ഓട്ടോയില്‍ നിന്ന് റോള്‍സ് റോയ്‌സിലേക്ക്! ജീരക സോഡ വിറ്റ് 11 കോടിയുടെ കാര്‍ വാങ്ങിയ അയല്‍നാട്ടുകാരന്‍
ഒന്നുമില്ലായ്മയില്‍ നിന്ന് വീരഗാഥകള്‍ രചിച്ച സംരഭകരുടെ കഥകള്‍ നമ്മള്‍ എന്നും ആവേശത്തേടെയാണ് കേട്ടിട്ടുള്ളത്. സ്വപ്‌നം കാണാന്‍ ഉറങ്ങണം, എന്നാല്‍ ആ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഠിനാധ്വാനം, ക്ഷമ, അഭിനിവേശം എന്നിവയോടെ കഷ്ടപ്പെടാനുള്ള ഒരു മനസ്സും വേണം. ദൃഢനിശ്ചയവും സമര്‍പ്പണവുമുണ്ടെങ്കില്‍ ഏറ്റവും അസാധ്യമായ സ്വപ്നങ്ങള്‍ പോലും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് കര്‍ണാടകയിലെ ബാംഗ്ലൂരില്‍ നിന്നുള്ള സത്യ ശങ്കറിന്റെ (Sathya Shankar) പ്രചോദനാത്മകമായ കഥ. ഒരുകാലത്ത് ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന സത്യ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ആഡംബര കാറുകളില്‍ ഒന്നായ റോള്‍സ് റോയ്സ് ഫാന്റത്തിന്റെ ഉടമയാണ്.
1980-കളില്‍ കര്‍ണാടകയിലെ ബാംഗ്ലൂരില്‍ ഓട്ടോ ഡ്രൈവറായിരുന്ന സത്യ ശങ്കറിന്റെ ഇന്നത്തെ ആസ്തി ഏകദേശം 800 കോടി രൂപയാണ്. ചെറുപ്പം മുതല്‍ക്ക് തന്നെ വലിയ സ്വപ്‌നങ്ങളുണ്ടായിരുന്ന സത്യ ശങ്കര്‍ കഠിനാധ്വാനിയായിരുന്നു. ഒറ്റ വര്‍ഷത്തിനുള്ള തന്റെ ഓട്ടോയുടെ വായ്പ തീര്‍ത്ത അദ്ദേഹം പിന്നീട് അത് വിറ്റ് ഒരു ഹിന്ദുസ്ഥാന്‍ അംബാസഡര്‍ കാര്‍ വാങ്ങി. അദ്ദേഹത്തിന്റെ വിജയത്തിലേക്കുള്ള ആദ്യത്തെ ചവിട്ടുപടിയായിരുന്നു അത്.
1987-ല്‍ സത്യ ഓട്ടോമോട്ടീവ് ഗരാജ് ആരംഭിച്ച് ടയര്‍ ഡീലര്‍ഷിപ്പ് ഷോറൂം തുറന്ന അദ്ദേഹം തുടക്കമിട്ട എല്ലാ ഉദ്യമങ്ങളും വിജയം കണ്ടു. ടയര്‍ കട ആരംഭിച്ചെങ്കിലും ജീവിതത്തില്‍ വലിയ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്ന സത്യ 2002-ല്‍ എസ്ജി കോര്‍പറേറ്റ്‌സ് (SG Corporates) എന്ന സ്വന്തം കമ്പനി സ്ഥാപിച്ചു. അതിന് കീഴില്‍ ബിന്ദു ജീര മസാല സോഡ ഉള്‍പ്പെടെ വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ തുടങ്ങിയത് സത്യ ശങ്കറിന്റെ ജീവിതത്തില്‍ വഴിത്തിരിവായി.
ഇന്ന് ഭക്ഷ്യ പാനീയങ്ങള്‍, ഓട്ടോ സ്‌പെയര്‍, ഓട്ടോ ഫിനാന്‍സ്, ജൈവ കൃഷി, പഴ സംസ്‌കരണം എന്നിങ്ങനെ വിവിധ മേഖലകളില്‍ ബിസിനസ് ചെയ്യുന്ന എസ്ജി ഗ്രൂപ്പിന്റെ വാര്‍ഷിക വിറ്റുവരവ് 800 കോടി രൂപയാണ്. ഈ ജീര സോഡ കേരളത്തില്‍ അത്ര പ്രചാരത്തില്‍ ഇല്ലെങ്കിലും അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ ജനപ്രിയമാണ്. ഒരുകാലത്ത് ഇന്‍സ്റ്റ റീല്‍സുകളിലും 'ബിന്ദു' നിറഞ്ഞ് നിന്നിരുന്നു.
കമ്പനി നല്ല രീതിയില്‍ മുന്നോട്ട് പോകുന്നതിന്റെ സൂചനയായി കഴിഞ്ഞ ഏപ്രിലില്‍ അദ്ദേഹം ഒരു പുതിയ റോള്‍സ് റോയ്സ് ഫാന്റം VIII ലോംഗ് വീല്‍ബേസ് മോഡല്‍ വാങ്ങിയിരുന്നു. പുത്തൂരിലെ സത്യ ശങ്കറിന്റെ വീട്ടില്‍ തന്നെ കാര്‍ ഡെലിവറി ചെയ്തു. കര്‍ണാടക വ്യവസായിയുടെ പുതിയ റോള്‍സ് റോയ്സ് ഫാന്റം VIII ലോംഗ് വീല്‍ബേസ് കാര്‍ ഇപ്പോള്‍ ബാംഗ്ലൂരിലെ ഒരു കെട്ടിട സമുച്ചയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഇതിന്റെ ചിത്രങ്ങളും മറ്റും ഓട്ടോമൊബിലി ആര്‍ഡന്റ് തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ഏകദേശം 11.3 കോടി രൂപ വിലമതിക്കുന്ന റോള്‍സ് റോയ്സ് ഫാന്റം VIII ലോംഗ് വീല്‍ബേസ് മോഡലിന്റെ ലെറ്റ് ഷാംപെയ്ന്‍ കളറിലാണ് ഫിനിഷ് ചെയ്തിരിക്കുന്നത്. സത്യ ശങ്കറിന്റെ റോള്‍സ് റോയ്സ് ഫാന്റത്തിന്റെ ഇന്റീരിയര്‍ ഡാര്‍ക്ക് ബര്‍ഗണ്ടി (മദ്യത്തിന്റെ നിറം), ബ്ലാക്ക് നിറങ്ങളിലാണ് അലങ്കരിച്ചിരിക്കുന്നത്. സാധാരണയായി റോള്‍സ് റോയ്‌സ് ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് കസ്റ്റമൈസ് ചെയ്യാന്‍ അവസരം നല്‍കാറുണ്ട്.
സത്യ ശങ്കറും തന്റെ റോള്‍സ് റോയ്‌സ് ഫാന്റത്തില്‍ കസ്റ്റമൈസേഷന്‍ വരുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഈ ആഡംബര കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ ഗ്ലാസ് പാനലുകള്‍ ഒരേപോലെ ഘടിപ്പിച്ചിരിക്കുന്നു. 'സ്‌പെഷ്യലി മെയ്ഡ് ഫോര്‍ സത്യ ശങ്കര്‍' എന്ന് കാറില്‍ ലേബല്‍ ചെയ്യപ്പെട്ടത് ഇതിനെ ഏറെ സ്‌പെഷ്യലാക്കുന്നു. സ്റ്റാര്‍ലൈറ്റ് റൂഫ്ലൈനര്‍, ക്രിസ്റ്റല്‍ ഫ്‌ലൂട്ടുകളുള്ള ഷാംപെയ്ന്‍, മറ്റ് നിരവധി സവിശേഷതകള്‍ എന്നിവയും ഫാന്റമില്‍ ലഭ്യമാണ്.
കരുത്തുറ്റ 6.75 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V12 പെട്രോള്‍ എഞ്ചിനാണ് ഫാന്റത്തിന് കരുത്തേകുന്നത്. 571 bhp പവറും 900 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമായ ഈ എഞ്ചിന്റ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. എക്കാലത്തെയും ഏറ്റവും നിശബ്ദമായ എഞ്ചിനുകളില്‍ ഒന്നാണ് റോള്‍സ് റോയ്സ് ഫാന്റത്തിലുള്ളത്. ഏതായാലും കര്‍ണാടകയിലെ പുത്തൂര്‍ എന്ന ഗ്രാമത്തില്‍ നിന്ന് വിജയത്തിന്റെ ചവിട്ടുപടികള്‍ കയറിയ സത്യ ശങ്കര്‍ ജീവിതത്തില്‍ വലിയ ലക്ഷ്യങ്ങളുള്ളവര്‍ക്ക് ഒരു പാഠപുസ്തകമാണ്.
ഇന്ത്യയിലെ ഒരു ടയര്‍ 3 പട്ടണത്തിലോ ഗ്രാമപ്രദേശങ്ങളിലോ നിന്നുള്ള ഒരാള്‍ റോള്‍സ് റോയ്സ് ഫാന്റം പോലുള്ള ഒരു വാഹനം സ്വന്തമാക്കുന്നത് വളരെ അപൂര്‍വമാണ്. ഇച്ഛാശക്തിയുള്ളിടത്ത് വിജയവഴി തെളിയുമെന്നതിന് ഉദാഹരണമാണ് സത്യ ശങ്കര്‍. ഒരു റോള്‍സ് റോയ്‌സ് നിങ്ങളും സ്വപ്‌നം കാണുന്നുണ്ടെങ്കില്‍ അതിന്റെ പണികള്‍ ഇന്ന് തന്നെ തുടങ്ങിയേക്കണം. ഒന്നും നാളേക്ക് മാറ്റിവെക്കരുത്.


Click it and Unblock the Notifications










