BMW 3 SERIES ഇത്രയേ ഉളേളാ ജർമ്മൻ്റെ തൊലിക്കട്ടി; ബിഎംഡബ്ല്യൂ 3 സീരീസിനെ തുളച്ച് റെയിൽ ഗാർഡ്
ഹൈവേകളിൽ വാഹനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് റെയിൽ ഗാർഡുകൾ സ്ഥാപിക്കുന്നത്. അഥവാ അപകടം ഉണ്ടായാലും മറ്റ് ലെയിനുകളിലേക്ക് പോകാതിരിക്കാനുളള സുരക്ഷയ്ക്ക് കൂടെയാണ് ഈ സംവിധാനം. അമിതവേഗതയിൽ എത്തിയ ബിഎംഡബ്ല്യു 3-സീരീസ് ഇടിച്ചു കയറിയ വീഡിയോ ഇപ്പോൾ ഇൻ്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഗുജറാത്തിലാണ് സംഭവം നടന്നത്. കാർ രണ്ടായി പിളർന്ന് ഗാർഡ് റെയിലിൽ തുളച്ച് കയറിയിരിക്കുകയാണ്.
ഡ്രൈവർ അമിതവേഗതയിലായിരുന്നു എന്ന് തന്നെയാണ് സംഭവം കാണുമ്പോൾ മനസിലാകുന്നത്. ഒരു കാറിലേത്ത് റെയിൽ ഗാർഡ് തുളച്ചു കയറണമെങ്കിൽ അത്രമാത്രം വേഗതയിലായത് കൊണ്ടാണല്ലോ. രാജ്യത്തുടനീളം ഇത്തരം നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഓരോ മാസവും നൂറുകണക്കിന് കിലോമീറ്റർ ഹൈവേകൾ കൂട്ടിച്ചേർക്കപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയിലെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴും സുരക്ഷിതമല്ല എന്ന് വേണം മനസിലാക്കാൻ.

റെയിൽ ഗാർഡുകളുടെ അറ്റം കൂർത്തതായിരിക്കുന്നതും അപകടത്തിൻ്റെ വ്യാപ്തി കൂട്ടുന്നുണ്ട്. കൂട്ടിയിടി സമയത്ത് ഊർജ്ജം ആഗിരണം ചെയ്ത് വാഹനത്തിന്റെ കേടുപാടുകൾ കുറയ്ക്കുന്നതിന് ക്രാഷ് അറ്റൻവേറ്ററുകൾ ഫലപ്രദമായ ഒരു വഴിയാണ്. മെഴ്‌സിഡസ് ബെൻസ് എസ്‌യുവിയിൽ യാത്ര ചെയ്യുന്നതിനിടെ സമാനമായ അപകടത്തിൽ സൈറസ് മിസ്‌ത്രി കൊല്ലപ്പെട്ടതിന് ശേഷം ഗാർഡ്‌റെയിലുകൾ സുരക്ഷിതമാക്കാൻ എൻഎച്ച്എഐ ഈ റോഡ് പണികൾ ആരംഭിച്ചിരുന്നു.
ഓരോ റോഡിലും വളവിലും തിരിവിലും അതത് സ്ഥലങ്ങളുടെ പ്രത്യേകത അനുസരിച്ചാണ് ഓരോ ചിഹ്നങ്ങളും സൈനുകളും സ്ഥാപിക്കുന്നതും. നോ പാർക്കിംഗ് ബോർഡുകൾ, സ്പീഡ് ലിമിറ്റ്, റോഡ് ഇടുങ്ങിയതാക്കുന്ന മുന്നറിയിപ്പ് ബോർഡ് തുടങ്ങി വിവിധ ബോർഡുകൾ റോഡിലുണ്ടാകും. പക്ഷേ ഇതൊന്നും നോക്കിയാവില്ല നമ്മളിൽ ഭൂരിഭാഗം പേരും വണ്ടിയോടിക്കുക എന്നതാണ് കൗതുകകരമായ കാര്യം. അത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിച്ച് വണ്ടിയോടിക്കുന്നവരുണ്ടോ എന്നുവരെ സംശയിച്ചാലും തെറ്റുണ്ടാവില്ല.

നമ്മുടെ നിരത്തുകളിൽ പ്രധാനമായും മൂന്നുതരത്തിലുള്ള റോഡ് സൈനുകളാണ് പ്രധാനമായുള്ളത്. അതിൽ ആദ്യത്തേത് ചുവന്ന വൃത്തത്തിനുള്ളിൽ അടയാളപ്പെടുത്തുന്നവയാണ്. ഇതിൽ വാഹനം ഓടിക്കുമ്പോൾ നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങൾ ആണ് സൂചിപ്പിക്കുന്നത്. വൺവേ, നോ എൻട്രി എന്നീ ചിഹ്നങ്ങളാണ് പ്രധാനമായും ഇതിലുണ്ടാവുക. രണ്ടാമത്തേത് ചുവന്ന ത്രികോണത്തിൽ പ്രദർശിപ്പിക്കുന്നവയാണ്. ഇത് ഡ്രൈവർക്ക് മുന്നറിയിപ്പുകൾ നൽകാനാണ് ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് വലത്തേക്കു തിരിവ്, റോഡ് ചെറുതാകുന്നു എന്നിങ്ങനയുള്ള സൂചകങ്ങളാണ് ഇതിൽ ഉപയോഗിക്കുന്നത്.
മൂന്നാമത്തേത് നീലചതുരത്തിലോ, വൃത്തത്തിലോ സ്ഥാപിക്കുന്നവയാണ്. ആശുപത്രി, പെട്രോൾ പമ്പ് എന്നിവ അടുത്തുണ്ട് തുടങ്ങിയ വിവരങ്ങൾ നൽകാനാണ് നീലചതുരത്തിലുള്ള ചിഹ്നങ്ങളെങ്കിൽ വൃത്താകൃതിയിലുള്ളവ മുകളിൽ പറഞ്ഞ കർശനമായ സിഗ്നലുകളെയും സൂചിപ്പിക്കുന്നു. നിങ്ങളുടെയും മറ്റൊരാളുടെയും ജീവൻ ഇത്തരം സിഗ്‍നലുകൾക്കുള്ളിലാണ്. ആയതിനാൽ കർശനമായും റോഡ് നിയമങ്ങൾ മാത്രം പാലിച്ച് വാഹനങ്ങളോടിക്കാൻ തയാറാവേണം.
റോഡപകടങ്ങളിൽ ഉൾപ്പെട്ട വാഹന വിഭാഗങ്ങളിൽ, 2022 ലെ മൊത്തം അപകടങ്ങളിലും മരണങ്ങളിലും ഏറ്റവും കൂടുതൽ പങ്കുവഹിച്ചത് ഇരുചക്രവാഹനങ്ങളാണ്. കാറുകളും ജീപ്പുകളും ടാക്‌സികളും ഉൾപ്പെടുന്ന ചെറുവാഹനങ്ങൾ രണ്ടാം സ്ഥാനത്താണുളളത്. 2022-ലെ മൊത്തം അപകട മരണങ്ങളിൽ (19.5 ശതമാനം) ഏറ്റവും വലിയ പങ്ക് 'ഹിറ്റ് ഫ്രം ബാക്ക്' ആണ്, തുടർന്ന് 'ഹിറ്റ് ആൻഡ് റൺ', 'ഹെഡ് ഓൺ കൊളിഷൻ' എന്നിവ യഥാക്രമം 18.1 ശതമാനവും 15.7 ശതമാനവുമാണ് എന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ഒരു അപകടം സംഭവിച്ചുവെന്ന് മനസിലായാൽ ആദ്യം ചെയ്യേണ്ടത് വാഹനം നിർത്തുക എന്നതാണ്. വണ്ടി നിർത്തി കാര്യങ്ങൾ പരിഹരിക്കാൻ അനുവദിക്കുക എന്നതാണ് ആദ്യത്തെ ഘട്ടം. ഇത് നിങ്ങളുടെ നിയമപരമായ ബാധ്യത മാത്രമല്ല ധാർമികവും കൂടിയാണെന്ന് എപ്പോഴും ഓർമിക്കണം. അപകടം വലുതല്ലെങ്കിൽ പോലും, സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകാൻ ശ്രമിക്കരുത്.
ഇത്തരത്തിലുള്ള സംഭവങ്ങൾ നാം പലപ്പോഴും കേട്ടിട്ടുള്ള ഒന്നുകൂടിയാണല്ലേ. നിർഭാഗ്യവശാൽ അപകടം സംഭവിച്ചാൽ നിങ്ങൾക്ക് കഴിയുമെങ്കിൽ കാറിൽ നിന്ന് ഇറങ്ങുക. ഇതിനു ശേഷം ദീർഘമായി ശ്വാസം എടുക്കുക. കഴിയുന്നത്ര ശാന്തമായിരിക്കാൻ ശ്രമിക്കാനും ഓർക്കണം. തുടർന്ന് എതിർ കക്ഷിയുമായി തർക്കം ഒഴിവാക്കുക. അപകടം ചെറുതാണെങ്കിലും വലുതാണെങ്കിലും പരിക്കുകൾ പറ്റിയിട്ടുണ്ടോയെന്ന് സ്വയമേ ഒന്നു പരിശോധിക്കണം. നിങ്ങൾക്കോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ പരിക്കേറ്റിട്ടുണ്ടോയെന്നും നോക്കണം.


Click it and Unblock the Notifications








