ഈ ടൊയോട്ട വണ്ടി സ്വന്തമാക്കിയ ആദ്യ സെലിബ്രിറ്റി ഇദ്ദേഹമാണ്! സൂക്ഷിച്ച് നോക്കിയാലേ ആളെ മനസ്സിലാകൂ...
ബോളിവുഡ് സെലിബ്രിറ്റികള്‍ വാഹനങ്ങള്‍ വാങ്ങുന്നത് എപ്പോഴും വാര്‍ത്തയാകാറുണ്ട്. മുന്നാഭായി എംബിബിഎസ് അടക്കമുള്ള സിനിമകളിലൂടെ പ്രശസ്തനായ അര്‍ഷാദ് വാര്‍സിയാണ് ഇപ്പോള്‍ പുതിയ വാഹനം സ്വന്തമാക്കി തലക്കെട്ടുകള്‍ സൃഷ്ടിക്കുന്നത്. എന്നാല്‍ താരം സ്വന്തമാക്കിയിരിക്കുന്നത് ടൊയോട്ടയുടെ ജനപ്രിയ പിക്കപ്പ് ട്രക്കായ ഹൈലക്‌സാണെന്നതാണ് പ്രത്യേകത. ഇന്ത്യയില്‍ ഹൈലക്സ് സ്വന്തമാക്കിയ ആദ്യ സെലിബ്രിറ്റി അര്‍ഷാദാണെന്നാണ് പറയപ്പെടുന്നത്.
പ്രമുഖ ബോളിവുഡ് താരങ്ങള്‍ സിമ്പിള്‍ വാഹനങ്ങള്‍ സ്വന്തമാക്കുന്ന നിരവധി സംഭവങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. പ്രീമിയം ഹൈഎന്‍ഡ് വാഹനങ്ങള്‍ സ്വന്തമായുണ്ടെങ്കിലും ദൈനംദിന യാത്രകള്‍ക്ക് സാധാരണ മാസ്മാര്‍ക്കറ്റ് മോഡലുകള്‍ ഉപയോഗിക്കുന്ന സെലിബ്രിറ്റികളുണ്ട്. പലപ്പോഴും വലിയ സെഡാനുകളും എസ്‌യുവികളും മറ്റും ഷൂട്ടിംഗിനും മറ്റും കൊണ്ടുപോകുന്നത് പ്രായോഗികമല്ലാത്തത് കാരണമാണ് ഇങ്ങനെ ചെയ്യുന്നത്. ചില യുവനടന്‍മാര്‍ ബൈക്കുകളില്‍ ലെക്കേഷനുകളിലെത്തുന്ന വീഡിയോസ് വൈറലാകാറുണ്ട്.

യൂട്യൂബിലെ കാര്‍ ജിഗ്യാസു ചാനലിലാണ് ബോളിവുഡ് താരമായ അര്‍ഷദ് വാര്‍സി ഹൈലക്‌സ് പിക്കപ്പിന്റെ ഡെലിവറിയെടുക്കുന്നതിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഡെലിവറി പ്രക്രിയയ്ക്കായി പൂക്കളാല്‍ അലങ്കരിച്ച പുതിയ പിക്കപ്പ് ട്രക്ക് നടന്റെ വസതിക്ക് മുന്നില്‍ എത്തിച്ചതായാണ് വീഡിയോ കാണുമ്പോള്‍ മനസ്സിലാകുന്നത്. ഹോം ഡെലിവറി നടപടികള്‍ക്ക് ശേഷം നടന്‍ വണ്ടിക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്നുണ്ട്.
ഡെലിവറി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ടൊയോട്ട ഡീലര്‍ഷിപ്പ് അധികൃതര്‍ അര്‍ഷദ് വാര്‍സിക്ക് ഒരു ഫോട്ടോ ഫ്രെയിം സമ്മാനിച്ചു. ഔഡി Q7 പോലുള്ള കാറുകള്‍ക്കൊപ്പം ഒന്നിലധികം ഹൈ എന്‍ഡ് മോട്ടോര്‍സൈക്കിളുകളും അര്‍ഷാദ് വാര്‍സിക്കുണ്ട്. വാരാന്ത്യങ്ങളില്‍ നടന്‍ മോട്ടോര്‍സൈക്കിളുകളില്‍ റൈഡിന് പോകാറുണ്ട്. റൈഡര്‍ ആയതിനാല്‍ തന്നെ ഇനിയുള്ള ദീര്‍ഘദൂര യാത്രകളില്‍ മോട്ടോര്‍സൈക്കിളില്‍ കയറ്റാനും ഒത്തകൂട്ടാളിയായും നടന്‍ ഹൈലക്‌സ് ഉപയോഗിച്ചേക്കും.

ടൊയോട്ട ഹൈലക്സ് ആഗോളതലത്തില്‍ ഏറ്റവും വിശ്വസനീയവും മോടിയുള്ളതുമായ പിക്കപ്പ് ട്രക്കുകളില്‍ ഒന്നാണ്. 2021-ലാണ് ഹൈലക്‌സിന്റെ എട്ടാം തലമുറ പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തിയത്. സ്റ്റാന്‍ഡേര്‍ഡ്, ഹൈ എന്നീ രണ്ട് പതിപ്പുകളിലായാണ് ഹൈലക്‌സ് ജാപ്പനീസ് ബ്രാന്‍ഡ് അവതരിപ്പിച്ചത്. വൈറ്റ് പേള്‍, ഇമോഷണല്‍ റെഡ്, സൂപ്പര്‍ വൈറ്റ്, ഗ്രേ മെറ്റാലിക്, സില്‍വര്‍ മെറ്റാലിക് എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ ഹൈലക്‌സ് വാഗ്ദാനം ചെയ്യുന്നു.
പരമാവധി 201 bhp പവറും 500 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 2.7 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ടൊയോട്ട ഹൈലക്സിന് തുടിപ്പേകുന്നത്. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് എഞ്ചിന്‍ ജോടിയാക്കുന്നത്. എല്ലാ ഹൈലക്‌സ് മോഡലുകളിലും 4-വീല്‍ ഡ്രൈവ് സ്റ്റാന്‍ഡേര്‍ഡ് ആയി വരുന്നു. ഫോര്‍ച്യൂണറില്‍ നിന്ന് വ്യത്യസ്തമായി ഹൈലക്‌സിന് ഒരു പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്ല.

എല്‍ഇഡി ഫോഗ് ലാമ്പുകള്‍, 18 ഇഞ്ച് മള്‍ട്ടി-സ്പോക്ക് അലോയ് വീലുകള്‍, ഡോര്‍ ഹാന്‍ഡിലുകളിലും ടെയില്‍ഗേറ്റിലും ക്രോം ഫിനിഷുകള്‍ എന്നിങ്ങനെ കണ്ണഞ്ചിപ്പിക്കുന്ന ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ലെതര്‍ അപ്ഹോള്‍സ്റ്ററി, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ പിന്തുണയ്ക്കുന്ന എട്ട് ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കൂള്‍ഡ് ഗ്ലോവ്ബോക്സ്, ക്രൂയിസ് കണ്‍ട്രോള്‍, ടില്‍റ്റ്, ടെലിസ്‌കോപിക് ക്രമീകരണങ്ങളുള്ള സ്റ്റിയറിംഗ് വീല്‍, പവര്‍ഡ് ഡ്രൈവര്‍ സീറ്റ് എന്നിവയും ക്യാബിനില്‍ സജ്ജീകരിച്ചിരിക്കുന്നു.
30.40 ലക്ഷം രൂപ മുതലാണ് ഇന്ത്യയില്‍ ഹൈലക്സിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ടോപ് എന്‍ഡ് വേരിയന്റിന് 37.90 ലക്ഷം എക്‌സ്‌ഷോറൂം വിലയായി മുടക്കണം. എന്നാല്‍ ടൊയോട്ടയുടെ ഈ ജനപ്രിയ മോഡല്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷമേകിക്കൊണ്ട് വമ്പന്‍ ഡിസ്‌കൗണ്ടുകളാണ് ഓഫറിലുള്ളത്. നിലവില്‍ ഹൈലക്‌സ് പിക്കപ്പ് ട്രക്കിന് കുറഞ്ഞത് 5 ലക്ഷം രൂപയുടെ കിഴിവുകള്‍ ഉണ്ട്. വര്‍ഷാവസാനമായതിനാല്‍ ഡീലര്‍മാര്‍ സ്റ്റോക്ക് ക്ലിയര്‍ ചെയ്യുന്ന തിരക്കിലാണ്.
ഉല്‍പ്പാദനച്ചെലവുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാഹന നിര്‍മാതാക്കള്‍ വിലവര്‍ധനവ് പ്രഖ്യാപിക്കുന്ന തിരക്കിലാണ്. അതിനാല്‍ ഉള്ള സ്‌റ്റോക്കുകള്‍ വിറ്റഴിക്കാനായി ഡീലര്‍ തലത്തില്‍ വരെ ആകര്‍ഷകമായ കിഴിവുകള്‍ ലഭ്യമാണ്. പ്രീമിയം ചോയ്‌സ് ആയതിനാല്‍ ഹൈ വേരിയന്റിന് വമ്പന്‍ ഡിസ്‌കൗണ്ടുകള്‍ ആണ് പല ഡീലര്‍ഷിപ്പുകളും വാഗ്ദാനം ചെയ്യുന്നത്. 6 മുതല്‍ 8 ലക്ഷം രൂപ വരെ കിഴിവില്‍ ഇവ വാങ്ങാന്‍ സാധിച്ചേക്കും.


Click it and Unblock the Notifications








