍ വാഹന രജിസ്‌ട്രേഷനായി ഏര്‍പ്പെടുത്തിയ ഭാരത് സീരീസ് (ബി.എച്ച്. രജിസ്‌ട്രേഷന്‍) കൂടുതല്‍ ഉദാരമാക്കുകയാണ്. നിലവില്‍ പുതിയ വാഹനങ്ങള്‍ക്ക് മാത്രമാണ് ബി.എച്ച്. രജിസ്‌ട്രേഷന്‍ നല്‍കുന്നതെങ്കില്‍ ഇനി മുതല്‍ പഴയ വാഹനങ്ങള്‍ക്കും ബി.എച്ച്. സീരീസിലേക്ക് മാറാനുള്ള സംവിധാനം ഒരുക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് അറിയിച്ചു.
ഡിസംബര്‍ പതിനാലാം തീയതിയാണ് ഇത് സംബന്ധിച്ച് നിര്‍ദേശം പുറപ്പെടുവിച്ചത്. പുതുതായി രജിസ്‌ട്രേഷന് എത്തുന്ന വാഹനങ്ങള്‍ മാത്രം ബി.എച്ച്. രജിസ്‌ട്രേഷന്‍ നല്‍കിയാല്‍ മതിയെന്ന വ്യവസ്ഥയില്‍ മാറ്റം വരുത്തിയാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങള്‍ക്കും ബി.എച്ച്. രജിസ്‌ട്രേഷനിലേക്ക് മാറാന്‍ അനുമതി നല്‍കുന്നത്. ഇതിനുപുറമെ, ബി.എച്ച്. സീരീസ് വാഹനങ്ങളുടെ ഉടമസ്ഥാവകാശം വ്യക്തികള്‍ക്ക് കൈമാറ്റം ചെയ്യാനും സാധിക്കുമെന്നാണ് പുതുതായി ഇറക്കിയ നിര്‍ദേശത്തില്‍ പറയുന്നത്.

വാഹനത്തില്‍ ബി.എച്ച്. രജിസ്‌ട്രേഷന്‍ നല്‍കാന്‍ ഉദേശിക്കുന്നവര്‍ക്ക് അവര്‍ ജോലി ചെയ്യുന്ന സ്ഥലത്തിന്റെയോ താമസ സ്ഥലത്തിന്റെയോ മേല്‍വിലാസത്തില്‍ അപേക്ഷിക്കാന്‍ കഴിയും. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് വര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാകും. അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സര്‍വീസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചും പുതിയ വാഹനങ്ങള്‍ക്കും പഴയ വാഹനങ്ങള്‍ക്കും ബി.എച്ച്. രജിസ്‌ട്രേഷന്‍ നേടാം.
കേന്ദ്രസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സൈനികര്‍, അഞ്ചു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലെ ജീവനക്കാര്‍ തുടങ്ങി ബി.എച്ച്. രജിസ്‌ട്രേഷന് അര്‍ഹതയുള്ളവര്‍ക്കെല്ലാം സൗകര്യം ഉപയോഗിക്കാം. ഒന്നിലധികം സംസ്ഥാനങ്ങളില്‍ ജോലിചെയ്യേണ്ടിവരുന്നവര്‍ക്ക് വ്യത്യസ്ത രജിസ്‌ട്രേഷന്‍ കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ബി.എച്ച്. രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയത്. 15 സംസ്ഥാനങ്ങളില്‍ ഈ സംവിധാനം നടപ്പാക്കിയിട്ടുണ്ട്.
ബി.എച്ച്. രജിസ്‌ട്രേഷന്‍ നടപ്പാക്കിയെങ്കിലും വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റത്തിനുള്ള വ്യവസ്ഥയില്ലായിരുന്നു. അര്‍ഹതയുള്ളവര്‍ വാങ്ങിയാല്‍മാത്രമേ ബി.എച്ച്. രജിസ്‌ട്രേഷന്‍ നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ. ജീവനക്കാര്‍ നല്‍കേണ്ട സാക്ഷ്യപത്രത്തിന്റെ (ഫോം60) മാതൃകയും കരട് വിജ്ഞാപനത്തിലുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്ന മലയാളികള്‍ക്ക് പുതിയ നിര്‍ദേശം പ്രയോജനകരമാണ്.
സൈനികർ, പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ടവർ, പൊതുമേഖലാ സ്ഥാപനങ്ങളിലെയും കേന്ദ്ര, സംസ്ഥാന ഓഫിസുകളിലെയും ജീവനക്കാർ, നാലോ അതിലേറെയോ സംസ്ഥാനങ്ങളിൽ ഓഫിസുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർ എന്നിവർക്ക് മാത്രമേ BH ജിസ്ട്രേഷൻ നേരത്തെ ലഭ്യമായിരുന്നുള്ളൂ. BH സീരീസ് നമ്പരുള്ള വാഹനങ്ങൾക്ക് പുതിയ രജിസ്ട്രേഷനോ അതത് ഗതാഗത വകുപ്പുകളിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റോ തേടാതെ രാജ്യത്തിന്റെ ഏത് സംസ്ഥാനത്ത് വേണമെങ്കിലും വാഹനം ഓടിക്കാൻ കഴിയും എന്നതാണ് പ്രത്യേകത.
നിലവിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനം മറ്റേത് സംസ്ഥാനത്തും പരമാവധി 12 മാസം മാത്രമാണ് ഉപയോഗിക്കാനാവുന്നത്. ഇതിനുശേഷവും വാഹനം മറ്റൊരു സംസ്ഥാനത്ത് ഉപയോഗിക്കണമെങ്കിൽ 12 മാസം കഴിയുന്നതിന് മുമ്പ് ഉടമ വാഹനം ആ സംസ്ഥാനത്തേക്ക് റീരജിസ്‌ട്രേഷൻ ചെയ്യണം. ഏതു സംസ്ഥാനത്താണോ വാഹനം രജിസ്ട്രര്‍ ചെയ്തത് അവിടെ നിന്നുള്ള എൻഒസി സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. ഈ നൂലാമാലകൾ ഒഴിവാക്കാനാണ് BH സീരീസ് നടപ്പിലാക്കിയത്. പുതിയ ഭേദഗതി അനുസരിച്ച് മറ്റാളുകൾക്കും BH രജിസ്ട്രേഷനിലുള്ള വാഹനം കൈമാറാനും സാധിക്കും.
ഇതിനായി വാഹന ഉടമ സ്വമേധയാ തെരഞ്ഞെടുത്ത BH സീരീസിന് കീഴിലുള്ള വാഹനത്തിന്റെ രജിസ്ട്രേഷനായുള്ള അപേക്ഷ, വാഹന ഉടമയ്ക്ക് സ്ഥിര താമസമോ സ്ഥലമോ ഉള്ള സംസ്ഥാനത്തെ ഏതെങ്കിലും രജിസ്ട്രേഷൻ അതോറിറ്റിക്ക് സമർപ്പിക്കേണ്ടതാണ്. ജോലിയും രജിസ്ട്രേഷൻ രേഖയും പോർട്ടലിലൂടെ ക്രമരഹിതമായി, ഫോം 60 അല്ലെങ്കിൽ ഔദ്യോഗിക തിരിച്ചറിയൽ കാർഡിൽ വർക്കിംഗ് സർട്ടിഫിക്കറ്റ് പരിശോധിച്ചതിന് ശേഷമായിരിക്കും രജിസ്ട്രേഷൻ അതോറിറ്റി വഴി സൃഷ്ടിക്കപ്പെടുക. അതായത് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞ വാഹനം നിശ്ചിത നികുതി അടച്ചാൽ BH രജിസ്ട്രേഷനിലേക്കു മാറ്റാനും സൗകര്യമൊരുക്കും.
ഇപ്പോൾ BH സീരീസിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾ രണ്ട് വർഷത്തേക്ക് അല്ലെങ്കിൽ 4, 6, 8 വർഷത്തേക്കാണ് റോഡ് ടാക്‌സ് അടക്കേണ്ടത്. ഇത് ഉടമയ്ക്ക് തീരുമാനിക്കാം. അതേസമയം സ്വകാര്യ വാഹനങ്ങൾ നിലവിൽ ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുമ്പോൾ, ഉടമകൾ 15 വർഷത്തെ റോഡ് നികുതി മുൻകൂറായി അടയ്ക്കേണ്ടതുണ്ട്. അവർ തങ്ങളുടെ വാഹനങ്ങൾ മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് മാറ്റുകയും വീണ്ടും രജിസ്ട്രേഷൻ ചെയ്യുകയും ചെയുമ്പോൾ ശേഷിക്കുന്ന വർഷത്തെ റോഡ് നികുതി പുതിയ സംസ്ഥാനത്ത് അടയ്ക്കണം.


Click it and Unblock the Notifications








