ബിഎംഡബ്ല്യു കാര്‍ റോഡരില്‍ ഉപേക്ഷിച്ച് ഉടമ; അംബാനി പോലും ഇങ്ങനെയൊരു കാരണം പറയില്ല!
പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഭേദമില്ലാതെ കാര്‍ വാങ്ങുന്നവരെല്ലാം അവ ഏറെ ശ്രദ്ധിച്ച് പരിപാലിച്ചായിരിക്കും കൊണ്ടുനടക്കുക. ഒരു ആഡംബര കാര്‍ ആകുമ്പോള്‍ പലപ്പോഴും അതിന് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനായി പ്രത്യേക ജോലിക്കാര്‍ വരെ ഉണ്ടാകും. ഈ ഒരു സാഹചര്യത്തില്‍ ഒരാള്‍ ആരെങ്കിലും ആഡംബര കാര്‍ റോഡരികില്‍ ഉപേക്ഷിച്ച് പോകുമോ?.
ഇല്ലെന്നായിരിക്കും നിങ്ങള്‍ക്ക് തോന്നുക. എന്നാല്‍ അങ്ങനെ ഒരു സംഭവം നമ്മുടെ കോഴിക്കോട് ജില്ലയില്‍ ഉണ്ടായി. വെള്ള നിറത്തിലുള്ള ബിഎംഡബ്ല്യു 5 സീരീസ് ആഡംബര സെഡാന്‍ കാറാണ് അതിന്റെ ഉടമ ദേശീയപാതയോരത്ത് ഉപേക്ഷിച്ച് പോയത്. വണ്ടി റോഡരികില്‍ നിര്‍ത്തിയിട്ട് പോകാന്‍ വണ്ടിയുടെ ഉടമ പറഞ്ഞ ന്യായമാണ് ഏറെ രസകരം. അത് നമ്മള്‍ക്ക് ചുവടെ വിശദമായി പരിശോധിക്കാം.

കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്താണ് സംഭവം അരങ്ങേറിയത്. കുന്ദമംഗലത്ത് വന്ന ബിഎംഡബ്ല്യു ഉടമ ടൗണില്‍ പുതുതായി പണികഴിപ്പിച്ച ഷോപ്പിംഗ് മാളിന്റെ എതിര്‍വശത്തായി ദേശീയപാതയോരത്താണ് ആഡംബര കാര്‍ പാര്‍ക്ക് ചെയ്തത്. റോഡരികിലുള്ള കടകള്‍ക്ക് മുമ്പിലാണ് ഇയാള്‍ കാര്‍ നിര്‍ത്തിയിട്ടത്. മാളിലേക്കോ മറ്റോ ഷോപ്പിംഗിന് വന്നവര്‍ നിര്‍ത്തിയിട്ടതാണെന്ന് കരുതി ആദ്യ ദിവസം കടയുടമകള്‍ ഇതത്ര ഗൗനിച്ചില്ല. എന്നാ അഞ്ച് ദിവസം കഴിഞ്ഞിട്ടും കാറെടുക്കാന്‍ ഉടമയെത്താതിരുന്നതോടെയാണ് കടയുടമകള്‍ പെറുതിമുട്ടിയത്.
കാര്‍ ക്രമരഹിതമായി പാര്‍ക്ക് ചെയ്തതിനാല്‍ ഇവരുടെ കച്ചവടത്തെ ബാധിച്ചുവെന്ന് കാണിച്ച് കച്ചവടക്കാര്‍ പൊലീസിലടക്കം പരാതിപ്പെട്ടു. അന്വേഷണത്തില്‍ കുന്ദമംഗലത്തിന് അടുത്ത പ്രദേശത്തുള്ള വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ഡല്‍ഹി രജിസ്‌ട്രേഷനിലുള്ള കാര്‍ എന്ന് അറിയാന്‍ കഴിഞ്ഞു. എന്നാല്‍ പൊലീസും കച്ചവടക്കാരുമെല്ലാം ഇയാളെ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച മറുപടിയായിരുന്നു ഏവരെയും മൂക്കത്ത് വിരല്‍ വെപ്പിച്ചത്.

സംഭവദിവസം ആ ഭാഗത്തുകൂടി സഞ്ചരിക്കുമ്പോള്‍ പുറകെ വന്ന വാഹനങ്ങള്‍ ഹോണ്‍ മുഴക്കിയിരുന്നുവെന്നും അതില്‍ പ്രകോപിതനായി കാര്‍ അവിടെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞതായുമാണ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നത്. അത് മാത്രമല്ല കാറുടമ പറഞ്ഞ മറ്റൊരു കാര്യവും പൊലീസുകാരെ ഞെട്ടിച്ചു. തനിക്ക് കുറെ കാറുകള്‍ ഉണ്ടെന്നും ബിഎംഡബ്ല്യു ഒരു പ്രശ്‌നമല്ലെന്നും അതില്‍ ഏതെങ്കിലും കാര്‍ ഉപയാഗിക്കുമെന്നും കാറുടമ പറഞ്ഞതായാണ് പൊലീസ് പറയുന്നുത്.
കടക്ക് മുന്നില്‍ ഉപേക്ഷിക്കപ്പെട്ട കാര്‍ നീക്കം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ പ്രതിഷേധ വലയം പരിപാടി സംഘടിപ്പിച്ചിരുന്നു. കാറിന്റെ വിന്‍ഡ്ഷീല്‍ഡില്‍ കാറുടമക്കെതിരെ ബാനര്‍ പതിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാല്‍ ആഡംബര കാര്‍ ഉപേക്ഷിച്ച് പോയ കക്ഷിക്ക് വണ്ടി വേണ്ടെന്ന് പറഞ്ഞെങ്കിലും അതിനകത്തുണ്ടായിരുന്ന ചില സാധനങ്ങള്‍ വേണമായിരുന്നു. അതിനാല്‍ കടകള്‍ തുറക്കുന്നതിന് മുമ്പേ അതിരാവിലെ എത്തി കാറിലുണ്ടായിരുന്ന സാധനങ്ങളുമെടുത്ത് കക്ഷി സ്ഥലം വിട്ടുവെന്നാണ് വ്യാപാരികള്‍ പറയുന്നത്.

ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാണ്. ആശ്ചര്യമുണര്‍ത്തുന്ന സംഭവമാണെങ്കിലും വ്യാപാരികള്‍ മൊത്തത്തില്‍ വാഹനയുടമയുടെ പ്രവര്‍ത്തികളില്‍ ആശങ്ക പ്രകടിപ്പിച്ചു. കള്ളക്കടത്തിനും മറ്റും ഉപേക്ഷിച്ച ശേം കാര്‍ ഉപേക്ഷിച്ചതാണോ എന്നും കടയുടമകള്‍ സംശയിക്കുന്നു. വിഷയത്തില്‍ പൊലീസ് വിശദമായ അന്വേഷണത്തിലാണ്. പൊലീസ് ക്രെയിന്‍ ഉപയോഗിച്ച് കാര്‍ നീക്കാന്‍ ശ്രമിച്ചെങ്കിലും അത് ഫലം കണ്ടിരുന്നില്ല.
നിലവില്‍ 68.90 ലക്ഷം രൂപ ബിഎംഡബ്ല്യു 5 സീരീസിന്റെ എക്സ് ഷോറൂം വില. എന്നാല്‍ ഡല്‍ഹി രജിസ്‌ട്രേഷനിലാണ് ഈ കാറുള്ളത്. അതിനാല്‍ തന്നെ ചുളുവിലക്ക് സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ നിന്ന് വാങ്ങിയതിനാലാകാം കാര്‍ ഇത്ര ലാഘവത്തോടെ ഉപേക്ഷിച്ചിട്ടുണ്ടാകുകയെന്നാണ് കമന്റുകള്‍ വരുന്നത്. എന്ത് തന്നെ ആയാലും മറ്റ് പൗരന്‍മാരുടെ കഞ്ഞിയില്‍ പാറ്റയിട്ടുകൊണ്ടുള്ള ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ പൊലീസ് തക്കതായ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നത്. ഏതായാലും കാര്‍ എന്ത് ചെയ്തുവെന്ന് വരും ദിവസങ്ങളില്‍ അറിയാം.


Click it and Unblock the Notifications








