മാനം പോയി! 10 കോടിയുടെ കാര്‍ നടുറോഡില്‍ ബ്രേക്ക്ഡൗണ്‍ ആയി; അകത്തുണ്ടായിരുന്നയാളുടെ റേഞ്ച് കമ്പനി അറിയും
നിരത്തുകളില്‍ വെച്ച് കാറുകള്‍ കേടാകുന്നത് ഇന്ത്യയില്‍ ഒരു അപൂര്‍വ കാഴ്ചയല്ല. പഴക്കം ചെന്നതോ നിര്‍മാണത്തില്‍ അപാകതകള്‍ ഉള്ളതോ ആയ കാറുകള്‍ ഓടിച്ചു കൊണ്ടിരിക്കേ കേടാകുകയും യാത്രക്കാര്‍ നടുറോഡില്‍ നില്‍ക്കേണ്ട സാഹചര്യം വരെ ഉണ്ടാകാറുണ്ട്. ഒരുപക്ഷേ ഇത് വായിക്കുന്ന പലര്‍ക്കും അത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍ കോടികള്‍ വില വരുന്നു ഒരു പുതുപുത്തന്‍ കാര്‍ നടുറോഡില്‍ ബ്രേക്ക്ഡൗണ്‍ ആയാല്‍ എങ്ങിനെ ഇരിക്കും. പോരാത്തതിന് അത് ഓടിച്ച ആള്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നരില്‍ ഒരാളും കാര്‍പ്രേമിയും കൂടിയാണെങ്കില്‍ പറയേണ്ടതില്ലെല്ലോ. അത്തരത്തില്‍ ഒരു സംഭവം അടുത്തിടെ ഇന്ത്യയില്‍ നടന്നു. അതിനെ കുറിച്ച് വിശദമായി വായിക്കാം.
നിങ്ങള്‍ ഒരു കാര്‍പ്രേമിയും ഇന്ത്യയിലെ പ്രമുഖരായ ബിസിനസുകാരെ പിന്തുടരുന്ന വ്യക്തിയാണെങ്കില്‍ ഗൗതം സിംഘാനിയയെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. റെയ്മണ്ട് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയരക്ടറായ ഗൗതം സിംഘാനിയ രാജ്യത്തെ അറിയപ്പെടുന്ന 'വണ്ടിപ്രാന്തന്‍'മാരില്‍ ഒരാള്‍ കൂടിയാണ്. ടെക്സ്റ്റൈല്‍, എഞ്ചിനീയറിംഗ്, റിയല്‍ എസ്റ്റേറ്റ് തുടങ്ങി നിരവധി മേഖലകളില്‍ ബിസിനസ് നടത്തുന്ന കമ്പനിയാണ് റെയ്മണ്ട്. ഏകദേശം 5000 കോടി രൂപയിലധികമാണ് അദ്ദേഹത്തിന്റെ ആസ്തി.

കാറുകള്‍ക്കായി കോടിക്കണക്കിന് രൂപയാണ് സിംഘാനിയ പൊടിക്കാറുള്ളത്. വിന്റേജ് കാറുകള്‍ മുതല്‍ മോഡേണ്‍ കാറുകള്‍ വരെ ഉള്‍പ്പെടുന്നതാണ് അദ്ദേഹത്തിന്റെ കാര്‍ ശേഖരം. ഇപ്പോള്‍ താന്‍ ഏറെ ആഗ്രഹിച്ച് ടെസ്റ്റ് ഡ്രൈവ് നടത്തിയ ഒരു കാര്‍ തന്നെ നടുറോഡില്‍ കുടുക്കിയതായാണ് സിംഘാനിയ പറയുന്നത്. ലംബോര്‍ഗിനി റെവല്‍റ്റോ കാറാണ് ബ്രേക്ക്ഡൗണ്‍ ആയത്. 8.89 കോടി രൂപയാണ് ഈ കരുത്തുറ്റ കാറിന്റെ എക്സ്‌ഷോറൂം വില. ഓണ് റോഡ് വില എന്തായാലും 10 കോടി രൂപ കടക്കും.
ഇത്രയും വിലകൂടിയ കാറില്‍ അടുത്തിടെ ഗൗതം സിംഘാനിയ മുംബൈയിലൂടെ യാത്ര ചെയ്യുകയായിരുന്നു. ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കില്‍ യാത്ര ചെയ്യുന്നതിനിടെ ലംബോര്‍ഗിനി റെവല്‍റ്റോ ബ്രേക്ക് ഡൗണ്‍ ആവുകയായിരുന്നു. കടല്‍പ്പാലത്തിന് മുകളില്‍ വെച്ചാണ് കാര്‍ കേടായത്. ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് അടല്‍ സേതുവെന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. ഈ കടല്‍പ്പാലത്തിലൂടെ യാത്ര ചെയ്യുമ്പോളാണ് പുത്തന്‍ പുതിയ കാര്‍ ഇലക്ട്രിക്കല്‍ പ്രശ്‌നങ്ങള്‍ കാരണമാണ് കാര്‍ നടുറോഡില്‍ നിന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തെ കുറിച്ച് സിംഘാനിയ തന്റെ ഔദ്യോഗിക എക്‌സ് (ട്വിറ്റര്‍) അക്കൗണ്ടില്‍ പോസ്റ്റിട്ടതോടെയാണ് വിഷയം പുറംലോകമറിഞ്ഞത്. കാര്‍ പുറത്തിറക്കി 15 ദിവസത്തിനുള്ളില്‍ ഇതേ തകരാര്‍ നേരിട്ട മൂന്ന് സംഭവങ്ങള്‍ തനിക്ക് അറിയാമെന്നും സിംഘാനിയ എക്‌സ്‌പോസ്റ്റില്‍ എഴുതി. ഈ ഞെട്ടിക്കുന്ന സംഭവത്തെക്കുറിച്ച് ലംബോര്‍ഗിനി ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നത് ഇവിടെ ശ്രദ്ധേയമാണ്.
ലംബോര്‍ഗിനി റെവല്‍റ്റോയെ കുറിച്ച് പറയുമ്പോള്‍ ഇത് ഒരു ഹൈബ്രിഡ് സൂപ്പര്‍കാര്‍ വിഭാഗത്തില്‍ പെടുന്ന വാഹനമാണ്. വമ്പന്‍ വിജയമായിത്തീര്‍ന്ന അവന്റഡോറിന്റെ പാരമ്പര്യം പിന്തുടരുന്ന ഈ സൂപ്പര്‍ കാറിന് സിസര്‍ ഡോറുകളും ഓപ്പണ്‍ എഞ്ചിന്‍ ബേയും ലഭിക്കുന്നു. 6.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് V12 എഞ്ചിനാണ് ഈ കാറിന് തുടിപ്പേകുന്നത്. ഇറ്റാലിയന്‍ ബ്രാന്‍ഡിന്റെ അഭിപ്രായത്തില്‍ തങ്ങള്‍ നിര്‍മിച്ച ഏറ്റവും ഭാരം കുറഞ്ഞതും ശക്തവുമായ V12 എഞ്ചിനാണിത്.
മുന്നില്‍ രണ്ടും പിന്നില്‍ ഒന്നുമടക്കം മൂന്ന് ഇലക്ട്രിക് മോട്ടോറും ലഭിക്കുന്നു. എഞ്ചിനും ഇലക്ട്രിക് മോട്ടോറുകള്‍ ചേര്‍ന്ന് 1,015 PS പവറും 725 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 8 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനാണ് ലഭിക്കുന്നത്. 3.8 kWh ബാറ്ററി പായ്ക്ക് ലഭിക്കുന്ന ഈ ഹൈബ്രിഡ് കാര്‍ ഇവി മോഡില്‍ മാത്രം 10 കിലോമീറ്റര്‍ സഞ്ചരിക്കും. വെറും 2.50 സെക്കന്റുകള്‍ കൊണ്ട് കാര്‍ 0-100 kmph വേഗത കൈവരിക്കും.
ഗൗതം സിംഘാനിയയെ പോലെ പ്രശസ്തനായ വ്യക്തി സോഷ്യല്‍ മീഡിയയിലൂടെ പരസ്യമായി ബ്രാന്‍ഡിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് രംഗത്തെത്തിയത് ലംബോര്‍ഗിനിക്ക് തലവേദനയാകും. മുമ്പ് മറ്റൊരു ഇറ്റാലിയന്‍ കമ്പനിയായ മസെരാട്ടിക്കെതിരെ സിംഘാനിയ തുറന്നടിച്ചിരുന്നു. താന്‍ ഇതുവരെ വാങ്ങിതില്‍ വെച്ച് ഏറ്റവും മോശം കാര്‍ മസെരാട്ടി MC20 ആണെന്നായിരുന്നു അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. എന്നാല്‍ അന്ന് പ്രതികരണവുമായി മസെരാട്ടി രംഗത്ത് വന്നിരുന്നു. ഇവിടെ ലംബോര്‍ഗിനിയും വിഷയത്തെ എങ്ങനെ അഭിമുഖകരിക്കുമെന്നാണ് അറിയാനുള്ളത്.


Click it and Unblock the Notifications








