കോടികളുടെ കാറുണ്ടായിട്ട് കാര്യമില്ല മിസ്റ്റർ, പെട്രോളടിക്കണം! സ്‌പോട്ടില്‍ ഫൈനിട്ട് പൊലീസ്
കോടികള്‍ മുടക്കി കാര്‍ വാങ്ങി അതുമായി നിരത്തിലിറങ്ങിയാല്‍ ഒരുപാട് ആളുകള്‍ നോക്കും. എന്നാല്‍ അതേ കാര്‍ തന്നെ ഇന്ധനം തീര്‍ന്ന് നടുറോഡില്‍ നിന്നാല്‍ അതിനേക്കാള്‍ ഇരട്ടി കണ്ണുകളായിരിക്കും നമ്മളെ തുറിച്ച് നോക്കുന്നത്. ആനയെ വാങ്ങിയിട്ടും തോട്ടി വാങ്ങാന്‍ കാശില്ലെന്ന് അവര്‍ അടക്കം പറയുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ലക്ഷ്വറി കാറുകള്‍ വാങ്ങുന്നവര്‍ വണ്ടിയില്‍ ആവശ്യത്തിന് ഇന്ധനം നിറയ്ക്കാന്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ഒരു ബിഎംഡബ്ല്യു കാറുടമയാണ് ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് നടുറോഡില്‍ കുടുങ്ങിയ സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സംഭവത്തെ കുറിച്ച് നമുക്ക് വിശദമായി നോക്കാം.
തിരക്കേറിയ റോഡിലൂടെ വാഹനമോടിക്കുമ്പോള്‍ ഇന്ധനം തീര്‍ന്നുപോകുന്നതിനേക്കാള്‍ നിരാശാജനകമായ മറ്റൊരു സംഗതിയില്ല. കാര്‍ തള്ളി റോഡരികിലേക്ക് മാറ്റുന്നതും ഒരു പെട്രോള്‍ പമ്പ് കണ്ടുപിടിക്കുന്നതും ചടങ്ങാണ്. ഡ്രൈവര്‍ക്ക് അത്ര പരിചിതമല്ലാത്ത പ്രദേശമാണെങ്കില്‍ പ്രത്യേകിച്ചും. ഫ്യുവല്‍ സ്‌റ്റേഷന്‍ കണ്ടുപിടിച്ചാല്‍ തന്നെ അവിടെ ക്യൂ ഉണ്ടാകുമെന്ന് മാത്രമല്ല ഇന്ന് പല പമ്പുകളിലും പ്ലാസ്റ്റിക് ബോട്ടിലുകളില്‍ പെട്രോളും ഡീസലും നല്‍കില്ല. ആ സാഹചര്യത്തില്‍ ഒരു ക്യാന്‍ തപ്പി നടക്കണം.

ഇത് ഒരു സാധാരണ കാറിന്റെയോ ബൈക്കിന്റെയോ കാര്യമാണ് പറഞ്ഞത്. എന്നാല്‍ ഒരു കോടി രൂപയോളം വിലയുള്ള ബിഎംഡബ്ല്യു കണ്‍വേര്‍ട്ടിബിള്‍ കാര്‍ നടുറാഡില്‍ ഇന്ധനം തീര്‍ന്ന് കിടന്നാലോ?. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മുതല്‍ തിരക്കേറിയ റോഡില്‍ ഒതുക്കേണ്ടി വരുന്നത് അത്യന്തം ദുഷ്‌കരമാണ്. ആഡംബര കാറില്‍ കുളിച്ച് കുട്ടപ്പനായി ഇറങ്ങി വണ്ടി ഇന്ധനം നടുറോഡില്‍ കുടുങ്ങിയാല്‍ ആ ദിവസം പോയി എന്ന് പറഞ്ഞാല്‍ മതിയെല്ലോ.
എന്നാല്‍ ഇങ്ങനെ ഒരു സംഭവം കര്‍ണാടകയിലെ ബാംഗ്ലൂരില്‍ അരങ്ങേറി. ഫ്ളൈ ഓവറില്‍ സഞ്ചരിക്കുമ്പോള്‍ ബിഎംഡബ്ല്യു ഇന്ധനം തീര്‍ന്നു. ബിഎംഡബ്ല്യു ഡ്രൈവര്‍ക്ക് ഇത് റോഡിന്റെ വശത്തേക്ക് മാറ്റാന്‍ കഴിഞ്ഞുവെങ്കിലും തിരക്കേറിയ റോഡായതിനാല്‍ കാര്‍ ഗതാഗത തടസ്സം സൃഷ്ടിച്ചു. ഇതുമൂലം ഡ്രൈവര്‍ മറ്റൊരു വഴിയുമില്ലാതെ കാര്‍ പാലത്തിന്റെ സൈഡില്‍ ഉപേക്ഷിച്ചിരിക്കുകയാണ്. തൊട്ടുപിന്നാലെ ഗതാഗതം തടസ്സപ്പെടുത്തിയതിന് ബെംഗളൂരു നോര്‍ത്ത് ഈസ്റ്റ് ഡിവിഷന്‍ ട്രാഫിക് പൊലീസ് ബിഎംഡബ്ല്യു ഉടമയ്ക്ക് പിഴ ചുമത്തി.
ബെംഗളൂരുവിലെ ഹെബ്ബാളിലാണ് സംഭവം. എയര്‍പോര്‍ട്ടിലേക്ക് പോകുന്ന വഴിയിലുള്ള തിരക്കേറിയ ജംഗ്ഷന് സമീപമായിരുന്നു ബിഎംഡബ്ല്യു Z4 കാര്‍ ഇന്ധനം തീര്‍ന്ന് കുടുങ്ങിയത്. 90.90 ലക്ഷം രൂപയാണ് ഈ കാറിന്റെ എക്‌സ്‌ഷോറൂം വില വരുന്നത്. നിരത്തിലെത്തുമ്പോള്‍ വില 1 കോടിക്ക് മേല്‍ വരും. കാറിന് പിഴ ചുമത്തിയ വിവരം ചിത്രം സഹിതം നോര്‍ത്ത്ഈസ്റ്റ് ബാംഗ്ലൂര്‍ എസിപി എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എക്സില്‍ പ്രസിദ്ധീകരിച്ച ചിത്രത്തില്‍ വെള്ളനിറത്തിലുള്ള ബിഎംഡബ്ല്യു Z4 കാര്‍ കാണാം.
കാറിന് എത്ര രൂപ പിഴ ചുമത്തി എന്നതിനെ കുറിച്ച് വിവരമില്ല. ഡ്രൈവര്‍ കാറിലെ ഇന്ധനത്തിന്റെ അളവ് കൃത്യമായി പരിശോധിക്കാത്തതാണ് ഇങ്ങനെ ഒക്കെ സംഭവിക്കാന്‍ കാരണം. ഇന്ധനം തീര്‍ന്ന കാര്‍ റോഡില്‍ നിര്‍ത്തിയാല്‍ പൊലീസിന് പിഴ ചുമത്താമോ എന്ന ചോദ്യമാകും ഇപ്പോള്‍ പലരുടെയും മനസ്സില്‍ ഉയര്‍ന്ന് വന്നിരിക്കുന്നത്. ഇന്ത്യന്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ടിലെ 283-ാം വകുപ്പ് പ്രകാരം തിരക്കേറിയ റോഡുകളില്‍ ഇത്തരത്തില്‍ ഗതാഗതം തടസ്സപ്പെടുത്തുന്ന വാഹനങ്ങള്‍ക്ക് പിഴ ചുമത്താം.
500 രൂപ മുതല്‍ 10000 രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണിത്. ട്രാഫിക് അധികാരികള്‍ക്ക് ഇത് നടപ്പിലാക്കാന്‍ കഴിയുമെങ്കിലും അവര്‍ അത്ര ഗൗരവത്തില്‍ എടുക്കാതിരിക്കുകയാണ് ചെയ്തത്. എന്നാല്‍ വില കൂടിയ കാര്‍ ഉപയോഗിക്കുന്ന ഒരാളുടെ ശ്രദ്ധയില്ലായ്മയാണ് ഇവിടെ ഗതാഗതം തടസ്സപ്പെടാന്‍ കാരണമായത്. അതുകൊണ്ടാകും പൊലീസ് മാതൃകാപരമായ നടപടി സ്വീകരിച്ചത്. തിരക്കേറിയ റോഡുകളിലൂടെ സഞ്ചരിക്കുമ്പോള്‍ വാഹനത്തില്‍ ആവശ്യത്തിന് ഇന്ധനമുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഡ്രൈവറുടെ കടമയാണ്.
ഇക്കാര്യത്തില്‍ അശ്രദ്ധ കാണിച്ചാല്‍ പൊലീസുകാര്‍ക്ക് പിഴ ചുമത്താമെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായിക്കാണും. വാഹനത്തിന് തകരാറുകള്‍ സംഭവിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇന്ധനം തീരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഡ്രൈവര്‍ക്കാണ്. അതുകൊണ്ട് ഒരു സ്ഥലത്തേക്ക് പുറപ്പെടുന്നതിന് മുമ്പ് ആവശ്യത്തിന് ഇന്ധനം വണ്ടിയില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുക. ചിലപ്പോള്‍ രാത്രിയില്‍ വല്ല അത്യാവശ്യവും വന്നാല്‍ നമ്മുടെ സൗകര്യത്തിന് പെട്രോള്‍ പമ്പുകള്‍ തുറന്നിരിക്കണമെന്നില്ല.


Click it and Unblock the Notifications








