ദുല്‍ഖര്‍ ചിത്രത്തിലെ നായികയാണെങ്കിലും 'സിമ്പിള്‍' കാര്‍ മതി! ബിഗ് ബോസ് താരത്തെ മനസ്സിലായോ?
കേരളത്തിലടക്കം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാര വിഷയമാണ് ബിഗ് ബോസ്. ഡച്ച് റിയാലിറ്റി ടിവി ഷോ ആയ ബിഗ് ബ്രദറിന്റെ ഇന്ത്യന്‍ പതിപ്പാണ് ബിഗ് ബോസ്. നിലവില്‍ ഏഴ് ഇന്ത്യന്‍ ഭാഷകളില്‍ ബിഗ് ബോസ് സംപ്രേഷണം ചെയ്യുന്നു. അതില്‍ ഏറ്റവും പോപ്പുലര്‍ ഇതിനോടകം 17 സീസണുകള്‍ പിന്നിട്ട ഹിന്ദി ബിഗ്‌ബോസാണ്. സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാനാണ് ഹിന്ദിയില്‍ ഷോയുടെ അവതാരകന്‍.
ബിഗ്‌ബോസില്‍ പങ്കെടുക്കുന്നതോടെ പലരുടെയും തലവര മാറിയത് നാം കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അഭിനയ മോഹവും മറ്റ് വലിയ ലക്ഷ്യങ്ങളുമുള്ള വ്യക്തികള്‍ ബിഗ് ബോസില്‍ പങ്കെടുക്കാന്‍ അതീവ താല്‍പര്യം കാണിക്കുന്നു. ബിഗ് ബോസ് എന്ന ഷോയില്‍ പങ്കെടുത്ത ശേഷം ജീവിത നിലവാരം മെച്ചപ്പെട്ട ഒത്തിരി താരങ്ങളുണ്ട്. ജനപ്രീതിക്കൊപ്പം പുതിയ അവസരങ്ങള്‍ കൂടി തേടിയെത്തുന്നതോടെ പലരും സാമ്പത്തികമായും മെച്ചപ്പെടുന്നു.

ഹിന്ദി ബിഗ് ബോസിന്റെ 17-ാം സീസണിലെ ശ്രദ്ധേയ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഐഷ ഖാന്‍ (Ayesha Khan). സീസണില്‍ വിജയിയായി മാറിയ മുനവര്‍ ഫാറൂഖിയുടെ മുന്‍ പങ്കാളിയായിരുന്ന ഐഷ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഷോയില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു. മലയാളികളുടെ പ്രിയ നടനായ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന 'ലക്കി ഭാസ്‌കര്‍' എന്ന തെലുഗു ചിത്രത്തില്‍ ഐഷ നായിക വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.
തന്റെ സിനിമ കരിയറില്‍ ശോഭനമാക്കുന്ന തിരക്കിനടയില്‍ തന്റെ യാത്രകള്‍ ആനന്ദകരമാക്കാനായി പുത്തന്‍ അതിഥിയെ വീട്ടിലെത്തിച്ചിരിക്കുകയാണ് ഐഷ. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ജനപ്രിയമായ എസ്‌യുവികളില്‍ ഒന്നായ എംജി ഹെക്ടര്‍ പ്ലസ് കാറാണ് അവര്‍ സ്വന്തമാക്കിയിരിക്കുന്നത്. തന്റെ പുത്തന്‍ കാറില്‍ മുംബൈയിലെ ടി-സീരീസ് ഓഫീസിന് സമീപം ഐഷ ഖാന്‍ വന്നിറങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കാര്‍സ് ഫോര്‍ യൂ എന്ന യൂട്യൂബ് ചാനലിലാണ് താരത്തിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

എംജി ഹെക്ടര്‍ പ്ലസ് കാറിന്റെ ഷാര്‍പ്പ് പ്രോ വേരിയന്റാണ് ഐഷ ഖാന്‍ വാങ്ങിയതെന്നാണ് പറയപ്പെടുന്നത്. സ്‌റ്റേറി ബ്ലാക്ക് ഷെയ്ഡിലുള്ള കാറാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്. 22.51 ലക്ഷം രൂപയാണ് ഈ കാറിന്റെ എക്സ് ഷോറൂം വില. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഹെക്ടര്‍ പ്ലസിന്റെ ഈ വേരിയന്റിന് തുടിപ്പേകുന്നത്. പരമാവധി 167 bhp പവറും 350 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.
ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായ് അല്‍കസാര്‍, ടാറ്റ സഫാരി, മഹീന്ദ്ര XUV700 തുടങ്ങിയ കാറുകളോടാണ് എംജി ഹെക്ടര്‍ പ്ലസ് മത്സരിക്കുന്നത്. കഴിഞ്ഞ ദിവസം ഹെക്ടറിന്റെ ബ്ലാക്ക് സ്റ്റോം എഡിഷന്‍ എംജി പുറത്തിറക്കിയിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എംജി വാഹനത്തിന്റെ ഓള്‍-ബ്ലാക്ക് എഡിഷന് 21.24 ലക്ഷം രൂപയാണ് പ്രാരംഭ വില.

എസ്‌യുവിയുടെ ഷാര്‍പ്പ് പ്രോ ട്രിം അടിസ്ഥാനമാക്കിയുള്ള ഈ വേരിയന്റ് അഞ്ച്, ആറ്, ഏഴ് സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാകും. തെരഞ്ഞെടുക്കുന്ന മോഡല്‍ അനുസരിച്ച് ബ്ലാക്ക് സ്റ്റോം എഡിഷന്റെ എക്‌സ്‌ഷോറൂം വില 22.75 ലക്ഷം രൂപ വരെ പോകുന്നു. ഹെക്ടറിന്റെ പുതിയ പതിപ്പിന് ബ്ലാക്ക്ഡ്-ഔട്ട് ഗ്രില്ലും അലോയ് വീലുകളും മറ്റ് ഘടകങ്ങളും ലഭിക്കുന്നു.
എസ്‌യുവിയുടെ അകത്തും പുറത്തും സ്പോര്‍ട്ടി റെഡ് ഹൈലൈറ്റുകളും നല്‍കിയിതിനൊപ്പം ഒരു ബ്ലാക്ക് ലെതര്‍ അപ്‌ഹോള്‍സ്റ്ററിയും ലഭിക്കുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ ഏറ്റവും മികച്ച റീസെയില്‍ വാല്യുവുള്ള ഡീസല്‍ എസ്‌യുവിയാണ് എംജി ഹെക്ടര്‍ എന്ന് ഒരു പഠനം വെളിപ്പെടുത്തിയിരുന്നു. ഹ്യുണ്ടായി ക്രെറ്റയെയും കിയ സെല്‍റ്റോസിനെയും മഹീന്ദ്ര XUV700 എസ്‌യുവിയെയുമെല്ലാം പിന്തള്ളിയാണ് വാഹനം ഈ നേട്ടം സ്വന്തമാക്കിയത്.
സിനിമ താരങ്ങളും സെലബ്രിറ്റികളും കാറുകള്‍ വാങ്ങുമ്പോള്‍ കോടികളുടെ വണ്ടിയാണ് വാങ്ങുകയെന്ന സങ്കല്‍പ്പങ്ങള്‍ ഇപ്പോള്‍ മാറിവരികയാണ്. കഴിഞ്ഞ ദിവസം സ്വന്തം പിറന്നാളിന് എംജിയുടെ 7 ലക്ഷം രൂപ മാത്രം വില വരുന്ന കോമെറ്റ് ഇവി വാങ്ങി കന്നഡ നടി നമ്രത ഗൗഡ ഏവരെയും ഞെട്ടിച്ചിരുന്നു. ഐഷ ഖാനും ഇപ്പോള്‍ താരതമ്യേന കുറഞ്ഞ വിലയിലുള്ള കാറാണ് വാങ്ങിയിരിക്കുന്നത്. എങ്കിലും എംജി ഹെക്ടറിലെ ഐഷയുടെ യാത്രകള്‍ സുഖകരവും സുരക്ഷിതവുമായി മാറട്ടേയെന്ന് നമുക്ക് ആശംസിക്കാം.


Click it and Unblock the Notifications








