റോഡിൽ കൈവിട്ടു കളിച്ചാൽ ഫലം ഇതാണ്, ഫോർച്ച്യൂണറിൻ്റെ പിന്നിൽ ബൈക്ക് ഇടിക്കുന്ന വീഡിയോ വൈറൽ
അശ്രദ്ധമായ റൈഡിംഗ് ഇന്ത്യൻ റോഡുകളിലെ പതിവ് കാഴ്ചയാണ് എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. വളരെ തിരക്കേറിയ ഇന്ത്യൻ റോഡുകളിൽ പലകരം അഭ്യാസങ്ങളും കാണിക്കുന്ന ബൈക്ക് റൈഡറുമാരെ കാണാൻ സാധിക്കും. ഈ റോഡുകൾ അനാവശ്യമായ സ്റ്റണ്ടിങ്ങിന് വേണ്ടിയുളളതല്ല എന്ന് എത്രയൊക്കെ പറഞ്ഞാലും ഇവർ കേൾക്കാറില്ല.
തിരക്കേറിയ റോഡിൽ ഒരു റൈഡർ BMW G 310 RR മോട്ടോർസൈക്കിൾ അശ്രദ്ധമായി ഓടിക്കുന്നതും, ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ട ടൊയോട്ട ഫോർച്യൂണറിൽ ഇടിച്ച് വീഴുന്നതും ഒരു വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. വീഡിയോ ഇതിനകം ഇൻ്റർനെറ്റിൽ വൈറലായിക്കഴിഞ്ഞു. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് ഒന്ന് പരിശോധിച്ചാലോ, കൂടുതലറിയാൻ തുടർന്ന് വായിക്കുക.

'ബൈക്കേഴ്‌സ് കാ പ്യാർ' എന്ന പ്രൊഫൈലിലാണ് വീഡിയോ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചത്. ഇതേ സംഘത്തിലുണ്ടായിരുന്ന ഒരു റൈഡറുടെ ഹെൽമറ്റ് ഘടിപ്പിച്ച ക്യാമറയിലാണ് ഇത് പതിഞ്ഞത്. വ്ലോഗറും ബിഎംഡബ്ല്യു ജി 310 ആർആർ ബൈക്കറും തിരക്കേറിയ റോഡിലൂടെ ചീറിപ്പായുന്നത് വീഡിയോയിൽ കാണിക്കുന്നുണ്ട്. റൈഡർ പെട്ടെന്ന് ബ്രേക്ക് പിടിക്കുകയും, ബൈക്കിൻ്റെ പിൻഭാഗം മുകളിലേക്ക് ഉയർത്തുന്നത് കാണാം. ടൊയോട്ട ഫോർച്യൂണർ തൻ്റെ മുന്നിൽ നിൽക്കുന്നത് കണ്ട് ബൈക്ക് യാത്രികൻ ബ്രേക്ക് ചവിട്ടിയതാണ്.
ബൈക്കിൻ്റെ ബ്രേക്ക് വളരെ ശക്തമായി അമർത്തിയതോടെ പിൻഭാഗം കൂടുതലായി ഉയരുകയും, പിൻഭാഗം വായുവിൽ ഉയർന്നതോടെ ബൈക്ക് യാത്രികൻ്റെ നിയന്ത്രണം വിട്ട് ബൈക്ക് സൈഡിലേക്ക് പോകാൻ തുടങ്ങി. റൈഡർ നിയന്ത്രണം വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ബൈക്ക് മുന്നോട്ട് പോയി ടൊയോട്ട ഫോർച്യൂണറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികൻ ബൈക്കിൽ നിന്ന് തെറിച്ചുവീണ് റോഡിൻ്റെ മധ്യഭാഗത്തേക്ക് ഉരുണ്ടു പോകുന്നത് കാണാം.

ആ സമയത്ത് മറ്റ് ദിശകളിൽ നിന്ന് വാഹനങ്ങൾ വരാതിരുന്നത് കൊണ്ട് വലിയ അപകടത്തിൽ നിന്നാണ് ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത്. അയാൾ എഴുന്നേറ്റ് നടക്കുകയും ബൈക്ക് റോഡിൻ്റെ ഒരു വശത്തേക്ക് മാറ്റുകയും ചെയ്ത സമയത്തിനുളളൽ അയാളുടെ ഗ്രൂപ്പിലെ റൈഡറുമാർ എത്തുകയും ചെയ്തു. ടൊയോട്ട ഫോർച്യൂണർ ഡ്രൈവർ ബൈക്ക് യാത്രക്കാരുടെ അടുത്തായി കാർ നിർത്തി. ഫോർച്യൂണറിന് സമീപം പാർക്ക് ചെയ്തിരുന്ന ഒരു ഹോണ്ട സിറ്റി ഡ്രൈവറും വണ്ടി നിർത്തി.
അശ്രദ്ധമായി വാഹനമോടിച്ചതിനെ ചൊല്ലി കാർ ഡ്രൈവർമാർ ബൈക്ക് യാത്രികരുമായി തർക്കമായി. ഫോർച്യൂണർ ഡ്രൈവർ റോഡിന് നടുവിൽ നിർത്തിയതാണ് അപകടത്തിന് കാരണമെന്ന് ബൈക്ക് യാത്രക്കാർ ആരോപിച്ചു. പക്ഷേ അവിടെ കണ്ടു നിന്ന ആളുകൾക്കെല്ലാം മനസിലായിരുന്നു തെറ്റ് പൂർണമായും ബൈക്ക് റൈഡറിൻ്റേതാണ് എന്ന്. അത് കൊണ്ട് തന്നെ റൈഡർമാർ തർക്കിച്ചിട്ടും കാര്യമുണ്ടായില്ല.

ഫോർച്യൂണർ ഡ്രൈവറുമായും ഹോണ്ട സിറ്റി ഡ്രൈവറുമായും ഏറെ നേരം തർക്കിച്ചതിന് ശേഷമാണ് ബൈക്ക് യാത്രക്കാർ നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചത്. ഹോണ്ട സിറ്റിയുടെ ഡോറിൽ ബൈക്ക് ഇടിച്ചതിന് നഷ്ടപരിഹാരമായി ഏകദേശം 3,000 രൂപയും ഫോർച്യൂണറിൻ്റെ കീറിയ ടയറിന് 2,000 രൂപയുമാണ് അവർ നൽകിയത്. ഇത്തരത്തിൽ അശ്രദ്ധമായി ഓടിക്കുന്നതിലൂടെ, ബൈക്ക് യാത്രികൻ സ്വന്തം ജീവൻ മാത്രമല്ല, നിരപരാധികളായ മറ്റ് നിരവധി യാത്രക്കാരുടെ ജീവനും അപകടത്തിലാക്കുന്നു.
എപ്പോഴും പരിക്കുകൾ കൂടാതെ രക്ഷപ്പെട്ടെന്ന് വരില്ല. സ്റ്റണ്ടിങ്ങോ, വേഗത്തിൽ ഓടിക്കാനോ നിങ്ങൾ അടച്ചിട്ട ഒരു സർക്യൂട്ട് തെരഞ്ഞെടുക്കുന്നതാണ് ഉത്തമം. റോഡിലൂടെ ഓടിക്കുകയാണെങ്കിൽ അമിതാവേശം നടത്താതെ നിയമങ്ങൾ പാലിച്ചും, മറ്റുളളവരുടെ ജീവന് അപകടം വരുത്താത്ത രീതിയിൽ ഓടിക്കുക. ബൈക്കിൻ്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് നോക്കിയാൽ 313 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്റ്റഡ് എഞ്ചിനാണ് ബിഎംഡബ്ല്യു G 310 RR-ന് കരുത്തേകുന്നത്.
ഈ മോട്ടോര്‍ 9,500 rpm-ല്‍ 33.5 bhp കരുത്തും 7,700 rpm-ല്‍ 27 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. 6-സ്പീഡ് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്ന എഞ്ചിന് നാല് റൈഡിംഗ് മോഡുകളും (ട്രാക്ക്, അര്‍ബന്‍, റെയിന്‍ & സ്പോര്‍ട്ട്) ലഭിക്കുന്നു. ബിഎംഡബ്ല്യു G 310 RR-ന് കണക്റ്റിവിറ്റി ഫംഗ്ഷനുകള്‍, റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍, ഒരു അസിസ്റ്റ് & സ്ലിപ്പര്‍ ക്ലച്ച് എന്നിവയുള്ള 5.0-ഇഞ്ച് സ്മാര്‍ട്ട് TFT ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭിക്കുന്നു.
മോട്ടോര്‍സൈക്കിളിന് USD ഫ്രണ്ട് ഫോര്‍ക്കുകളും മോണോ-ഷോക്കും ഉണ്ട്. പിന്‍ഭാഗത്ത് അബ്‌സോര്‍ബര്‍ ആണ് നല്‍കിയിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് ഡ്യുവല്‍-ചാനല്‍ എബിഎസിനൊപ്പം ഡിസ്‌ക് ബ്രേക്കുകളാണ് ഇതിന്റെ ബ്രേക്കിംഗ് ചുമതലകള്‍ നിര്‍വഹിക്കുന്നത്. ബ്ലാക്ക് സ്‌ട്രോം മെറ്റാലിക്, സ്‌റ്റൈല്‍ സ്‌പോര്‍ട്ട് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ എത്തുന്നത്. ഇതില്‍ ബ്ലാക്ക് സ്‌ട്രോം മെറ്റാലിക് പതിപ്പിന് 2.90 ലക്ഷം രൂപയും സ്‌റ്റൈല്‍ സ്‌പോര്‍ട്ട് പതിപ്പിന് 2.99 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്.


Click it and Unblock the Notifications








