ബിഗ്‌ബോസില്‍ റണ്ണറപ്പ്, പക്ഷേ ജീവിതത്തില്‍ വിന്നര്‍! ലക്ഷങ്ങള്‍ പൊടിച്ച് മഹീന്ദ്ര ഇവി വാങ്ങി ബ്ലെസ്‌ലി
ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ജനപ്രിയമായ ബിഗ് ബ്രദര്‍ എന്ന റിയാലിറ്റി ഇന്ത്യയില്‍ എത്തിയപ്പോഴും വമ്പന്‍ വിജയമായിരുന്നു. ഹിന്ദിയില്‍ തുടങ്ങി മലയാളമക്കം വിവിധ ഭാഷകളില്‍ ഈ റിയാലിറ്റി ടിവി ഷോ വന്‍ വിജയമായി. സെലിബ്രിറ്റികളും സാധാരണക്കാരുമടക്കം നിരവധി പേര്‍ ബിഗ് ബോസില്‍ മാറ്റുരയ്ക്കാന്‍ എത്താറുണ്ട്. സെലിബ്രിറ്റികള്‍ക്കും വിവിധ തുറകളില്‍ പ്രശസ്തരായവര്‍ക്കും അവരുടെ പ്രശസ്തി ഉയര്‍ത്താനും കരിയറില്‍ ഉയര്‍ച്ചകള്‍ താണ്ടാനും വേണ്ടിതാണ് ബിഗ് ബോസ് ഹൗസില്‍ കയറുന്നത്. മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച സീസണുകളില്‍ ഒന്നായിരുന്നു സീസണ്‍ 4. ആ സീസണില്‍ റണ്ണറപ്പായിരുന്നു ബ്ലെസ്‌ലി എന്നറിയപ്പെടുന്ന മുഹമ്മദ് ഡിലിജന്റ് ബ്ലെസ്‌ലി.
ഗായകന്‍, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ നന്നേ ചെറുപ്പത്തില്‍ തന്നെ അറിയപ്പെട്ട് തുടങ്ങിയ താരമാണ് ബ്ലെസ്ലി. കുശാഗ്രബുദ്ധിക്കാരനായ താരം ഡോ. റോബിന്‍ രാധാകൃഷ്ണന്‍, ജാസ്മിന്‍ എം മൂസ, ദില്‍ഷ പ്രസന്നന്‍, റിയാസ് സലീം എന്നിവര്‍ക്കൊപ്പം വമ്പന്‍ ആരാധകരെയാണ് ഷോയിലൂടെ നേടിയെടുത്തത്. ഗെയിം കളിച്ച് ആരാധകരെ സമ്പാദിച്ച ചുരുക്കം ചില മത്സരാര്‍ഥികളില്‍ ഒരാള്‍ കൂടിയായിരുന്നു ബ്ലെസ്ലി. വിന്നറാകാൻ കഴിഞ്ഞില്ലെങ്കിലും ജനഹൃദയങ്ങളില്‍ ഒന്നാം സ്ഥാനം ബ്ലെസ്ലിക്കാണ് ലഭിച്ചതെന്നാണ് താരത്തിന്റെ ആരാധകര്‍ പറയുന്നത്.

പലപ്പോഴും ടാസ്‌കുകളില്‍ ആരും കണ്ടിട്ടില്ലാത്ത ലൂപ്‌ഹോള്‍ വരെ കണ്ടുപിടിച്ച് വിജയിക്കാന്‍ ബ്ലെസ്ലിക്ക് കഴിഞ്ഞിട്ടുണ്ട്. ഏതായാലും ബിഗ്‌ബോസ് ബ്ലെസ്‌ലിയുടെ കരിയറിലും ജീവതത്തിലും വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. ബിഗ് ബോസിന് ശേഷം വിദേശ രാജ്യങ്ങളിലടക്കം ബ്ലെസ്‌ലി ഷോകള്‍ അവതരിപ്പിച്ചു. സംഗീതവും യാത്രകളുമെല്ലാമായി ജീവിതം ആഘോഷിക്കുകയാണ് ബ്ലെസ്‌ലി. ഇപ്പോള്‍ തന്റെ യാത്രകള്‍ക്ക് കൂട്ടായി ഒരു പുത്തന്‍ കാര്‍ കൂടി വാങ്ങിയിരിക്കുകയാണ് ബ്ലെസ്‌ലി.
ഇന്ത്യ മൊത്തം തരംഗമായിക്കൊണ്ടിരിക്കുന്ന മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‌യുവിയായ BE 6 ആണ് ബ്ലെസ്‌ലി സ്വന്തമാക്കിയിരിക്കുന്നത്. പുത്തന്‍ കാര്‍ വാങ്ങിയ സന്തോഷം തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. മാതാവ് നജ്മയുടെ കൂടെ മഹീന്ദ്ര ഡീലര്‍ഷിപ്പിലെത്തിയാണ് താരം പുത്തന്‍ കാറിന്റെ താക്കോല്‍ സ്വീകരിച്ചത്. കാര്‍ ഡെലിവറിയെടുത്ത ശേഷം അതില്‍ ചീറപ്പാഞ്ഞ് പോകുന്ന ബ്ലെസ്‌ലിയെയും വീഡിയോയില്‍ കാണാം.

ഇലക്ട്രിക് എസ്‌യുവിയുടെ ഫയര്‍സ്‌റ്റോം ഓറഞ്ച് കളര്‍ ഓപ്ഷനാണ് ഗായകന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. മഹീന്ദ്ര BE 6 ഇലക്ട്രിക് എസ്‌യുവിയുടെ വില 18.90 ലക്ഷം മുതല്‍ 26.90 ലക്ഷം രൂപ വരെയാണ്. എക്‌സ്‌ഷോറൂം വിലകളാണിത്. കാറിന്റെ ഉയര്‍ന്ന വേരിയന്റായ പായ്ക്ക് 3-യുടെ ഡെലിവറി മാത്രമാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത് എന്നതിനാല്‍ ബ്ലെസ്‌ലിയും അത് തന്നെയായിരിക്കും വാങ്ങിയിട്ടുണ്ടാകുക. ഇവിയുടെ ടോപ് സ്‌പെക് വേരിയന്റ് നിരത്തിലെത്തിക്കാന്‍ ഏകദേശം 30 ലക്ഷം രൂപയോളമാകും.
മഹീന്ദ്രയുടെ ബോണ്‍-ഇലക്ട്രിക് കാറുകളില്‍ ആദ്യത്തേതാണ് ഈ എസ്‌യുവി. സ്ലിമ്മും അഗ്രസീവുമായ ഫ്രണ്ട് ഫാസിയയുമായി വരുന്ന ഇവിക്ക് ഒരു അത്‌ലറ്റിക് ലുക്കുണ്ട്. പിന്നില്‍, എല്‍ഇഡി ലൈറ്റ്ബാര്‍ കണക്റ്റ് ചെയ്ത എല്‍ഇഡി ടെയില്‍ലൈറ്റുകളും ഒരു സ്പ്ലിറ്റ് റിയര്‍ സ്പോയിലറും BE 6 ഇവിയില്‍ ഉണ്ട്. സ്റ്റാന്‍ഡേര്‍ഡായി 19 ഇഞ്ച് എയറോ-ഒപ്റ്റിമൈസ് ചെയ്ത വീലുകളാണ് ഇത് ഉപയോഗിക്കുന്നത്.

BE 6 ഇലക്ക്ട്രിക് എസ്‌യുവിയുടെ താഴ്ന്ന വേരിയന്റുകളില്‍ 228 bhp പവറും പരമാവധി 380 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് കരുത്തേകുന്നത്. അതേസമയം ഉയര്‍ന്ന വേരിയന്റുകളില്‍ 282 bhp പവറില്‍ 380 Nm ടോര്‍ക്ക് വരെ നല്‍കാന്‍ കഴിവുള്ള മോട്ടോറുമാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സജ്ജീകരിച്ചിരിക്കുന്നത്. 59kWh, 79kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വാഹനം വരുന്നത്.
ഇവയ്ക്ക് സിംഗിള്‍ ചാര്‍ജില്‍ യഥാക്രമം 556 കിലോമീറ്റര്‍, 682 കിലോമീറ്റര്‍ എന്നിങ്ങനെയാണ് റേഞ്ച് നല്‍കാനാവുക. റേഞ്ച്, എവരിഡേ, റേസ് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും കാറിലുണ്ട്. മോഡലിന്റെ ബാറ്ററി പായ്ക്കിന് ലൈഫ് ടൈം വാറണ്ടിയും മഹീന്ദ്ര നല്‍കുന്നുണ്ട്. 175kW DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് വെറും 20 മിനിറ്റിനുള്ളില്‍ ബാറ്ററികള്‍ 20 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നും മഹീന്ദ്ര പറയുന്നു.

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനുമായി ഡ്യുവല്‍ 12.3 ഇഞ്ച് സ്‌ക്രീനുകള്‍, 2-സ്പോക്ക് സ്റ്റിയറിംഗ് വീല്‍, ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്-അപ്പ് ഡിസ്പ്ലേ, വയര്‍ലെസ് ചാര്‍ജിംഗ്, ഡ്യുവല്‍-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ്, മെമ്മറി ഫംഗ്ഷനോടുകൂടിയ പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, ഇന്‍-ബില്‍റ്റ് വൈ-ഫൈയുള്ള 5G കണക്റ്റിവിറ്റി, 16-സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം എന്നീ ഫീച്ചറുകളും BE 6-ല്‍ സജ്ജീകരിച്ചിരിക്കുന്നു.


Click it and Unblock the Notifications








