കാര്‍ വിറ്റ് കുടുങ്ങി ബച്ചനും ആമിര്‍ ഖാനും! റോള്‍സ് റോയ്‌സുകള്‍ക്ക് കിട്ടിയ പിഴ മൊത്തം 38.26 ലക്ഷം രൂപ
തങ്ങളുടെ യാത്രകള്‍ക്കായി ആഡംബര കാറുകള്‍ ഉപയോഗിക്കുന്നവരാണ് സെലിബ്രിറ്റികള്‍. താരങ്ങളുടെ സ്റ്റാറ്റസിന് യോജിക്കുന്ന തരത്തിലുള്ള കാറുകളാണ് അവര്‍ വാങ്ങുന്നത്. കാര്‍ അപ്‌ഗ്രേഡ് ചെയ്യുമ്പോള്‍ അവ വിറ്റ് ഒഴിവാക്കുകയാണ് ചെയ്യുക. സിനിമാ നടന്‍മാര്‍ ഉപയോഗിച്ച കാറുകള്‍ പൊന്നുംവില കൊടുത്ത് സ്വന്തമാക്കുന്ന ആളുകള്‍ ഇന്ത്യയില്‍ ഉണ്ട്. ഇപ്പോള്‍ വിറ്റിട്ടും രണ്ട് സൂപ്പര്‍ താരങ്ങള്‍ക്ക് തലവേദനയായി മാറിയിരിക്കുകയാണ് റോള്‍സ് റോയ്സ് കാറുകള്‍. ബോളിവുഡ് സൂപ്പര്‍ താരങ്ങളായ അമിതാഭ് ബച്ചനും ആമിര്‍ ഖാനും ഉടമകളായിരുന്ന ആഡംബര കാറുകള്‍ക്കാണ് റോഡ് നികുതി അടയ്ക്കാത്തതിന് കര്‍ണാടക ആര്‍ടിഒ അധികൃതര്‍ നോട്ടീസ് അയച്ചത്. എന്തിനാണ് കാറിന് പിഴയിട്ടതെന്നും ആരാണ് പിഴയടക്കാത്തതെന്നും നമുക്ക് നോക്കാം.
ഇന്ത്യയുടെ സിലിക്കണ്‍വാലിയെന്ന് അറിയപ്പെടുന്ന നഗരമാണ് നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണാടക തലസ്ഥാനമായ ബാംഗ്ലൂര്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ നഗരത്തില്‍ ജോലി ചെയ്യുന്നുണ്ട്. പലരും സ്വന്തം വാഹനം കര്‍ണാടകയില്‍ കൊണ്ടുവന്ന് ഉപയോഗിക്കുന്നു. മോട്ടോര്‍ വാഹന നിയമപ്രകാരം ഒരു വ്യക്തിക്ക് സ്വന്തം വാഹനം ഉപയോഗിച്ച് ഇന്ത്യ മുഴുവന്‍ സഞ്ചരിക്കാമെങ്കിലും ഒരു പ്രത്യേക സംസ്ഥാനത്ത് ഒരു വര്‍ഷത്തില്‍ കൂടുതല്‍ വാഹനം ഉപയോഗിക്കണമെങ്കില്‍ ചില ചിട്ടവട്ടങ്ങളുണ്ട്.
നേരത്തെ ഏത് സംസ്ഥാനത്തിലാണോ രജിസ്റ്റര്‍ ചെയ്തത് അവിടെ നിന്ന് നിങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി ഏത് സംസ്ഥാനത്തിലാണോ ഉപയോഗിക്കാന്‍ പോകുന്നത് അവിടെ റീ-രജിസ്റ്റര്‍ ചെയ്ത് നികുതി അടച്ച് ഉപയോഗിക്കുകയാണ് ശരിക്കും വേണ്ടത്. എന്നാല്‍ കര്‍ണാടകയില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി വാഹനങ്ങള്‍ റീ-രജിസ്റ്ററും നികുതി അടയ്ക്കുകയും ചെയ്യാതെ സംസ്ഥാനത്ത് ഉപയോഗിക്കുന്നതായി അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു.
ഇത്തരത്തില്‍ അനധികൃതമായി സംസ്ഥാനത്തെ നിരത്തിലെത്തുന്ന കര്‍ണാടക ആര്‍ടിഒ ഉദ്യോഗസ്ഥര്‍ നടപടി കര്‍ശനമാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും ആമിര്‍ ഖാനും ഉപയോഗിച്ചിരുന്ന റോള്‍സ് റോയ്സ് കാറുകള്‍ മഹാരാഷ്ട്ര നമ്പര്‍ പ്ലേറ്റുമായി കര്‍ണാടകത്തില്‍ ഓടുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഈ കാറുകള്‍ കുറേ നാളുകളായി കര്‍ണാടകത്തില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടമക്ക് നോട്ടീസ് അയക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.
അമിതാഭ് ബച്ചന്‍ ഉപയോഗിച്ചിരുന്ന റോള്‍സ് റോയ്സ് ഫാന്റവും, അമീര്‍ ഖാന്‍ ഉപയോഗിച്ചിരുന്ന റോള്‍സ് റോയ്സ് ഗോസ്റ്റ് കാറുമാണ് കര്‍ണാടകയില്‍ നികുതി അടയ്ക്കാതെ ഉപയോഗിച്ചതെന്ന് ഇന്ത്യ ടുഡേയില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌ക്രാപ് ഡീലറില്‍ നിന്ന് കോടീശ്വരനായി വളര്‍ന്ന യൂസുഫ് ശരീഫ് ആണ്് സെലിബ്രിറ്റികളില്‍ നിന്ന് ഈ കാറുകള്‍ വാങ്ങിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. രജിസ്‌ട്രേഷന്‍ നമ്പറുകള്‍ പരിശോധിച്ചപ്പോള്‍ റോള്‍സ് റോയ്‌സ് ഫാന്റത്തിന്റെ ഉടമ ഇപ്പോഴും ബച്ചനാണെന്നാതാണ് രസകരം.
ഫാന്റത്തിന്റെ ആര്‍സിയില്‍ ഉടമയെ മാറ്റുകയോ റീരജിസ്റ്റര്‍ ചെയ്യുകയോ ചെയ്യാതെയാണ് കെജിഎഫ് ബാബുവെന്ന് വിളിപ്പേരുള്ള യൂസുഫ് ശരീഫ് ഉപയോഗിച്ച് വന്നത്. 2021 മുതല്‍ ബച്ചന്‍ ഉപയോഗിച്ചിരുന്ന ഫാന്റവും അമീര്‍ ഉപയോഗിച്ചിരുന്ന ഗോസ്റ്റ് 2023 മുതലും കര്‍ണാടകത്തില്‍ ഓടുന്നുണ്ട്. ഇപ്പോള്‍ കര്‍ണാടക ആര്‍ടിഒ ബച്ചന്റെ ഫാന്റത്തിന്റെ പേരില്‍ 18.53 ലക്ഷം രൂപയും, ആമിര്‍ ഖാന്റെ ഗോസ്റ്റിന്റെ പേരില്‍ 19.73 ലക്ഷം രൂപയും പിഴയടക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി.
ഇതിന് മുമ്പ് ഇക്കാര്യം ചൂണ്ടിക്കാട്ടി അധികൃതര്‍ നോട്ടീസ് നല്‍കിയെങ്കിലും കെജിഎഫ് ബാബു അത് ഗൗനിച്ചില്ലെന്നാണ് പറയപ്പെടുന്നത്. 2021-ല്‍ ഫാന്റം ആര്‍ടിഒ പിടികൂടിയെങ്കിലും 5500 രൂപ പിഴയടച്ച് തടിയൂരുകയായിരുന്നു. ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദമായിരുന്നു വാഹനം വിട്ടുകൊടുക്കാനുള്ള കാരണം. സെലിബ്രിറ്റികളുടെ കാറുകള്‍ ശേഖരിക്കുന്നത് തനിക്ക് ഇഷ്ടമാണെന്നും ഈ രണ്ട് കാറുകള്‍ക്കും മഹാരാഷ്ട്രയില്‍ ആജീവനാന്ത നികുതി അടച്ചതായുമാണ് യൂസുഫ് ശരീഫ് പറയുന്നത്.
കര്‍ണാടകയില്‍ വീണ്ടും നികുതി അടക്കണമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുംബൈയിലും ബിസിനിസുള്ള തന്റെ അവിടുത്തെ ഓഫീസ് അഡ്രസിലാണ് കാറുകള്‍ രജിസ്റ്റര്‍ ചെയ്തതെന്നും 15 ദിവസം മഹാരാഷ്‌രടയിലും 15 ദിവസം കര്‍ണാടകയിലുമാണ് കാര്‍ ഉണ്ടാവാറുള്ളതെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഏതായാലും നികുതിയും അതിന്റെ പിഴയും അടച്ച് യൂസുഫ് ശരീഫ് തടിയൂരിയിട്ടുണ്ട്.

കോലാര്‍ ഗോള്‍ഡ് ഫീല്‍ഡില്‍ നിന്നുള്ള യുസുഫ് ശരീഫിന്റെ ആസ്തി ഏകദേശം 1744 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023 നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ചിരുന്നു. ഏതായാലും സമ്പത്തും സ്വാധീനവുമുള്ള യൂസുഫിനെ പോലുള്ള ആളുകള്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുത്ത കര്‍ണാടക ആര്‍ടിഒ കൈയ്യടി അര്‍ഹിക്കുന്നുണ്ട്.
ഈ ഒരു സംഭവത്തില്‍ നിന്ന് സാധാരണക്കാര്‍ക്കും സെലിബ്രിറ്റികള്‍ക്കും ഒരുപോലെ പാഠമുണ്ട്. സെലിബ്രിറ്റികള്‍ പോലും പുതിയ കാര്‍ വാങ്ങാന്‍ തോന്നുമ്പോള്‍ പഴയ കാര്‍ വില്‍ക്കാറുണ്ട്. എന്നാല്‍ അവരും കാര്‍ വാങ്ങിയ വ്യക്തി ആര്‍സിയില്‍ ഉടമയുടെ പേര് മാറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നില്ലെന്നാണ് നമുക്ക് മനസ്സിലാകുന്നത്. പേര് മാറ്റിയില്ലെങ്കില്‍ ഇത് പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് സ്വന്തം വാഹനം വിറ്റുകഴിഞ്ഞാല്‍ ഇത്തരം കാര്യങ്ങളില്‍ ഉറപ്പായും ശ്രദ്ധ പതിപ്പിക്കണം.


Click it and Unblock the Notifications










