മുന്നണി മാറാനും കാര്‍ മാറാനും വല്യസമയമൊന്നും വേണ്ട, ഇനി ഇവിക്കൊപ്പമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ
ബീഹാര്‍ മുഖ്യമന്ത്രിയായ നിതീഷ് കുമാര്‍ അടുത്ത കാലത്തായി തന്റെ രാഷ്ട്രീയ നിലപാടുകള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന വ്യക്തിയാണ്. വസ്ത്രം മാറുന്ന കണക്കേ മുന്നണികള്‍ മാറുന്ന നിതീഷ് കുമാര്‍ അടുത്തിടെ 'ഇന്‍ഡ്യ' മുന്നണി വിട്ട് വീണ്ടും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയിലേക്ക് മാറിയത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായിരുന്നു.
മുന്നണി ഏതായാലും തനിക്ക് മുഖ്യമന്ത്രി സ്ഥാനം കിട്ടിയാല്‍ മതിയെന്ന നിലപാടാണ് ജെഡിയു നേതാവിനെന്നാണ് വിമര്‍ശനം. മുന്നണി മാറ്റം വലിയ പുത്തരിയല്ലാത്ത നിതീഷ് പക്ഷേ വാഹനങ്ങളുടെ കാര്യത്തില്‍ ഈ സമീപനമല്ല സ്വീകരിച്ച് വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഔദ്യോഗിക വാഹനം മാറിക്കൊണ്ട് നിതീഷ് വീണ്ടും തലക്കെട്ടുകള്‍ സൃഷ്ടിക്കുകയാണ്. കാലത്തിന്റെ ആവശ്യകത മാനിച്ച് കൊണ്ട് ഐസി എഞ്ചിന്‍ വാഹനത്തില്‍ നിന്ന് ഇലക്ട്രിക്കിലേക്കാണിപ്പോള്‍ നിതീഷ് കുമാറിന്റെ 'ചുവടുമാറ്റം'.

സുസ്ഥിരതയും നൂതനത്വവും സ്വീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ബിഹാര്‍ മുഖ്യമന്ത്രി അടുത്തിടെ ആഡംബരപൂര്‍ണമായ ഹ്യുണ്ടായി അയോണിക് 5 ഇലക്ട്രിക് കാറിലേക്ക് മാറിയിരിക്കുകയാണ്. അത്യാധുനിക സാങ്കേതികവിദ്യയ്ക്ക് വ്യക്തിപരമായ മുന്‍ഗണന നല്‍കുന്നതിനൊപ്പം സംസ്ഥാനത്ത് പരിസ്ഥിതി സൗഹൃദ ഗതാഗതത്തിലേക്കുള്ള വിശാലമായ മാറ്റവും ഇത് സൂചിപ്പിക്കുന്നു. ഹ്യുണ്ടായി അയോണിക് 5 ഇവിയിലേക്കുള്ള നിതീഷ് കുമാറിന്റെ മാറ്റം പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളില്‍ നിന്ന് വൈദ്യുത ബദലുകളിലേക്കുള്ള ശ്രദ്ധേയമായ പരിവര്‍ത്തനത്തെ പ്രതിഫലിപ്പിക്കുന്നു.
ഇത് ഇന്ത്യന്‍ വാഹന വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വര്‍ധിച്ചുവരുന്ന പ്രാധാന്യം അടിവരയിടുന്നത് കൂടിയാണെന്ന് ചേര്‍ത്തുവായിക്കണം. നേരത്തെ ബോളിവുഡ് താരമായ അര്‍ജുന്‍ കപൂറും ഇന്ത്യന്‍ ക്രിക്കറ്ററായ ശിഖര്‍ ധവാനും ഈ കൊറിയന്‍ ഇലക്ട്രിക് എസ്‌യുവി സ്വന്തമാക്കിയിരുന്നു. ബ്രാന്‍ഡ് ഇന്ത്യയില്‍ 1100 യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടപ്പോള്‍ ഹ്യുണ്ടായി ഇതേ കാര്‍ ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാന്‍ ഷാരൂഖ് ഖാന് സമ്മാനമായി നല്‍കുകയും ചെയ്തു. പതിറ്റാണ്ടുകളായി കൊറിയന്‍ ബ്രാന്‍ഡിന്റെ അംബാസഡറാണ് എസ്ആര്‍കെ.

2023 ഓട്ടോ എക്‌സ്‌പോയിലായിരുന്നു അയോണിക് 5 ഇന്ത്യയില്‍ അവതരിപ്പിച്ചത്. 44.95 ലക്ഷം രൂപ മുതലാണ് ഇവിയുടെ ഇന്ത്യയിലെ വില ആരംഭിക്കുന്നത്. റേഞ്ചിനെ കുറിച്ചുള്ള ഇന്ത്യക്കാരുടെ ഉത്കണ്ഠ ഇല്ലാതാക്കുന്ന തരത്തില്‍ 631 കിലോമീറ്റര്‍ റേഞ്ചുമായാണ് ഇലക്ട്രിക് എസ്‌യുവി വരുന്നത്. കിയ EV6 ക്രോസ്ഓവറുമായിട്ടാണ് പ്രധാന മത്സരം.
ഹ്യുണ്ടായിയുടെ ഇന്ത്യയിലെ ആദ്യ ഇവിയായ കോനയില്‍ നിന്ന് വ്യത്യസ്തമായി കമ്പനിയുടെ ഗ്ലോബല്‍ പ്ലാറ്റ്ഫോമായ E-GMP പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് അയോണിക് 5 ഒരുക്കിയിട്ടുള്ളത്. ആധുനികവും റെട്രോ ഘടകങ്ങളും ഇടകലര്‍ത്തിയാണ് അയോണിക് 5 ഇവിയുടെ രൂപകല്‍പ്പന. പെര്‍ഫോമന്‍സിന്റെ കാര്യത്തിലായാലും ആഡംബരത്തിന്റെ കാര്യത്തിലായാലും ലോകോത്തര നിലവാരം പുലര്‍ത്തുന്ന ഇവി 72.6 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കില്‍ നിന്നാണ് പവറെടുക്കുന്നത്.

ഒറ്റ ചാര്‍ജില്‍ 631 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നതിനാല്‍ ബിഹാര്‍ മുഖ്യമന്ത്രിയുടെ യാത്രകള്‍ ഇനി പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായി മാറും. സിംഗിള്‍ പിഎംഎസ് ഇലക്ട്രിക് മോട്ടോറിന് 214 bhp പരമാവധി കരുത്തില്‍ 350 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 350 kW DC ചാര്‍ജര്‍ ഉപയോഗിച്ച് 18 മിനിറ്റിനുള്ളില്‍ ഇവി 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നും ഹ്യുണ്ടായി അവകാശപ്പെടുന്നു.
ഹ്യുണ്ടായി അയോണിക് 5-ന്റെ വിശാലമായ ക്യാബിനില്‍ റിയര്‍ സീറ്റുകള്‍, സ്ലൈഡിംഗ് സെന്റര്‍ കണ്‍സോള്‍, പ്രീമിയം മെറ്റീരിയലുകള്‍ എന്നിവ ഉള്‍പ്പെടുന്നു. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുള്‍പ്പെടെ വിദഗ്ദ്ധമായ ഫീച്ചറുകള്‍ ഡ്രൈവിംഗ് അനുഭവത്തെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തുന്നു.

സേഫ്റ്റിയുടെ കാര്യത്തിലും ഈ ഇവി വേറെ ലെവലാണ്. ആറ് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിംഗ് എന്നിവയടക്കമുള്ള നൂതന ഫീച്ചറുകള്‍ സേഫ്റ്റി കിറ്റില്‍ വരുന്നു. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന ഇവി ഭാവിയില്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനുള്ള ഒരുക്കങ്ങളും ഹ്യുണ്ടായി ആരംഭിച്ചിട്ടുണ്ട്.
ആഡംബരത്തിനും പെര്‍ഫോമന്‍സിനുമപ്പുറം സുസ്ഥിരതയുടെ തെളിവായ ഈ ഹ്യുണ്ടായി ഔദ്യോഗിക വാഹനമായി സ്വീകരിച്ചതിലൂടെ ബിഹാര്‍ മുഖ്യമന്ത്രി രാജ്യത്തെ പരിസ്ഥിതി സൗഹൃദ ഗതാഗത പരിഹാരങ്ങളുടെ അടിയന്തിര ആവശ്യകത അടിവരയിടുകയാണ്. മുഖ്യമന്ത്രി ഇവിയെ പുല്‍കിയത് സംസ്ഥാനത്തിന്റെ സുസ്ഥിര ഗതാഗതത്തിലേക്കുള്ള യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലായാണ് വിശേഷിപ്പിക്കപ്പെടുന്നത്. വൈദ്യുത വാഹനങ്ങള്‍ രാജ്യത്ത് സ്വീകരിക്കപ്പെടുന്ന സാഹചര്യത്തില്‍ നിതീഷ് കുമാറിന്റെ രാഷ്ട്രീയത്തിന് പുറത്തെ ഈ നീക്കം നിരവധി ഭരണകര്‍ത്താക്കള്‍ മാതൃകയാക്കുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








