പുതിയ അടവുകളുമായി തട്ടിപ്പ് സംഘം ഇറങ്ങിയിട്ടുണ്ട്; കാര്‍ യാത്രികര്‍ ജാഗ്രതൈ...
പലവിധത്തിലുള്ള തട്ടിപ്പുകള്‍ അരങ്ങേറുന്ന സ്ഥലമാണ് ഇന്ത്യയിലെ റോഡുകള്‍. വ്യത്യസ്തമായ രീതികള്‍ അവലംബിച്ച് യാത്രക്കാരില്‍ നിന്ന് പണം തട്ടുന്ന സംഘങ്ങള്‍ റോഡുകളില്‍ സജീവമാണ്. കിയ കാരന്‍സ് യാത്രക്കാരനില്‍ നിന്ന് 15,000 രൂപ തട്ടിയെടുത്ത രണ്ടംഗ സംഘം കര്‍ണാടകയില്‍ അറസ്റ്റിലായി.

കര്‍ണ്ണാടകയിലെ ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ പ്രവര്‍ത്തന ശൈലിയെ കുറിച്ച് പി കൃഷ്ണകാന്ത് ഐപിഎസ് ട്വിറ്ററില്‍ പങ്കുവെച്ചു. റോഡപകടത്തിന്റെ ഇരകളെന്ന് നടിച്ചാണ് ഇവര്‍ കിയ കാരന്‍സ് കാര്‍ ഡ്രൈവറില്‍ നിന്ന് 15000 രൂപ തട്ടിയെടുത്തത്. പ്രതികള്‍ ബൈക്കില്‍ വരികയും ഇരയുടെ കാറില്‍ അവര്‍ തന്നെ ബോധപൂര്‍വ്വം ഇടിപ്പിച്ച ശേഷം തങ്ങളെ വണ്ടി തട്ടിയെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

15000 രൂപയും കുറ്റകൃത്യത്തിന് ഉപയോഗിച്ച ബൈക്കും പൊലീസ് പിടിച്ചെടുത്തതായി ഡിസിപി കൃഷ്ണകാന്ത് അറിയിച്ചു. കഴിഞ്ഞ മാസം സിദ്ധപുരയിലാണ് സംഭവം. ഡിസിപി പി കൃഷ്ണകാന്തിന്റെ ട്വിറ്റര്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ബെക്ക് യാത്രക്കാരുടെ ഉദ്ദേശ്യം വളരെ വ്യക്തമായി മനസ്സിലാക്കാം. ഇത്തരത്തിലുള്ള എന്തെങ്കിലും സംഭവം കണ്ടാല്‍ ദയവായി പൊലീസിനെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബൈക്കിലെത്തിയവര്‍ മനപ്പൂര്‍വ്വം ട്രാഫിക്കില്‍ വലത്തോട്ട് തിരിഞ്ഞതിനാലാണ് കിയ കാരന്‍സ് ബൈക്കില്‍ ഇടിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് മോട്ടോര്‍ സൈക്കിളിലെത്തിയവര്‍ മുന്നില്‍ നിര്‍ത്തി കൈവീശി കാറിനു നേരെ ആക്രോശിക്കുകയായിരുന്നു.തുടര്‍ന്ന് ഡ്രൈവര്‍ റോഡരികില്‍ കാര്‍ നിര്‍ത്തി. കുറ്റം കാര്‍ ഡ്രൈവറുടെ ചുമലിലിട്ടാണ് തട്ടിപ്പ് സംഘം 15,000 രൂപ ആവശ്യപ്പെട്ടത്. ഒത്തുതീര്‍പ്പിന് വഴങ്ങി അയാള്‍ പണം നല്‍കുകയായിരുന്നു. ഡ്രൈവറില്‍ നിന്ന് തട്ടിയ പണം കവര്‍ച്ചക്കാരില്‍ നിന്ന് പൊലീസ് തിരികെ വാങ്ങി നല്‍കി.

ഇഴഞ്ഞ് നീങ്ങുന്ന ട്രാഫിക്കില്‍ കാറുകള്‍ക്ക് സമീപം നടന്നെത്തി വാഹനം തന്റെ കാലിലൂടെ കയറിയാതായി വരുത്തിത്തീര്‍ത്ത് പണം തട്ടുന്ന പരിപാടിയുമുണ്ട്. ഇത്തരം സംഭവങ്ങളില്‍ പൊലീസില്‍ പരാതി നല്‍കി ഭീഷണിപ്പെടുത്തി പണം തട്ടുന്ന ആളുകളുമുണ്ട്.

ഇത്തരം സംഭവങ്ങള്‍ സിസിടിവിയില്‍ പതിയുന്നത് ഇതാദ്യമായല്ല. ഈ വര്‍ഷം തന്നെ സമാനമായ രീതിയില്‍ ഞട്ടിക്കുന്ന സംഭവം ഡല്‍ഹിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തോക്കുകള്‍ ഉപയോഗിച്ചാണ് കവര്‍ച്ചക്കാര്‍ ഒരു വ്യവസായിയെ വളഞ്ഞ് രണ്ട് കോടി രൂപ കൊള്ളയടിച്ചത്.

നല്ല വെളിച്ചമുള്ള ഒരു തെരുവില്‍ ഒരു സെഡാന്‍ സ്‌കൂട്ടറിന് പിന്നില്‍ നിര്‍ത്തിയത് വീഡിയോയില്‍ കാണാം. എന്നാല്‍ എന്തുകൊണ്ടാണ് സെഡാന്‍ ഡ്രൈവര്‍ സ്‌കൂട്ടറിന് പിന്നില്‍ കാര്‍ നിര്‍ത്തിയതെന്ന് ഉറപ്പില്ല. സ്‌കൂട്ടറിലെത്തിയ ആള്‍ കാര്‍ നിര്‍ത്താന്‍ വേണ്ടി അപകടം വരുത്തിത്തീര്‍ക്കുകയായിരുന്നിരിക്കാം.

തക്-തക് ഗാങ്, ആക്സില്‍ ഗ്യാങ് തുടങ്ങി നിരവധി കുപ്രസിദ്ധ സംഘങ്ങള്‍ ഇത്തരം കവര്‍ച്ചകള്‍ പതിവായി നടത്താറുണ്ട്. തക്-തക് സംഘത്തിന്റെ കൊള്ളയുടെ ദൃശ്യങ്ങള്‍ നിരവധി തവണ സിസിടിവിയില്‍ പതിഞ്ഞിരുന്നു. പല കേസുകളിലായി നിരവധി പേരെ അഴിക്കുള്ളിലാക്കുകയും ചെയ്തു.

പണം എറിഞ്ഞോ റേഡിയേറ്ററില്‍ നിന്ന് ഓയില്‍ ഒലിക്കുന്നുവെന്ന് പറഞ്ഞോ ഡ്രൈവറെ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ സംഘം നിര്‍ബന്ധിതനാക്കുന്നു. ഡ്രൈവര്‍ ഒറ്റയ്ക്ക് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ അടങ്ങിയ ബാഗുമായി സംഘം മുങ്ങുകയാണ് പതിവ്. അതിനാല്‍ ഇത്തരം കൊള്ളസംഘങ്ങളുടെ തട്ടിപ്പില്‍ നിന്ന് രക്ഷ നേടാന്‍ ജാഗരൂകരായിരിക്കുക.


Click it and Unblock the Notifications








