'മികച്ച കാര്‍ കളക്ടര്‍' അവാര്‍ഡ് കിട്ടിയത് വെറുതെയല്ല! 100 കോടിയുടെ ഗരാജ് വീണ്ടും വലുതാക്കി ഇന്ത്യക്കാരന്‍
ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ബിസിനസുകാരില്‍ ഒരാളാണ് പൂനവല്ല ഗ്രൂപ്പിന്റെ മാനേജിംഗ് ഡയരക്ടറായ യോഹാന്‍ പൂനവല്ല. ശതകോടീശ്വരന്‍ മാത്രമല്ല അറിയപ്പെടുന്ന വാഹനപ്രേമി കൂടിയാണ് ഇദ്ദേഹം. അപൂര്‍വമായ ഒത്തിരി വിന്‍േറജ് വാഹനങ്ങളുടെ ആകര്‍ഷകമായ ശേഖരമുള്ള യോഹന്‍ പൂനവല്ല രാജ്യത്തെ മാത്രമല്ല ലോകത്തിലെ തന്നെ അറിയപ്പെടുന്ന കാര്‍ കളക്ടര്‍മാരില്‍ ഒരാളാണ്. ഒരുകാലത്ത് മഹാരാജാക്കന്‍മാര്‍, പോപ്പ്, നവാബ്, മറ്റ് പ്രമുഖ വ്യക്തികള്‍ എന്നിവര്‍ ഉപയോഗിച്ച ചരിത്രപ്രാധാന്യമുള്ള കാറുകള്‍ ഇദ്ദേഹം ലേലത്തില്‍ പിടിക്കാറുണ്ട്. 100 കോടിയിലേറെ രൂപ വില വരുന്ന കാറുകള്‍ അദ്ദേഹത്തിന്റെ ഗരാജിലുണ്ടെന്നാണ് വിവരം.
വിന്റേജ് റോള്‍സ് റോയ്സ്, കസ്റ്റം ഫെറാറി, ബെന്റ്ലി, ലംബോര്‍ഗിനി, മെര്‍സിഡീസ് എന്നിവയുള്‍പ്പെടെ നിരവധി ക്ലാസിക്, ആഡംബര വാഹനങ്ങള്‍ അദ്ദേഹത്തിനുണ്ട്. ഖത്തറില്‍ നടന്ന ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ '2023-ലെ കളക്ടര്‍ ഓഫ് ദ ഇയര്‍' എന്ന പദവി അദ്ദേഹത്തെ തേടിയെത്തിയിരുന്നു. വിന്‍േറജ് കാറുകള്‍ ഒത്തിരിയുണ്ടെങ്കിലും അതോടൊപ്പം മോഡേണ്‍ കാറുകളും അദ്ദേഹം സ്വന്തമാക്കാറുണ്ട്.

ഇപ്പോള്‍ തന്റെ വിലയേറിയ കാറുകള്‍ അണിനിരക്കുന്ന ഗരാജിലേക്ക് പുത്തന്‍ അതിഥിയെ ചേര്‍ത്തിരിക്കുകയാണ് യോഹന്‍. പുതിയ മെര്‍സിഡീസ് മെയ്ബാക്ക് S680 ആഡംബര സെഡാനാണ് ശതകോടീശ്വരന്‍ വാങ്ങിയിരിക്കുന്നത്. പുതിയ മെയ്ബാക്ക് വാങ്ങിയ വിവരം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അദ്ദേഹം സ്ഥിരീകരിക്കുന്നുണ്ട്. മനോഹരമായ നോട്ടിക് ബ്ലൂ കളര്‍ ഓപ്ഷനില്‍ വരുന്ന കാറിന് സമീപം നില്‍ക്കുന്ന ചിത്രമാണ് യോഹന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
സാധാരണഗതിയില്‍ ആളുകള്‍ മെയ്ബാക്ക് സെഡാനുകളില്‍ ഡ്യുവല്‍-ടോണ്‍ ഷേഡുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ യോഹന്‍ മറിച്ചാണ് ചിന്തിച്ചത്. ഈ കാര്‍ മോഡലിന്റെ ഒരു യൂണിറ്റിന്റെ വില 4 കോടിയിലധികം വരും. ഏകദേശം 5.5 മീറ്റര്‍ നീളമുള്ള മെര്‍സിഡീസ് മെയ്ബാക്ക് S680 ഇന്ത്യയിലെ ഏറ്റവും നീളമേറിയ കാറാണ്. നിലവിലെ തലമുറ S-ക്ലാസിനെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും നീളമേറിയ വീല്‍ബേസുള്ളതിനാല്‍ ആഡംബര കാറിന്റെ അകത്തളം അതിവിശാലമാണ്.
ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സിന്റെ അത്യാഡംബര വാഹന വിഭാഗമാണ് മെയ്ബാക്ക്. റോള്‍സ് റോയ്‌സിനുള്ള മേര്‍സിഡീസിന്റെ മറുപടി എന്നാണ് മെയ്ബാക്ക് കാറുകളെ വിശേഷിപ്പിക്കുന്നത്.മറ്റൊല്ലാ മെയ്ബാക്ക് മോഡലുകളെയും പോലെ ഈ കാറിന്റെ ക്യാബിനും അത്യാഡംബര ഫീച്ചറുകളാല്‍ നിറഞ്ഞതാണ്. കാറില്‍ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സീറ്റുകള്‍ സജ്ജീകരിച്ചിരിക്കുന്നു.
പ്രീമിയം ലെതറുകള്‍ കൊണ്ടാണ് സീറ്റുകളുടെ നിര്‍മാണം. റിയര്‍സീറ്റ് എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, എല്ലാ സീറ്റുകള്‍ക്കും റിക്ലൈനര്‍ ഫംഗ്ഷന്‍, മസാജ് ഫീച്ചര്‍, ഹീറ്റഡ് ആന്‍ഡ് കൂള്‍ഡ് സീറ്റുകള്‍ എന്നിവയുമായാണ് മെര്‍സിഡീസ് മെയ്ബാക്ക് S680 വരുന്നത്. ഡ്രൈവറെ ശല്യപ്പെടുത്താതെ യാത്രക്കാര്‍ക്ക് പിന്നില്‍ നിന്ന് വിവിധ ഫീച്ചറുകള്‍ നിയന്ത്രിക്കാനാകും.
ഈ കാറില്‍ നല്‍കിയിരിക്കുന്ന ജെസ്റ്റര്‍ കണ്‍ട്രോള്‍ ഫീച്ചര്‍ ഉപയോഗിച്ച് ഡോറുകള്‍ വലിച്ചടക്കാതെ ഓട്ടോമാറ്റിക്കായി അടയ്ക്കാം. ജെസ്റ്റര്‍ കണ്‍ട്രോള്‍ കൂടതെ ഡ്രൈവര്‍ക്ക് റിയര്‍ ഡോറുകള്‍ നിയന്ത്രിക്കാനുള്ള ബട്ടണുകളും ഉണ്ടാകും. ഒന്നിലധികം എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ, മികച്ച ടേണിംഗ് റേഡിയസിന് റിയര്‍ സീറ്റിയറിംഗ് വീല്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ പോലുള്ള ADAS ഫീച്ചറുകള്‍ എന്നിവയടക്കം ഈ കാറിന്റെ സേഫ്റ്റി കിറ്റില്‍ ഒരുക്കിയിട്ടുണ്ട്.
6.0 ലിറ്റര്‍ V12 ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ മോട്ടോറാണ് ഈ കാറിന്റെ ഹൃദയം. ഇത് പരമാവധി 612 PS പവറും 900 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നു. എല്ലാ വീലുകളിലേക്കും പവര്‍ കൈമാറുന്നതിനായി മെര്‍സിഡീസ് 4Matic സാങ്കേതികവിദ്യയും കാറില്‍ സജ്ജീകരിച്ചിരിക്കുന്നു.
പ്രീമിയം ഡിസൈന്‍, അത്യാധുനിക സാങ്കേതിക വിദ്യ, സമാനതകളില്ലാത്ത സുഖസൗകര്യങ്ങള്‍ എന്നിവ കാരണം സമ്പന്നരായ ആളുകളും ബോളിവുഡ് താരങ്ങളും മെയ്ബാക്ക് മോഡല്‍ വാങ്ങിക്കൂട്ടുന്നു. മെയ്ബാക്ക് S680 ഉടമയായ മറ്റൊരു ശതകോടീശ്വരന്‍ മുകേഷ് അംബാനിയാണ്. അദ്ദേഹത്തിറെ പക്കല്‍ ഇതേ കാര്‍ മോഡല്‍ രണ്ടെണ്ണം ഉണ്ട്. മാത്രമല്ല. ബോളിവുഡ് നടി കങ്കണ റണാവത്ത് പര്‍പ്പിള്‍ സ്‌റ്റൈല്‍ ലാബ്‌സ് ഉടമ അഭിഷേക് അഗര്‍വാള്‍ എന്നിവരാണ് മെയ്ബാക്ക് S680 ഉടമകളായ മറ്റ് പ്രമുഖര്‍.


Click it and Unblock the Notifications








