സൂപ്പര്‍കാറുകള്‍ കത്തിയമരുമ്പോള്‍
സൂപ്പര്‍കാറുകള്‍ കത്തിപ്പിടിക്കുന്നത് നമുക്ക് കൗതുകമേറിയ ഒരു കാഴ്ചയാണ്. ബൂര്‍ഷ്വാസിയായ അതിന്റെ ഉടമയോടുള്ള നമ്മുടെ രോഷം, അസൂയ, കുശുമ്പ് എന്നിവകൂടി ചേരുന്നതോടെ ഒരു മസാലപ്പടം കാണുന്ന സുഖത്തില്‍ സൂപ്പര്‍കാര്‍ കത്തുന്നത് കണ്ടിരിക്കാം. ഏറ്റവും പുതിയ സൂപ്പര്‍കാര്‍ കത്തല്‍ വാര്‍ത്ത വന്നിരിക്കുന്നത് ബാങ്കോക്കില്‍ നിന്നാണ്.
ഇത്തവണത്തെ കത്തലിന് ചരിത്രപ്രാധാന്യം കൂടി കണ്ടെത്താം വേണമെങ്കില്‍. ലേലത്തിനു വേണ്ടി കൊണ്ടുപോകുകയായിരുന്ന മൂന്ന് സൂപ്പര്‍കാറുകളാണ് കത്തിനശിച്ചത്. ലേല ഉരുപ്പടികളാകയാല്‍ ഇവയോരോന്നിനും ചില പ്രത്യേകതകളുണ്ട്. കൂടുതല്‍ ചിത്രങ്ങളും വിവരങ്ങളും താഴെ കാണാം.

ചിത്രങ്ങളിലൂടെ നീങ്ങുക.

ഒരു ഫെരാരി എ430 സ്‌കഡേറിയ, ഒരു ബെന്‍ലെ കോണ്‍ടിനെന്റല്‍ ഫ്‌ലൈയിങ് സ്പര്‍, ഒരു ലംബോര്‍ഗിനി മഴ്‌സിലാഗോ, ഒരു ബിഎംഡബ്ല്യു എക്‌സ്6 എന്നീ നാലു കാറുകള്‍ ചേര്‍ന്ന് ഒരു ട്രക്കില്‍ കയറി ലേലം നടക്കുന്ന സ്ഥലത്തേക്ക് നീങ്ങുകയായിരുന്നു. ബിഎംഡബ്ല്യു എക്‌സ്6 കാറിനാണ് ആദ്യം തീ പിടിച്ചത്. റോഡിലെ മറ്റു യാത്രക്കാര്‍ അറിയച്ചപ്പോളാണ് ട്രക്ക് ഡ്രൈവര്‍ വിവരമറിയുന്നത്. അങ്ങോര്‍ അപ്പോള്‍ തന്നെ പുറത്തുചാടി തടി രക്ഷപെടുത്തി.

ഫെരാരി എഫ്430 സ്‌കഡേറിയ ഒരുതരത്തിലും റിപ്പയര്‍ ചെയ്യാന്‍ പറ്റാത്ത വിധത്തില്‍ കത്തിനശിച്ചിട്ടുണ്ട്. ഈ കാറിന് ചരിത്രപ്രാധാന്യമുണ്ട്. ഫ്രാങ്ഫര്‍ട് ഷോയില്‍ അവതരിപ്പിക്കപ്പെട്ട ആദ്യത്തെ എഫ്430 സ്‌കഡേറിയ മോഡലാണിത്. ഈ മോഡല്‍ അവതരിപ്പിച്ചത് വിഖ്യാത എഫ്1 ഡ്രൈവര്‍ മൈക്കേല്‍ ഷൂമാക്കറായിരുന്നു.

മറ്റൊരു കാര്‍ ലംബോര്‍ഗിനി മഴ്‌സിലാഗോയാണ്. ഇദ്ദേഹമാണ് കൂട്ടത്തില്‍ കുറച്ചുമാത്രം പരുക്കേറ്റ താരം.

ബെന്‍ലെ കോണ്‍ടിനെന്റല്‍ ഫ്‌ലൈയിങ് സ്പറിന്റെ കാര്യവും ഇനി എടുക്കാനില്ലാത്ത അവസ്ഥയിലാണ്. കോണ്‍ടിനെന്റല്‍ ജിടി എന്നറിയപ്പെടുന്ന മോഡലിന്റെ കുറെയധികം കരുത്തേറിയ പതിപ്പാണിത്. വാഹനത്തിന്റെ പരമ്പരാഗത ഡിസൈന്‍ ശൈലി മൂലം വരുന്ന എയ്‌റോഡൈനമിക്‌സ് ഇല്ലായ്മ പരിഹരിക്കാന്‍ കുറെക്കൂടി കരുത്തേറിയ എന്‍ജിന് സാധിക്കുമെന്ന കാഴ്ചപ്പാടോടെയാണ് ഫ്‌ലൈയിങ് സ്പര്‍ വിപണിയിലെത്തിച്ചത്.

ബിഎംഡബ്ല്യു കാറിന്റെ കാര്യവും ഇനിയൊന്നും ചെയ്യാനില്ലാത്ത നിലയിലാണ്. തിരിച്ചറിയാന്‍ കഴിയാത്തവിധം വെന്തുരുകിയിട്ടുണ്ട് ഇവന്‍.

ഇന്‍ഷൂറന്‍സ് പോളിസി മാത്രമായിരിക്കും ഇനി ഉടമകള്‍ക്ക് ഏക ആശ്വാസം. ഇതില്‍ എന്തെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കട്ടെ എന്നാശംസിക്കാം നമുക്ക്.


Click it and Unblock the Notifications








