എത്ര റോള്‍സ് റോയ്‌സ് വേണമെങ്കിലും വാങ്ങാന്‍ ശേഷിയുള്ള മനുഷ്യനാ... സ്വന്തമാക്കിയത് മൂന്നാമത്തെ ഇലക്ട്രിക് ഓട്ടോ
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഹോ കോര്‍പറേഷന്റെ സഹ സ്ഥാപകനും സിഇഒയുമാണ് ശ്രീധര്‍ വെമ്പു (Sridhar Vembu). 3.75 ബില്ല്യണ്‍ ഡോളറിന്റെ ആസ്ഥിയുള്ള തമിഴ്‌നാട്ടുകാരനായ ഇദ്ദേഹം ഇന്ത്യയിലെ സമ്പന്നന്‍മാരുടെ പട്ടികയില്‍ 55-ാമനാണ്. കോര്‍പ്പറേറ്റ് ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുന്ന പല സമ്പ്രദായങ്ങളും തകര്‍ത്തെറിയുന്ന പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നതിലൂടെ അദ്ദേഹം പ്രശസ്തനാണ്.
ചെന്നൈയില്‍ നിന്ന് തന്റെ സിഇഒ ഓഫീസ് ജന്മനാടായ തെങ്കാശിയിലേക്ക് മാറ്റിയതത് അത്തരത്തില്‍ ഒരു തീരുമാനമായിരുന്നു. ഇന്ത്യയുടെ ഗ്രാമീണ മേഖലയുടെ വളര്‍ച്ച ലക്ഷ്യമിടുന്ന അദ്ദേഹം ചെറുപട്ടണങ്ങളിലും ബില്ല്യണ്‍ ഡോളര്‍ കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് കാണിച്ചുതരുന്നു. തമിഴ്‌നാട്ടിലെ പരമ്പരാഗത വസ്ത്രമയായ 'വേഷ്ടി' ധരിക്കുകയും പട്ടണത്തിലൂടെ സൈക്കിളുകളില്‍ കറങ്ങുകയും ചെയ്യാറുണ്ട്. സമ്പത്ത് വെച്ചുനോക്കുമ്പോള്‍ റോള്‍സ് വാങ്ങാന്‍ സാധിക്കുന്ന അദ്ദേഹം ഇപ്പോള്‍ ഏവരെയും ഞെട്ടിച്ച് കൊണ്ട് ഒരു ഇലക്ട്രിക് ഓട്ടോ വാങ്ങിയിരിക്കുകയാണ്.

താന്‍ ഒരു ഇലക്ട്രിക് ഓട്ടോ വാങ്ങിയെന്ന വിവരം ശ്രീധര്‍ വെമ്പു ട്വിറ്ററിലൂടെയാണ് അറിയിച്ചിരിക്കുന്നത്. 'എന്റെ പുതിയ ഇലക്ട്രിക് ഓട്ടോ നോക്കൂ... അത് വേഗതയും മികച്ച സസ്പെന്‍ഷനുമുള്ള അത് ഓടിക്കുന്നത് ആസ്വദിക്കുന്നു' -തമിഴ്‌നാട്ടില്‍ നിന്നുളള മുരുഗപ്പ ഗ്രൂപ്പിന്റെ മോണ്‍ട്ര ഇലക്ട്രിക് ഓട്ടോയുടെ (Montra Electric Super Auto) ഫോട്ടോ പോസ്റ്റ് ചെയ്ത് ശ്രീധര്‍ വെമ്പു എക്‌സില്‍ കുറിച്ചു. അടിക്കുറപ്പില്‍ നിന്ന് ഇലക്ട്രിക് ഓട്ടോ ശ്രീധറിന് നല്ല ഇഷ്ടമായെന്ന് തോന്നുന്നു.
പ്രതീക്ഷിച്ച പോലെ തന്നെ പോസ്റ്റ് വൈറലായി. ഇതിനോടകം 2,34,600-ലധികം കാഴ്ചക്കാരെയാണ് പോസ്റ്റ് നേടിയത്. ശ്രീധര്‍ വെമ്പു വാങ്ങുന്ന ആദ്യത്തെ ഓട്ടോയല്ല ഇതെന്നതാണ് ശ്രദ്ധേയം. നേരത്തെ മഹീന്ദ്ര ഇലക്ട്രിക്കിന്റെ ട്രിയോ ഇലക്ട്രിക് ഓട്ടോയടക്കം രണ്ട് ഇലക്ട്രിക് ത്രീവീലറുകള്‍ അദ്ദേഹം സ്വന്തമാക്കിയിരുന്നു. മൂന്നാമത്തെ ഓട്ടോ വാങ്ങിയപ്പോള്‍ ബാക്കി രണ്ടെണ്ണം എന്തുചെയ്‌തെന്ന് ഒരു എക്‌സ് ഉപയോക്താവ് ശ്രീധറിനോട് ചോദിക്കുകയും ചെയ്തു. എല്ലാം നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സ്‌കൂളിനും ഫാമിനും വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം മറുപടിയും നല്‍കി.

ഇന്ത്യയില്‍ കുറച്ച് സംസ്ഥാനങ്ങള്‍ മാത്രമാണ് ഓട്ടോറിക്ഷകളെ സ്വകാര്യ വാഹനങ്ങളായി രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കുന്നത്. കൂടുതലും ഓട്ടോറിക്ഷകളെ വാണിജ്യ വാഹനങ്ങളായാണ് കാണുന്നത്. എന്നാല്‍ വെള്ള നമ്പര്‍പ്ലേറ്റിലുള്ള ഓട്ടോകള്‍ കേരളത്തിലും തമിഴ്‌നാട്ടിലും സാധാരണ കാഴ്ചയാണ്. സ്റ്റാറ്റസിന് യോജിക്കില്ലെന്ന് കരുതി ഓട്ടോകള്‍ പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത് ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് കോടീശ്വരനായ ശ്രീധര്‍ വെമ്പു ഒന്നല്ല മൂന്ന് ഓട്ടോകള്‍ തന്റെ ഉപയോഗത്തിനായി വാങ്ങിയിരിക്കുന്നത്.
മോണ്‍ട്ര ഇലക്ട്രിക് സൂപ്പര്‍ ഓട്ടോയെ കുറിച്ച് പറയുമ്പോള്‍ ഇത് 2022-ലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ഈ ഇലക്ട്രിക് ഓട്ടോ 2023-ലെ ഇന്റര്‍നാഷണല്‍ റെഡ് ഡോട്ട് ഡിസൈന്‍ അവാര്‍ഡ്‌സില്‍ 'ഇന്നോവേറ്റീവ് ലാസ്റ്റ് മൈല്‍ മൊബിലിറ്റി ഇലക്ട്രിക് പാസഞ്ചര്‍ വെഹിക്കിള്‍' വിഭാഗത്തില്‍ പുരസ്‌കാരം കരസ്ഥമാക്കിയിരുന്നു. ഡ്രൈവിംഗ് റേഞ്ച് നവീകരിച്ച് ഇലക്ട്രിക് ഓട്ടോയുടെ പുതുക്കിയ പതിപ്പ് ഈ വര്‍ഷം തുടക്കത്തില്‍ നിര്‍മാതാക്കള്‍ വിപണിയില്‍ എത്തിച്ചിരുന്നു.
ശ്രീധര്‍ വെമ്പു മോണ്‍ട്ര ഇ-റിക്ഷയുടെ അപ്‌ഡേറ്റഡ് പതിപ്പാണ് സ്വന്തമാക്കിയതെന്നാണ് തോന്നുന്നത്. മോണ്‍ട്ര ഇലക്ട്രിക് ഓട്ടോയുടെ 2024 പതിപ്പിന് 10 kW ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കില്‍ നിന്നാണ് പവറെടുക്കുന്നത്. ഇത് ഒറ്റചാര്‍ജില്‍ 203 കിലോമീറ്റര്‍ ഓടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 3.02 ലക്ഷം രൂപ മുതല്‍ 3.50 ലക്ഷം രൂപ വരെയാണ് ഇലക്ട്രിക് ഓട്ടോയുടെ എക്സ്ഷോറൂം വില പോകുന്നത്.
ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ അല്ലാതെ 2022-ല്‍ തന്റെ പേഴ്‌സണല്‍ ഉപയോഗത്തിനായി ശ്രീധര്‍ വെമ്പു ഒരു ടാറ്റ നെക്‌സോണ്‍ ഇവി വാങ്ങിയിരുന്നു. നെക്‌സോണ്‍ ഇവിയുടെ പ്രീ-ഫേസ്ലിഫ്റ്റ് പതിപ്പാണ് അദ്ദേഹത്തിന്റെ കൈവശമുള്ളത്. 30.2 kWh ലിഥിയം-അയണ്‍ ബാറ്ററിയാണ് ഇലക്ട്രിക് എസ്യുവി ഉപയോഗിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 312 കിലോമീറ്റര്‍ ആണ് ഡ്രൈവിംഗ് റേഞ്ച് പറയുന്നത്. 10 കിലോമീറ്റര്‍ താഴെയുള്ള ദൂരം സഞ്ചരിക്കാനാണ് താന്‍ ഇ-ഓട്ടോ ഉപയോഗിക്കുന്നതെന്ന് ശ്രീധര്‍ തന്നെ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications








