നിറം മാറാന്‍ ഇതെന്താ 'ഓന്തോ'? റോഡില്‍ നിറംമാറുന്ന ബിഎംഡബ്ല്യു കാറിന്റെ വീഡിയോ വൈറല്‍
സ്വന്തമായി ഒരു കാര്‍ ഉണ്ടെങ്കില്‍ അതിന്റെ നിറം മാറ്റാനുള്ള അവകാശം ഉടമകള്‍ക്കുണ്ട്. അതിനായി ആര്‍ടിഒയുടെ പക്കല്‍ നിന്ന് അനുമതി വാങ്ങിയാല്‍ മതി. എന്നാല്‍ കാര്‍ ഓന്തിനെ പോലെ തനിയെ നിറം മാറിയാല്‍ എങ്ങനെയുണ്ടാകും?. സംഗതി കളറാകില്ലേ. ചുമ്മാ തള്ളുകയാണെന്ന് കരുതല്ലേ ഇങ്ങനെ ഒരു ഫീച്ചര്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.
ലോകോത്തര ആഢംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു തങ്ങളുടെ കാറുകളില്‍ എന്നും സവിശേഷ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച് എന്നും കൈയ്യടി നേടുന്ന ബ്രാന്‍ഡാണ്. ഇപ്പോള്‍ മുകളില്‍ പറഞ്ഞ പോലെ കാറിന്റെ നിറം മാറുന്ന ഫീച്ചര്‍ അവതരിപ്പിച്ച് ബിഎംഡബ്ല്യു വീണ്ടും തലക്കെട്ടുകളില്‍ സ്ഥാനം പിടിക്കുകയാണ്. iX ഫ്ലോ എന്നാണ് ഈ ഫീച്ചറിന്റെ പേര്.

വൈറ്റ്, ബ്ലാക്ക്, ഗ്രേ എന്നീ നിറങ്ങളിലേക്ക് തങ്ങളുടെ കാറിനെ മാറ്റാനാണ് ഈ ഫീച്ചര്‍ അനുവദിക്കുന്നത്. ഇതുസംബന്ധിച്ച ഒരു വീഡിയോ അടുത്തിടെ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. റോഡില്‍ വെച്ചായിരുന്നു കാറിന്റെ 'നിറംമാറ്റം'. എന്നാല്‍ ഈ വീഡിയോ എവിടെ വെച്ചാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന കാര്യം വ്യക്തമല്ല. എന്നാല്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരുപാട് കാഴ്ചക്കാരെ സ്വന്തമാക്കി വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി.
വീഡിയോയിലേക്ക് വിശദമായി കടന്നാല്‍ ബിഎംഡബ്ല്യു കാര്‍ നിരത്തിലൂടെ നീങ്ങുന്നതാണ് കാണാനാകുക. ഇതിനിടെയാണ് കാര്‍ iX ഫ്ലോ ഫീച്ചര്‍ പ്രവര്‍ത്തിപ്പിക്കുന്നത്. വെള്ള നിറമുണ്ടായിരുന്ന കാര്‍ കണ്ണിമവെട്ടുന്ന സമയം കൊണ്ട് ഗ്രേ നിറത്തിലേക്ക് മാറുന്നതായി കാണാം. വൈറല്‍ വീഡിയോയുടെ കമന്റ് സെക്ഷന്‍ വണ്ടിപ്രാന്തന്‍മാരുടെ കമന്റുകള്‍ കൊണ്ട് നിറയുകയാണ്. പലരും ഈ ഫീച്ചറിനെ കുറിച്ച് തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നുണ്ട്.

എല്ലാ കാറുകളിലും ഈ ഫീച്ചര്‍ വന്നിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ഈ മൂന്ന് നിറങ്ങള്‍ പോരാ കുറച്ച് കൂടി കളര്‍ ഓപ്ഷനുകള്‍ കൂടി ഉള്‍പ്പെടുത്തണമെന്നാണ് ഒരു ഇന്റര്‍നെറ്റ് ഉപയോക്താവ് അഭിപ്രായപ്പെട്ടത്. ബിഎംഡബ്ല്യുവിന്റെ iX ഫ്ലോ ഫീച്ചറിനെ കുറിച്ച് വാഹന മേഖലയില്‍ ആകര്‍ഷകമായ അവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് കമ്പനി തങ്ങളുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നത്.
ഈ ഫീച്ചര്‍ വഴി ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ കാറുകള്‍ കസ്റ്റമൈസ് ചെയ്യാനും പുത്തന്‍ ലുക്ക് നല്‍കാനും സാധിക്കും. നിറം മാറ്റുന്നതിനും കാര്‍ കസ്റ്റമൈസ് ചെയ്യാനും സഹായിക്കുന്ന മൈക്രോക്യാപ്സ്യൂളുകള്‍ അടങ്ങിയ ഇലക്ട്രോഫോറെറ്റിക് ഫിലിം കോട്ടിംഗ് ഉണ്ടെങ്കില്‍ മാത്രമേ ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുകയുള്ളുവെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

ബിഎംഡബ്ല്യുവുമായി ബദ്ധപ്പെട്ട മറ്റ് വാര്‍ത്തകള്‍ നോക്കുമ്പോള്‍ ഈ മാസം 14-ന് ജര്‍മന്‍ ബ്രാന്‍ഡ് പുതിയ X5 ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കാന്‍ പോകുകയാണ്. ലക്ഷ്വറി സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളിന്റെ ടീസര്‍ കമ്പനി പങ്കുവെച്ചിട്ടുണ്ട്. കോസ്‌മെറ്റിക്, ഫീച്ചര്‍ പരിഷ്‌കാരങ്ങളോടൊപ്പം മുന്‍ഗാമിയേക്കാള്‍ കിടിലനായാകും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അരങ്ങ് വാഴാന്‍ എത്തുക.
12.3 ഇഞ്ച് ഡിജിറ്റല്‍ കണ്‍സോള്‍, പുതിയ 14.9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയുള്‍പ്പെടെ ശ്രദ്ധേയമായ മാറ്റങ്ങളാണ് X5 ലക്ഷ്വറി എസ്‌യുവിയുടെ അകത്തളത്തില്‍ ബവേറിയന്‍ ബ്രാന്‍ഡ് നടപ്പാക്കുന്നത്. 3.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലായിരിക്കും ലക്ഷ്വറി എസ്‌യുവി തുടര്‍ന്നും ലഭ്യമാകുക.
381 bhp കരുത്തില്‍ പരമാവധി 520 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ പെട്രോള്‍ എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായിട്ടാണ് ജോടിയാക്കുന്നത്. 286 bhp പവറില്‍ 650 Nm ടോര്‍ക്കാണ് ഡീസല്‍ എഞ്ചിന്‍ നല്‍കുക. ബിഎംഡബ്ല്യുവിന്റെ എക്സ്ഡ്രൈവ് ഫോര്‍-വീല്‍ ഡ്രൈവ് സിസ്റ്റവും X5 ഫെയ്സ്ലിഫ്റ്റില്‍ സ്റ്റാന്‍ഡേര്‍ഡായി ഓഫര്‍ ചെയ്യും. നിലവിലെ ബിഎംഡബ്ല്യു X5 എസ്‌യുവി നിരത്തിലെത്തിക്കാന്‍ ഒരു കോടി രൂപയില്‍ കൂടുതല്‍ വിലയാകും.


Click it and Unblock the Notifications








