ഇനി ആഡ്ബ്ലൂ കുറഞ്ഞാൽ ടെൻഷൻ അടിക്കണ്ട, ഭാരത് പെട്രോളിയത്തിൻ്റെ പുതിയ സംരംഭം കണ്ടോ
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ ആഡ്ബ്ലൂ ഡിസ്പെൻസർ കൊൽക്കത്തയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഡീസൽ എക്‌സ്‌ഹോസ്റ്റ് ഫ്ലൂയിഡ് (ഡിഇഎഫ്) എന്നും അറിയപ്പെടുന്ന ആഡ്ബ്ലൂ, ഭാരത് സ്റ്റേജ് VI ഡീസൽ വാഹനങ്ങളിൽ നിന്നുള്ള നൈട്രജൻ ഓക്‌സൈഡ് പുറന്തളളുന്നത് കുറയ്ക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇത് പരമ്പരാഗതമായി ഇന്ത്യയിലെ ഇന്ധന സ്റ്റേഷനുകളിൽ ലഭ്യമാണ്.
ഡിസ്പെൻസിങ് ഇൻഫ്രാസ്ട്രക്ചർ സജ്ജീകരിക്കുന്നതിന് ഇന്ധന സ്റ്റേഷനുകളിൽ ഘടനാപരമായ പരിഷ്കാരങ്ങളുടെ ആവശ്യകത ഒഴിവാക്കുകയും ബസ് സ്റ്റേഷനുകൾ, ട്രാൻസ്പോർട്ട് ഹബ്ബുകൾ, ട്രക്ക് പാർക്കിംഗ് ഏരിയകൾ തുടങ്ങിയ ഉയർന്ന ഡിമാൻഡുള്ള സ്ഥലങ്ങളിലും ഇത് സ്ഥാപിക്കാമെന്നുമാണ് ബിപിസിഎൽ അറിയിച്ചിരിക്കുന്നത്.

മൊബൈൽ ആഡ്ബ്ലൂ ഡിസ്പെൻസറിൻ്റെ ലോഞ്ചിനെക്കുറിച്ച് ബിപിസിഎല്ലിൻ്റെ മാർക്കറ്റിംഗ് ഡയറക്ടർ സുഖ്മൽ ജെയിൻ പറഞ്ഞു, "മൊബൈൽ ആഡ്ബ്ലൂ ഡിസ്പെൻസറിൻ്റെ ആമുഖം ഉപഭോക്താക്കൾക്ക് ഇന്ധനം നിറയ്ക്കാനുള്ള അനുഭവം പുനർനിർവചിക്കാനുള്ള ബിപിസിഎല്ലിൻ്റെ ശ്രമങ്ങളിൽ ഒരു സുപ്രധാന നാഴികക്കല്ലാണ്. ഈ നൂതനമായ പരിഹാരം പ്രവേശനക്ഷമത വർദ്ധിപ്പിക്കുക മാത്രമല്ല, സൗകര്യത്തിനും കാര്യക്ഷമതയ്ക്കും മുൻഗണന നൽകുന്ന ഉപഭോക്തൃ കേന്ദ്രീകൃത സംരംഭങ്ങളെ നയിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.
കൊൽക്കത്തയിൽ നടന്ന അനാച്ഛാദന ചടങ്ങിൽ റീട്ടെയിൽ, ഗ്യാസ്, ലൂബ്രിക്കൻ്റ്‌സ്, എൽപിജി വെർട്ടിക്കൽസ് മേഖലാ മേധാവികൾ ഉൾപ്പെടെയുള്ള മുതിർന്ന ബിപിസിഎൽ ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു. ഇന്ത്യയിലുടനീളമുള്ള ഇലക്ട്രിക് വാഹന ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ വർദ്ധിപ്പിക്കാനും ബിപിസിഎൽ ശ്രമിക്കുന്നുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 7,000 ഇന്ധന ഔട്ട്‌ലെറ്റുകളിൽ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ആഡ്ബ്ലൂ ഓയിൽ ഇപ്പോൾ ആധുനിക ഡീസൽ എഞ്ചിനുകളുടെ ഒരു പ്രധാന ഭാഗമാണ്. ആഡ്ബ്ലൂ ഓയിൽ ചേർക്കുന്നത് ആധുനിക ഡീസൽ വാഹനങ്ങൾക്ക് കുറഞ്ഞ മലിനീകരണ നിയന്ത്രണങ്ങൾ പാലിക്കാൻ സാധിക്കുന്നു. 2006 മുതൽ യൂറോ 4 എമിഷൻ അവതരിപ്പിച്ചതോടെ ട്രക്കുകളിലും ബസുകളിലും ആഡ്ബ്ലൂ ഓയിൽ ഉപയോഗിക്കുന്നുണ്ട്. ആഡ്ബ്ലൂ ഓയിൽ തീർന്നു പോയാൽ അത് വാഹനത്തിൻ്റെ എഞ്ചിനെ വളരെ ദോഷമായ രീതിയിൽ തന്നെ ബാധിക്കും. പല വാഹനങ്ങൾക്കും ആഡ്ബ്ലൂ ഓയിലിൻ്റെ ടാങ്ക് കപ്പാസിറ്റി വ്യത്യസ്തമാണ്.
ആഡ്ബ്ലൂ ഓയിൽ വാഹനങ്ങളിൽ നിറയ്ക്കുന്നതിന് പ്രത്യേകം ഒരു ക്യാപ്പ് ഉണ്ട്. ഡീസൽ ടാങ്കിൽ ആഡ്ബ്ലൂ ഓയിൽ കലർന്നാൽ ഫ്യുവൽ ഇൻജക്ടറുകൾ, ഫ്യൂവൽ പമ്പുകൾ, ഫിൽട്ടറുകൾ എന്നിവയ്ക്ക് കേടുപാടുകൾ വരുത്തും. അറിയാതെ ഫ്യൂവൽ ടാങ്കിൽ നിങ്ങൾ ആഡ്ബ്ലൂ ഓയിൽ നിറച്ചുവെങ്കിൽ വാഹനം സ്റ്റാർട്ട് ചെയ്യാനോ ഓടിക്കാനോ ശ്രമിക്കരുത്. അത് നിങ്ങളുടെ എഞ്ചിന് കൂടുതൽ കേടുപാടുകൾ വരുത്താൻ ഇടയാക്കും.
ആഡ്ബ്ലൂ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഡാഷ്ബോർഡിൽ ഇതിന്റെ അളവിനെക്കുറിച്ചു മുന്നറിയിപ്പു നൽകാനുള്ള സംവിധാനമുണ്ട്. അളവു കുറഞ്ഞ് റിസർവിൽ എത്തിയാൽ ഇൻഡിക്കേറ്റർ തെളിയും. ഇനി ബാക്കിയുള്ള അളവ്, സഞ്ചരിക്കാവുന്ന ദൂരം എന്നിവയും അറിയാൻ സംവിധാനമുണ്ട്. ഓട്ടത്തിൽ ആഡ്ബ്ലൂ തീർന്നാൽ വാഹനം ഉടൻ നിൽക്കുകയില്ല. അതിന്റെ ഇലക്ട്രോണിക് നിയന്ത്രണ യൂണിറ്റ് എൻജിന്റെ ശക്തി കുറച്ച് മലിനീകരണത്തോത് നിയന്ത്രിക്കും.
ആഡ്ബ്ലൂ ഓയിലിനെ കുറിച്ച് കൂടുതലായി നോക്കിയാൽ 32. 5 % യൂറിയയും 67.5 % ലവണ രഹിതമായ ജലവും ചേർന്ന മിശ്രിതമാണ് ആഡ്ബ്ലൂ. ഇതിനായി പ്രത്യേക ടാങ്ക് വാഹനത്തിലുണ്ടാകും. ആഡ്ബ്ലൂ നിറയ്ക്കാനായി ഡീസൽ ടാങ്കിന്റെ അടപ്പിനു തൊട്ടടുത്ത് മറ്റൊരു അടപ്പുകൂടി കാണാം. വാഹനത്തിന്റെ എൻജിൻ പ്രവർത്തിക്കുമ്പോൾ പ്രത്യേക സംവിധാനം വഴി എക്സോസ്റ്റ് പൈപ്പിൽ ഡിപിഎഫിനു തൊട്ടു മുൻപു ഘടിപ്പിച്ചിട്ടുള്ള കാറ്റലിറ്റിക് അറയിലേക്ക് ഇതു സ്പ്രേ ചെയ്യുന്നു. ഈ പ്രക്രിയ സെൻസറുകളുടെ സഹായത്തോടെ ഇലക്ട്രോണിക് നിയന്ത്രണ യൂണിറ്റ് നടപ്പാക്കും.
നിങ്ങളുടെ വാഹനത്തിലെ ആഡ്ബ്ലൂ ഓയിൽ തീരുന്നതിന് മുൻപ് തന്നെ നിറയ്ക്കാൻ ഓർക്കുക. അത് പോലെ തന്നെ ഓയിൽ തീർന്നു എന്ന് തോന്നിയാൽ വാഹനം ഒരിക്കലും എഞ്ചിൻ ഓഫ് ചെയ്യരുത്, കാരണം ഒരിക്കൽ എഞ്ചിൻ ഓഫ് ചെയ്താൽ പിന്നെ സ്റ്റാർട്ട് ചെയ്യാൻ സാധിക്കില്ല. അത് കൊണ്ട് ഈ കാര്യം എപ്പോഴും ഓർമയിൽ വയ്ക്കാൻ ശ്രദ്ധിക്കുക.


Click it and Unblock the Notifications








