50 ലക്ഷം രൂപ മാത്രമല്ല പുത്തന്‍ കാറും സമ്മാനം! ബിഗ്‌ബോസില്‍ ഒരുകൈ നോക്കുന്നോ ഗയ്‌സ്?
ഡച്ച് റിയാലിറ്റി ഷോയായ 'ബിഗ് ബ്രദര്‍' അടിസ്ഥാനമാക്കിയുള്ള ജനപ്രിയ ഇന്ത്യന്‍ റിയാലിറ്റി ഷോയാണ് 'ബിഗ് ബോസ്'. ഹിന്ദിയില്‍ തുടക്കം കുറിച്ച ഈ റിയാലിറ്റി ഷോ ഇപ്പോള്‍ കന്നഡ, ബംഗാളി, തമിഴ്, തെലുഗു, മറാഠി, മലയാളം എന്നിങ്ങനെ മറ്റ് ഏഴ് ഇന്ത്യന്‍ ഭാഷകളിലും അരങ്ങേറി.
ഹിന്ദി ബിഗ് ബോസില്‍ സല്‍മാന്‍ ഖാന്‍ അവതാരകനായെത്തുമ്പോള്‍ മലയാളത്തില്‍ ഹോസ്റ്റ് ആയി എത്തുന്നത് നമ്മുടെ സ്വന്തം മോഹന്‍ലാലാണ്. പലപ്പോഴും വിവാദങ്ങളുടെ പേരില്‍ തലക്കെട്ടുകള്‍ സൃഷ്ടിക്കാറുള്ള ടെലിവിഷന്‍ പരിപാടിയായ ബിഗ്ബോസിന് രാജ്യമെമ്പാടുമായി ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. വമ്പന്‍ സമ്മാനത്തുക കൂടാതെ പ്രശസ്തി കൂടി കൈവരുന്നതോടെ സെലിബ്രിറ്റികളെല്ലാം ഷോ ഇത്തിരി കടുപ്പമാണെങ്കിലും അതില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നു.

ഇപ്പോള്‍ ഏറെ നാളത്തെ കാത്തിരിപ്പിനും കടുത്ത പോരാട്ടങ്ങള്‍ക്കുമൊടുവില്‍ 'ബിഗ് ബോസ് 17' വിജയിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. വിവാദമായ റിയാലിറ്റി ഷോയുടെ പതിനേഴാം സീസണില്‍ സ്റ്റാന്‍ഡപ്പ് കെമേഡിയനായ മുനവര്‍ ഫാറൂഖിയാണ് വിജയിയായത്. ബോളിവുഡ് നടി കങ്കണ റണാവത്ത് അവതാരകയായി എത്തിയ 'ലോക്ക് അപ്പ്' ആദ്യ സീസണ്‍ വിജയിച്ചതിന് പിന്നാലെ നടന്‍ അഭിഷേക് കുമാറിനെ പരാജയപ്പെടുത്തി 'ബിഗ് ബോസ് 17'ലും വിജയിച്ചിരിക്കുകയാണ് മുനവര്‍ ഫാറൂഖി.
15 ആഴ്ചകള്‍ ബിഗ്ബോസ് ഹൗസില്‍ വിജയകരമായി നിലയുറപ്പിച്ച താരം സമ്മാനത്തുകയായ 50 ലക്ഷം രൂപ വീട്ടിലെത്തിക്കുകയും ചെയ്തു. 50 ലക്ഷം രൂപ സമ്മാനത്തിനൊപ്പം ഒരു ഹ്യുണ്ടായി ക്രെറ്റ എസ്‌യുവിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അങ്കിത് ലോഖാണ്ഡെ, മന്നാര ചോപ്ര, അഭിഷേക് എന്നിവരായിരുന്നു മറ്റ് ഫൈനലിസ്റ്റുകള്‍. തുടക്കം മുതല്‍ തന്നെ 'ബിഗ് ബോസ് 17' ഹൗസിനുള്ളിലെ ഏറ്റവും ശ്രദ്ധേയ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു മുനവര്‍ ഫാറൂഖി.

തന്ത്രശാലിയായി പേരെടുത്ത അദ്ദേഹം തുടക്കം മുതല്‍ പ്രേക്ഷകരുടെ ശ്രദ്ധ കവര്‍ന്നെങ്കിലും മുന്‍പങ്കാളിയായ അയേഷ ഖാന്റെ വരവോടെ ജനപ്രിയതയില്‍ ഇടിവ് നേരിട്ടു. ഷോയില്‍ വെച്ച് മുനവറിനെതിരെ നിരവധി ആരോപണങ്ങള്‍ ആയേഷ ഉയര്‍ത്തിയിരുന്നു. എന്നാല്‍ വെല്ലുവിളികളെയെല്ലാം മറികടന്ന് വമ്പന്‍ വോട്ടുകളുടെ പിന്തുണയില്‍ മുനവര്‍ ഷോയില്‍ വിജയിയായി. 'ബിഗ് ബോസ്' വിജയികളുടെ ജനപ്രീതി വര്‍ധിക്കുന്നതിനൊപ്പം കൂടുതല്‍ അവസരങ്ങളും അവരെ തേടിവരുന്നു.
മലയാളം ബിഗ്ബോസ് സീസണ്‍ 5 വിജയിയായ അഖില്‍ മാരാര്‍ക്ക് മാരുതി സുസുക്കി ഫ്രോങ്ക്സ് ആയിരുന്നു സമ്മാനമായി ലഭിച്ചത്. അതേസമയം ഹിന്ദി ബിഗ്ബോസിലേക്ക് എത്തുമ്പോള്‍ കുറച്ച് കൂടി വിലയേറിയ ഹ്യുണ്ടായി ക്രെറ്റ കാറാണ് ലഭിക്കുന്നത്. 2015-ല്‍ അവതരിപ്പിച്ചതു മുതല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയാണ് ഹ്യുണ്ടായി ക്രെറ്റ. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ടാംതലമുറ എത്തിയതോടെയാണ് ഈ കാറിന്റെ തലവര തന്നെ മാറിയത്.

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി അടുത്തിടെയാണ് മിഡ്‌സൈസ് എസ്‌യുവിക്ക് വമ്പന്‍ അപ്ഡേറ്റുകള്‍ സമ്മാനിച്ചിരുന്നു. E, EX, S, S (O), SX, SX ടെക്, SX (O) എന്നീ വേരിയന്റുകളിലെത്തുന്ന 2024 ക്രെറ്റയുടെ ബേസ് മോഡലിന് വെറും 10.99 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. അതേസമയം എസ്‌യുവിയുടെ ടോപ്പ് എന്‍ഡ് മോഡലിന് 19.99 ലക്ഷം രൂപ വരെയും എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരും.
ഈ വിലകള്‍ ആമുഖമായിരിക്കുമെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരുന്നു. ആറ് സിംഗിള്‍-ടോണ്‍ കളര്‍ ഓപ്ഷനുകളിലും ഒരു ഡ്യുവല്‍-ടോണ്‍ നിറത്തിലും വാഹനം സ്വന്തമാക്കാന്‍ സാധിക്കും. റോബസ്റ്റ് എമറാള്‍ഡ് പേള്‍ (പുതിയത്), ഫിയറി റെഡ്, റേഞ്ചര്‍ കാക്കി, അബിസ് ബ്ലാക്ക്, അറ്റ്ലസ് വൈറ്റ്, ടൈറ്റന്‍ ഗ്രേ, അറ്റ്ലസ് വൈറ്റ് വിത്ത് ബ്ലാക്ക് റൂഫ് എന്നിവയാണ് ക്രെറ്റയിലെ കളര്‍ ഓപ്ഷനുകള്‍.

മുടക്കുന്ന വിലയ്ക്കുള്ള അപ്‌ഡേറ്റുകള്‍ ക്രെറ്റ ഫെയ്സ്ലിഫ്റ്റില്‍ ഹ്യുണ്ടായി നടപ്പാക്കിയിട്ടുണ്ടെന്ന് പറയാം. കണക്ടഡ് ലൈറ്റിംഗ് സെറ്റപ്പോട് കൂടി കാറിന്റെ മുന്‍വശവും പിന്‍വശവും പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. അകത്തളത്തില്‍ പുതുക്കിയ ഡാഷ്ബോര്‍ഡ് ഡിസൈനിനൊപ്പം ഡ്യുവല്‍ 10.25 ഇഞ്ച് ഡിസ്പ്ലേകള്‍ ലഭിക്കുന്നു. എസ്‌യുവിക്ക് ഇപ്പോള്‍ ഡ്യുവല്‍ സോണ്‍ എസിയും പുതിയ ക്ലൈമറ്റ് കണ്‍ട്രോള്‍ പാനലും ലഭിക്കുന്നു.
ആറ് എയര്‍ബാഗുകള്‍, ഓള്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിങ്ങനെ 36 സ്റ്റാന്‍ഡേര്‍ഡ് 70 സുരക്ഷാ ഫീച്ചറുകളുമായാണ് പുതിയ ക്രെറ്റ വരുന്നത്. ലെവല്‍ 2 ADAS ടെക്കിന്റെ വരവാണ് മറ്റൊരു ഹൈലൈറ്റ്. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍ ഡീസല്‍ പെട്രോള്‍ എഞ്ചിനുകള്‍ നിലനിര്‍ത്തിയപ്പോകള്‍ പുതിയ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍ കൂട്ടിച്ചേര്‍ത്തു.

വേരിയന്റുകള്‍ക്ക് അനുസരിച്ച് 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് iVT ഓട്ടോമാറ്റിക്, 7 സ്പീഡ് ഡിസിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. കിയ സെല്‍റ്റോസ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, ഹോണ്ട എലിവേറ്റ്, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, എംജി ആസ്റ്റര്‍, വരാനിരിക്കുന്ന ടാറ്റ കര്‍വ്വ് എന്നിവയായിരിക്കും എതിരാളി.


Click it and Unblock the Notifications








